22 September Friday

ലിസി; തടവറച്ചുമരിലെ ലില്ലിപ്പൂക്കൾ

സതീഷ്‌ ഗോപിUpdated: Sunday Sep 1, 2019

യനാട്‌ സുൽത്താൻ ബത്തേരിയിലെ വീട്ടിൽ തനിച്ചായ അമ്മക്കൊപ്പം ആ നിലവിളക്ക്‌ പ്രകാശിക്കുന്നുണ്ടാകണം. ജയിലറയിൽ പശ്‌ചാത്താപപൂർവം  രചിച്ച കവിതകൾക്ക്‌ മകൾക്ക്‌ സമ്മാനം കിട്ടിയ ആ വിളക്ക്‌ ചൊരിയുന്നത്‌ മകളുടെ പ്രകാശം നിറഞ്ഞ ഓർമകൾ കൂടിയാകണം. അറിയാതെ ചെയ്‌തുപോയ തെറ്റിന്‌ വിലകൊടുക്കേണ്ടി വന്ന ജീവിതം തടവറയിൽ എരിഞ്ഞുതീരുമ്പോഴും പിറക്കുന്ന അക്ഷരപ്പൊലിമയുമായി ആ അമ്മയുടെ മകൾ ലിസി കണ്ണൂർ വനിതാജയിലിലുണ്ട്‌. ശിക്ഷാകാലാവധിക്കുള്ളിൽ കവിതാ പുസ്‌തകം പുറത്തിറക്കിയ ആദ്യ എഴുത്തുകാരി എന്ന സൽപ്പേരുമായി.
വയനാട് സുൽത്താൻ ബത്തേരി ചുള്ളിയോട് പുള്ളോലിക്കൽ ജോർജ്ജിന്റെയും റോസക്കുട്ടിയുടെയും മകളാണ് നാൽപതുകാരി ലിസി. അച്ഛൻ നേരത്തെ തന്നെ മരിച്ചതോടെ അമ്മ കൂലിപ്പണി ചെയ്‌താണ്‌ അഞ്ച് പെണ്ണും ഒരു ആണുമടക്കം ആറു മക്കളെ വളർത്തിയത്. പഠിക്കാനും മിടുക്കിയായിരുന്നു ലിസി. എന്നാൽ, മയക്കുമരുന്ന്‌ കേസിൽ പ്രതിയായി കണ്ണൂർ വനിതാജയിലിൽ ജീവിതം തള്ളിനീക്കാനായിരുന്നു നിയോഗം. ജയിൽ ജീവനക്കാരുടെ സഹായത്തോടെ എഴുത്തും വായനയും സജീവമാക്കിയാണ്‌ ലിസി വീണ്ടും നന്മനിറഞ്ഞ സ്വപ്‌നങ്ങളിലേക്ക്‌ മടങ്ങിയത്‌. നിരവധി പശുക്കളുള്ള ജയിൽ ഡെയ്‌റിയുടെ പരിപാലനവും ഏറ്റെടുത്തു. എട്ടാം തരത്തിൽ പഠിക്കുമ്പോൾ ലഘുനാടകങ്ങളും കഥാപ്രസംഗങ്ങളും എഴുതി അവതരിപ്പിച്ചിരുന്ന കൗമാരക്കാരിയുടെ ആവേശം ഇപ്പോഴും ലിസിയിലുണ്ട്‌.

ചിലന്തിവലയിലെ ചിത്രശലഭം
ലിസി പാലക്കാടുകാരനായ ശശിയെ പ്രണയിച്ചാണ്‌ വിവാഹം കഴിച്ചത്‌. വലിയ സ്വപ്‌നങ്ങളുമായി ജീവിതം മുന്നോട്ടു നീങ്ങുമ്പോഴാണ്‌ ഭർത്താവിന്റെ അപ്രതീക്ഷിത മരണം. തുടർന്ന്  വയനാട്ടിലെ സ്വന്തം വീട്ടിലേക്ക്‌ മടങ്ങി.  അമ്മയോടൊപ്പമായിരുന്നു താമസം. അധ്വാനിച്ച്‌ കുടുംബം പോറ്റുമ്പോണ്‌ ഇടിത്തീ പോലെ അടുത്ത ദുരന്തം. ലിസിയുടെ സഹോദരി പൊള്ളലേറ്റ്‌ പാതി വെന്ത ശരീരവുമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി.  ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോഴാണ് കൂട്ടുകാരന്റെ ഉപദേശം സ്വീകരിച്ചത്‌. ഇത്‌ ജീവിതമപ്പാടെ മാറ്റിമറിക്കുന്ന മഹാദുരന്തമായി. ഒരു പൊതി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിച്ച് മറ്റൊരാൾക്ക് കൈമാറിയാൽ പണം കിട്ടുമെന്ന വാക്കു വിശ്വസിച്ച യാത്ര ഇരുമ്പഴിക്കുള്ളിലാണ്‌ എത്തിച്ചത്‌.  പൊതി ഏറ്റുവാങ്ങാൻ ഏൽപ്പിച്ചയാളെ നേരത്തെ പൊലീസ്‌ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ്‌ പിടികൂടി പൊതി തുറന്നപ്പോഴാണ് മയക്കുമരുന്നാണ്‌ അതിനുള്ളിലെന്ന്‌ ലിസി തിരിച്ചറിഞ്ഞത്‌.  2010 ജൂലൈ 26 നാണ്‌ സംഭവം. രണ്ട് കേസുകളിലായി 25 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2011 ഒക്‌ടോബർ ആറിന് കണ്ണൂർ സെൻട്രൽ ജയിൽ ലിസിയുടെ പേരിനൊപ്പം കൺവിക്ട്‌ നമ്പറും ചേർന്നു.

പ്രത്യാശയിലേക്ക്‌ ഒരു വഴി
കഞ്ചാവ്‌ കേട്ടുകേൾവിയിൽ മാത്രം. കഥകളിൽ മാത്രം പരിചയമുള്ള ജയിലറ. ആദ്യനാളുകളിൽ കടുത്ത അസ്വസ്ഥതയായിരുന്നു ലിസിക്ക്‌. വയനാടിന്റെ നിഷ്‌കളങ്കതയുമായി എത്തിയ തടവുകാരിയുടെ നിഷ്‌കളങ്കഭാവം ജയിൽ സൂപ്രണ്ട്‌ കെ ശകുന്തളയും വെൽഫെയർ ഓഫീസർ ശോഭനയും തിരിച്ചറിഞ്ഞതാണ്‌ വഴിത്തിരിവായത്‌. അന്തേവാസികളെ കൈത്തൊഴിലുകൾ പഠിപ്പിക്കാനും മറ്റും ഇവർ ഉത്സാഹിച്ചിരുന്നു. ലിസിയുടെ ഉള്ളിലെ എഴുത്തുകാരിയെ തിരിച്ചറിഞ്ഞതും ഇവരാണ്‌.  ഏകാന്തവിഷാദങ്ങളിൽനിന്നു പുറത്തുകടക്കാൻ അവർ ലിസിയെ പുസ്‌തകങ്ങളുടെ ലോകത്തേക്ക്‌ നയിച്ചു. എഴുതാൻ കടലാസുകളും നൽകി. ഇതോടെ ലിസി അടിമുടി മാറി. രാത്രികളിലും ഒഴിവുനേരങ്ങളിലും കടലാസിൽ ആത്മവേദനകൾ അക്ഷരരൂപികളായി. എഴുത്തു മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു. മാധ്യമങ്ങളിൽ ലിസിയെക്കുറിച്ചുള്ള വാർത്തകൾ വന്നത്‌ ആശ്വാസവും പ്രോത്സാഹനവുമായി. താൻ മൂലം കുടുംബത്തിനുണ്ടായ ചീത്തപ്പേര്‌ സർഗസൃഷ്ടികൾ കഴുകിക്കളയുന്നതിൽ ലിസിയും ആനന്ദം കൊണ്ടു. പൂർണ പബ്ലിക്കേഷൻ നടത്തിയ കഥാമത്സരത്തിൽ ഒന്നാം സമ്മാനം നേടി. ആലാപ് എന്ന സംഘടന നടത്തിയ മത്സരത്തിലും ജീസസ് ഫ്രെറ്റേണിറ്റി നടത്തിയ കഥാമത്സരത്തിലും ലിസിക്കായിരുന്നു ഒന്നാം സമ്മാനം. എഴുത്തിൽ പ്രതിഭ തെളിയിച്ച ലിസിയെ ജയിലധികൃതർ നിലവിളക്ക് സമ്മാനിച്ചാണ് ആദരിച്ചത്. ആ വിളക്കാണ്‌ ഒരു ദിവസം കാണാനെത്തിയ അമ്മയ്‌ക്ക്‌ കൈമാറിയത്‌.


ഓണംകൊള്ളുന്ന ഓർമകൾ
ഓണമാകുമ്പോൾ ലിസിയുടെ ഉള്ളിലെ എഴുത്തുകാരി ബാല്യത്തിലേക്ക്‌ മടങ്ങും. വയനാട്ടിലെ ഹരിതാഭമായ പറമ്പുകളിൽ ഓണപ്പൂക്കൾ തേടിയലഞ്ഞ കാലം. തുമ്പയും മുക്കുറ്റിയും നിറഞ്ഞ പൂക്കൂടകൾ. പുത്തനുടുപ്പ്‌.  കൈകൊട്ടിക്കളി, തുമ്പിതുള്ളൽ, ഓണസദ്യ.  ലിസി പടിയിറങ്ങിയതോടെ പുള്ളോലിൽ വീട്ടിൽ ആഘോഷങ്ങളില്ലാതായി. പരോളിന്‌ മകൾ വരുമ്പോഴാണ്‌ ഓണവും പെരുന്നാളുമെല്ലാം വയോധികയായ അമ്മ ആഘോഷിക്കുന്നത്‌. ഓർമകളുടെ ഓണമാഘോഷിക്കുമ്പോൾ അക്ഷരപ്പൂക്കളെ കൂട്ടു വിളിക്കുകയാണ്‌ തടവറയിലെ ഈ എഴുത്തുകാരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top