22 February Friday

അത്ര മോശമല്ല ഈ സെല്‍ഫിക്കാലം

ശ്രീബാല കെ മേനോന്‍ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Friday Jun 5, 2015

 

എഴുത്തുകാരിയായി മാറിനിന്ന് സമൂഹത്തിനുനേരെ വിരല്‍ചൂണ്ടുമ്പോഴും തനിക്കുതന്നെ നേരെ നീണ്ടുവരുന്ന സ്വന്തം കൈവിരലുകളെ കാണാതിരിക്കുന്നില്ല ശ്രീബാല കെ മേനോന്‍. എഴുത്ത് "സംഭവവും' എഴുത്തുകാരിയാകുക എന്നത് "മഹാസംഭവവും' ആയി കാണാതെ, സാഹിത്യകാരിയെന്ന ഭാവം സ്വയം അണിയാതെ മാറിനില്‍ക്കുന്നു ശ്രീബാല. കാഴ്ച വ്യക്തിയെ അടിമുടിമാറ്റുന്നു എന്ന് വിശ്വസിക്കുന്ന ഉള്‍ക്കാഴ്ചയുള്ള ചലച്ചിത്ര പ്രവര്‍ത്തക കൂടിയാണ് ശ്രീബാല. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന "ലവ് 24 X 7' എന്ന സിനിമയുടെ പിന്നണി പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ശ്രീബാല. ആദ്യ ഫീച്ചര്‍ ഫിലിം ഒരുക്കുന്ന തിരക്കിനിടയില്‍ അവര്‍ സംസാരിക്കുന്നു, എഴുത്തിനെക്കുറിച്ച്, സമൂഹത്തിനെക്കുറിച്ച്, സിനിമയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്...

ത്മപരിഹാസം കലര്‍ന്ന നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് ശ്രീബാല കെ മേനോന്റെ കഥകള്‍. എഴുത്തില്‍ മറ്റുള്ളവരെ കുത്തിനോവിപ്പിക്കേണ്ടിവരുമ്പോഴും സ്വയം തിരിഞ്ഞുകുത്താനും ശ്രീബാലയുടെ കഥകള്‍ തന്റേടം കാണിക്കുന്നു. എഴുത്തുകാരിയായി മാറിനിന്ന് സമൂഹത്തിനുനേരെ വിരല്‍ചൂണ്ടുമ്പോഴും തനിക്കു നേരെ നീണ്ടുവരുന്ന സ്വന്തം കൈവിരലുകളെ കാണാതിരിക്കുന്നില്ല ഈ എഴുത്തുകാരി. എഴുത്ത് "സംഭവവും' എഴുത്തുകാരിയാകുക എന്നത് "മഹാസംഭവവും' ആയി കാണാതെ സാഹിത്യകാരിയെന്ന ഓറ സ്വയം അണിയാതെ മാറിനില്‍ക്കുന്നു ശ്രീബാല. കാഴ്ച വ്യക്തിയെ അടിമുടിമാറ്റുന്നു എന്ന് വിശ്വസിക്കുന്ന ഉള്‍ക്കാഴ്ചയുള്ള ചലച്ചിത്ര പ്രവര്‍ത്തക കൂടിയാണ് ശ്രീബാല.

2005-ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച "19 കനാല്‍ റോഡ്' ആണ് ശ്രീബാലയുടെ ആദ്യ പുസ്തകം. കോളെജ് പഠനകാലത്ത് ചെന്നൈ നഗരത്തില്‍ പേയിങ് ഗസ്റ്റായി ജീവിക്കാനിടവന്ന കാലയളവിലുണ്ടായ അനുഭവങ്ങള്‍ നര്‍മം ചാലിച്ച് എഴുതിയതാണ് ഇതിലെ കുറിപ്പുകള്‍. "സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്' എന്ന കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിലെ പുട്ടും കടലയും ദാമ്പത്യം, പെണ്‍ഫ്രണ്ട്സ്, മായ്ച്ചാലും മായാത്ത പാടുകള്‍, ബോബെഡ്രീംസ്, ടോമി അഥവാ ഞാന്‍... തുടങ്ങിയ കഥകള്‍ മതി ശ്രീബാല കെ മേനോന്‍ എന്ന എഴുത്തുകാരിയെ വേറിട്ടുനിര്‍ത്താന്‍. സ്ത്രീയുടെ പരിമിതി എന്ന് സമൂഹം ചാര്‍ത്തിക്കൊടുത്ത അതിര്‍വരമ്പുകളൊന്നും ഈ കഥകളില്‍ കാണില്ല. വ്യക്തി എന്ന നിലയിലെ ശരികളെത്തന്നെയാണ് കഥാകാരി എന്ന നിലയിലും ശ്രീബാല പിന്തുടരുന്നത്. സ്വന്തം കഴിവില്‍ വിശ്വാസമുള്ളതിനാല്‍തന്നെ നിരന്തരം എഴുതിയില്ലെങ്കില്‍ വായനക്കാര്‍ തന്നെ മറവിയിലേക്ക് തള്ളും എന്ന ഭയവും ഈ എഴുത്തുകാരിക്കില്ല. മനുഷ്യ മനസ്സുകളെ നിര്‍വചിക്കാനുള്ള ശ്രമമാണ് എഴുത്തുകാരും ചെയ്യുന്നത് എന്ന തിരിച്ചറിവുള്ളതാവാം മുന്‍ഗാമികളെയോ സമകാലികരെയോ എഴുത്തില്‍ അനുകരിക്കാതെ തോന്നിയപോലെയെഴുതാന്‍ ഈ ധൈര്യം കാണിക്കാന്‍ കാരണം. പുട്ടും കടലയും എന്ന കഥയ്ക്ക് ആമുഖമായി കഥാകാരി എഴുതുന്നു;

"ഒറ്റനോട്ടത്തില്‍ കാണുന്ന നമ്മുടെ ഈ സമൂഹത്തിന് സമാന്തരമായി മറ്റൊരുലോകം സ്ഥിതിചെയ്യുന്നുണ്ട്. കണ്ണീരും സ്നേഹവും സന്തോഷവും കാമവും പകയും അസൂയയും നിരാശയും ഒരിക്കലും സഫലമാകാത്ത മോഹങ്ങളുമുള്ള അവിഹിതങ്ങളുടെ അധോലോകം. ജീവിതത്തിലൊരിക്കലെങ്കിലും അങ്ങോട്ട് യാത്രപോകാത്തവരില്ല; മനസ്സുകൊണ്ടെങ്കിലും. ആ യാത്രകള്‍ സമൂഹത്തിനു മുമ്പില്‍ പകര്‍ത്തിയാല്‍ കൊടുക്കേണ്ടിവരുന്ന വിലയോര്‍ത്ത് യാത്രാക്കുറിപ്പുകള്‍ എഴുതുന്നവര്‍ അപൂര്‍വം. അവിഹിതലോകത്തേക്കുള്ള എന്റെ യാത്രയുടെ ഹാസ്യത്മകമായ ഓര്‍മയാണ് പുട്ടും കടലയും. ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരുടെയും അനുഭവങ്ങളുമായി സാദൃശ്യമുണ്ട്. ആ സാദൃശ്യം മനഃപൂര്‍വവുമാണ്. സമാന്തരലോകത്തേക്കു സ്വാഗതം."

നമ്മള്‍ ബോധപൂര്‍വമോ അല്ലാതെയോ പലപ്പോഴും കണ്ടില്ലെന്നുനടിക്കുന്ന മനുഷ്യ മനസ്സിന്റെ അധോലോകത്തെയും, ദാമ്പത്യത്തിന്റെ പൊള്ളത്തരങ്ങളെയും അതിസമര്‍ഥമായി പുട്ടും കടലയും എന്ന കഥയില്‍ എഴുത്തുകാരി ആവിഷ്കരിക്കുന്നു.

പുരുഷ മേധാവിത്വത്തെയും ശീലംകൊണ്ടോ സാഹചര്യംകൊണ്ടോ പുരുഷന് മുന്നില്‍ തലകുനിക്കേണ്ടിവരുന്ന സ്ത്രീയുടെ അവസ്ഥയെയും ഈ കഥയില്‍ വ്യക്തമായി അവതരിപ്പിക്കുന്നു. ഒരുപക്ഷേ, ഒരിക്കലും നടക്കാത്ത അടുത്ത ജന്മത്തെക്കുറിച്ചുള്ള സ്വപ്നത്തില്‍ പോലും പുരുഷന്‍ തന്റെ എല്ലാ അധികാരങ്ങളോടും കൂടി കൂടുതല്‍ കരുത്തുള്ള പുരുഷനായി നിലനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കഥയിലെ നായകന്‍ സ്വന്തം ഭാര്യയോട് കളവ് പറഞ്ഞ് കാമുകിയോട് രഹസ്യസംഗമം നടത്തവെ അടുത്ത ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ നല്‍കുന്ന മറുപടി ഇതിനുദാഹരണമാണ്. ""അടുത്ത ജന്മത്തിലും ഇനിയുള്ള എല്ലാ ജന്മങ്ങളിലും എനിക്കു രാവിലെ പുട്ടും കടലയും കിട്ടണം'' എന്നാണ് അയാള്‍ ഇപ്പോഴേ വാശിപിടിക്കുന്നത്. കഥാനായികയാകട്ടെ "അടുത്ത ജന്മത്തിലേക്കായി ഈ ജന്മത്തിലേ കരയാനും തുടങ്ങി' എന്നു പറഞ്ഞാണ് എഴുത്തുകാരി കഥ അവസാനിപ്പിക്കുന്നത്. സ്ത്രീയെയും പുരുഷനെയും ഇത്ര ആഴത്തില്‍ നിരീക്ഷിക്കാന്‍ കഴിഞ്ഞു എന്നതുതന്നെയാണ് കഥാകാരിയുടെ വിജയം. നമ്മുടെ സമൂഹത്തിലെ പുരുഷ കേന്ദ്രീകൃത ചിന്തകളെ ചെറുതല്ലാത്ത തരത്തില്‍ കുത്തിനോവിക്കാന്‍ ഈ കഥയിലൂടെ ശ്രീബാലക്ക് കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഓരോ കഥയിലും കൊരുത്തുവച്ച അദൃശ്യമായ ചൂണ്ടകള്‍ ധാരാളമായി ശ്രീബാലയുടെ കഥകളില്‍ കാണാം.

ഏറെ ചര്‍ച്ചചെയ്യപ്പെട്ട "പന്തിഭോജനം' എന്ന ടെലിഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ശ്രീബാല സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാന സഹായിയായും പത്തുവര്‍ഷം സഹകരിച്ചു. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന "ലവ് 24 X 7' എന്ന സിനിമയുടെ പിന്നണിപ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ശ്രീബാല. ആദ്യ ഫീച്ചര്‍ ഫിലിം ഒരുക്കുന്ന തിരക്കിനിടയില്‍ അവര്‍ സംസാരിക്കുന്നു; എഴുത്തിനെക്കുറിച്ച് സമൂഹത്തിനെക്കുറിച്ച്, സിനിമയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്... 

? സോഷ്യല്‍ മീഡിയ വിപ്ലവകരമായ രീതിയില്‍ സമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ എഴുത്തിനെയും വായനയെയുമെല്ലാം ഇത് പലതരത്തില്‍ ബാധിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൊക്കെ പുതിയ എഴുത്തുകാരെ ദിവസവും കണ്ടുമുട്ടുന്നു. ഇവരില്‍ പലരും എഴുത്തുകാരായി അറിയപ്പെടാന്‍ പോലും ആഗ്രഹിക്കുന്നുമില്ല. എന്നാല്‍ എഴുത്തുകാരായി സമൂഹം കല്‍പ്പിച്ചുവച്ചിരിക്കുന്ന പലരെക്കാളും നന്നായിട്ട് ഇവര്‍ എഴുതുന്നുമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ വരവോടെ നമ്മള്‍ നമ്മളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകുന്നതായും പലരും പറയുന്നു. എഴുത്തുകാരി, ചലച്ചിത്ര പ്രവര്‍ത്തക, സോഷ്യല്‍മീഡിയയിലെ സജീവ സാന്നിധ്യം എല്ലാമായ ശ്രീബാലയുടെ അഭിപ്രായമെന്താണ്.

= ഏത് കാലത്ത് ജീവിക്കുമ്പോഴും സമൂഹത്തിലെ അപ്പോഴത്തെ പ്രധാന കാര്യങ്ങളെ അവഗണിച്ച് നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഗ്ലോബലൈസേഷനുശേഷം വലിയ മാറ്റങ്ങളാണ് നമുക്കുണ്ടായത്. ന്യൂക്ലിയര്‍ ഫാമിലിയൊക്കെ ശരിയായ അര്‍ഥത്തില്‍ ഇപ്പോഴാണ് നിലവില്‍ വന്നത്. അതോടെ വീടുകളില്‍ ആശയവിനിമയത്തിനുള്ള സാധ്യത കുറഞ്ഞു. മനുഷ്യരുടെ എക്കാലത്തെയും ദാഹം സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുള്ളതാണ്. മറ്റുള്ളവര്‍ക്ക് നമ്മള്‍ പ്രിയപ്പെട്ടവരാണ് എന്ന തോന്നലാണ് മനുഷ്യനെ നയിക്കുന്നത്. മുമ്പ് നമ്മുടെ വീടിന്റെ അകത്തുതന്നെ ഇത്തരം ആഗ്രഹങ്ങള്‍ക്ക് ഒരു പരിധിവരെ സംതൃപ്തി കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. അന്നത്തെ സാഹിത്യമൊക്കെ ഇതിനുദാഹരണമാണ്.

സത്യന്‍ അന്തിക്കാടിനോപ്പം ശ്രീ ബാല കെ മേനോന്‍

 പഴയകാല രചനകളിലെ ഗ്രാമങ്ങളെയൊക്കെ നോക്കിയാല്‍ പൊതുഇടങ്ങള്‍ ധാരാളം കാണാം. പൊതുകുളം, പൊതുകിണര്‍, വായനശാലകള്‍ എന്നിവയൊക്കെ ഒരുമിച്ചിരുന്ന് സംസാരിക്കാനുള്ള വേദികളായിരുന്നു. പൊതുകിണറുകളുടെ പരിസരവും കുളക്കടവും കരയുമെല്ലാം കൂട്ടായ്മയുടെയും ആശയവിനിമയത്തിന്റെയും സാധ്യതകള്‍ അനന്തമായി തുറന്നുകൊടുത്തിരുന്നു. പാടവരമ്പിലും ചായക്കടകളിലും ഇടവഴികളിലുമെല്ലാം ഇത്തരത്തില്‍ പൊതുജീവിതം സജീവമായിരുന്നു. എന്നാല്‍ ഇതെല്ലാം ഇന്ന് നമുക്ക് നഷ്ടമായി. ചിലയിടത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പലതും മലയാളികളുടെ നിറമുള്ള നൊസ്റ്റാള്‍ജിയയായി മാറി. നമ്മുടെ ജീവിതം ഫ്ളാറ്റിലേക്കും മറ്റുമായി പറിച്ചു നട്ടു. ഇന്ന് ദിവസം എത്രപേരെ നാം നേരില്‍കണ്ടു സംസാരിക്കുന്നുണ്ട് എന്ന് ചിന്തിച്ചുനോക്കൂ. വളരെ കുറവാണെന്നു കാണാം. ഓരോരുത്തരും അവരവരുടെ ലോകത്തേക്ക് ചുരുങ്ങിയിരിക്കുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇന്ന് ചെറിയ വിഭാഗം മനുഷ്യര്‍ മാത്രമല്ല ഇടപെടുന്നത്. പ്രായഭേദമെന്യേ, വിദ്യാഭ്യാസംഉള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടെ എല്ലാവരുടെ ഇടയിലും ഇത്തരം മാധ്യമങ്ങള്‍ സജീവമായിത്തന്നെ ഇടപെട്ടുതുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ സര്‍വ ജനങ്ങളെയും അല്ലെങ്കില്‍ ഭൂരിഭാഗം ജനങ്ങളെയും സ്പര്‍ശിക്കുന്ന ഒരു സംഗതി സമൂഹത്തിന് ആവശ്യമാണ് എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ എത്ര തള്ളിപ്പറഞ്ഞാലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ല. ആശയവിനിമയത്തിനുള്ള പ്ലാറ്റ്ഫോം മാറിയെന്നേയുള്ളൂ. മുമ്പൊക്കെ പുതിയ ഡ്രസ്സിട്ടാല്‍ നമ്മളത് വീട്ടിലുള്ളവരെ കാണിക്കും. ഇപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാള്‍ ആരെ കാണിക്കും? അയാള്‍ ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലിടും. നമ്മുടെ സന്തോഷവും സങ്കടവുമൊക്കെ പങ്കിടാന്‍ സ്വന്തം വീട്ടില്‍ പോലും അംഗങ്ങള്‍ കുറഞ്ഞു വരികയാണ്. അപ്പോള്‍ ഫേസ്ബുക്ക് പോലുള്ളവയെയാണ് നമ്മള്‍ ആശ്രയിക്കുന്നത്. വിവാഹമൊക്കെ കഴിഞ്ഞ സ്ത്രീകള്‍ക്കൊക്കെയാണ് ഇത്തരം സാങ്കേതികവിദ്യകള്‍ കൂടുതലായും സഹായകമാകുന്നത്. ഗ്രൂപ്പ് ചാറ്റും വാട്സ്ആപ്പും ഒക്കെയായി സുഹൃത്തുക്കളും ബന്ധുക്കളും അടുത്തുതന്നെയുണ്ട് എന്ന തോന്നല്‍ അവര്‍ക്കുണ്ടാകുന്നു. എത്ര കുറ്റം പറഞ്ഞാലും ആരും ഇത്തരം സോഷ്യല്‍ നെറ്റ്‌‌വര്‍ക്കുകളെ വിട്ടുപോകുന്നില്ല. മനുഷ്യന്റെ ആശയവിനിമയത്തിന്റെ പ്രാധാന്യത്തെയാണ് ഇതൊക്കെ കാണിക്കുന്നത്.

പിന്നെ നമ്മള്‍ ഒരുകാലത്തും നമ്മെ പൂര്‍ണമായി മറ്റുള്ളവരെ കാണിച്ചിട്ടില്ല. റിയല്‍ സെല്‍ഫ് കാണിക്കുന്നവര്‍ വളരെ കുറച്ചേയുള്ളൂ എക്കാലവും. എഫ്ബിയിലും ഇതാണ് അവസ്ഥ. എന്നാല്‍ വളരെ ജനുവിനായി എഫ്ബിയില്‍ എഴുതുന്നവരുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതുപോലെ എഫ്ബിയിലും ശ്രദ്ധിക്കണം. ചിലര്‍ വര്‍ഷങ്ങളായി സ്വയം അവതരിപ്പിക്കാന്‍ മാത്രമായി എഫ്ബിയെ ഉപയോഗിക്കുന്നു. എന്നാല്‍ വേറെ ചിലര്‍ സ്വന്തമായി ഒന്നും ചെയ്യാതെ മറ്റുള്ളവരുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നു. വേറിട്ട ശബ്ദം കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. മൂത്രപ്പുര സാഹിത്യം രചിക്കാന്‍ ഉപയോഗിക്കുന്നവരും ഉണ്ട്. ഷെയറും ലൈക്കും കൂട്ടി സ്വയം സംഭവമാകാന്‍ ശ്രമിക്കുന്നവരാണ് വേറെ ചിലര്‍. ചിലര്‍ക്ക് ക്വാളിറ്റി വേണം, വേറെ ചിലര്‍ക്ക് ക്വാണ്ടിറ്റിയാണ് വേണ്ടത്. നമുക്ക് എന്താണ് വേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം. ഇങ്ങനെ മനുഷ്യന്റെ സാധാരണ ജീവിതത്തില്‍ നടക്കുന്നതെല്ലാം സോഷ്യല്‍ നെറ്റ്‌‌വര്‍ക്ക് സൈറ്റുകളിലും നടക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

എനിക്ക് തോന്നുന്നത് കുറിപ്പുകളാണ് പലരും എഫ്ബിയില്‍ കൂടുതലായും പോസ്റ്റ് ചെയ്യുന്നത് എന്നാണ്.കുറിപ്പുകള്‍ക്ക് വിപണനമൂല്യം കുറവാണ്. ഇത്തരം കുറിപ്പുകളെ ലാഘവത്തോടെ തള്ളിക്കളയാവുന്നതല്ല. പലരും പോസ്റ്റ് ചെയ്യുന്ന ഒട്ടുമിക്ക കുറിപ്പുകളും വായിക്കാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. അവയില്‍ പലതിലും കഥയിലും കവിതയിലുമൊക്കെ ഉള്ളതിനേക്കാള്‍ ആത്മാര്‍ഥത അനുഭവപ്പെടാറുണ്ട്. പലതിലും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ അറിയാന്‍ കഴിയുന്നുണ്ട്. വിപണന മൂല്യം ഇല്ലാ എന്നതിനാല്‍ ഇത്തരം കുറിപ്പുകളെ നമുക്ക് മാറ്റിനിര്‍ത്താന്‍ കഴിയില്ല. വിപണിയില്‍ വലിയ പ്രചാരമില്ലാത്ത ഹൈക്കുകള്‍കൊണ്ടും എഫ്ബി സജീവമാണ്. പലതും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവ. ഇവയൊന്നും സാമ്പത്തികലാഭം നേടിത്തരാത്തിടത്തോളം കാലം ഇതിനൊന്നും വലിയ വില കല്‍പ്പിക്കണമെന്നുമില്ല.

? ചില ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സൃഷ്ടികള്‍ വന്നാലേ പൂര്‍ണതയുള്ള എഴുത്തുകാരാകൂ എന്ന അലിഖിത നിയമം കുറച്ചുമുമ്പുവരെ ഇവിടെ നിലനിന്നിരുന്നു. ഒരുപക്ഷേ, ഇപ്പോഴും അതിന്റെ അലയൊലി അവശേഷിക്കുന്നുണ്ടെന്നുകാണാം. എന്നാലിന്ന് പല പ്രസിദ്ധീകരണങ്ങളുടെയും അച്ചടിക്കുന്ന കോപ്പികളെക്കാള്‍ വായനക്കാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എഫ്ബിയിലൂടെയും മറ്റും സൃഷ്ടികള്‍ വായിക്കുന്നുണ്ട്. ഇത്തരം സൃഷ്ടികള്‍ ശ്രദ്ധിക്കാറുണ്ടോ.

= തീര്‍ച്ചയായും ശ്രദ്ധിക്കാറുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെല്ലാം എന്തുവരണം എന്തുവരേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് അതിന്റെ എഡിറ്റോറിയല്‍ അംഗങ്ങളും മറ്റും ചേര്‍ന്നാണ്. എന്നാല്‍ എഫ്ബിയിലെ കണ്ടന്റ് തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണ്. ആരും തടസ്സം സൃഷ്ടിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. ഇത് പലരെയും അലോസരപ്പെടുത്തുണ്ട്. എല്ലാറ്റിനും മുകളില്‍ എന്തെങ്കിലും നിയന്ത്രണം ആഗ്രഹിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗവും. സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളെ സംബന്ധിച്ച് ഇത് അപ്രസക്തമാണ്. എഴുത്തിനും വായനക്കുമിടയില്‍ മറ്റാരും ഇടപെടുന്നില്ല. ഈ സ്വാതന്ത്ര്യം ലഭിച്ചതോടെ എഴുത്തുകാരായ നിരവധിപ്പേരുണ്ട്. അവരില്‍ പലരും നന്നായി എഴുതുന്നവരാണ്. സാമ്പ്രദായിക രീതിയെ ചോദ്യംചെയ്യുന്നു എന്നതിനാലാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ എഴുത്തിനെ പലരും എതിര്‍ക്കുന്നത്. എന്നെ സംബന്ധിച്ച് എന്റെ എഴുത്തിനും വായനക്കും ഏറെ പ്രോത്സാഹനം തരുന്നതാണ് എഫ്ബിയും മറ്റും.

? പുതിയ എഴുത്തുകാരെ വായിക്കുമ്പോള്‍ എന്തുവ്യത്യസ്തതയാണ് അനുഭവപ്പെടുന്നത്

= പല എഴുത്തുകാരെയും ഇന്നരീതിയില്‍ എഴുതണം ഇന്ന രീതിയില്‍ എഴുതരുത് എന്ന് ആരോ ഫോഴ്സ് ചെയ്യുന്നുണ്ടോ എന്നു സംശയമുണ്ട്.

പുസ്തകമൊക്കെ എഴുത്തുകാര്‍ തന്നെ ചുമന്നുകൊണ്ടുപോയി വിറ്റ കാലം നമുക്കുണ്ടായിരുന്നു. അവരെയൊന്നും ഇങ്ങനെ എഴുതണം എന്ന് ആരും നിര്‍ബന്ധിച്ചിച്ചിരുന്നില്ല. ബഷീര്‍ തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ചെറുതായത് അത് കൊണ്ടുപോയി വില്‍ക്കാനുള്ള എളുപ്പത്തിനാണെന്ന്. അങ്ങനെയുള്ള എഴുത്തിന്റെ ഒരു പ്രാരംഭദശ കഴിഞ്ഞശേഷം എഴുത്ത് ഇന്നരീതിയില്‍ വേണം, ഇന്നരീതിയല്‍ വേണ്ട എന്ന ഒരു സ്റ്റാന്‍ഡര്‍ഡൈസേഷന്‍ വന്നു. ഒരു പ്രത്യേക രീതിയില്‍ നിര്‍വഹിക്കേണ്ട ഒന്നാണ് എഴുത്ത് എന്ന ഒരു ചിന്ത അബോധതലത്തില്‍ നമ്മെ നയിക്കുന്നുണ്ട്. എന്റെ ആദ്യ കഥകളിലൊക്കെ ഈ നിര്‍ബന്ധബുദ്ധി കാണാം. അത്തരം എഴുത്ത് പിന്നീടെനിക്ക് ഒരുതരത്തിലുള്ള സന്തോഷവും തരാതായി. ഇതൊന്നുമല്ല എന്റെ എഴുത്ത് എന്നെനിക്ക് ബോധ്യമായി. അവാര്‍ഡുകളൊക്കെ കിട്ടണമെങ്കില്‍ ഇത്തരത്തില്‍ എഴുതണം. എഴുത്തുകാരിയായി അംഗീകരിക്കപ്പെടണമെങ്കിലും. അല്ലെങ്കില്‍ തോന്നിയപോലെ എഴുതാന്‍ എഴുത്തുകാര്‍ക്ക് കഴിയണം. ഈ രണ്ടിന്റെയും ഇടയില്‍ പകച്ചുനിന്ന കുറച്ചുകാലം എനിക്കുണ്ടായിരുന്നു. പിന്നീട് എനിക്കുതോന്നി, എനിക്ക് സന്തോഷം തരുന്നതാണ് ഞാന്‍ എഴുതേണ്ടത് എന്ന്. അതുകൊണ്ട് മുഖ്യധാരയില്‍ ഒരിക്കലും ഞാനുണ്ടാവില്ല, എന്നെ അംഗീകരിക്കില്ല. എനിക്കിഷ്ടമുള്ളതുമാത്രം എഴുതുന്ന എഴുത്തുകാരിയായി ഞാനിപ്പോള്‍ മാറിയിട്ടുണ്ട്. അത്തരം എഴുത്തിനെ പലരും അംഗീകരിച്ചെന്നുവരില്ല. എങ്കിലും അവിടവിടെയായി ചില നല്ല വായനക്കാര്‍ കാത്തിരിക്കുന്നുണ്ട്; അതുമതി. ഇത് മുഖ്യധാരക്കുവേണ്ട എഴുത്തല്ല എന്ന ബോധം എനിക്കുണ്ട്.

? പുതിയ കാലത്ത് എഴുത്തുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്.

= മലയാളം വായിക്കുന്നവര്‍ കുറയുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി എനിക്ക് തോന്നുന്നത്. മുമ്പൊക്കെ മാഗസിനൊക്കെ വായിക്കുന്ന വായനക്കാരെക്കുറിച്ച് എഴുത്തുകാര്‍ക്ക് ധാരണയുണ്ടായിരുന്നു. ഇന്ന് വായനക്കാരെക്കുറിച്ച് ധാരണയില്ലാതെയാണ് എഴുത്തുകാര്‍ രചന നടത്തുന്നത്. ആര്‍ക്കുവേണ്ടിയാണ്, ഏത് പ്രായക്കാര്‍ക്കുവേണ്ടിയാണ് എഴുതുന്നത് എന്നൊന്നും ഇന്ന് പലര്‍ക്കും ധാരണയില്ല. വായനക്കാര്‍ക്ക് എന്താണ് വേണ്ടത് എന്നുപോലും പലപ്പോഴും എഴുത്തുകാര്‍ക്ക് അറിയില്ല എന്നതാണ് സത്യം. കുറച്ചുമുമ്പ് കഥകള്‍ ആര്‍ക്കും വേണ്ടായിരുന്നു. അനുഭവക്കുറിപ്പിന്റെ കാലമായിരുന്നു.ഇപ്പോള്‍ കഥ തിരിച്ചുവരുന്നുണ്ടെങ്കിലും അതിന്റെ വായനക്കാര്‍ മുപ്പത് വയസ്സിനു മുകളിലുള്ളവരാണെന്നാണ് എനിക്ക് തോന്നുന്നത്. പുതിയ തലമുറയെ എത്രത്തോളം സ്വാധീനിക്കാന്‍ എഴുത്തുകാര്‍ക്ക് കഴിയുന്നുണ്ട് എന്നതൊക്കെ വിഷയമാണ്. മാത്രമല്ല, പണ്ടൊക്കെ പല എഴുത്തുകാരും ഒരു കഥ എഴുതിയാല്‍ അത് കുറുക്കിക്കുറുക്കി ഭംഗിയാക്കുമായിരുന്നു. എന്‍ എസ് മാധവന്‍, ടി വി കൊച്ചുബാവ എന്നിവരുടെയൊക്കെ കഥകള്‍ ഇതിനുദാഹരണങ്ങളാണ്. ഇപ്പോഴത്തെ എഴുത്തുകാരില്‍ ഈ കുറുക്കല്‍ കാണുന്നില്ല. ഇതൊരു വലിയ പോരായ്മയാണ്. എഴുതിയ കഥ വര്‍ഷങ്ങളോളം സൂക്ഷിച്ചുവച്ച് പിന്നെയും അതില്‍ മാറ്റംവരുത്തുന്ന ശൈലി പണ്ടുണ്ടായിരുന്നു. ഒരുവാക്കുപോലും ആ കഥയില്‍ മാറ്റാനുണ്ടാവില്ല. ഞാനും അങ്ങനെ എഴുതാന്‍ ശ്രമിക്കുന്ന ആളാണ്.

? ചലച്ചിത്ര പ്രവര്‍ത്തക കൂടിയാണ് ശ്രീബാല. പൊതുവെ സ്ത്രീകള്‍ കുറവായ മേഖലയാണ് സിനിമയുടേത്.

= സിനിമയില്‍ വന്നുപെട്ടയാളാണ് ഞാന്‍. എന്റെ സ്വഭാവം ആഗ്രഹിക്കുന്നത് നേടാന്‍ ഹിമാലയത്തില്‍ പോയി സംഘടിപ്പിക്കേണ്ടതുണ്ടെങ്കില്‍ അവിടെപ്പോയി സംഘടിപ്പിക്കുക എന്നുള്ളതാണ്. പോകുന്നതിനിടയിലെ ദുര്‍ഘടങ്ങളോ പോക്കോ ഒന്നും എനിക്ക് വിഷയമല്ല. ഇത്തരത്തിലുള്ള എന്റെ ഫോക്കസ് എന്റെ വീട്ടുകാര്‍ക്കുപോലും പേടിയാണ്. ഇങ്ങനെ ഫോക്കസ്ഡ് ആകരുതെന്ന് പലപ്പോഴും അവര്‍ പറയാറുണ്ട്. അത്തരം യാത്രയ്ക്കിടയില്‍ ലക്ഷ്യം മാത്രമാണ് ഉള്ളില്‍;വേറൊന്നും കാണാറില്ല. എഴുത്ത്, പ്രണയം, സിനിമ, ഫേസ്‌‌‌ബുക്ക്... എല്ലാം ഇത്തരത്തിലാണ്. അതുകൊണ്ടൊക്കെയാകാം പലര്‍ക്കും സിനിമയിലേക്കുള്ള വരവും നിലനില്‍പ്പും ബുദ്ധിമുട്ടായിരുന്ന കാലത്ത് എനിക്കത് ബുദ്ധിമുട്ടായിട്ട് തോന്നാതിരുന്നത്. എല്ലാം കടന്ന് മുന്നോട്ടുതന്നെ പോകുന്നു. എന്‍ട്രി മാത്രമല്ല, എക്സിറ്റ് വാതിലുമില്ലാത്ത ഇടമാണ് സിനിമയെന്ന് പലരും പറയാറുണ്ട്. പണത്തിനൊക്കെയപ്പുറം സിനിമ ഭയങ്കര ചലഞ്ചിങ്ങായിട്ടുള്ള സംഗതിയാണ്. ഇത്രയും വ്യത്യസ്തത മറ്റേത് മേഖലക്കാണുള്ളത്. ഇത്തരം ജോലികള്‍ നമ്മുടെ വ്യക്തിപരമായ സ്വഭാവവുമായി ചേര്‍ന്നുപോകുന്നവയാണെങ്കില്‍ ഒരിക്കലും മടുക്കില്ല. അതെന്നും നമ്മെ ചലഞ്ചുചെയ്തുകൊണ്ടേയിരിക്കും. കഷ്ടപ്പാടുകള്‍ പിന്നീടോര്‍ക്കുമ്പോള്‍ രസമായി തോന്നും. ഇപ്പോള്‍ ഒരുപാട് പെണ്‍കുട്ടികള്‍ സംവിധാന രംഗത്തേക്കും മറ്റും പുതുതായി വരുന്നുണ്ട്. ഞാന്‍ തുടങ്ങിയകാലത്ത് സ്ത്രീകള്‍ കുറവായിരുന്നു. സത്യന്‍ അന്തിക്കാടിന്റെകൂടെ എട്ടോളം പടത്തില്‍ വര്‍ക്കുചെയ്തു. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ സ്ക്രിപ്റ്റ് മുതല്‍ അവസാനംവരെ ഇരിക്കണം. അപ്പോള്‍ എല്ലാം മനസ്സിലാക്കാനും പഠിക്കാനും അവസരം ലഭിക്കും.

ഓരോ കാലത്തിനും ഓരോ കലയുണ്ട്. ഇപ്പോള്‍ അത് ഷോര്‍ട്ട് ഫിലിമിന്റെയും സിനിമയുടേതുമാണ്. ഞാന്‍ ഒരേസമയത്ത് എഴുത്തുകാരിയും ചലച്ചിത്ര പ്രവര്‍ത്തകയുമാണ്. എന്നാല്‍ ശ്രീബാല എന്ന സിനിമാക്കാരിയെ അറിയുന്നവര്‍ ഒരുപാടുപേരുണ്ട്. ഞാന്‍ എഴുതുന്നത് അത്ഭുതത്തോടെ കാണുന്ന നിരവവധി ആളുകള്‍ ചലച്ചിത്ര രംഗത്തുണ്ട്. എന്താണ് ഞാന്‍ എഴുതുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. പതിനഞ്ചു വര്‍ഷത്തോളം എഴുതിയിട്ടും കിട്ടാത്ത പ്രാധാന്യം ഒരു ഷോര്‍ട്ട് ഫിലിം എടുത്തപ്പോഴും സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴും എനിക്ക് കിട്ടി. മാത്രമല്ല എല്ലാ സിനിമാക്കാരെയും എഴുത്തുകാരാക്കുന്ന കാലമാണിത്. ആര് എഴുത്തുകാരാവണമെന്ന് പ്രസാധകര്‍ തീരുമാനിക്കുന്നു. പുസ്തകോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള വേദികള്‍ അലങ്കരിക്കാന്‍ എത്തുന്നതും ചലച്ചിത്ര മേഖലയില്‍ ഉള്ളവര്‍ തന്നെ.

അഷിതയുടെ ഹൈക്കു കവിതകള്‍ ശ്രീബാലയ്ക്ക് നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു

സ്ക്രിപ്റ്റ് എഴുതാന്‍ പഠിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഞാന്‍ സിനിമയിലെത്തിയത്. സംവിധാനം രണ്ടാമതേ മനസ്സിലുണ്ടായിരുന്നുള്ളൂ. സ്ക്രിപ്റ്റ് നമുക്ക് എവിടെയും പഠിക്കാന്‍ അവസരമില്ല. സംവിധാനം പലയിടത്തും പഠിപ്പിക്കുന്നുണ്ട്. സ്ക്രിപ്റ്റ് റൈറ്റിങ് ഭയങ്കര ടെക്നിക്കലാണ്. സിനിമയുടെ ഡയറക്ഷന്‍ ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ വശങ്ങള്‍ അറിഞ്ഞാലേ നമുക്ക് ഒരു നല്ല സ്ക്രിപ്റ്റ് എഴുതാന്‍ കഴിയൂ. അതുകൊണ്ടാണ് നമുക്ക് വളരെ കുറച്ച് നല്ല സ്ക്രിപ്റ്റ് റൈറ്റേഴ്സ് ഉള്ളത്. സിനിമയിലെ മറ്റെല്ലാ വശങ്ങളിലും നിരവധിപേരുണ്ട്. സ്ക്രിപ്റ്റിന്റെ കാര്യങ്ങളൊക്കെ പഠിച്ചുകഴിഞ്ഞപ്പോഴാണ് ചില പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചത്. നമ്മള്‍ മറ്റൊരാള്‍ക്കുവേണ്ടി എഴുതുമ്പോള്‍ നമ്മുടെ സ്ക്രിപ്റ്റിന്റെ മിഷന്‍ എത്രത്തോളം മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നത് ഒരു പ്രശ്നമായി തോന്നി. ഒരു സ്ത്രീയെ ഞാനെഴുതുന്ന അതേ ചിന്താഗതിയോടെ മറ്റൊരു സംവിധായകന് അവതരിപ്പിക്കാന്‍ കഴിയണമെന്നില്ല. ഇത്തരം ചിന്തയില്‍നിന്നാണ് സംവിധാനം ചെയ്യണമെന്ന ചിന്ത ശക്തമായത്.

? സ്വന്തമായി സിനിമ ചെയ്യാന്‍ പത്ത് വര്‍ഷത്തോളമെടുത്തു.

= എന്നെ സംബന്ധിച്ചുപറഞ്ഞാല്‍ എന്റേതൊരു വലിയ യാത്രയാണ്. ഒരു കാര്യത്തെ നമ്മള്‍ കരിയറായി എടുക്കുന്നതും പാഷനായി എടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. സിനിമ കരിയറാകുമ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ സ്വിച്ച്ഓഫ് ചെയ്യാന്‍ പറ്റും. എന്നാല്‍ പാഷനായിക്കഴിഞ്ഞാല്‍ അതിന് കഴിയില്ല. എന്റെ വലിയ പാഷനായി സിനിമ മാറുകയായിരുന്നു. ജീവിക്കണമെങ്കില്‍ സിനിമ വേണമെന്നൊക്കെയായിപ്പോയി; എപ്പോഴൊക്കെയോ. അതുകൊണ്ടുതന്നെ എനിക്ക് കോംപ്രമൈസ് വലിയ വിഷമമുണ്ടാക്കും. അതുകൊണ്ട് മറ്റുള്ള പലരും പെട്ടെന്ന് സിനിമയെടുക്കുമ്പോള്‍ എനിക്ക് കഴിയണമെന്നില്ല. ഇന്നമാതിരി സിനിമ, ഇന്നതരത്തില്‍ എന്നിങ്ങനെ കുറെചിന്തകള്‍ ഉള്ളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതൊക്കെ എത്രത്തോളം നടക്കുമെന്നൊന്നും അറിയില്ല. എഴുത്തുകാരി എന്നതിന്റെ തുടര്‍ച്ചയാണ് എനിക്ക് സിനിമ. ഇതൊന്നും മറ്റൊരാളെ എളുപ്പത്തില്‍ പറഞ്ഞ് ബോധ്യപ്പെടുത്താവുന്ന കാര്യമാണെന്ന് തോന്നുന്നില്ല.

? എന്താണ് ശ്രീബാലയുടെ സിനിമാ കാഴ്ചപ്പാട്.

= പണ്ടുതൊട്ടേ പാട്ടും ഡാന്‍സുമൊക്കെയുള്ള സിനിമകള്‍ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള സിനിമ ചെയ്യാനാണിഷ്ടം. അത് കച്ചവടമാണോ എന്നെനിക്കറിയില്ല. സിനിമയില്‍ പാട്ട് ഷൂട്ടുചെയ്യുന്നതാണ് ഞാനേറ്റവും ആസ്വദിച്ചിട്ടുള്ളത്. പാട്ട് കേള്‍ക്കാനും വലിയ ഇഷ്ടമാണ്. പാട്ടുകാരെയുമൊക്കെ ഇഷ്ടമാണ്. ഇതൊക്കെയാകാം കാരണം നമ്മുടെ ടേസ്റ്റ് വെസ്റ്റേണൈസ്ഡ് ആകുന്നതുവരെ, വെസ്റ്റേണ്‍ സിനിമയില്‍ നമ്മള്‍ താല്‍പ്പര്യമുള്ളവരായി തീരുന്നതുവരെ സിനിമയില്‍ പാട്ട് നമുക്ക് അവിഭാജ്യഘടകമായിരുന്നു. പാട്ടില്ലാത്ത സിനിമകള്‍ നമുക്ക് ആലോചിക്കാന്‍ കഴിയില്ലായിരുന്നു. പുറത്തുള്ള സിനിമകള്‍ നമ്മെ കീഴടക്കിയതോടെ നമ്മള്‍ ആദ്യം തള്ളിപ്പറയുന്നത് ഒരുകാലത്ത് നാം കൊണ്ടുനടന്ന പാട്ടിനെയാണ്. അങ്ങനെ പുറത്തേക്ക് നോക്കി അവരെ അനുകരിച്ചാണ് നാം നമ്മുടെ സിനിമയെ മാര്‍ക്ക് ചെയ്യുന്നത്.

എഴുത്തൊന്നും അങ്ങനെയല്ല. പക്ഷേ, സിനിമ അങ്ങനെയാണ്. വെളിയില്‍നിന്ന് വന്നതാണ് സിനിമ. പക്ഷേ, നമ്മള്‍ നമ്മുടേതാക്കി സ്വാംശീകരിക്കുന്നില്ല. ന്യൂജന്‍ സിനിമകളുടെ പോലും കളര്‍ടോണ്‍, ആംഗിള്‍സ് എല്ലാം ഹൈലി വെസ്റ്റേണൈസ്ഡ് ആണ്. നോവലൊക്കെ പുറത്തുനിന്ന് വന്നതാണെങ്കിലും നമ്മുടെ ഒരു സാഹിത്യരൂപമാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ഭരതന്‍, പത്മരാജന്‍ എന്നിവരൊക്കെ സിനിമ ചെയ്യുമ്പോള്‍ നമ്മുടെ തനിമ കൂട്ടിക്കലര്‍ത്തിയിരുന്നു. മ്യൂസിക്കും കളര്‍ടോണുമെല്ലാം അവരുടേതാണ്. ആ രാജ്യത്തുനിന്ന് ആളുകള്‍ വന്ന് ഈ സിനിമ നമ്മുടെ സിനിമയാണോ എന്ന് ചോദിച്ചാല്‍ നമുക്ക് മറുപടിയില്ല.

സിനിമയില്‍ സമരസപ്പെട്ടും വ്യത്യസ്തതയോടെയും നില്‍ക്കാന്‍ കഴിയണം. എനിക്ക് തോന്നുന്നത് എന്റെ സിനിമയെടുക്കണമെങ്കില്‍ നാലഞ്ച് സിനിമകളെങ്കിലും ഞാന്‍ ചെയ്തുകഴിയണം. തുടക്കത്തില്‍ വലിയ ഒരു സിനിമയല്ല ഞാനെടുക്കുന്നത്. ഹൈബജറ്റ് ചിത്രാമൊന്നുമല്ല. മീഡിയയുമായി ബന്ധമുള്ള ഒരു കഥയാണ്. ഇപ്പോള്‍ എനിക്ക് പറയണമെന്നുതോന്നുന്ന ഒരുകഥ പറയാനുള്ള ശ്രമമാണ്. എന്റെ ഡ്രീം പ്രോജക്ട് ഒന്നുമായി ഈ സിനിമയെ വിലയിരുത്താന്‍ പറ്റില്ല. ഇപ്പോള്‍ പറയേണ്ട് കഥയാണ് എന്നുതോന്നി ചെയ്യുകയാണ്.

? സംവിധാന സഹായി എന്ന നിലയില്‍ സെറ്റില്‍ എത്രത്തോളം ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.

= ഒരാളെ അസിസ്റ്റ് ചെയ്യുമ്പോള്‍ സംവിധായകനെ സഹായിച്ച് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ അമിതമായി ഇടപെടുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാല്‍ ചില സീന്‍ ചിത്രീകരിക്കുമ്പോഴൊക്കെ അപ്പോള്‍ തോന്നുന്ന അഭിപ്രായങ്ങള്‍ പറയാറുണ്ട്. അത് അംഗീകരിച്ചിട്ടുമുണ്ട്.

പിന്നെ സമൂഹത്തിന്റെ ചലനങ്ങള്‍ അതത് കാലത്തെ സിനിമയില്‍ പ്രതിഫലിക്കാറുണ്ട്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമപോലും സമൂഹത്തിന്റെ നിലനില്‍ക്കുന്ന കാഴ്ചപ്പാടിനകത്തുനിന്നാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ ആളുകള്‍ മാറി ചിന്തിച്ചുതുടങ്ങുമ്പോള്‍ സിനിമയിലും ആ ചലനങ്ങള്‍ കാണാന്‍ കഴിയും. അല്ലാതെ സിനിമയില്‍ മാത്രം എന്തെങ്കിലും ചെയ്താല്‍ അത് മുഴച്ചുനില്‍ക്കും എന്നാണ് എനിക്ക് തോന്നുന്നത്. കാലങ്ങളോളം പുരുഷന്മാര്‍ നിലനിന്നിരുന്ന സംവിധാന രംഗത്തേക്ക് ഇപ്പോള്‍ സ്ത്രീകളും വന്നുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ എടുക്കുന്ന സിനിമയെ അവഗണിക്കാന്‍ കഴിയാതെ വരും. ഈ മാറ്റം സിനിമയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുകതന്നെ ചെയ്യും. ഭാവിയില്‍ അത്തരത്തിലുള്ള മാറ്റം നമ്മുടെ സിനിമയെ സമ്പന്നമാക്കും. ഈ മാറ്റം എഴുത്തില്‍ ഇപ്പോള്‍ കുറെയേറെ വന്നിട്ടുണ്ട്. എല്ലാ ജോലിയിലും ഇങ്ങനെ മാറ്റം വരികതന്നെചെയ്യും.

? ഫെമിനിസത്തെക്കുറിച്ച്

= തെറ്റായ വായനയാണ് ഫെമിനിസത്തെക്കുറിച്ച് സമൂഹത്തില്‍ ഇപ്പോഴും നടക്കുന്നത്. ഒരു ചെറിയ കാര്യമായാല്‍പ്പോലും പുരുഷനെപ്പോലെ സ്ത്രീക്കും അഭിപ്രായമുണ്ടാകും. മുമ്പൊന്നും മീഡിയപോലും സ്ത്രീയുടെ അഭിപ്രായം കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. കുറച്ചുകാലം കഴിഞ്ഞതോടെ സ്ത്രീക്കും എന്തോ പറയാനുണ്ട് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ഇങ്ങനെ മാറിയെങ്കിലും സ്ത്രീ പറയുന്നത് കേള്‍ക്കാനും കൊടുക്കാനും മാധ്യമവും സമൂഹവും കുറെക്കാലം തയ്യാറായിരുന്നില്ല. പിന്നീട് എല്ലാവരും പ്രോഗ്രസീവാണെന്ന് കാണിക്കാന്‍ കൊടുക്കണം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിക്കഴിഞ്ഞു. കൊടുത്തുതുടങ്ങിയപ്പോള്‍ സ്ത്രീയുടെ പല അഭിപ്രായങ്ങളും അസ്വസ്ഥമായി അനുഭവപ്പെട്ടുതുടങ്ങി. അങ്ങനെ വന്നതോടെ കാര്യങ്ങളെ വളച്ചൊടിച്ച് കൊടുക്കലായി. കാലം കുറെക്കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി മാറി. ചിലര്‍ കാര്യങ്ങളില്‍ ഇടപെടുക സമാധാനപരമായിരിക്കും. വേറെ ചിലര്‍ മിതവാദികളായിരിക്കും. ചിലര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. ഇങ്ങനെ ബഹളമുണ്ടാക്കുന്നവരെയാണ് പലപ്പോഴും ചരിത്രം രേഖപ്പെടുത്താറുള്ളത്. ഇത്തരക്കാരെയാണ് സമൂഹം ശ്രദ്ധിക്കാറുള്ളത്. എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് മേരി റോയ് ആണ്. പക്ഷേ, ഇവിടെ അവരെ ക്വാട്ടുചെയ്യുന്ന സന്ദര്‍ഭങ്ങള്‍ എത്രയുണ്ട്. അതുപോലെ ദയാബായ്. അവരുടെ മേഖലയില്‍ ഒരുപാട് ചെയ്യുന്ന സ്ത്രീയാണ്. ഇത്തരത്തില്‍ ഒരുഭാഗത്ത് വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീകളുണ്ട്. പക്ഷേ, നമ്മള്‍ എന്നും ചെയ്യുന്നത് കുറെ ശബ്ദവും ഒച്ചയുമൊക്കെയുണ്ടാക്കുന്നതിനെ മാത്രം ഫെമിനിസമാക്കി ചിത്രീകരിക്കുകയാണ്.

മുമ്പൊക്കെ എന്നോടാരെങ്കിലും ഫെമിനിസ്റ്റാണോ എന്നു ചോദിച്ചാല്‍ അല്ല എന്നായിരുന്നു പറയാറ്. അതെ എന്നുപറയാന്‍ എനിക്കും കുറെ വര്‍ഷങ്ങളെടുക്കേണ്ടിവന്നു. ഇങ്ങനെ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുന്ന ഒരുപാടുപേരുണ്ട്. ഫെമിനിസ്റ്റാണെന്ന് പ്രഖ്യാപിച്ച് അതിന്റെ ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവരുണ്ട്. അതേസമയം ഒരക്ഷരം മിണ്ടാതെ പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റുകളുണ്ട്. മാധവിക്കുട്ടിയെപ്പോലെ ഒരു വാചകത്തില്‍ ഫെമിനിസ്റ്റാണെന്ന് പറയുകയും മറുവാചകത്തില്‍ മാറ്റിപ്പറയുകയും ചെയ്യുന്നവരുണ്ട്. കെ അജിതയെപ്പോലെ സ്വന്തം ജീവിതംതന്നെ നല്‍കി പ്രവര്‍ത്തിക്കുന്നവരുണ്ട്. ഇതില്‍ ഏതിനെക്കുറിച്ചാണ് നാം പറയേണ്ടത്. ഒരുപാട് സ്ത്രീകള്‍ അവരവരുടേതായ രീതിയില്‍ ഫെമിനിസത്തിനുവേണ്ടി സമൂഹത്തിലും കുടുംബത്തിലുമൊക്കെ പോരാടുന്നുണ്ട്. വീട്ടുവേലക്കാരി മുതല്‍ ഇതില്‍പ്പെടും. ഇവിടെ രണ്ട് വാചകങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നവരെ മാത്രമെ ഫെമിനിസ്റ്റായി കാണുന്നുള്ളൂ. എന്നാല്‍, പ്രവൃത്തികൊണ്ട് ഇവരെയൊക്കെ കടത്തിവെട്ടുന്ന ഒരുപാടുപേരെ ഞാന്‍ കണ്ടിട്ടുണ്ട്. ജീവിച്ചുജീവിച്ചുവരുമ്പോള്‍ ഫെമിനിസം എന്റെ എന്തൊക്കെയോ ആയി അനുഭവപ്പെടുന്നുണ്ട്. ചില സമയത്ത് അത് പുരുഷവിരോധമായിരിക്കും. കാരണം ഇത്രയേറെ സ്ത്രീകളെ കഷ്ടപ്പെടുത്തുന്നതിനെതിരെയുള്ള പ്രവര്‍ത്തനം ചിലപ്പോള്‍ അങ്ങനെ ആയിപ്പോകാം. അങ്ങനെ തോന്നിയേക്കാം. എന്നാല്‍, ഫെമിനിസത്തെ തിയറിയായി പഠിക്കുമ്പോള്‍ വേറൊരു സംഗതിയായിരിക്കും. ചില സന്ദിഗ്ധ ഘട്ടങ്ങളില്‍ നമ്മെ കൊണ്ടുചെന്നെത്തിച്ചിട്ട് നിങ്ങള്‍ ഫെമിനിസ്റ്റാണോ എന്ന് ചോദിച്ചാല്‍ മറുപടി ചിലപ്പോള്‍ വേറെയായിരിക്കും. വെറും തമാശയായും ചില സന്ദര്‍ഭങ്ങളില്‍ ഫെമിനിസത്തെ കാണാം. പുരുഷന്മാരെ കളിയാക്കുന്ന തമാശകള്‍ കൈമാറുമ്പോള്‍ ഇത് വെറും തമാശയായിരിക്കാം.

മുമ്പൊക്കെ പെണ്‍കുട്ടികളെ പഠിപ്പിച്ചിരുന്നത് നിങ്ങള്‍ കുടുംബത്തിനുവേണ്ടി ജീവിക്കേണ്ടവരാണ് എന്നാണ്. അത് തലയില്‍ സ്ക്രൂചെയ്ത് കയറ്റിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് അത്തരത്തിലുള്ള അടിച്ചേല്‍പ്പിക്കലുകളില്ല. പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണം, നല്ല ജോലി വേണം എന്നൊക്കെയാണ് ഇപ്പോഴത്തെ നിര്‍ബന്ധങ്ങള്‍. മറ്റുള്ള കാര്യങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാമെന്നാണ് ഒരുവിധം എജ്യുക്കേറ്റഡായിട്ടുള്ള മാതാപിതാക്കളൊക്കെ പറയുന്നത്. പണ്ടൊക്കെ ഡിവോഴ്സ് എന്ന് കേള്‍ക്കുമ്പോള്‍ ബോധംകെട്ട് വീഴുന്ന അവസ്ഥയൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. ഏത് മോശം അവസ്ഥ വന്നാലും അഡ്ജസ്റ്റ് ചെയ്യണമെന്ന പഴയ ധാരണ ഇപ്പോഴില്ല. കുടുംബം നിലനിര്‍ത്താന്‍ ഒരു സ്ത്രീ ചിലപ്പോള്‍ അവളുടെ കരിയര്‍തന്നെ കളയേണ്ടിവരുന്നതില്‍ വലിയ അനീതിയുണ്ട്. പുതിയ കുട്ടികളൊന്നും അത്തരം അഡ്ജസ്റ്റ്മെന്റുകള്‍ക്ക് തയ്യാറല്ല.

? ശ്രീബാലയുടെ ആദ്യ ഫീച്ചര്‍ ഫിലിം ദൃശ്യമാധ്യമങ്ങളെ പശ്ചാത്തലമാക്കുന്നതാണല്ലോ. നമ്മുടെ മീഡിയയുടെ വര്‍ത്തമാനവും ഭാവിയും എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.

= 365 ദിവസങ്ങളില്‍ 24 മണിക്കൂറും എന്തോ സംഭവിക്കുന്നുണ്ട് എന്ന തരത്തിലാണോ വാര്‍ത്തയെ നമ്മള്‍ സമീപിക്കേണ്ടത് എന്നത് വലിയ വിഷയമാണ്. ഈ തരത്തിലാണോ മാധ്യമങ്ങള്‍ വാര്‍ത്തയെ സമീപിക്കേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. മാത്രമല്ല, നമ്മുടെ നാട്ടിലെ ആളുകള്‍ ആരുംതന്നെ അവനവന്റെ അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരല്ല. പുറത്തൊക്കെ ഒരാള്‍ക്കെതിരായി അപകീര്‍ത്തിപരമായ വാര്‍ത്ത വന്നാല്‍ വലിയ നഷ്ടപരിഹാരത്തിനായി കേസ് നല്‍കും. നമ്മുടെ വീട്ടില്‍ ആര്‍ക്കും കയറിവരാമെന്നും എത്രത്തോളം വേണമെങ്കിലും മറ്റുള്ളവര്‍ക്ക് ഇടപെടാമെന്നും എന്ത് വാര്‍ത്തയും ചെയ്യാമെന്നും നമ്മള്‍ അനുവദിക്കുന്ന കാലത്തോളം അത് തുടരുകതന്നെ ചെയ്യും. ഇപ്പോള്‍ ഇതിന് കുറച്ച് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. മാതൃകയാക്കാവുന്ന രാഷ്ട്രീയ നേതാക്കള്‍ കുറഞ്ഞുവരികയാണ്. പല നേതാക്കള്‍ക്കും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാതെ ഒറ്റയടിക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴിയായിക്കൂടി ഇന്ന് വാര്‍ത്തകള്‍ മാറിയിരിക്കുന്നു. അത്തരക്കാര്‍ക്കും ഈ മീഡിയാശൈലി ആവശ്യമാണ്. അതുകൊണ്ടാണ് മാധ്യമങ്ങളുടെ ചോദ്യംചെയ്യലിന് അവര്‍ ഇരുന്നുകൊടുക്കുന്നത്. സിനിമയിലും ഇത്തരക്കാരുണ്ട്. മാധ്യമപ്രവര്‍ത്തകരെ പിണക്കാതിരിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. എവിടെ നമ്മുടെ പേഴ്സണല്‍ ലൈഫ് അവസാനിക്കുന്നുവെന്നും എവിടെ പബ്ലിക് ലൈഫ് ആരംഭിക്കുന്നുവെന്നുംതീരുമാനിക്കാത്തതാണ് പലപ്പോഴും പ്രശ്നമാകുന്നത്. ഇപ്പോള്‍ രണ്ടും അതിര്‍വരമ്പുകളില്ലാതെ ഒന്നായിമാറിയിട്ടുണ്ട്. ഒരു സെലിബ്രിറ്റിയോട് അയാളുടെ പേഴ്സണല്‍ ലൈഫിനെക്കുറിച്ച് എന്തും ചോദിക്കാമെന്ന ധാരണ ഇപ്പോള്‍ മീഡിയക്കുണ്ട്. അങ്ങനെ ചോദിക്കാന്‍ പറ്റില്ലെന്ന് സെലിബ്രിറ്റിയായിട്ടുള്ള മനുഷ്യര്‍ എന്ന് പറയുന്നോ അന്ന് മറ്റുള്ളവര്‍ ചോദിക്കില്ല. ഒരുപക്ഷേ, നമ്മള്‍ പറയുന്ന അര്‍ഥത്തില്‍ പേഴ്സണല്‍ ലൈഫ് ആഗ്രഹിക്കാത്തവരുമുണ്ടെന്ന് തോന്നുന്നു. കൃത്യമായി പേഴ്സണല്‍ ലൈഫും പബ്ലിക് ലൈഫും സൂക്ഷിക്കുന്ന ആളുകളോട് ഒരു മീഡിയാപ്രവര്‍ത്തകനും അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്.

? എഴുത്തിലേക്ക് തിരിച്ചുവരാം. അനുഭവങ്ങള്‍ വിറ്റുപോകുന്ന കാലം. ചെറിയ കുട്ടികള്‍വരെ അനുഭവങ്ങള്‍ എഴുതുന്നു.

= എന്തിനാണോ ഡിമാന്റ് അത് സപ്ലൈ ചെയ്യുന്നു എന്നതാണ് സത്യം. ഞാന്‍ അനുഭവക്കുറിപ്പ് എഴുതുകയാണ് എന്നറിയാതെയാണ് "19 കനാല്‍റോഡ്' എഴുതിയത്. ആ പുസ്തകം വന്നതോടെ ആരും എന്നോട് കഥ ചോദിക്കാറില്ല. എല്ലാവര്‍ക്കും അനുഭവക്കുറിപ്പ് മതി. ആളുകള്‍ക്ക് വായിക്കാന്‍ ഇഷ്ടവുമാണ്. എന്നാല്‍, പലരുടെ അനുഭവക്കുറിപ്പും കഥയെക്കാള്‍ വലിയ ഫിക്ഷനാണ് എന്നതാണ് സത്യം. ഫാന്റസിയും ഇഷ്ടംപോലെ കാണാം. റിയാലിറ്റി അതേപോലെ അനുഭവക്കുറിപ്പുകളില്‍ പകര്‍ത്തിവയ്ക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. വി കെ എന്നിന്റെ പല കഥകളും അനുഭവക്കുറിപ്പായിട്ട് തോന്നിയിട്ടുണ്ട്. എഴുതിയതിന്റെ മുകളില്‍ പ്രസാധകരോ എഡിറ്ററോ നല്‍കന്ന സ്ലഗാണ് പലപ്പോഴും രചന കഥയാണോ അനുഭവക്കുറിപ്പാണോ എന്നൊക്കെ തീരുമാനിക്കുന്നത്.

? ഏറ്റവും ഹോണ്ട് ചെയ്ത എഴുത്തുകാര്‍.

= എന്‍ എസ് മാധവന്റെ കഥകള്‍ വലിയ ഇഷ്ടമാണ്. കുറുക്കി ക്കുറുക്കി അവസാനം ഒന്നും വെട്ടിക്കളയാനോ എഴുതിച്ചേര്‍ക്കാനോ ഇല്ലാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ കഥകള്‍. ഞാനും ഇത്തരത്തില്‍ എഴുതാന്‍ ശ്രമിക്കാറുണ്ട്. നോവലില്‍ വിലാസിനിയോടൊക്കെ വലിയ ഇഷ്ടമാണ്. അവകാശികളൊക്കെ ചെറുപ്പത്തില്‍ വായിച്ചത് ഇപ്പോഴും നല്ല ഓര്‍മയുണ്ട്. മാധവിക്കുട്ടിയെ വായിച്ചതുകൊണ്ടാണ് എഴുത്തുകാരിയാകണം എന്ന് തോന്നിയത്. ബഷീര്‍ കാലത്തെ അതിജീവിക്കുന്ന എഴുത്തുകാരനാണ്. അദ്ദേഹം പണ്ട് എഴുതിയതിനൊക്കെ പുതിയ കാലത്ത് പ്രസക്തി കൂടിക്കൂടി വരികയാണ്. സാറാ ജോസഫ് പ്രിയപ്പെട്ട എഴുത്തുകാരിയാണ്. റോസി തോമസും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ ബ്രൗണിങ്ങിനോട് പ്രിയം കൂടും. ഒരു സന്ദിഗ്ധഘട്ടത്തില്‍ നമ്മെ കൊണ്ടുനിര്‍ത്തിയിട്ട് കഥ പറയുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ കവിതകള്‍. എന്റെ എഴുത്തിനെ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ് റോബര്‍ട്ട് ബ്രൗണിങ്. കുറച്ച് വരികളാണെങ്കിലും അതിന്റെ ശക്തി ഭയങ്കരമാണ്. ചാള്‍സ് ലാമ്പിന്റെ എഴുത്തും ഇഷ്ടമാണ്. അനിതാ നായര്‍, അരുന്ധതി റോയി, ജുംപാ ലാഹിരി എന്നിവരെയൊക്കെ ആവേശത്തോടെയാണ് വായിക്കുന്നത്. നമ്മുടെ പല എഴുത്തുകാരും ചെയ്യുന്ന പിആര്‍ വര്‍ക്കിന്റെ സമയത്ത് കുത്തിയിരുന്ന് എഴുതിയിരുന്നെങ്കില്‍ മികച്ച സാഹിത്യ സൃഷ്ടികള്‍ ലഭിച്ചേനെ.

? കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍.

= എല്ലാത്തരം സിനിമകളും കാണാറുണ്ട്. യൂറോപ്യന്‍ സിനിമകള്‍, ടര്‍ക്കിഷ്, കൊറിയന്‍ സിനിമകള്‍, ഇറാനിയന്‍ ചിത്രങ്ങള്‍ എന്നിവയെല്ലാം ഇഷ്ടമാണ്. ഇപ്പോഴത്തെ മറാഠി പടങ്ങള്‍ വലിയ ഇഷ്ടമാണ്. സിനിമകളില്‍ ഇന്ത്യന്‍ സിനിമകള്‍ തന്നെയാണ് കൂടതലിഷ്ടം.

? പുതിയ സിനിമയെക്കുറിച്ച്

= "ലവ് 24 X 7' എന്നാണ് ചിത്രത്തിന്റെ പേര്. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളും അതിന്റെ താളവും താളഭംഗങ്ങളുമൊക്കെയാണ് കഥ. "ജീവിതം ആവര്‍ത്തിക്കപ്പെടുന്നു' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ദിലീപ്, ശ്രീനിവാസന്‍, സുഹാസിനി, ശശികുമാര്‍ എന്നിവരൊക്കെ അഭിനയിക്കുന്നു .

പ്രധാന വാർത്തകൾ
 Top