20 August Saturday

ഞാനിപ്പോഴും കാത്തിരിക്കുന്നു മേരീ, നീയെവിടെയാണ്‌

കെ ആർ അജയൻUpdated: Sunday Jun 26, 2022


 krajayan1@gmail.com

എന്റെ പ്രിയപ്പെട്ട സ്ത്രീയേ, നീ എവിടെയാണ്. വർഷങ്ങളായി ഞാൻ തിരഞ്ഞിട്ടും നിന്നെ മാത്രം എനിക്ക് കണ്ടെത്താനാകുന്നില്ല. യൗവനാരംഭത്തിൽ ഞാനെഴുതിയ എത്രയോ കത്ത്‌ വിലാസക്കാരിയെ കണ്ടെത്താനായില്ലെന്ന മറുപടിയുമായി പോസ്റ്റുമാൻ തിരികെ തരുമ്പോൾ ഞാനനുഭവിച്ച വേദനയ്‌ക്ക് പ്രണയമെന്നാണ് വാക്കെന്ന് ഞാനിപ്പോഴും അറിയുന്നു. ഈ സൈബർ കാലത്തും ഞാൻ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ നിനക്ക് 79 വയസ്സുണ്ടാകും. ഞാനറിയുന്ന കാലത്ത് നിനക്ക് പ്രായം 27. എനിക്ക് അന്ന് 11 വയസ്സ്‌. അച്ഛന്റെ വായനമേശപ്പുറത്തെ പുസ്തക പുറംചട്ടയിലാണ് നമ്മൾ ആദ്യം കാണുന്നത്. കൗതുകത്തിന് കൈയിലെടുത്ത പുസ്തകം വായിച്ചുതീർക്കാൻ ഒരു പകലും രാത്രിയും. അന്ന് കൂടെക്കൂടിയതാണ് നിന്റെ പേര്, മേരി ടെയ്‌ലർ.


 

ഞാനിന്നും നിധിപോലെ കൊണ്ടുനടക്കുന്ന ആ പുസ്തകത്തിന് കാലം പഴമയുടെ നിറംചാർത്തിയെങ്കിലും അടിയന്തരാവസ്ഥ ഓർമയിലെത്തുമ്പോൾ നീ വല്ലാത്ത ആവേശമായി എന്റെ ഉള്ളിൽ പിടയുന്നു. അഞ്ചു വർഷക്കാലം ഇന്ത്യൻ തടവറയിൽ നീയനുഭവിച്ച യാതനയ്ക്ക് ഞാൻ ഉത്തരവാദിയല്ലെങ്കിലും പലവട്ടം മാപ്പുപറയുന്നു. 1970ൽ  ഒരു മാവോയിസ്റ്റ്‌ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ മറവിൽ ജയിലിലായെങ്കിലും  ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥയുമായി രാജ്യത്തെ ഭയപ്പെടുത്തിയ നാളുകളിലും നീ അതിനുള്ളിൽത്തന്നെ കിടന്നല്ലോ. ജംഷഡ്‌‌പുരിലെ വനമേഖലയിൽനിന്ന്‌ പിടിക്കപ്പെട്ട്‌ ജയിലറയിൽ അടയ്‌ക്കുമ്പോൾ  ചെയ്ത കുറ്റമെന്തായിരുന്നു? ഒരു കോടതിമുറിക്കും തെളിയിക്കാനാകാത്ത കുറ്റം. വിപ്ലവ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്ന അമലേന്ദു എന്ന ബംഗാളിയെ  പ്രണയിച്ചതാകണം നിന്റെ കുറ്റം. ബ്രിട്ടനിലെ പള്ളിക്കൂടത്തിൽ കുട്ടികൾക്ക് അക്ഷരവും ജീവിതവും പകർന്നുനൽകിയ നീ വിനോദസഞ്ചാരിയായി ഇന്ത്യയിൽ എത്തിയതും അമലേന്ദുവിനെ പ്രണയിച്ചതും ജയിലറയിൽ കുടുങ്ങാനായിരുന്നോ? നിന്റെ ഓർമക്കുറിപ്പിൽ പറയുന്ന ധാതിംഗ്നയും പ്രകാശും തടവറയിലെ അരുമക്കുഞ്ഞുങ്ങളുമെല്ലാം അത്തരത്തിൽ ജയിലിൽ അടയ്ക്കപ്പെട്ടവരല്ലേ. എല്ലാ ദുരനുഭവവും ഏറ്റുവാങ്ങി അഞ്ചു വർഷംകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ രാജ്യത്തെക്കുറിച്ച് എന്തായിരുന്നു മനസ്സിൽ തോന്നിയത്?

ആനന്ദ് പട്വർധന്റെ ചെറു സിനിമ, ‘Prisoners of Conscience’ കണ്ടത് വളരെ കാലത്തിനുശേഷമാണ്. അടിയന്തരാവസ്ഥക്കാലത്ത് വിചാരണത്തടവുകാരായി ജയിലിൽ വസിപ്പിച്ച മേരി ടെയ്‌ലർ ഉൾപ്പെടെ ഉള്ളവരുടെ കഥ. മനുഷ്യാവകാശ പോരാട്ടങ്ങളുടെ മാറിയ മുഖമായിരുന്നു ആ ഹ്രസ്വ ചിത്രവും അതിന്റെ ഉള്ളടക്കവും. അതു കണ്ടതോടെ എന്റെ പ്രണയം സഹോദരതുല്യമായ വികാരത്തോടെയാണ് നിന്നെ സമീപിച്ചത്.

ജയിൽ പീഡനങ്ങൾക്ക്‌ ഒടുവിൽ ഇന്ത്യൻ കോടതി സ്വതന്ത്രയാക്കുമ്പോൾ, പിന്നെ ജന്മനാട്ടിലേക്കുള്ള വിമാനയാത്രയിലും ശേഷവും നീയനുഭവിച്ച മനഃസംഘർഷം എനിക്കിന്നും കണ്ണീരു നിറയുന്ന വേദനയാണ്. ഇന്നത്തെ ജാർഖണ്ഡിലെ ഹസാരിബാഗ്‌ ജയിലിലാണ്‌ മേരി ടെയ്‌ലർ ഉൾപ്പെടെയുള്ള വിചാരണത്തടവുകാരെ പാർപ്പിച്ചത്‌. വിവിധ തരത്തിലുളള തടവുകാരെ കുത്തിനിറച്ച ജയിലിൽ മാനുഷിക പരിഗണനയൊന്നും കിട്ടാതെ നരകിച്ച നൂറുകണക്കിന്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും നീറുന്ന ജീവിതമാണ്‌ മേരി ടെയ്‌ലർ തുറന്നുവച്ചത്‌. ജയിലിന്റെ ഇടനാഴി പ്രസവമുറിയാക്കിയ അമ്മമാരും പുഴുവരിച്ച്‌ മൃതപ്രായരായി മരുന്നുപോലുമില്ലാതെ പിടഞ്ഞുമരിച്ച പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം ഇന്ത്യൻ ജയിലുകളുടെ ദുരിതക്കാഴ്‌ചയ്ക്ക്‌ തെളിവുകളായി. മിസ, എസ്‌മ തുടങ്ങിയ കരിനിയമങ്ങളുടെ രക്തസാക്ഷികളായി നൂറുകണക്കിനുപേർ. ഒടുവിൽ 1978ൽ അടിയന്തരാവസ്ഥാ ദുരിതങ്ങളെക്കുറിച്ച്‌ പഠിക്കാൻ നിയോഗിക്കപ്പെട്ട ഷാ കമീഷനു മുമ്പിൽ പോലും മേരി ടെയ്‌ലറുടെ കുറിപ്പുകൾ വന്നു. അതൊക്കെ എത്രത്തോളം പരിഗണിക്കപ്പെട്ടുവെന്നത്‌ കാലം മറച്ചുകളഞ്ഞ സത്യങ്ങൾ.

മേരി ടെയ്‌ലർ, എവിടെയാണ് നീ? മൂടുപടം നീക്കി ഓർമകൾ വല്ലാതെ പൊട്ടിത്തെറിക്കാൻ വെമ്പുമ്പോൾ സഹോദരിക്ക് അപ്പുറത്തേക്ക് അമ്മരൂപമായി നീ വളരുന്നോ?  ഞാനിപ്പോഴും കാത്തിരിക്കുന്നു; എവിടെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരുനാൾ ഇന്ത്യയിലേക്ക്‌ എത്തണം. അന്നൊരിക്കൽ ഞങ്ങൾ ചെയ്ത പാപത്തിന് മാപ്പിരക്കാൻ വരിയിലെ അവസാനക്കാരനായി ഞാൻ വരും, ഒന്ന് കാണാൻ, കെട്ടിപ്പിടിച്ച് നമുക്കൊന്ന് കരയാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top