31 March Friday

അവസാനത്തെ പെൺകുട്ടി... നാദിയാ മുറാദ്‌ ; അതായിരിക്കട്ടെ

എ ശ്യാംUpdated: Tuesday Oct 9, 2018

അമേരിക്ക ഭീകരരുടെ കളിത്തൊട്ടിലാക്കി മാറ്റിയ ഇറാഖിൽ, ഇസ്ലാമിക‌് സ‌്റ്റേറ്റ‌് ഭീകരരുടെ പിടിയിൽ നിന്ന‌് രക്ഷപ്പെട്ട ശേഷം, നാദിയ മുറാദ‌് ബാസി താഹ എന്ന യസീദി യുവതി ആഗ്രഹിച്ചത‌് ഇത്തരം കൊടുംപീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്ന അവസാനത്തെ പെൺകുട്ടിയായിരിക്കട്ടെ താൻ എന്നാണ‌്. ഈ ശ്രമത്തിൽ നാല‌് വർഷത്തോളമായ പോരാട്ടം ഇപ്പോൾ അവളെ നൊബേൽ സമാധാന പുരസ‌്കാരത്തിന‌് അർഹയാക്കിയിരിക്കുന്നു. 770 കോടി വരുന്ന ലോക ജനസംഖ്യയുടെ ഏതാണ്ട‌് 1/10000 മാത്രം വരുന്ന യസീദി സമൂഹം നേരിട്ട വംശഹത്യയടക്കമുള്ള ദുരന്തങ്ങളിലേക്ക‌് വെളിച്ചം വീശുന്ന നാദിയയുടെ  പോരാട്ടം അടുത്തയാഴ‌്ച വെള്ളിത്തിരയിലുമെത്തുകയാണ‌്.

2014 ആഗസ‌്ത്‌ 15ന‌് രാത്രിയാണ‌് വടക്കൻ ഇറാഖിലെ സിൻജാർ പ്രവിശ്യയിൽ, സിറിയൻ അതിർത്തിക്കടുത്തുള്ള കൊച്ചോ ഗ്രാമം ആക്രമിച്ച ഐഎസ‌് ഭീകരർ അവിടത്തെ യസീദികളിലെ പുരുഷന്മാരെയും പ്രായമായ സ‌്ത്രീകളെയും കൊന്നൊടുക്കി മറ്റ‌് സ‌്ത്രീകളുമായി കടന്നത‌്. അന്ന‌് ലൈംഗിക അടിമകളാക്കപ്പെട്ട ആയിരക്കണക്കിന‌് സ‌്ത്രീകളിൽ ഒരാൾ മാത്രമായിരുന്നു അധ്യാപികയാവാൻ മോഹിച്ച ചരിത്ര വിദ്യാർഥിനി നാദിയ. തന്റെ കൊച്ചു ഗ്രാമത്തിൽ ഒരു ബ്യൂട്ടി സലൂൺ ആരംഭിക്കണം എന്ന‌് കൂടി മോഹിച്ച സുന്ദരിയായ നാദിയയുടെ സ്വപ‌്നങ്ങളെല്ലാം മനുഷ്യത്വമില്ലാത്ത ഭീകരർ തച്ചുടച്ചു.

യസീദികൾ

മധ്യപൗരസ‌്ത്യ ദേശത്ത‌് ഇസ്ലാമിന‌് മുമ്പ‌്  രൂപപ്പെട്ട മതവിഭാഗമാണ‌് യസീദികൾ.  ഇറാഖ‌്, തുർക്കി, സിറിയ, ഇറാൻ, അർമീനിയ, കോക്കസസ‌് എന്നിവിടങ്ങളിലായി 10 ലക്ഷത്തോളം യസീദികൾ ഇപ്പോൾ ഉള്ളതായാണ‌് കണക്കാക്കുന്നത‌്. ഭൂരിപക്ഷവും കുർദിഷ‌് ഭാഷയാണ‌് സംസാരിക്കുന്നത‌്. വിശുദ്ധഗ്രന്ഥങ്ങൾ ഒന്നുമില്ലാത്ത യസീദികൾ തലമുറകളായ‌് പകർന്നുവരുന്ന വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയാണ‌് ജീവിക്കുന്നത‌്. സൊരാഷ‌്ട്രിയൻ, മാണിക്കേയിയൻ, ജൂത, നെസ‌്തോറിയൻ, ക്രിസ‌്ത്യൻ, ഇസ്ലാം തുടങ്ങിയവയുടെ ഘടകങ്ങൾ പലതും ഇവരുടെ വിശ്വാസങ്ങളിൽ കാണാം. 12ാം നൂറ്റാണ്ടിലെ മുസ്ലീം യോഗാത്മക ദർശനവാദിയായ ഷെയ‌്ക്ക‌് ആദിയാണ‌് ഇവരുടെ പരമോന്നത പുണ്യവാളൻ. മറ്റുള്ളവരിൽ നിന്ന‌് അകന്നാണ‌്  ജീവിക്കുന്നത‌്. തുർക്കിയിൽ ഒട്ടോമൻ കാലം മുതൽ പലയിടത്തും ഇവർ പീഡനത്തിനിരയായിട്ടുണ്ട‌്.
 

ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന മൊസൂളിലെ അടിമച്ചന്തയിൽ വിൽപനയ‌്ക്ക‌് നിരത്തിയ യസീദി യുവതികളിൽ നിന്ന്‌ നാദിയയെ വാങ്ങിയത‌് ഭീകര സംഘത്തിലെ ഒരു ജഡ‌്ജിയാണ‌്. അയ‌ാളുടെ നിരന്തര ബലാത്സംഗത്തിനിരയായ അവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാകട്ടെ പിടിക്കപ്പെട്ടു. അവളെ തന്റെ കിങ്കരന്മാർക്ക‌് എറിഞ്ഞുകൊടുക്കുകയായിരുന്നു ജഡ‌്ജി തീരുമാനിച്ച ശിക്ഷ. അനുയായികളുടെ കൂട്ട ബലാത്സംഗം കഴിഞ്ഞ‌് അയാൾ അവളെ മറ്റൊരാൾക്ക‌് വിറ്റു. അങ്ങനെ മൂന്ന‌് മാസത്തോളം പലതവണ കൈമാറപ്പെട്ട‌്, പലരുടെ പീഡനങ്ങൾക്കൊടുവിൽ അവസാനത്തെ ഉടമ അടുത്തയാൾക്ക‌് വിൽക്കാൻ ഒരുങ്ങുമ്പോഴാണ‌് നാദിയ രക്ഷപ്പെട്ട‌ത‌്. അയലത്തെ സുന്നി മുസ്ലീം കുടുംബത്തിന്റെ സഹായത്തോടെ  കുർദിസ്ഥാനിലെ യസീദികൾക്കായുള്ള ക്യാമ്പിലെത്തിയ നാദിയ, തന്റെ അമ്മയും ആറ‌് സഹോദരന്മാരും കൊല്ലപ്പെട്ടത‌് അവിടെ വച്ചാണ‌്  അറിഞ്ഞത‌്.

അവിടെ നിന്ന‌് ജർമനിയിൽ സഹോദരിയുടെ അടുത്തെത്തിയ ശേഷമാണ‌് തനിക്കും തന്റെ വംശത്തിനുമുണ്ടായ ദുരന്തം ലോകത്തോട‌് പറയാൻ നാദിയ തീരുമാനിച്ചത‌്. താനടക്കം യസീദികൾ അനുഭവിച്ച പീഡനങ്ങൾ  2015ൽ ഐക്യരാഷ‌്ട്രസഭാ വേദിയിൽ ലോകനേതാക്കളുടെ മുന്നിലും തുടർന്ന‌് മറ്റ‌് നിരവധി വേദികളിലും നാദിയ പങ്കുവച്ചു. തങ്ങൾക്ക‌് മടങ്ങിപ്പോവാൻ ഇടമില്ലാതായിരിക്കുന്നു എന്ന‌് അവൾ ലോകത്തോട‌് പറഞ്ഞു. ഈ പോരാട്ടത്തിൽ പ്രശസ‌്ത യുവ അഭിഭാഷക അമാൽ ക്ലൂണിയുടെ സഹായം നാദിയക്ക‌് കരുത്തായി. ഭീകരരുടെ തടവിൽ താൻ അനുഭവിച്ച ദുരിത ജീവിതം രേഖപ്പെടുത്തിയ നാദിയയുടെ ഓർമക്കുറിപ്പുകളായ ‘ദി ലാസ‌്റ്റ‌് ഗേൾ: മൈ സ‌്റ്റോറി ഓഫ‌് കാപ‌്റ്റിവിറ്റി ആൻഡ‌് മൈ ഫൈറ്റ‌് എഗെയ‌്ൻസ‌്റ്റ‌് ദി ഇസ്ലാമിക‌് സ‌്റ്റേറ്റ‌്’ എന്ന പുസ‌്തകത്തിന‌് അവതാരിക എഴുതിയിരിക്കുന്നത‌് അമാൽ ക്ലൂണിയാണ‌്.

യുദ്ധങ്ങളിലും കലാപങ്ങളിലും സ‌്ത്രീകൾക്കെതിരെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടത്തിവരുന്ന പോരാട്ടങ്ങൾക്കുള്ള അംഗീകാരമായാണ‌് ഇപ്പോൾ നാദിയയ‌്ക്ക‌് നൊബേൽ പുരസ‌്കാരം സമ്മാനിക്കപ്പെടുന്നത‌്.

കോംഗോയിൽ ലൈംഗികാതിക്രമങ്ങളുടെ ഇരകളെ സഹായിക്കുന്ന ഡോ. ഡെനിസ‌് മുക‌്വെഗിയേയും നാദിയക്കൊപ്പം സമാധാന നൊബേലിന‌് തെരഞ്ഞെടുത്തിട്ടുണ്ട‌്. 2016ൽ യൂറോപ്യൻ പാർലമെന്റിന്റെ സഖറോവ‌് പുരസ‌്കാരവും നാദിയയ‌്ക്ക‌് ലഭിച്ചിരുന്നു(ഡോ. ഡെനിസ‌് മുക‌്വെഗിക്ക‌് ഇത‌് 2014ൽ ലഭിച്ചു). വംശഹത്യയുടെയും ലൈംഗികാതിക്രമങ്ങളുടെയും ഇരകൾക്ക‌് നീതിക്ക‌് വേണ്ടിയുള്ള പോരാട്ടത്തിൽ തനിക്കൊപ്പമുള്ള ലാമിയ അജി ബാഷറിനൊപ്പമാണ‌് നാദിയയ‌്ക്ക‌് സഖറോവ‌് പുരസ‌്കാരം ലഭിച്ചത‌്. 25 വയസുള്ള നാദിയയുടെ നാട്ടുകാരി തന്നെയാണ‌് ഇരുപത്തൊന്നുകാരിയായ ലാമിയ. യസീദി മനുഷ്യാവകാശ പ്രവർത്തകൻ ആബിദ‌് ഷംനീനുമായി നാദിയയുടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട‌്.

നാദിയയുടെ ജീവിതകഥ അമേരിക്കൻ ഡോക്യുമെന്റി സംവിധായിക അലക‌്സാണ്ഡ്രിയ ബൊംബാക‌് ചിത്രീകരിച്ചിട്ടുണ്ട‌്. ‘ഓൺ ഹേർ ഷോൾഡേഴ‌്സ‌്’  എന്ന ചിത്രം ഒക‌്ടോബർ 19ന‌് റിലീസ‌് ചെയ്യും. ജീവിതത്തിൽ എപ്പോഴെങ്കിലും നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്നുപറയാൻ തയ്യാറായി കൂടുതൽ കൂടുതൽ സ‌്ത്രീകൾ ‘മീ ടൂ’ കാമ്പയിനിലൂടെ മുന്നോട്ടുവരുന്ന വേളയിലാണ‌് അതിന‌് കരുത്ത‌് പകർന്ന‌് നാദിയയ‌്ക്ക‌് നൊബേൽ പുരസ‌്കാരദാനം. ലജ്ജിക്കേണ്ടത‌് പീഡനത്തിനിരയായവരല്ല, പീഡകരാണ‌് എന്നാണ‌് നാദിയയും ‘മീ ടൂ’ ഇരകളും  പ്രഖ്യാപിക്കുന്നത‌്.

പാകിസ്ഥാനിലെ മലാല യൂസഫ‌്സായിക്ക‌് നാല‌് വർഷം മുമ്പ‌് നൊബേൽ സമാധാന പുരസ‌്കാരം ലഭിച്ചത‌് ലോകമെങ്ങും പെൺകുട്ടികളിൽ പുത്തനുണർവ‌് പകർന്നിരുന്നു.  അതിന‌് സമാനമാണ‌് നാദിയയുടെ പുരസ‌്കാരലബ്ധി. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന‌് വേണ്ടി പോരാടിയതിന‌് വധശ്രമത്തിനിരയായ മലാല നീണ്ട ചികിത്സയിലൂടെയാണ‌്  അൽഭുതകരമായി ജീവിതത്തിലേക്ക‌് തിരിച്ചുവന്നത‌്. അത്തരമൊരു തിരിച്ചുവരവാണ‌് നാദിയ പോരാട്ടത്തിലൂടെ കൈവരിച്ചത‌്. മലാലയ‌്ക്ക‌് ശേഷം നൊബേൽ സമാധാന പുരസ‌്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ കൂടിയായി നാദിയ. യസീദികളും ഇറാഖികളുമടക്കം ലോകത്ത‌് ലൈംഗികാതിക്രമങ്ങൾക്ക‌് ഇരയാകുന്ന എല്ലാ ന്യൂനപക്ഷങ്ങൾക്കും പീഡനങ്ങളെ അതിജീവിച്ചവർക്കുമാണ‌് നാദിയ പുരസ‌്കാരം സമർപ്പിക്കുന്നത‌്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top