19 September Saturday

മണിമലർക്കാവ്‌ സമരം: സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായം

വെബ് ഡെസ്‌ക്‌Updated: Saturday Oct 6, 2018

മണിമലർക്കാവ്‌ ക്ഷേത്രം

തൃശൂർ> വേളത്ത് ലക്ഷ്മിക്കുട്ടിയെന്ന ധീരവനിതയെ കാലം സുവർണാക്ഷരങ്ങളാൽ രേഖപ്പെടുത്തുമ്പോൾ ഒപ്പം ചേർക്കാം, വെള്ളറോട്ടിൽ മീനാക്ഷി, കരിക്കിലവളപ്പിൽ അമ്മിണി, നെല്ലിക്കൽ ജാനകി, കെ സി കാളിക്കുട്ടി, കെ കെ കുറുമ്പ, അത്താണിക്കൽ ജാനകി, വേളത്ത് വള്ളിമ്മു, ഞാലിൽ അമ്മു, കാത്തിര പറമ്പിൽ നീലി, കാളി എന്നിങ്ങനെ  നീളുന്നു ആ സ്‌ത്രീസാന്നിധ്യങ്ങൾ. സ്ത്രീകളുടെ അവകാശപ്പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ വേലൂർ മണിമലർക്കാവ് സമരത്തിന്റെ മുൻനിരയിലായിരുന്ന ഇക്കൂട്ടരെ ഏറെ ആദരവോടെയാണ്‌ കാലം ഓർമിക്കുന്നത്‌. പ്രായഭേദമെന്യേ ശബരിമല ക്ഷേത്ര പ്രവേശനത്തിന് സ്ത്രീകൾക്ക് അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവ്‌ വന്ന സാഹചര്യത്തിൽ ഈ സമരത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. സംഘപരിവാറിന്റെ നേതൃത്വത്തിൽ വർഗീയവാദികൾ  ഉറഞ്ഞുതുള്ളുകയും കോൺഗ്രസ് അതിന് പിന്തുണ നൽകുകയും ചെയ്യുമ്പോൾ മണിമലർക്കാവിൽ വനിതകൾ പോരാടി നേടിയ വിജയത്തിന് പ്രസക്തിയേറുന്നു.
 
വേലൂർ മണിമലർക്കാവ് ക്ഷേത്രത്തിലെ വേലയ‌്ക്ക് സ്ത്രീകളുടെ മാറുമറയ‌്ക്കാനുള്ള അവകാശത്തിനായി കമ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകി നേടിയ വിജയഗാഥയാണ്‌ ആ സമരം. ഈ പോരാട്ടത്തിനും വർഗീയവാദികളും അന്ധവിശ്വാസികളും എതിരായിരുന്നു. സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവും വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമായ കെ എസ് ശങ്കരന്റെ (83)  സ്മരണകളിൽ ഇപ്പോഴും മണിമലർക്കാവ് സമരം നിറഞ്ഞു നിൽക്കുന്നു. 
 
‘1956 ൽ വേലൂർ മണിമലർക്കാവിലെ കുംഭഭരണിക്ക്  സ്ത്രീകൾ മാറുമറച്ചാണ്‌ അരിത്താലമെടുക്കുകയെന്ന്‌  കമ്യൂണിസ്റ്റ് പാർടി തീരുമാനിച്ചു. അതിന് നേതൃത്വം നൽകാൻ  വേലൂരിലെ ഏതാനും വനിതാ സഖാക്കളെ ചുമതലപ്പെടുത്തി. എ എസ് എൻ നമ്പീശന്റെ ഭാര്യ ദേവകി അന്തർജനത്തിന്റെ പരിശ്രമങ്ങളും സമരപോരാളികൾക്ക് ഊർജം നൽകി. 
 
അന്നത്തെ സവർണ മേധാവിത്വം വനിതകൾക്കെതിരെ ഉറഞ്ഞു തുള്ളിയെങ്കിലും വനിതാ പോരാളികളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. എതിർപ്പുമായെത്തിയ വർഗീയവാദികളെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ നേരിട്ടു.  മാറുമറയ‌്ക്കാത്ത സ്ത്രീകൾ ഓടിപ്പോയി. പാർടി നിയോഗിച്ച സ്ത്രീകൾ മാറു മറച്ച് താലമെടുത്തു.  ബഹളംമൂലം ആ കുംഭഭരണിയിലെ താലം അലങ്കോലപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ് പാർടി നടത്തിയ സമരം പുതുയുഗത്തിന്റെ  ഉദയമായി. തുടർന്നുള്ള വർഷങ്ങളിൽ  മണിമലർക്കാവിൽ  എല്ലാ സ്ത്രീകൾക്കും  മാറുമറച്ചു താലമെടുക്കാനായി’–  കെ എസ് ശങ്കരൻ പറഞ്ഞു.
 
പതിനെട്ടരദേശങ്ങളിലെ പ്രധാന നാട്ടുത്സവമാണ് വേലൂർ മണിമലർക്കാവ് കുതിരവേല. ഇതിലെ അരിത്താലമെടുക്കാൻ സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലെന്നാണ്‌ വ്യവസ്ഥ. തിരുവിതാംകൂർ മാറുമറയ്ക്കൽ വിപ്ലവത്തിന‌ുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് കമ്യൂണിസ്റ്റ് പാർടി നടത്തിയ സമരത്തിലൂടെയാണ് 1950കളിൽ മണിമലർക്കാവിൽ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നേടിയെടുക്കാനായത്. 
 
പ്രസിദ്ധമായ വാഴാനി കനാൽ സമരത്തിലടക്കം മുന്നിലുണ്ടായ  കമ്യൂണിസ്റ്റ് പാർടി നേതാവും മുൻ എംഎൽഎയുമായിരുന്ന  എ എസ് എൻ നമ്പീശനാണ് മണിമലർക്കാവ് സമരത്തിനു നേതൃത്വം നൽകിയത്. കെ എസ് ശങ്കരൻ, എ എൽ ഫ്രാൻസിസ്, അത്താണിക്കൽ അറുമുഖൻ, കെ ഐ വിശ്വംഭരൻ, എ പി നാരായണൻ, ആർ എസ് അപ്പുകുട്ടൻ, പി വി കൊച്ചുകുട്ടൻ  തുടങ്ങി നിരവധി പാർടി പ്രവർത്തകരും   സമരത്തിന്‌ കരുത്തു പകർന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top