03 June Saturday

ശോഭ അശോകിന്റെ നേട്ടങ്ങൾ

സി പ്രജോഷ്‌ കുമാർ/ prajoshdbi@gmail.comUpdated: Sunday Mar 26, 2023


ബാല്യത്തിൽ നഷ്ടമായതൊക്കെയും തിരിച്ചുപിടിക്കുന്നതിന്റെ മാധുര്യമുണ്ട്‌ ശോഭ അശോകിന്റെ  നേട്ടങ്ങൾക്ക്‌. കൈവിട്ട ജീവിതത്തെ പെൺകരുത്തിൽ കീഴടക്കിയതിന്റെ സൗന്ദര്യം. കടം വാങ്ങിയ വസ്‌ത്രം ബന്ധു അഴിച്ചുവാങ്ങിയതിന്റെ നൊമ്പരമുണ്ട്‌ അവളുടെ ഓർമകളിൽ. കീറിപ്പിന്നിയ പാവാടയണിഞ്ഞ്‌ സ്‌കൂളിൽ പോയ നീറുന്ന ചിത്രമുണ്ട്‌ മനസ്സിൽ. മാങ്ങ പറിച്ചതിന്‌ അയലത്തെ വീട്ടുകാർ കല്ലെറിഞ്ഞതിന്റെ വേദനയുണ്ട്‌. ആ സങ്കടക്കടൽ താണ്ടിയാണ്‌ അവളിന്ന്‌ അഭിമാനത്തിന്റെ മറുകരയിലെത്തിയത്‌.  ഇന്ന്‌ ജിംനേഷ്യവും ബ്യൂട്ടി പാർലറും സൂബ ഡാൻസ്‌ സ്‌കൂളും സ്വന്തം. കോഴിക്കോട്‌ നാദാപുരത്തുനിന്ന്‌ ലോകത്തോട്‌ വിളിച്ചുപറയാൻ ഇനിയും കരുതിവയ്‌ക്കുന്നുണ്ട്‌ ഈ പെൺകരുത്ത്‌.
ആയിഷാത്തയാണ്‌ കരുത്ത്‌

നേട്ടങ്ങൾക്കെല്ലാം നന്ദിപറയാൻ ശോഭയ്‌ക്ക്‌ ഒരു പേരുണ്ട്‌. അത്‌ ആയിഷാത്തയുടേതാണ്‌. കുറുവന്തേരി വാഴവെച്ചപറമ്പത്ത്‌  ചാത്തുവിന്റെ നാലാമത്തെ മകൾക്ക്‌ ജീവിതത്തിൽ സ്വന്തമെന്ന്‌ പറയാൻ ഒന്നുമുണ്ടായിരുന്നില്ല. അമ്മ മാണിക്യം കൂലിവേലയെടുത്താണ്‌ മക്കളെ വളർത്തിയത്‌. കുടുംബത്തിന്റെ സങ്കടം മനസ്സിലാക്കി ആയിഷുമ്മ ശ്യാമളയെ ചേർത്തുപിടിച്ചു. മകളെപ്പോലെ സ്‌നേഹം പകർന്നു. ആർക്കുമുന്നിലും തോൽക്കരുതെന്ന്‌ പഠിപ്പിച്ചു. ഭക്ഷണവും വസ്‌ത്രവും നൽകി. വളയം കുറ്റിക്കാട്‌ ജിഎൽപിയിലും കുറുവന്തേരി ജിയുപി സ്‌കൂളിലും വളയം ജിഎച്ച്‌എസിലുമായി പഠനം.  വിദ്യാർഥി രാഷ്‌ട്രീയത്തിലും സജീവം. എസ്‌എഫ്‌ഐ പാനലിൽ സ്‌കൂൾ സ്‌പീക്കറായി. എസ്‌എഫ്‌ഐ വളയം ഏരിയ കമ്മിറ്റി അംഗമായി. കല്ലാച്ചിയിൽ സ്വകാര്യ കോളേജിൽ പ്രീഡിഗ്രിക്ക്‌ ചേർന്നെങ്കിലും പഠനം നിലച്ചു. ബന്ധുവായ മീത്തലെ  മഠത്തിൽ അശോകനെ വിവാഹം  കഴിച്ചതോടെ ജീവിതം വഴിമാറി. അഞ്ചുവർഷത്തിനുശേഷം ഭർത്താവിനൊപ്പം ഒമാനിലേക്ക്‌.

ഗീത ഗുപ്‌ത പ്രചോദിപ്പിച്ചു


ഒരു തവണ നാട്ടിലേക്ക്‌ മടങ്ങുമ്പോൾ ഒമാൻ എയർവെയ്‌സിൽനിന്ന്‌ അനൗൺസ്‌മെന്റ്‌ ഉയർന്നു. ‘നിങ്ങൾ സഞ്ചരിക്കുന്ന വിമാനം പറത്തുന്നത്‌ പൈലറ്റ്‌ ദീപ ഗുപ്‌തയാണ്‌’. ഒന്നിലേറെ തവണ അത്‌ ശോഭയുടെ കാതുകളിൽ അലച്ചു.  സൈക്കിൾ പോലും ഓടിക്കാനറിയാത്ത തന്റെ ബലഹീനതയോർത്ത്‌ പരിതപിച്ചു. അവധി കഴിഞ്ഞ്‌ മടങ്ങുമ്പോഴും അതേ വിമാനം, അതേ പൈലറ്റ്‌, അതേ സന്ദേശം. ജീവിതത്തിൽ എന്തെങ്കിലുമെക്കെ ആയിത്തീരണമെന്ന്‌ അന്നുറപ്പിച്ചു. ഒമാനിലെ അലസ ജീവിതത്തിൽ രോഗങ്ങൾ വിരുന്നെത്തി.  ശരീരഭാരം 88  കിലോയായി. മൂത്രാശയത്തിൽ ഫൈബ്രോ യ്‌ഡ്‌, മുട്ടുവേദന, രക്തസമ്മർദം,  തൈറോയ്‌ഡ്‌... രോഗം ശത്രുവിനെപ്പോലെ ആക്രമിച്ചു. ഒടുവിൽ രണ്ട്‌ മക്കളുമായി നാട്ടിൽ സ്ഥിരതാമസമായി.

സ്‌ത്രീകൾക്കുവേണം ജിംനേഷ്യംതടി കുറയ്‌ക്കാൻ ജിമ്മിൽ പോകണമെന്ന ആവശ്യത്തിന്‌ അശോകൻ സമ്മതം മൂളിയതോടെ ശോഭയുടെ ജീവിതത്തിൽ പുതുവെളിച്ചം നിറഞ്ഞു. വടകരയിൽ ‘ക്രീഢ’ ഫിറ്റ്‌നസ്‌ സെന്ററിൽ ആദ്യമായി പോയത്‌. പക്ഷേ, അവിടെ എത്തുന്നവരെല്ലാം ഡോക്ടർമാരും അധ്യാപകരും ഉൾപ്പെടെ സ്വന്തമായി ജോലിയും വരുമാനവുമുള്ളവർ. അതോടെ ശോഭ പതറി. വേഷത്തിലും രൂപത്തിലും നാട്ടിൻപുറത്തുകാരിയെന്ന അപകർഷതാബോധം നിറഞ്ഞതോടെ പഠനം ഉപേക്ഷിച്ചു. പിന്നെ തലശേരിയിൽ.  ദീർഘയാത്രയിൽ നാട്ടിൽ സ്‌ത്രീകൾക്കുവേണ്ടി സ്വന്തമായി ജിംനേഷ്യം തുടങ്ങണമെന്ന ആശയമുദിച്ചു. ആ ചിന്ത കോഴിക്കോട്ട്‌ എത്തിച്ചു. ഷീ ഹോമിൽ താമസമാക്കി.  നഗരത്തിലെ  ക്രോം, ബെല്ലി, തൽവാക്കർ ജിംനേഷ്യങ്ങളിൽ വിവിധ കാലങ്ങളിൽ ചേർന്നു.  ജിം നടത്തിപ്പിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കി. ‘സ്‌റ്റാലിൻ’ ജിംനേഷ്യത്തിൽ നിന്നും ഇൻസ്‌ട്രക്ടർ കോഴ്‌സ്‌ പൂർത്തിയാക്കി. ഒപ്പം ബ്യൂട്ടീഷ്യൻ കോഴ്‌സും തുന്നലും ഡ്രൈവിങ്ങും കരാട്ടെയും പഠിച്ചു. 

നാട്ടുകാരനായ ഇൻസ്‌ട്രക്ടർ ജറീഷിനോടാണ്‌ ജിംനേഷ്യം തുടങ്ങാനുള്ള ആഗ്രഹം അറിയിച്ചത്‌. അദ്ദേഹം ബാലുശേരി ജിം വേൾഡിൽ എത്തിച്ചു. ദിവസവും രണ്ടര മണിക്കൂർ യാത്രചെയ്‌ത്‌ ബാലുശേരിയിൽ. ഉടമ ബാബു ഹനാനിൽനിന്ന്‌ സങ്കേതിക വശങ്ങൾ മനസ്സിലാക്കി. 2010ൽ കല്ലാച്ചി ഇല്ലത്ത്‌ കോംപ്ലക്‌സിൽ 10 ലക്ഷം രൂപ ബാങ്ക്‌ വായ്‌പയിൽ  സ്വന്തമായി വനിതാ ജിംനേഷ്യം തുടങ്ങി. ഭർത്താവിന്റെയും മക്കളുടെയും പേരിലെ  ആദ്യാക്ഷരങ്ങൾ ചേർത്ത്‌ ‘സാക്ഷ’ എന്നു പേരിട്ടു. ‘സൗന്ദര്യം വളരട്ടെ, കരുത്തോടെ’ എന്നതായിരുന്നു ക്യാപ്‌ഷൻ. മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ അത്‌ മുന്നോട്ടുപോയില്ല. നാദാപുരത്ത്‌ കണ്ണങ്കണ്ടി ബിൽഡിങ്ങിൽ 2021ൽ ജിംനേഷ്യവും ബ്യൂട്ടി പാർലറും തുടങ്ങി. അമ്മ മാണിക്യവും ഭർത്താവിന്റെ അച്ഛൻ കണ്ണനും ചേർന്നാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. 4200 ചതുരശ്രയടിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ജിമ്മിൽ 139 പേർ പരിശീലനത്തിന്‌ എത്തുന്നു. ബ്യൂട്ടി പാർലറിനോട്‌ ചേർന്ന്‌ ബ്രൈഡൽ സ്‌റ്റുഡിയോയുമുണ്ട്‌. 

എല്ലാം അത്യാധുനിക സൗകര്യങ്ങളോടെയുള്ളത്‌. കഴിഞ്ഞ ജനുവരിയിൽ നാദാപുരം ഇരിട്ടി സൂപ്പർ മാർക്കറ്റിന്‌ മുകളിൽ  രാജി പാലത്തുമായി ചേർന്ന്‌ സൂംബ ഡാൻസ്‌ സ്‌കൂൾ തുടങ്ങി. പുരുഷന്മാർക്കും പ്രവേശനമുണ്ട്‌. അതും ക്ലിക്കായി.  മൂന്ന്‌ സ്ഥാപനത്തിലുമായി ഏഴു പേർ ജോലി ചെയ്യുന്നു. പുതുതായി ബോഡി മസാജും സ്‌റ്റീം ബാത്തും തുടങ്ങാൻ പദ്ധതിയുണ്ട്‌. നാദാപുരം ജൂനിയർ ചേംബർ ഓഫ്‌ ഇൻഡസ്‌ട്രീസ്‌ ബോർഡ്‌ അംഗമാണ്‌. ജെസിഐയുടെ ഈവർഷത്തെ മഹിളാശ്രീ പുരസ്‌കാരം ശോഭയ്‌ക്കായിരുന്നു. മകൻ ഷാൻഡ്രിയാസ്‌ എസ്‌ അശോകൻ ബംഗളൂരുവിൽ എയ്‌റോനോട്ടിക്‌ എൻജിനിയറാണ്‌. ഇളയമകൻ ഷാൻ ഋത്വിക്‌ എസ്‌ അശോക്‌ പുണെയിൽ ബിബിഎക്ക്‌ പഠിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top