18 February Monday

ഒത്തുതീര്‍പ്പില്‍ ഒളിഞ്ഞിരിക്കുന്ന ക്രൂരത

ഡോ പി എസ് ശ്രീകലUpdated: Wednesday Aug 12, 2015

ഒരു ബലാത്സംഗക്കേസിലെ പ്രതി സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കെ ശ്രദ്ധേയമായ നിരീക്ഷണം സുപ്രീംകോടതി നടത്തുകയുണ്ടായി. "ഒരു സ്ത്രീയുടെ ശരീരത്തോട് ചെയ്യുന്ന ക്രൂരതയാണ് ബലാത്സംഗം. ശരീരം അവളുടെ സ്വന്തമാണ്. ജീവിതത്തെ ശ്വാസംമുട്ടിക്കുന്നതും അഭിമാനത്തെ വ്രണപ്പെടുത്തുന്നതുമാണ് ആ ശരീരത്തിനുമേലുള്ള ലൈംഗികാതിക്രമം. അഭിമാനം എന്നത് ജീവിതത്തില്‍ നേടാവുന്ന ഏറ്റവും വിലയേറിയ സമ്പാദ്യമാണ്. അത് നഷ്ടപ്പെടുത്താന്‍ ആരും തയ്യാറാകില്ല. ഒരു സ്ത്രീയുടെ അന്തസ്സ് അവളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതില്‍ ചെളി വാരിത്തേക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കാന്‍പോലും പാടില്ല. അതുകൊണ്ട് (ബലാത്സംഗക്കേസിലെ) ഒത്തുതീര്‍പ്പ് അവളുടെ അഭിമാനത്തെ കൂടുതല്‍ ക്ഷതപ്പെടുത്തുന്നതാണ്.' എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

ശ്രദ്ധേയമെന്നു മാത്രമല്ല, അത്ഭുതകരവും അപ്രതീക്ഷിതവുമാണ് ഈ നിരീക്ഷണം. സ്ത്രീക്കനുകൂലമായ നിയമങ്ങള്‍ നിരവധിയുള്ള ഒരു രാജ്യത്ത്, പ്രതികൂലമായ നിരീക്ഷണങ്ങള്‍ നീതിന്യായവ്യവസ്ഥയുടെ ഭാഗത്തുനിന്നുണ്ടാകുന്നതിലല്ലേ അത്ഭുതമെന്ന് തോന്നാം. എന്നാല്‍, കോടതിയുടെ നിരീക്ഷണങ്ങളും വിധിന്യായങ്ങളും ഒട്ടുമിക്കപ്പോഴും സ്ത്രീവിരുദ്ധമാകുന്നതാണ് അനുഭവം. മദ്രാസ് ഹൈക്കോടതി കഴിഞ്ഞമാസം 18ന് പുറപ്പെടുവിച്ച വിധി അതിന് തെളിവ്. ഒരു അനാഥ പെണ്‍കുട്ടിയെ 15-ാം വയസ്സില്‍ (2002ല്‍) ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതിയെ ഏഴുവര്‍ഷത്തിനുശേഷം ശിക്ഷിച്ചതിനെത്തുടര്‍ന്ന് അയാള്‍ നല്‍കിയ അപ്പീലില്‍ തീരുമാനമെടുത്ത സന്ദര്‍ഭത്തിലാണ് മദ്രാസ് ഹൈക്കോടതി സ്ത്രീവിരുദ്ധസമീപനം വെളിപ്പെടുത്തിയത്. ജസ്റ്റിസ് പി ദേവദാസ് പറയുന്നു: "ഇസ്ലാം, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങളില്‍പ്പോലും സമാധാനപരമായി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്ന സംഭവങ്ങളുണ്ട്. അതിന്റെ ഫലം ഗുണകരവുമാണ്. കാരണം, അവിടെ വിജയികളും പരാജിതരുമില്ല.' ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുമായി ഒത്തുതീര്‍പ്പിന് ആവശ്യമായ മധ്യസ്ഥശ്രമത്തിന് ഏര്‍പ്പാടാക്കുകയും ചെയ്തു അദ്ദേഹം.

ബലാത്സംഗമെന്ന ക്രൂരത നടത്തിയ ഒരു വ്യക്തിയെ വിജയി/ പരാജിത എന്ന വിശേഷണത്തിന്റെ പരിധിയില്‍പ്പെടുത്തി ലഘൂകരിക്കുന്ന സമീപനംതന്നെ മറ്റൊരു ക്രൂരതയാണ്. ഏഴുവര്‍ഷത്തെ തടവിന്് ശിക്ഷിക്കപ്പെട്ട കുറ്റവാളിക്കാണ് മദ്രാസ് ഹൈക്കോടതി ഒത്തുതീര്‍പ്പിന് അവസരം നല്‍കിയത്. അയാള്‍ക്ക് ജാമ്യം അനുവദിച്ച് ജസ്റ്റിസ് ദേവദാസ് പറയുന്നു: "2015 ഫെബ്രുവരിയില്‍ ഞാന്‍ മധ്യസ്ഥശ്രമത്തിനയച്ച ഒരു കേസുണ്ട്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത കേസായിരുന്നു അത്. പെണ്‍കുട്ടി വിവാഹത്തിനു തയ്യാറാകുകയും അങ്ങനെ അത് സന്തുഷ്ടമായ പരിസമാപ്തിയിലെത്തുകയും ചെയ്തു.' സമാനമായ രീതിയില്‍ ഇവിടെയും മധ്യസ്ഥശ്രമത്തിലൂടെ വിവാഹ&ൃെൂൗീ; ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെയും തമിഴ്നാട് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെയും അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. തന്റെ വാദം സ്ത്രീകള്‍ക്ക് അനുകൂലമായതാണെന്ന് സ്ഥാപിക്കാന്‍ ജസ്റ്റിസ് ദേവദാസ് കൂട്ടിച്ചേര്‍ക്കുന്നു: "ഈ കേസില്‍ പെണ്‍കുട്ടി ഇപ്പോള്‍ അമ്മയാണ്. പക്ഷേ, ആരുടെയും ഭാര്യയല്ല. അവിവാഹിതയായ അമ്മയാണവള്‍. ഇവിടെ ഉയരുന്ന ചോദ്യം അമ്മയാണോ കുട്ടിയാണോ ഇര എന്നതാണ്. സാഹചര്യങ്ങളുടെ ഇരയാണ് ആ കുട്ടി. അതൊരു ദുരന്തമാണ്'. ഇതിനു പരിഹാരമായാണ് വിവാഹമെന്ന ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ച് വിധിപ്രസ്താവം നടത്തിയത്.

ഒത്തുതീര്‍പ്പിലൂടെ വിവാഹിതരാക്കിക്കൊണ്ട് കേസ് അവസാനിപ്പിക്കുകയും അത് സന്തുഷ്ടമായ പരിസമാപ്തിയായി വിലയിരുത്തുകയും ചെയ്യുന്നത് നീതിനിഷേധമാണ്. അത് തിരിച്ചറിഞ്ഞ് സുപ്രീംകോടതി പറയുന്നു: "ബലാത്സംഗത്തിലോ ബലാത്സംഗശ്രമത്തിലോ ഒത്തുതീര്‍പ്പിനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി കുറ്റവാളിയും ഇരയുമായുള്ള വിവാഹം നിര്‍ദേശിക്കുന്നത് പെണ്‍കുട്ടിക്കുമേല്‍ തന്ത്രപരമായ രീതിയിലുള്ള സമ്മര്‍ദം ചെലുത്തലാണ്. കോടതി ഇക്കാര്യത്തില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കണം. ബലാത്സംഗക്കേസുകളില്‍ മൃദുസമീപനം സ്വീകരിക്കുന്നത് നന്നല്ല. ഉദാരസമീപനം അക്ഷന്തവ്യമായ തെറ്റാണ്. അത് സ്ത്രീയുടെ അന്തസ്സിനോടുള്ള അവഹേളനമാണ്. മനുഷ്യാവകാശലംഘനത്തിന് കൂട്ടുനില്‍ക്കലാണത്. പുരുഷാധിപത്യമൂല്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ഒരു സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീക്ക് ലഭിക്കുന്ന അപൂര്‍വമായ അനുകൂലസമീപനങ്ങളില്‍ ഒന്നായി ഇതിനെ കാണണം.വിവാഹത്തോടെ സ്ത്രീ സുരക്ഷിതയാണെന്ന മിഥ്യാധാരണയാണ് മദ്രാസ് ഹൈക്കോടതിയെ നയിച്ചത്. ജസ്റ്റിസ് ദേവദാസിന്റേതിന് സമാനമായ അഭിപ്രായം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ട് പ്രകടിപ്പിക്കുകയുണ്ടായി: "പെണ്‍കുട്ടികള്‍ സാമൂഹ്യമായും ധാര്‍മികമായും വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. ലൈംഗികബന്ധത്തിനുശേഷം അതു ബലാത്സംഗമായിരുന്നെന്നു പറഞ്ഞു കരയുന്നതിനെ ന്യായീകരിക്കാനാവില്ല. ആ കരച്ചില്‍ കേള്‍ക്കാന്‍ കോടതിക്കു താല്‍പ്പര്യവുമില്ല.' വിവാഹാനന്തരമുള്ള ലൈംഗികബന്ധത്തെ സംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ധാരണയും നിയമവും തമ്മില്‍ കൈകോര്‍ക്കുകയാണ് ഇവിടെ.

ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം നിര്‍ബന്ധിതമാണെങ്കില്‍പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ഡല്‍ഹിയിലെ പ്രത്യേക അതിവേഗ കോടതി നിരീക്ഷിച്ചത്. ഇന്ത്യന്‍ ബലാത്സംഗനിയമങ്ങള്‍ ദമ്പതിമാരില്‍ ബാധകമല്ലെന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്. 2012ല്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ ശുപാര്‍ശയിലെ ഒരുഭാഗം വിവാഹാനന്തര നിര്‍ബന്ധിത ലൈംഗികബന്ധത്തെ സംബന്ധിച്ചായിരുന്നു: "ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് പരസ്പര സമ്മതമില്ലാത്ത ലൈംഗികബന്ധം നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, ഭര്‍ത്താവ് ഭാര്യയെ അതിനു നിര്‍ബന്ധിക്കുന്നത് ബലാത്സംഗക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതു മാറണം. ഉഭയസമ്മതമില്ലാത്ത ലൈംഗികബന്ധം വിവാഹബന്ധത്തിലും കുറ്റകരമായിത്തന്നെ കാണണം. വിവാഹം ലൈംഗികബന്ധത്തിനുള്ള ലൈസന്‍സല്ല. സമ്മതമാണ് പ്രധാനം' എന്നാല്‍, ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല. വാസ്തവത്തില്‍, ദാമ്പത്യത്തിലെ ലൈംഗികബന്ധത്തെ ബലാത്സംഗത്തില്‍നിന്ന് ഒഴിവാക്കുന്നത് സ്ത്രീപദവിയെ താഴ്ത്തിക്കാട്ടലാണ്. അതിനെ ഉറപ്പിക്കലാണ്. ഒരു പുരുഷന്‍ സ്വന്തം ഭാര്യക്കുമേല്‍ നടത്തുന്ന ലൈംഗികാതിക്രമം ബലാത്സംഗം തന്നെയാണ്. ബലാത്സംഗം മനുഷ്യാവകാശലംഘനമാണെങ്കില്‍ അത് അപരിചിതനില്‍ നിന്നായാലും ഭര്‍ത്താവില്‍ നിന്നായാലും മനുഷ്യാവകാശലംഘനമാണ്, കുറ്റകരവുമാണ്.

യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 15നും 45നും ഇടയില്‍ പ്രായമുള്ള, വിവാഹിതരായ സ്ത്രീകളില്‍ മൂന്നില്‍ രണ്ടുഭാഗം മര്‍ദനം, ബലാത്സംഗം, നിര്‍ബന്ധിത ലൈംഗികബന്ധം എന്നിവ നേരിടുന്നവരാണ്. ബലാത്സംഗത്തെക്കുറിച്ചുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ പരാമര്‍ശത്തില്‍ വിവാഹബന്ധത്തില്‍ 15 വയസ്സില്‍താഴെയാണ് ഭാര്യ എങ്കില്‍ മാത്രമേ ബലാത്സംഗം കുറ്റകരമാകൂ എന്നുപറയുന്നു. മാത്രമല്ല, ഭാര്യക്ക് 15 വയസ്സില്‍ കൂടുതലുണ്ടെങ്കില്‍ നിയമത്തിന്റെ സംരക്ഷണം ബലാത്സംഗവുമായി ബന്ധപ്പെട്ട് ലഭിക്കില്ലെന്നും പറയുന്നു. ഈ പരാമര്‍ശം, 18 വയസ്സാണ് വിവാഹപ്രായമെന്ന നിയമത്തിനുതന്നെ വിരുദ്ധമാണ്. നിരോധിതമായ ബാലവിവാഹത്തിന് അനുകൂലവുമാണത്. വിവാഹിതയായതുകൊണ്ടുമാത്രം ഒരു സ്ത്രീക്ക് ക്രിമിനല്‍ നിയമത്തിന്റെ ഭാഗമായ സംരക്ഷണം നിഷേധിക്കപ്പെടുകയാണ് ഇവിടെ. റഷ്യ, പോളണ്ട്, ചെക്കോസ്ലോവാക്യ, ക്യാനഡ, ഇസ്രയേല്‍, ഫ്രാന്‍സ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഉഭയസമ്മതമില്ലാത്ത ലൈംഗികബന്ധം വിവാഹബന്ധത്തിലായാലും കുറ്റമായാണ് കാണുന്നത്.

അന്താരാഷ്ട്രതലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രമേയത്തില്‍ അനുച്ഛേദം-2ല്‍ വിവാഹാനന്തരമുള്ള നിര്‍ബന്ധിത ലൈംഗികബന്ധത്തെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമമായാണ് കാണുന്നത്. ഈ പ്രമേയത്തില്‍ '95ലെ ബീജിങ് കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പുവച്ചതുമാണ്.സ്ത്രീ, പുരുഷന്റെ സ്വകാര്യസ്വത്താണെന്ന ധാരണയാണ് വിവാഹാനന്തര ലൈംഗികബന്ധത്തില്‍ സമ്മതമെന്ന ഘടകത്തെ അപ്രസക്തമാക്കുകയും നിയമത്തില്‍നിന്നുപോലും ഒഴിവാക്കുകയും ചെയ്യുന്നത്. അതേസമയം, ബലാത്സംഗം കുറ്റകരമായി കാണുന്ന നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുതന്നെ, ഒത്തുതീര്‍പ്പിലൂടെ വിവാഹബന്ധം സൃഷ്ടിച്ച്, സ്ത്രീയെ സ്വകാര്യസ്വത്താക്കി ഉപയോഗിക്കാനുള്ള അവസരം പുരുഷന് നല്‍കുകയാണ് നീതിന്യായവ്യവസ്ഥ

പ്രധാന വാർത്തകൾ
 Top