07 July Thursday

അണയാത്ത ചെങ്കനല്‍

എസ് വീരയ്യUpdated: Sunday Mar 27, 2022

അടിമുടി ചുവപ്പില്‍ ജീവിച്ച പോരാളി. താന്‍ ജീവിച്ച കാലഘട്ടത്തിന് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറത്തുള്ള പോരാട്ടവീറ്. അതായിരുന്നു മല്ലു സ്വരാജ്യം. പതിറ്റാണ്ടുകള്‍ മുമ്പേ അവര്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ ആയുധമെടുത്തു. വരുംതലമുറകള്‍ക്കുവേണ്ടി  പൊരുതി.  മണ്ണില്‍ പണിയെടുക്കുന്നവരുടെ മോചനത്തിനും ഉപജീവനത്തിനും ഭൂമിക്കും വേണ്ടിയായിരുന്നു ആ സമരങ്ങള്‍. മറ്റൊന്നിലും ഉടക്കാതെ പ്രതിബദ്ധതയുള്ള  കമ്യൂണിസ്റ്റ് ജീവിതം ഉജ്വലമായി ജീവിച്ച് തീര്‍ത്തു. വിഖ്യാതമായ തെലങ്കാന സായുധ പോരാട്ടത്തില്‍നിന്നാരംഭിച്ച് ഓരോ ചരിത്രഘട്ടത്തിലും രാഷ്ട്രീയ കൃത്യതയോടെ ഇടപെട്ടു അവര്‍.  ജനകീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് താങ്ങായി ആ  ജീവിതം.

കമ്യൂണിസ്റ്റ് പാര്‍ടിയില്‍ മല്ലു സ്വരാജ്യം ഒരു മുദ്ര പതിപ്പിച്ചിരുന്നു. അതാരും കല്‍പ്പിച്ച് നല്‍കിയതോ, സ്ത്രീ സഹയാത്രികയ്ക്ക് നല്‍കിയ പ്രോത്സാഹനമോ ആയിരുന്നില്ല. ചെങ്കൊടിക്ക് കീഴില്‍  പൊരുതി നേടിയ മുന്നേറ്റങ്ങളുടെ അടയാളമാണത്. തോക്കും വാക്കുകളും ഒരുപോലെ അവര്‍ക്ക് വഴങ്ങി. ഭൂസമരവും മദ്യവിരുദ്ധ സമരവും സ്ത്രീ മുന്നേറ്റങ്ങളുമെല്ലാം അവസാന ശ്വാസംവരെ അവര്‍ക്കുള്ളില്‍ നിറഞ്ഞു. രോഗാവസ്ഥയിലും മഹിളാ സംഘത്തിന്റെ ഓഫീസില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കഴിയാന്‍ തീരുമാനിച്ചു. കുടുംബത്തിനേക്കാള്‍ സമൂഹത്തിന് പ്രാധാന്യം നല്‍കണമെന്ന ബോധ്യമായിരുന്നു അത്. മരണശേഷം  ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യാന്‍ പാര്‍ടിയോട് ആവശ്യപ്പെടുകയായിരുന്നു. പതിനൊന്നാം വയസ്സില്‍ ആരംഭിച്ച രാഷ്ട്രീയ ജീവിതം അങ്ങനെ തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ അവസാനിച്ചു.

ജന്മി കുടുംബത്തിലാണ് ജനനം.  പാഠപുസ്തകം അമ്മ ചൊക്കമ്മയായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ സ്വാതന്ത്ര്യ സമരവും ആന്ധ്രമഹാസഭയും അമ്മ ചൊക്കമ്മയിലുണ്ടാക്കിയ സ്വാധീനം മല്ലു സ്വരാജ്യത്തിന്റെ വിപ്ലവ വഴികളുടെ ഊടുംപാവും നെയ്തു. സ്വരാജ്യമെന്ന പേര് നല്‍കി ചൊക്കമ്മ മകള്‍ക്ക് രാജ്യം അന്ന് കാംക്ഷിച്ച പൂര്‍ണ സ്വാതന്ത്ര്യം നല്‍കി.  മല്ലു സ്വരാജ്യത്തിന്റെ രണ്ട് സഹോദരിമാരും കുടുംബവും ഒപ്പം രണ്ട് സഹോദരന്മാരും വിപ്ലവ പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ജന്മിയുടെ ഭാര്യക്ക് ലഭിക്കുന്ന വിശേഷാധികാരങ്ങളെ മറികടന്ന് ചൊക്കമ്മയില്‍ നിലനിന്നിരുന്ന മനുഷ്യസ്നേഹം സ്വരാജ്യത്തിന്റെ വ്യക്തിത്വം രൂപപ്പെടുത്തി. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ മക്കള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി.

കുട്ടിക്കാലത്തുതന്നെ മല്ലു ശൈശവ വിവാഹങ്ങളെ എതിര്‍ത്തു. പിന്നീട് ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയും ജാതി വിവേചനങ്ങള്‍ക്കെതിരെയും  ശബ്ദമുയര്‍ത്തി.ജോലിക്കാര്‍ക്കൊപ്പം വയലിലിറങ്ങി, വെള്ളം ചുമന്നു.  എതിരു നിന്ന ബന്ധുക്കളെ അവള്‍ കാര്യമാക്കിയില്ല. ജാതിഭേദമില്ലാതെയുള്ള പന്തിഭോജനത്തില്‍ പങ്കാളിയായി.  ഹരിജനങ്ങള്‍ക്കുമേലുള്ള വിലക്കുകള്‍  പൊട്ടിച്ചെറിഞ്ഞു. അടിമത്തത്തിനെതിരായിരുന്നു ആദ്യ സമരം. 1946ലെ അയിലമ്മ സമരം പാട്ടക്കാരായ കര്‍ഷകരുടെ സമരമായി മാറിയതോടെ സമരക്കാരുടെ ആവേശം തീവ്രമായി. ജൂലൈ നാലിന് നടന്ന സമരത്തില്‍ ദൊഡ്ഡി കൊമരയ്യ വീരമൃത്യു വരിച്ചു. 11ന് കമ്യൂണിസ്റ്റ് പാര്‍ടി നല്‍കിയ ആഹ്വാനത്തോടെ അത് കര്‍ഷകരുടെ സായുധ സമരമായി. യെല്ലമ്മ, മല്ലമ്മ, മുത്യാലമ്മ തുടങ്ങി  പലപേരുകളില്‍ മല്ലു സ്വരാജ്യം പല സ്ഥലങ്ങളില്‍ സമരത്തിലിറങ്ങി.

ആദിവാസികള്‍ക്കിടയില്‍ അവര്‍ സമ്മക്കയായി. രാജക്കദളം എന്ന പേരില്‍ പ്രശസ്തി നേടി. നാലാം ക്ലാസില്‍ പഠനം നിര്‍ത്തി സ്വരാജ്യം ജ്യേഷ്ഠനൊപ്പം യോഗങ്ങള്‍ക്ക് പോകുമായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്ന വേദികളില്‍  നാടന്‍ പാട്ടുകള്‍ പാടി സമരാവേശം പകര്‍ന്നു. പതിനൊന്നാം വയസ്സില്‍ വിജയവാഡയിലെ രാഷ്ട്രീയ ക്ലാസുകളില്‍ പങ്കെടുത്തു. പിന്നീട് ജ്യേഷ്ഠന്‍ ആരംഭിച്ച കൂലി സമരം തുടര്‍ന്നുകൊണ്ടുപോയി. ബന്ധുക്കളുടെ കൃഷിയിടങ്ങളിലെ തൊഴിലാളി സമരങ്ങള്‍ നടത്തി, അവരെ ശത്രുക്കളാക്കി.ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമുള്ള ആക്രമണത്തെ അവര്‍ അതിജീവിച്ചു.  അയിലമ്മ സമരത്തില്‍ പ്രസ്ഥാനത്തിന്റെ പാട്ടുകള്‍ പാടി. ഗുരജാഡയുടെ 'പുട്ടടി ബൊമ്മ പൂര്‍ണമ്മ' എന്ന ഗാനം അക്കാലത്ത് സ്ത്രീകളെ അണിനിരത്തുന്നതിന് ഫലപ്രദമായി ഉപയോഗിച്ചിരുന്നു.

മല്ലു സ്വരാജ്യത്തിന്റെ സമരകേന്ദ്രം പഴയ സൂര്യപേട്ട് ആയിരുന്നു.  ഗോത്രവര്‍ഗക്കാരെ അണിനിരത്തുന്നതില്‍  ശ്രദ്ധ കേന്ദ്രീകരിച്ചു. പത്തുലക്ഷം ഏക്കര്‍ ഭൂമി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത ആ സമരം ഗ്രാമ സംസ്ഥാനങ്ങള്‍  സ്ഥാപിച്ചു. ഭൂമി വിതരണം ചെയ്യുന്നതിനപ്പുറം അടിമവേല നിര്‍ത്തലാക്കി. അവിടെ ജാതി -മത വിവേചനങ്ങള്‍ക്ക് ഇടമില്ലായിരുന്നു. സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങളുണ്ടായി. വിവാഹവും വിവാഹമോചനങ്ങളും ഭാര്യയുടെയും ഭര്‍ത്താവിന്റെയും ആഗ്രഹപ്രകാരംമാത്രം നടന്നു. തീരുമാനങ്ങളില്‍ സ്ത്രീ പങ്കാളിത്തമുണ്ടായി. പാട്ടുകളും പ്രസംഗങ്ങളും ആ ദൗത്യത്തിന് സഹായകമായി. ഗ്രാമങ്ങളില്‍ പൊലീസ് വന്നാല്‍ എന്തുചെയ്യണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. സ്ത്രീകളെ അണിനിരത്തി ഭൂവുടമകളെ ആക്രമിച്ച് തോക്കുകള്‍ പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് കൈമാറി. മേജര്‍ ജയ്പാല്‍ സിങ് നല്‍കിയ സൈനിക പരിശീലനത്തില്‍ 300 സ്ത്രീകള്‍ പങ്കെടുത്തു. മല്ലു സ്വരാജ്യത്തെ പിടികൂടുന്നവര്‍ക്ക് സര്‍ക്കാര്‍ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഏഴുവര്‍ഷത്തോളം ഒളിവുജീവിതം നയിക്കേണ്ടി വന്നിട്ടുണ്ട്.

സായുധ സമരം അവസാനിച്ചതിനുശേഷം സഹപ്രവര്‍ത്തകന്‍ മല്ലു വെങ്കട നരസിംഹ റെഡ്ഡി(വി എന്‍)യുമായി വിവാഹം. പാര്‍ടിയില്‍ ആയിടയ്ക്കുണ്ടായ ആഭ്യന്തര ഭിന്നതമൂലം കുറച്ചുകാലം കുടുംബത്തിനൊപ്പം കഴിഞ്ഞു. പിന്നീട് സിപിഐ എം രൂപീകരിക്കപ്പെട്ടപ്പോള്‍ ജനകീയപോരാട്ടങ്ങളുടെ അമരത്തേക്ക് വീണ്ടും. 1978ലും 1983ലും തുംഗതുര്‍ത്തി നിയോജക മണ്ഡലത്തില്‍   നിയമസഭയിലെത്തി.  1981-2002 കാലഘട്ടത്തില്‍ ആന്ധ്രപ്രദേശ് മഹിളാ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി. ഹൈദരാബാദിനെ നടുക്കിയ റമീജാബീ ബലാത്സംഗക്കേസില്‍ മല്ലു സ്വരാജ്യം നിയമസഭയില്‍ എടുത്ത നിലപാട് ജനശ്രദ്ധയാകര്‍ഷിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ നിയമസഭയിലെ വനിതാ അംഗങ്ങള്‍ക്ക് അവര്‍ക്കൊപ്പം  നില്‍ക്കേണ്ടി വന്നു.
1983ല്‍  ടിഡിപിയില്‍ ചേര്‍ന്ന അനുജനെ സ്വരാജ്യത്തിന് തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നു. മൂത്തസഹോദരനും 1994-ല്‍  എതിര്‍ ചേരിയിലായി. സ്വരാജ്യം ഭര്‍ത്താവ് വി എന്നിനൊപ്പം പാര്‍ടിക്കൊപ്പം നിന്നു. തെലങ്കാന സായുധസമര പോരാളിയായും ഐക്യ നല്‍ഗൊണ്ട ജില്ലാ കമ്മിറ്റി സെക്രട്ടറിയായും പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും തെലുഗു ജനതയ്ക്ക് സുപരിചിതനായിരുന്നു വി എന്‍. 92--ാം വയസ്സിലും ചുവന്ന തീപ്പൊരികളെ ഓര്‍മിപ്പിച്ച പോരാളിയായിരുന്നു അവര്‍. വെന്റിലേറ്ററില്‍ കിടക്കവെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കാനെത്തിയവരെ മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്തു.

ജമീന്ദര്‍മാരേക്കാള്‍ വലിയ കോര്‍പറേറ്റുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. സ്വേച്ഛാധിപത്യവും വര്‍ഗീയതയും ശക്തിപ്പെടുന്ന കാലത്താണ് നമ്മളെന്ന് അവര്‍ തിരിച്ചറിയുകയും ഓര്‍മിപ്പിക്കുകയും ചെയ്തു.  ജനങ്ങളുമായി കൂടുതല്‍ അടുക്കുക വഴി മാത്രമേ ചൂഷണാത്മക ഭരണകൂടത്തെ എതിരിടാനാകൂ എന്നും അവര്‍ ഊന്നിപ്പറഞ്ഞു. വര്‍ഗസമരമാണ് ഏക പോംവഴിയെന്ന് അവര്‍ ആവര്‍ത്തിച്ചു. ആ വഴിയിലൂടെമാത്രം സഞ്ചരിക്കുന്നതാണ് മല്ലു സ്വരാജ്യത്തിനുള്ള യഥാര്‍ഥ ആദരവ്.

(സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമാണ് ലേഖകന്‍)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top