18 February Tuesday

അഞ്ജുവിന്‌ പിൻഗാമിയാകാൻ ഷീന

സിജി ഗോവിന്ദ്‌Updated: Tuesday Nov 27, 2018

ചേലക്കരയിലെ ഷീനയ്‌ക്കൊരു സ്വപ്‌നമുണ്ട്. ഭാരതത്തിന്റെ മുഴുവന്‍ സ്വപ്‌നത്തോളം വരുമത്. ട്രിപ്പിള്‍ ജംപില്‍ ലോകനിലവാരമുള്ള പ്രകടനവുമായി പ്രധാന കായിക വേദികളില്‍ ഇന്ത്യയുടെ സ്ഥാനവും മെഡലും ഉറപ്പിക്കുക. അഞ്ജു ബോബി ജോര്‍ജ്ജിന്റെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന താരമാണ് ഷീനയെന്ന കായിക പ്രതിഭ.മികച്ച പ്രകടനങ്ങളിലൂടെ അത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇറാനിലെ ടെഹ്‌റാനില്‍ നടന്ന 13.37 ദൂരത്തിലൂടെ 2018 ലെ മികച്ച സമയം കുറിച്ച് വെള്ളി മെഡല്‍ നേടാന്‍ ഷീനയ്ക്ക് കഴിഞ്ഞു. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി നടന്ന ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണ്ണവും നേടി.2017 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേത്രിയുമാണ്.കൂടാതെ നിരവധി വിദേശ ഇൻവിറ്റേഷന്‍ ടൂര്‍ണമെന്റുകളിലും വെന്നിക്കൊടി പാറിച്ചു.

ചേലക്കര കുറുമല നെല്ലിക്കല്‍ ഷീന (25) ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെ വരെയെത്തിയത്‌. അച്ഛന്‍ കൂലിപ്പണിയെടുത്താണ് മകളെ പഠിപ്പിച്ചത്.  സാമ്പത്തിക പ്രതിസന്ധിമൂലം പല കായിക മത്സരങ്ങളിലും പങ്കെടുക്കാനും നന്നേ ബുദ്ധിമുട്ടി. ഇതൊന്നും ഷീനയെ തളര്‍ത്തിയില്ല, നേടിയ വിജയമെല്ലാം ചരിത്രമാക്കി. കുറുമല എല്‍പി സ്‌കൂളില്‍ മൂന്നില്‍ പഠിക്കുമ്പോഴാണ് അത്‌ലറ്റിക്‌സിനിറങ്ങുന്നത്. ഉപജില്ലാ മത്സരങ്ങളില്‍ ലോംഗ് ജംപിലും 100 മീറ്റര്‍ സ്പ്രിന്റിലും മെഡല്‍ വാരിക്കൂട്ടിയതോടെ ഈ രംഗത്തെ ഗൗരവത്തോടെ എടുത്തു. തുടര്‍ന്ന് ചേലക്കര എസ്എംടി സ്‌കൂളിലെത്തിയതോടെ സ്പ്രിന്‍റിലും ലോംഗ് ജംപിലും കൂടുതല്‍ ശ്രദ്ധിച്ചു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, സംസ്ഥാന ജൂനിയര്‍ മീറ്റില്‍ 300 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത് വഴിത്തിരിവായി. ചാലക്കുടിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 400 മീറ്ററില്‍ വെള്ളിയും 200 മീറ്ററില്‍ വെങ്കലവും നേടി.അതേ വര്‍ഷം തന്നെ ആദ്യ ദേശീയ മീറ്റില്‍ 400 മീറ്ററില്‍ വെള്ളിയും കരസ്ഥമാക്കി. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് സീനിയര്‍ ഗേള്‍സില്‍ ജാവലിന്‍ ത്രോയില്‍ ഷീന കുറിച്ച 42.44 മീറ്ററിന്റെ റെക്കോര്‍ഡ് ഇന്നും അഭേദ്യമാണ്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളില്‍  പ്ലസ്ടുവിന് പഠിക്കുമ്പോള്‍   ജില്ലാ,റവന്യു,സംസ്ഥാന മീറ്റുകളില്‍ ഷീന സൃഷ്ടിച്ച  ജാവലിന്‍ ത്രോ റിക്കാര്‍ഡുകളെല്ലാം ഒരു മാറ്റവുമില്ലാതെ തുടരുന്നു.

2019 മാർച്ചിലെ ഫെഡറേഷന്‍ കപ്പ്‌്‌്‌, ഏഷ്യന്‍ ഗെയിംസ്,കോമണ്‍ വെല്‍ത്ത് ഗെയിംസ്,ഒളിമ്പിക്സ് എന്നിവയില്‍ ഇന്ത്യയുടെ സാന്നിധ്യമായി മാറും ചേലക്കരയുടെ ഈ അഭിമാനം

മാര്‍ അത്തനേഷ്യസ് കോളേജില്‍ ബിഎ ഇക്കണോമികിസിന് ചേര്‍ന്നതോടെയാണ്  ട്രിപ്പിള്‍ ജംപില്‍ ശ്രദ്ധയൂന്നിയത്. നിമിത്തമായത് ടി പി ഔസേപ്പെന്ന കോച്ചാണ്.അതുവരെ സ്പ്രിന്‍റ്, ജാവലിൻ, ലോംഗ് ജംപ്,ഹര്‍ഡില്‍സ് എന്നിവയിലായിരുന്നു പങ്കെടുത്തുകൊണ്ടിരുന്നത്. ഓള്‍ ഇന്ത്യാ യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ തുടര്‍ച്ചയായി 3 വര്‍ഷം ഗോള്‍ഡ് വിന്നറായി.അതിനിടെ റഷ്യയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി മീറ്റിലും പങ്കെടുത്തു.മുപ്പതാമത് എംജി യൂണിവേഴ്‌സിറ്റി മീറ്റില്‍ 12.98 മീറ്ററെന്ന ഷീന കുറിച്ച ട്രിപ്പിള്‍ ജംപ് റിക്കാര്‍ഡും ഭേദിക്കപ്പെട്ടിട്ടില്ല.ജൂനിയറായിക്കുമ്പോള്‍ തന്നെ സീനിയര്‍ നാഷണല്‍ മീറ്റില്‍ മത്സരിച്ച് വെള്ളി മെഡല്‍ നേടി ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധാതാരവുമായി.2014ല്‍ തിരുവനന്തപുരം സായിയില്‍ ചേര്‍ന്നതിനുശേഷമാണ് സീനിയര്‍ മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയത്.തുടര്‍ച്ചയായി 4 വര്‍ഷം ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണ്ണം,ഓപ്പണ്‍ നാഷനില്‍ 3 സ്വര്‍ണ്ണം,സീനിയര്‍ മത്സരങ്ങളില്‍ 2 മെഡല്‍ എന്നിവ നേടി.2016ല്‍ കസാഖിസ്ഥാനില്‍വെച്ചു നടന്ന മത്സരത്തിലെ 13.58 മീറ്ററാണ് ഏറ്റവും മികച്ച സമയം.പത്തോളം ഇന്‍റര്‍നാഷണല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കഴിവ് തെളിയിച്ചു.2015ലെ നാഷണല്‍ ഗെയിംസിലെ സ്വര്‍ണ്ണമെഡലാണ് ഷീനയ്ക്ക് സര്‍ക്കാര്‍ ജോലി നേടിക്കൊടുത്തത്.പക്ഷേ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രകടനത്തിനും യോജിച്ച ജോലിയല്ലെന്നുള്ള തെല്ലൊരു നിരാശ ഷീനയ്ക്കുണ്ട്.

സ്വന്തം നാടിനോടുള്ള ഇഷ്ടക്കൂടുതലുകള്‍ കാരണമാണ് മികച്ച ഓഫറുകള്‍ വന്നിട്ടും കേരളം വിടാതെ നില്‍ക്കുന്നത്. ഇത്രയൊക്കെ ഇന്റര്‍നാഷണല്‍ മത്സരപരിചയമുള്ള ഷീനയ്ക്ക് മികച്ച സ്‌പോണ്‍സറില്ലെന്നത് വേദനാജനകമാണ്.വീടെന്ന സര്‍ക്കാറിന്‍റെ വാഗ്ദാനത്തിനുള്ള തുക ലഭിച്ചശേഷം കിടപ്പാടമെന്ന മോഹവും യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ഷീന ഉദ്ദേശിക്കുന്നത്. സീസണല്‍ കോച്ചായ റുമേനിയക്കാരന്‍ ബെഡ്‌റോസ് ബെഡ്‌റോസിയന്‍റെ കീഴില്‍ തീവ്ര പരിശീലനത്തിലുള്ള ഷീനയുടെ മുന്നിൽ ആദ്യമുള്ളത്

2019 മാർച്ചിലെ ഫെഡറേഷന്‍ കപ്പ്‌്‌ ഏഷ്യന്‍ ഗെയിംസ്,കോമണ്‍ വെല്‍ത്ത് ഗെയിംസ്,ഒളിമ്പിക്സ് എന്നിവയില്‍ ഇന്ത്യയുടെ സാന്നിധ്യമായി മാറും ചേലക്കരയുടെ ഈ അഭിമാനം.  വര്‍ക്കിയുടെയും ശോശാമ്മയുടെയും മകളാണ്‌.സഹോദരി നിഷ.


പ്രധാന വാർത്തകൾ
 Top