24 May Friday

മതാധികാരം സ്ത്രീവിരുദ്ധമാകുമ്പോള്‍

ആര്‍ പാര്‍വതീദേവിUpdated: Monday Dec 7, 2015

മാധ്യമപ്രവര്‍ത്തകയായ വി പി റജീന തന്‍റെ ഫെയിസ്ബുക്കിന്‍റെ ചുമരില്‍ ഇങ്ങനെ കുറിച്ചു, പുതിയ ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നും ചില 'മത സമുദായ' സംഘടനകളുടെ കണ്ടെത്തലുകള്‍ വായിച്ചപ്പോള്‍ അരാജകത്വമില്ലാത്ത എത്ര സുന്ദരമായ സമൂഹമാണ് കാലങ്ങളായി നമ്മുടേതെന്ന് വെറുതെ ഓര്‍ത്തുപോയി...!" അഞ്ചാംക്ലാസുവരെ താന്‍ പഠിച്ച മദ്രസയിലെ അധ്യാപകര്‍ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും നടത്തിവന്ന ലൈംഗിക അതിക്രമങ്ങള്‍ വിശദീകരിക്കുന്ന റജീനയുടെ കുറിപ്പിന്‍റെ അവസാനത്തെ ഖണ്ഡികയാണ് മേല്‍ ഉദ്ധരിച്ചത്. റജീനയുടെ തുറന്നുപറച്ചിലില്‍ അമര്‍ഷംപൂണ്ടവര്‍ ഒറ്റക്കെട്ടായി മാസ്  റിപ്പോര്‍ട്ടുചെയ്ത് റജീനയുടെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു.

മതാധികാരത്തിന്‍റെ അശ്ലീലമുഖം തുറന്നുകാട്ടുന്നതാണ് ഈ സംഭവം. റജീന ഇസ്ലാം മത വിശ്വാസിയാണെന്നു മാത്രമല്ല ആചാരപ്രകാരം ഹിജാബ് ഉപയോഗിച്ച് തലമറയ്ക്കുന്നുമുണ്ട്. എല്ലാ അര്‍ഥത്തിലും മതവിശ്വാസിയാണെങ്കിലും തന്‍റെ മത പഠന കാലഘട്ടത്തിലുണ്ടായ ചില അതിക്രമസംഭവങ്ങള്‍ പുറത്തുപറയുമ്പോള്‍ അത് മതങ്ങള്‍ക്കകത്തു സംഭവിക്കേണ്ട പരിഷ്കാരങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ചെയ്യുന്നത്. മതവും മതാധികാരവും ചോദ്യംചെയ്യാന്‍ പാടില്ലാത്തതും വിമര്‍ശനങ്ങള്‍ക്കതീതവുമാണെന്ന് സ്ഥാപിക്കേണ്ടത് മത പൗരോഹിത്യത്തിന്‍റെ ആവശ്യമാണ്.

മതങ്ങളുടെ ആവിര്‍ഭാവത്തിന് പ്രതിഷേധാത്മകമായ ഉള്ളടക്കം ഉണ്ടായിരുന്നുവെന്നത് അംഗീകരിക്കപ്പെട്ട സത്യമാണ്. നിലനിന്നിരുന്ന മത-സാമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങളോടുള്ള എതിര്‍പ്പില്‍നിന്നാണ് പ്രവാചകമതങ്ങളെല്ലാം രൂപംകൊണ്ടത്. ബുദ്ധനും നബിയും ക്രിസ്തുവും വിവേകാനന്ദനും ശ്രീനാരായണഗുരുവും ഗുരുനാനാക്കും മതനവീകരണത്തിന്‍റെയും പരിഷ്കരണത്തിന്‍റെയും വക്താക്കളായിരുന്നു. എന്നാല്‍ ഇതിന്‍റെ അര്‍ത്ഥം വര്‍ത്തമാന കാലഘട്ടത്തില്‍ മതാധികാരത്തിന്‍റെ നിഷേധാത്മകവശങ്ങളെ അവഗണിക്കണം എന്നല്ല. നിലവിലുള്ള എല്ലാ മതങ്ങളും ആചാരാനുഷ്ഠാനങ്ങളിലുള്‍പ്പെടെ വിവിധ രൂപങ്ങളിലുള്ള പരിണാമങ്ങള്‍ക്ക് വിധേയമായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ മതങ്ങള്‍ക്ക് സംഘടിത രൂപം കൈവരുകയും പൗരോഹിത്യം തീവ്രാധികാരം കയ്യാളുകയും ചെയ്തപ്പോള്‍മുതല്‍ പുരുഷാധിപത്യം മതങ്ങളുടെ സവിശേഷ സ്വഭാവമായിത്തീര്‍ന്നു. പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ മുതല്‍ മോക്ഷത്തെക്കുറിച്ചുളള കാഴ്ചപ്പാടില്‍വരെ എല്ലാ മതങ്ങളും സ്ത്രീവിരുദ്ധമാണ്. ആചാരാനുഷ്ഠാനങ്ങളിലൂടെയാണ് മതങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുന്നത്. ഈ ആചാരങ്ങളുടെ കുത്തകപൂര്‍ണമായും പുരുഷന്‍റേതാണ്. ദൈവത്തെ മനുഷ്യന്‍റെ രൂപത്തില്‍ സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ യഥാര്‍ഥത്തില്‍ പുരുഷന്‍റെ രൂപമാണ് ഈശ്വരന് നല്‍കിയിരിക്കുന്നത്. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദുമതത്തില്‍ ദേവിമാര്‍ ധാരാളമുണ്ടെങ്കിലും സ്ത്രീയെ അശുദ്ധയായി കണക്കാക്കുന്നതിനാല്‍ ഈശ്വരന്‍റെ അരികിലേക്ക് വരുവാന്‍ സ്ത്രീക്ക് നിരവധി പ്രതിബന്ധങ്ങള്‍ തരണംചെയ്യേണ്ടതായി വരുന്നു. ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രങ്ങളുടെ പടിക്കു പുറത്ത് വളരെ ദൂരെയാണ് സ്ത്രീയുടെ സ്ഥാനം. തിരുവനന്തപുരത്തുനിന്നും എരുമേലിയിലേക്ക് പോകുന്ന ബസില്‍നിന്നും മൂന്നു സ്ത്രീകളെ നടുറോഡില്‍ ഇറക്കിവിട്ടത് ഈയിടെയാണ്.

ഈശ്വരനുമായി നേരിട്ടുള്ള ബന്ധമാണ് പുരോഹിതന്മാര്‍ക്ക് അമിതാധികാരം നല്‍കുന്നത്. ഈശ്വരനിലെത്താനുള്ള മാര്‍ഗം ചൊല്ലിത്തരുന്നവര്‍ക്ക് ലഭിക്കുന്ന അപ്രമാദിത്തം ലൗകികജീവിതത്തിലെ വേദനകളില്‍പ്പെട്ടുഴലുന്ന നിസ്സാര മനുഷ്യര്‍ക്കുമേല്‍ കടന്നാക്രമണം നടത്താനുള്ള അവകാശംകൂടിയായി മാറുന്നു. പൗരോഹിത്യം, അത്യപൂര്‍വമായ ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, പൂര്‍ണമായും പുരുഷാധിപത്യപരമാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, പാഴ്സി മതങ്ങളിലൊന്നുംതന്നെ പൗരോഹിത്യത്തിന്‍റെ ഉന്നത ശ്രേണികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എല്ലാ മതങ്ങളുടെയും ഈ സ്ത്രീവിരുദ്ധത സ്ത്രീവാദ ചിന്തകര്‍ ഇന്ന് ചോദ്യംചെയ്യുന്നുണ്ട്. ഫെമിനിസ്റ്റ് തീയോളജി, ഈശ്വരസങ്കല്‍പത്തിന്‍റെ പുരുഷാധിപത്യം ചോദ്യംചെയ്യുകയും വിശുദ്ധ ഗ്രന്ഥങ്ങള്‍ സ്ത്രീപക്ഷ വിമര്‍ശനത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുന്നു.

ഡോ. ആമിന വദൂദ് നടത്തിവരുന്ന 'ജന്‍ഡര്‍ ജിഹാദ്' (ലിംഗസമത്വത്തിനുവേണ്ടിയുള്ള വിശുദ്ധയുദ്ധം) ഇത്തരത്തിലുള്ളതാണ്. 2005ല്‍ ന്യൂയോര്‍ക്കുനഗരത്തില്‍ നടന്ന വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്ന ആമിനവദൂദ് ഖുറാന്‍റെ സ്ത്രീപക്ഷ പാരായണം നടത്തുകയും അള്ളാഹു സ്ത്രീകളെയും പുരുഷനെയും ഒരേ കണ്ണിലാണ് കണ്ടതെന്ന് സ്ഥാപിക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അറബിരാജ്യത്ത് നിലനിന്ന സാമൂഹ്യ രാഷ്ട്രീയാവസ്ഥയുടെ പശ്ചാത്തലത്തില്‍ രൂപംനല്‍കിയ ശരിഅത്ത് നിയമത്തില്‍ മാറ്റംവരുത്തരുതെന്ന് ശഠിക്കുന്ന കാന്തപുരത്തെപ്പോലെയുള്ളവര്‍ മനസ്സിലാക്കേണ്ടതാണ് ലോകമെമ്പാടും ഇസ്ലാംമതം കൈക്കൊള്ളുന്ന പുരോഗമനപരമായ നിലപാടുകള്‍. ശരിഅത്ത് നിയമംതന്നെ ലോകത്തെ വിവിധ രാജ്യങ്ങള്‍, അതാതു സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റംവരുത്തിയാണ് നടപ്പിലാക്കുന്നതും. ഇസ്ലാമിലെ അവാന്തര വിഭാഗങ്ങളും മതപ്രമാണങ്ങളും ഖുറാനും ആചാരങ്ങളും തനതായരീതിയില്‍ പരിഷ്കരിച്ചിട്ടുണ്ട്. ഇസ്ലാമോ ഫോബിയ പിടികൂടിയ അമേരിക്കയും ഇന്ത്യയിലെ സംഘപരിവാറും ഇസ്ലാമിനെ എതിര്‍ക്കുന്നത് മുഖ്യമായും 'അപരിഷ്കൃതം' എന്നാരോപിച്ചുകൊണ്ടാണ്. ഈ ആരോപണത്തിന് മറുപടിയാണ് യഥാര്‍ഥത്തില്‍ ഇസ്ലാമിക് ഫെമിനിസം മുന്നോട്ടുവയ്ക്കുന്നത്. ഇസ്ലാമില്‍ മാത്രമല്ല, ക്രിസ്ത്യന്‍സഭയുടെ സ്ത്രീവിരുദ്ധതയ്ക്കെതിരെയുള്ള പ്രസ്ഥാനവും ഇന്ന് ശക്തമാണ്.

സ്ത്രീകള്‍ വിശ്വാസികള്‍ മാത്രമായാല്‍ മതിയെന്ന മതാധ്യക്ഷന്മാരുടെ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുന്ന കത്തോലിക്ക സ്ത്രീവാദികളും ലോകമെമ്പാടും ശക്തമാണ്. ബിഷപ്പും മാര്‍പ്പാപ്പയും ആകുന്നതില്‍നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ഇന്ന് ചോദ്യംചെയ്യപ്പെടുന്നു. ക്രിസ്റ്റീന കെന്നല്ലിയെപ്പോലെയുള്ളവര്‍ പറയുന്നത് "കത്തോലിക്കാസഭയുടെ നിലനില്‍പിന് എന്നെപ്പോലെയുള്ള സ്ത്രീവാദ കത്തോലിക്കാ വിശ്വാസികള്‍ ആവശ്യമാണെന്നാണ്.

"21-ാം നൂറ്റാണ്ടിലെ സ്ത്രീകളുടെ ജീവിതം എല്ലാ പൗരാവകാശങ്ങളോടുംകൂടി സമത്വപൂര്‍ണമാകുന്നതിന് തടസ്സം സൃഷ്ടിക്കുവാന്‍ മതങ്ങള്‍ക്കോ മതപുരോഹിതന്മാര്‍ക്കോ അവകാശമില്ല. നിലവിലുള്ള ഭരണസംവിധാനത്തിനും നിയമവ്യവസ്ഥയ്ക്കും കീഴ്പ്പെട്ടുമാത്രമേ മതപുരോഹിതന്മാര്‍ക്ക് ഒരു ജനാധിപത്യരാജ്യത്ത് ജീവിക്കുവാന്‍ കഴിയൂ. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും ശാക്തീകരണത്തിനുംവേണ്ടിയുള്ള എല്ലാ നിയമങ്ങളും മതമേലധ്യക്ഷന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും ബാധകമാണ്. മതം എന്നത് ആദ്ധ്യാത്മികമായ സാന്ത്വനത്തിനായി സ്വകാര്യവിശ്വാസമായി നിലനിര്‍ത്തുവാനുള്ള അവകാശം മതേതര രാജ്യമായ ഇന്ത്യയിലുണ്ട്. എന്നാല്‍ ചോദ്യംചെയ്യാന്‍ പാടില്ലാത്തവരാണ് പുരോഹിതന്മാരെന്ന മനോഭാവം സൃഷ്ടിക്കുന്നത് അപകടമാണെന്നാണ് ദിവസേന പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിസ്സഹായരും ഒരര്‍ത്ഥത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുമാണ് കുട്ടികള്‍. ബാലാവകാശങ്ങള്‍ക്കുവേണ്ടി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും മുതിര്‍ന്നവര്‍ അമിതമായ അധികാരം കയ്യാളുന്ന സംസ്കാരമാണ് നമ്മുടേത്. അതുകൊണ്ടാണ് എല്ലാ മതങ്ങളിലെയും പുരോഹിതന്മാര്‍ ബാലപീഡനത്തിന് മുതിരാന്‍ ധൈര്യംകാട്ടുന്നത്. മദ്രസാധ്യാപകര്‍ മാത്രമല്ല, ഇത്തരത്തില്‍ അതിക്രമങ്ങള്‍ കാട്ടുന്നതെന്നതിന്‍റെ ഒരു പ്രധാന ഉദാഹരണം ആശാറാം ബാപ്പുതന്നെയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചതിന് ജയിലിലാണ് സംഘപരിവാറിന്‍റെ സ്വന്തം ബാപ്പു. രാജസ്താനിലെ പാഠപുസ്തകത്തില്‍ ബാപ്പുവിന്‍റെ ജീവിതം ഉള്‍പ്പെടുത്തുവാന്‍പോലും ബിജെപി സര്‍ക്കാര്‍ തയ്യാറായി. ക്രിസ്ത്യന്‍ വൈദികരുടെ ബാലപീഡനം സംബന്ധിച്ച് വത്തിക്കാന്‍ ഉള്‍പ്പെടെ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിവരുന്നു. പീഡോഫീലിയ ഏറ്റവും കടുത്ത ശിക്ഷ നല്‍കേണ്ട കുറ്റകൃത്യമാണ്. 15-19 വയസ്സുള്ള കുട്ടികളെ ലൈംഗികചൂഷണം നടത്തുന്ന ഫീബോഫീലിയയും 11-14 വയസ്സുള്ളവര്‍ക്കുനേരെ നടത്തുന്ന ഹീബോഫീലിയയും ശാസ്ത്രീയമായി കണ്ടുപിടിക്കുകയും നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ചെയ്യുമ്പോള്‍ കുറ്റവാളികളില്‍ നല്ലൊരു പങ്ക് വിവിധ മതപുരോഹിതന്മാരാകുന്നു എന്നത് മതങ്ങള്‍ കൈകാര്യംചെയ്യേണ്ട വിഷയമാണ്.

എല്ലാ മതങ്ങളും സ്ത്രീയുടെ ലൈംഗികതയെ ഭയക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. അതാത് സമുദായങ്ങള്‍ നിലനിര്‍ത്തുന്നതിലും സംസ്കാരം നഷ്ടപ്പെടാതിരിക്കുന്നതിലും സ്ത്രീക്കു മാത്രമാണ് പങ്കെന്ന് മതാധ്യക്ഷന്മാര്‍ ആവര്‍ത്തിക്കുന്നു. പ്രത്യുല്‍പാദനാവകാശങ്ങള്‍പോലും തീരുമാനിക്കുന്നത് മതശാസനകള്‍പ്രകാരമാണ്. അടിസ്ഥാന മൗലികാവകാശമായ സ്വത്തും പാര്‍പ്പിടവുംപോലും മതവിശ്വാസം അനുസരിച്ച് സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു. വിവാഹാചാരങ്ങള്‍ ഏത് സമുദായത്തിലേതും സ്ത്രീവിരുദ്ധമാണ്. സ്ത്രീധനവും മെഹറും സ്ത്രീയുടെ അവകാശങ്ങള്‍ ലംഘിക്കുന്ന പ്രധാന നാട്ടുനടപ്പായി മാറിയിരിക്കുന്നു. ലളിതമായി വിവാഹം നടത്തിയിരുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആചാരാനുഷ്ഠാനങ്ങള്‍ വര്‍ധിപ്പിക്കുകയും സങ്കീര്‍ണമാക്കുകയും ചെയ്യുന്നതിനനുസരിച്ച് സ്ത്രീവിരുദ്ധത തീവ്രമാകുകയാണ് ചെയ്യുന്നത്. മതപരമായ ചടങ്ങുകള്‍ വിപുലമാകുന്നതിനനുസരിച്ച് മതപുരോഹിതന്മാര്‍ക്ക് അവകാശവും അധികാരവും കൂടുന്നു.  സ്ത്രീയുടെ കീഴാളാവസ്ഥയ്ക്ക് ഈശ്വരനെ സാക്ഷിനിര്‍ത്തി അംഗീകാരംകൊടുക്കുകയാണ് മതങ്ങള്‍ ചെയ്യുന്നത്. അന്ധമായി വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുവാന്‍ പ്രത്യക്ഷമായും പരോക്ഷമായും മതങ്ങള്‍ പൊതുസമൂഹത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നു. ആഗോളവല്‍ക്കരണത്തിനൊപ്പം ഇന്ത്യയില്‍ വളര്‍ന്നുവന്ന ഭക്തിവ്യവസായം ജനത്തെ മതപൗരോഹിത്യത്തിനുമുന്നില്‍ അടിമത്തസമാനമായി മുട്ടുകുത്തിക്കുന്ന കാഴ്ചയാണിന്ന് കാണുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ വളര്‍ന്നു പന്തലിച്ചിരിക്കുന്ന ഭക്തിവ്യവസായവും അവരുടെ സിഇഒമാരായ വ്യാജസന്യാസിമാരും നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരികയും നിയമനടപടിക്ക് അധികാരികള്‍ ധൈര്യം കാട്ടുകയും വേണം.

മതങ്ങള്‍ അവരുടെ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിക്കുന്നത് സ്നേഹവും കരുണയും സാഹോദര്യവുംതന്നെയാണ്. നൈതികതയും ധാര്‍മ്മികതയുമാണ് തങ്ങളുടെ മതാനുഭവം എന്ന് വിശ്വസിക്കുന്നവരാണ് മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും ഉള്‍പ്പെടെയുള്ളവര്‍. എന്നാല്‍ ഈശ്വരനും മനുഷ്യനും ഇടയിലുള്ള മധ്യസ്ഥരായി പുരോഹിതന്മാര്‍ സ്വയം മേലങ്കി അണിയുകയും ആ അധികാരത്തെ തെറ്റായരീതിയില്‍ പ്രയോഗിക്കുകയും ചെയ്യുന്നതാണ് അപായകരം. ഇവിടെയാണ് റജീനയുടെ പ്രസക്തി. സ്വന്തം മതത്തെ പുരോഗമനപരമായി നവീകരിക്കേണ്ടത് മതവിശ്വാസികള്‍തന്നെയാണ്. മതേതരത്വവും ജനാധിപത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് മതവിശ്വാസികള്‍ തങ്ങളുടെ മതത്തെ ദുരുപയോഗംചെയ്യുന്നത് തടയുകയാണ് വേണ്ടത്. ഭക്ഷണംകഴിച്ചതിന് ഒരാളെ വെട്ടിക്കൊലപ്പെടുത്തിയത് ഹിന്ദുമതത്തിന്‍റെ പേരിലാകുമ്പോള്‍ ഇവിടെ പ്രതിഷേധിക്കേണ്ടത് യഥാര്‍ഥ ഹിന്ദുമതവിശ്വാസിയാണ്.

21-ാം നൂറ്റാണ്ടില്‍ ലിംഗസമത്വം ഒരു ജനാധിപത്യമൂല്യമായി അംഗീകരിക്കപ്പെട്ടിരിക്കുമ്പോള്‍ സ്വന്തം മതത്തിന്‍റെ ആണ്‍കോയ്മയും അതിന്‍റെ ഫലമായുണ്ടാകുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ചെറുക്കുവാന്‍ മതവിശ്വാസികള്‍ തയ്യാറാകണം. കാന്തപുരം തന്‍റെ പ്രസ്താവനയെ തിരുത്തിപ്പറയുവാന്‍ തയ്യാറായെങ്കില്‍ അതിനുകാരണം പൊതുസമൂഹത്തില്‍നിന്നും മുസ്ലീം സുമുദായത്തിലെ ഉല്‍പതിഷ്ണുക്കളില്‍നിന്നുമുണ്ടായ പ്രതിഷേധംമൂലമാണ്. എന്ത് സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും അംഗീകരിക്കപ്പെടുമെന്ന ധാരണ അടിസ്ഥാനരഹിതമാണെന്ന് നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാം. ലിംഗനീതിക്കുവേണ്ടി നിലകൊളളാതെ ഒരു പ്രസ്ഥാനവും, മതവും മുന്നോട്ടുപോവില്ലെന്നതാണ് സമകാലിക യാഥാര്‍ഥ്യം.

 

ചിന്തയില്‍ നിന്ന്

പ്രധാന വാർത്തകൾ
 Top