26 January Wednesday

ആയുർവേദ ചികിത്സയിലെ ലേഡി സുശ്രുതന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 16, 2018

 

ചേലക്കരപെണ്ണിന്റെ പ്രതിഭ കഠിനാധ്വാനത്തിലും ആത്മസമര്‍പ്പണത്തിലുമാണെന്ന് തെളിയിക്കുകയാണ് ആയുർവേദ ഡോക്ടറായ ഷഹ്നയുടെ ജീവിതം. പൈല്‍സുമായി ബന്ധപ്പെട്ടുള്ള ചികിത്സാരീതിയായ ക്ഷാരസൂത്രയില്‍ കഴിവുതെളിയിച്ചിട്ടുള്ള കേരളത്തിലെ അപൂർവ്വം ഭിഷഗ്വരന്മാരിലൊരാളാണിവര്‍. പൈല്‍സുമായി ബന്ധപ്പെട്ട മറ്റ് ചികിത്സാരീതികളിലൂടെ രോഗികൾ തട്ടിപ്പിനും ചൂഷണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്കാശ്രയമാണിന്ന് ഡോ.ഷഹ്ന.

അര്‍ശസ്സ്(പൈല്‍സ്),പരികര്‍പ്പിക(ഫിഷര്‍),ഭഗന്ദരം(ഫിസ്റ്റുല),നാളീരോഗം (പൈലോ നീഡല്‍ സെനസ്),ഗുദഭ്രംശം തുടങ്ങിയ രോഗങ്ങളുമായി മല്ലടിക്കുന്നവര്‍ക്ക് ഏറ്റവും ചെലവ് ചുരുങ്ങിയും പാര്‍ശ്വഫലങ്ങളില്ലാതെയും രോഗമുക്തിയുണ്ടാകുമെന്നാണ് ഡോക്ടറുടെ ചികിത്സ തേടിയവരുടെ അനുഭവം.കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഡോക്ടര്‍ ഏതാണ്ട് 40,000 രോഗികളെ പരിശോധിച്ചു.അവരില്‍ പതിനായിരത്തോളം പേര്‍ക്ക് ശസ്ത്രക്രിയയും നടത്തി. കേരളത്തിലെ മറ്റൊരു മര്‍മ്മ ചികിത്സകനും അവകാശപ്പെടാന്‍ പറ്റാത്ത റെക്കോര്‍ഡാണിത്.ആയുർവേദത്തില്‍ ശസ്ത്രക്രിയയുടെ പിതാവ് സുശ്രുതനാണ്. ക്ഷാരസൂത്ര ചികിത്സയിലൂടെ ലേഡി സുശ്രുതനെന്ന അപരമാനത്തിനുകൂടി അവകാശപ്പെട്ടിരിക്കുകയാണിവര്‍.

ക്ഷാര സൂത്ര ചികിത്സയ്ക്കായി 5 വര്‍ഷത്തിനിടെ നടത്തിയത് പതിനായിരത്തോളം ശസ്ത്രക്രിയകള്‍

ആയുർവേദത്തിലെ ശസ്ത്രക്രിയതന്നെയാണ് ക്ഷാരസൂത്ര.കഴിഞ്ഞ ഒരു ദശകമായി മര്‍മ്മ ചികിത്സയ്ക്കായി മാത്രം ഉഴിഞ്ഞുവെച്ച ജീവിതമാണ് ചേലക്കര മേപ്പാടം സര്‍ക്കാര്‍ ആയുർവേദ ആശുപത്രിയിലെ മര്‍മ്മചികിത്സാ മേധാവി കൂടിയായ ഡോ. ഷഹ്നയുടേത്. തൃശൂര്‍ ജില്ലിയില്‍ ചേലക്കരയില്‍ മാത്രമേ മര്‍മ്മ സ്‌പെഷ്യലിസ്റ്റെന്ന തസ്തികയുമുള്ളൂ.

2007ല്‍ ജനറല്‍ മെഡിക്കല്‍ ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ച ഡോക്ടറാണ് പെട്ടെന്നൊരു ദിവസം ആരും കടന്നുചെല്ലാന്‍ മടിക്കുന്ന മേഖലയിലേക്ക് ഇറങ്ങിച്ചെന്നത്. ക്ഷല്യതന്ത്രയില്‍(ഓര്‍ത്തോപീഡിക്‌സ് ആന്‍റ് സര്‍ജ്ജറി) ബിരുദാനന്തര ബിരുദമെടുത്തതാണ് ഈയൊരു തീരുമാനത്തിന് പിറകില്‍. ചേലക്കരയിലെത്തിയതോടെ തന്റെകര്‍മ്മപഥം ഇതാണെന്ന തിരിച്ചറിവുമുണ്ടായി.ഒറ്റപ്പാലം ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ ഭര്‍ത്താവ് അബ്ദുള്‍ ഷെറീഫാണ് ഓരോ നേട്ടത്തിനുപിന്നിലുമുള്ളതെന്ന്‌ ഷഹ്ന പറഞ്ഞു.

ഡോക്ടറുടെ മിടുക്കാണ് ചേലക്കര ഗവ. ആശുപത്രിയെ പൈല്‍സ് സ്‌പെഷ്യാലിറ്റി ക്ലിനിക്കാക്കി മാറ്റിയതെന്ന് പറയാതിരിക്കാനാകില്ല.ദിനവും 50 മുതല്‍ 60വരെ രോഗികളെ ഇവിടെ പരിശോധിക്കാറുണ്ട്.തമിഴ്‌നാട്,മഹാരാഷ്ട്ര,ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുപോലും നിരവധിയാളുകള്‍ ഇവിടെയെത്തുന്നു.12 പേര്‍ക്കുവരെ കിടത്തിച്ചികിത്സയും ആശുപത്രിയിലുണ്ട്. എല്ലാ ഗുദരോഗങ്ങളും പൈല്‍സോ ബന്ധപ്പെട്ട അസുഖമോ ആയിക്കൊള്ളണമെന്നില്ല.ക്യാന്‍സര്‍,മാരകമായ ഉദരരോഗം എന്നിവയുടെ ലക്ഷണവും ഇത്തരത്തിലുള്ളതാണ്.കൃത്യമായ രോഗ നിര്‍ണയത്തിലൂടെ പലരെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഡോക്ടർക്ക്‌ സാധിച്ചിട്ടുണ്ട്‌. ചികിത്സയ്ക്കുള്ള ആയുർവേദമരുന്നുകളുടെ കൂട്ടുകള്‍ വിപണിയില്‍ ലഭിക്കില്ല.ഇതിനുള്ള പ്രത്യേക മരുന്ന് കൂട്ടുകള്‍ പറഞ്ഞുകൊടുക്കുന്നതും തയ്യാറാക്കുന്നതും ഷഹ്ന നേരിട്ടാണ്.ആശുപത്രിയില്‍തന്നെ വളരുന്ന മൂലികകളുപയോഗിച്ചാണ് മരുന്നു നിര്‍മ്മാണം.കുട്ടികളിലും ഇത്തരം രോഗങ്ങള്‍ കൂടിവരികയാണെന്നാണ് ഷഹ്നയുടെ അഭിപ്രായം.അശ്രദ്ധമായ ഭക്ഷണരീതികളാണ് ഇത്തരം രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് .തൃശൂര്‍ ജില്ലാ ആയുർവേദ ആശുപത്രിയില്‍ ആഴ്ചയിലൊരിക്കലുള്ള ഒപിയില്‍ രോഗികളെ നോക്കുന്നതും ഷഹ്നയാണ്.

അര്‍ശസ്,ഫിഷര്‍,ഭഗന്ദരം,ഗുദഭ്രംശം,മൂലക്കുരു എന്നിവയില്‍ 95% രോഗികളെയും ചികിത്സിച്ച് ഭേദമാക്കാമെന്ന് തെളിയിച്ചുകഴിഞ്ഞു.ചികിത്സ പാര്‍ശ്വഫല രഹിതവും പിന്നീട് വരാനുള്ള സാധ്യത വിരളവുമാണ്.ക്ഷാരസൂത്ര സേവനത്തിന് ഡോക്ടര്‍മാര്‍ മുന്നോട്ടുവരാന്‍ താത്പര്യപ്പെടാറില്ല.
ഡോക്ടര്‍തന്നെയാണ് മര്‍മ്മചികിത്സ ഇവിടെ ആരംഭിക്കുന്നതിന് സര്‍ക്കാറിനെ സമീപിച്ചിരുന്നത്.ആശുപത്രിയില്‍ തിരക്കേറിയതോടെ 21 ലക്ഷം രൂപ ചെലവിട്ട് ക്ഷാരസൂത്ര ബ്ലോക്ക് തന്നെ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കി.ഡോക്ടറുടെ ചികിത്സാരീതിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഉത്തരാഖണ്ഡ് പ്രതിനിധികളെത്തിയിരുന്നു.ശ്രീലങ്കന്‍ സംഘവും ഒരിക്കല്‍ ആശുപത്രി സന്ദര്‍ശിച്ചു.നിന്നുതിരിയാന്‍ പറ്റാത്തത്ര തിരക്കുണ്ട് ഡോക്ടര്‍ക്കിവിടെ.ഒരു ഡോക്ടറെകൂടി  ഭാരതീയ ചികിത്സാവകുപ്പ്  ഏര്‍പ്പെടുത്തണമെന്ന ചെറിയൊരാഗ്രഹം മാത്രമേ ഡോക്ടര്‍ക്കിപ്പോഴുള്ളൂ.തന്റെ പ്രവര്‍ത്തനകാലയളവില്‍ ആശുപത്രിയെ മികവിന്റെ കേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കാണുകയെന്നതും ഡോക്ടറുടെ സ്വപ്‌നമാണ്.  രണ്ടു മക്കളുണ്ട്‌: അദ്‌നാന്‍ ഷെറീഫ്,ആദിര്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top