കുടുംബശ്രീയുടെ പെൺകൂട്ടം നാടകവും സംഗീതശിൽപ്പവുമായി നാടുണർത്താൻ എത്തുകയാണ്. ‘സ്‌ത്രീപക്ഷ നവകേരളം’ ക്യാമ്പയിന്റെ ഭാഗമായാണ് ഫെബ്രുവരി ആദ്യവാരം മുതലുള്ള സ്‌ത്രീശക്തി കലാജാഥ.
‘പ്രണയമെന്നത് ഒരു വലിയ സ്വാതന്ത്ര്യമാണ്. സ്വന്തം ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. അതൊരു കത്തിമുനയിലോ ഒരു കുപ്പി ആസിഡിലോ പിടിച്ചടക്കേണ്ട ആധിപത്യത്തിന്റെയോ അധികാരത്തിന്റെയോ പേരല്ല’കത്തുന്ന കണ്ണുകളുമായി, കൈചൂണ്ടിയും കൈകൂപ്പിയും അവൾ ചോദിക്കുന്നു. ആ ചോദ്യം വന്നുപതിക്കുന്നത് കാലത്തിന്റെ ക്രൗര്യംമുറ്റിയ മുഖത്താണ്. ഒടുവിൽ അവർ പറയുന്നു: ‘കുത്താനും കൊല്ലാനും ചവിട്ടാനും ആസിഡ് ഒഴിക്കാനും പെണ്ണിനെ ഈ തട്ടകത്തിലേക്ക് വലിച്ചെറിയുന്നത് നിങ്ങൾകൂടിയാണ്.’ സ്‌ത്രീയെ ബഹുമാനിക്കാൻ നിങ്ങൾ നിങ്ങളുടെ ആൺമക്കളെ പഠിപ്പിക്കൂ എന്ന അഭ്യർഥനയോടെയാണ് നാടകം സമാപിക്കുന്നത്.
അതെ, പൗരോഹിത്യവും ആൺകോയ്‌മയും വരിഞ്ഞുമുറുക്കിയ ലോകത്തുനിന്ന് കുതറിമാറി ഉയരെ ഉയരെ വരികയാണിവർ. ചോദ്യങ്ങളും ചെറുത്തുനിൽപ്പിന്റെ ഉശിരുള്ള ഗാഥകളുമായി. ഒട്ടേറെ കലാജാഥകൾ പാകപ്പെടുത്തിയ സാംസ്‌കാരിക കേരളത്തിന്റെ വളക്കൂറുള്ള മണ്ണിലേക്ക് കുടുംബശ്രീയുടെ പെൺകൂട്ടം നാടകവും സംഗീതശിൽപ്പവുമായി നാടുണർത്താൻ എത്തുകയാണ്. കുടുംബശ്രീ ആരംഭിച്ച ‘സ്‌ത്രീപക്ഷ നവകേരളം’ ക്യാമ്പയിന്റെ ഭാഗമായായാണ് ഫെബ്രുവരി ആദ്യവാരം തുടങ്ങുന്ന - സ്‌ത്രീശക്തി കലാജാഥ. 1980 മുതൽ ജനകീയ നാടകരംഗത്തുള്ള കരിവള്ളൂർ മുരളിയുടെ നേതൃത്വത്തിൽ ശ്രീജ ആറങ്ങോട്ടുകര, റഫീഖ് മംഗലശേരി, സുധി, ശൈലജ അമ്പു എന്നിവരാണ് കലാജാഥ ഒരുക്കുന്നത്. കേരളത്തിന്റെ മനസ്സ് തൊട്ടുണർത്താൻ കുടുംബശ്രീ പ്രവർത്തകരുമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്‌ത്രീകൾ ഒരേ സമയം അരങ്ങിലെത്തുന്ന കലാജാഥയെന്ന പെരുമയുമായാണ് അവർ വരുന്നത്.
കരിവള്ളൂർ മുരളിയും റഫീഖ് മംഗലശേരിയും രചിച്ച ‘പെൺകാലം’ നാടകം പുതിയ കാലത്തെ സ്‌ത്രീയുടെ ദുരന്ത വൈചിത്ര്യങ്ങൾ തുറന്നുകാട്ടുന്നു. റഫീഖാണ് സംവിധാനം. ശ്രീജ ആറങ്ങോട്ടുകര രചിച്ച ‘ഇത് ഞാൻതന്നെ’ നാടകം മരണത്തെ മുമ്പിൽ കാണുന്ന സ്‌ത്രീയുടെ മാനസിക സംഘർഷം വെളിപ്പെടുത്തുന്നു. സ്‌ത്രീധനംമുതൽ ലൈംഗികാതിക്രമംവരെ സ്‌ത്രീജീവിതം പകുത്തെടുക്കുന്ന കാലത്ത് അതിനെതിരായ ചെറുത്തുനിൽപ്പിന്റെ ശബ്‌ദമുയർത്തുന്നു ഈ നാടകം.
‘ചരിത്രമെന്തേ ഹിസ് സ്റ്റോറി?
ഭാഷയെന്തേ ആൺഭാഷ?
മതങ്ങളെന്തേ ആൺമതമായ്?
ദൈവമെന്തേ ആൺദൈവം?... പിള്ളത്തൊട്ടിലിൽനിന്ന് തുടങ്ങുന്ന ആൺ–- പെൺ ഭേദങ്ങൾ ചോദ്യരൂപത്തിലേക്ക് മാറുകയാണ് പാടുക പാടുക ജീവിത ഗാഥകൾ എന്ന സംഗീതശിൽപ്പത്തിൽ. രചനയും സംവിധാനവും കരിവള്ളൂർ മുരളി. സംവിധായകൻ ഷാജി എൻ കരുണാണ് പരിശീലനക്കളരി ഉദ്‌ഘാടനം ചെയ്‌തത്. തദ്ദേശഭരണമന്ത്രി ക്യാമ്പിലെത്തിയത് നാടകപ്രവർത്തകർക്ക് ആവേശമായി. കുടുംബശ്രീ പിആർഒ മൈന ഉമൈബാൻ, ബി എസ് മനോജ്, വി സിന്ധു എന്നിവരും ക്യാമ്പിന് നേതൃത്വം നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..