അച്ഛന്റെ കൈകളില്‍ തൂങ്ങി ആദ്യമായി കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി ട്രയിന്‍ കണ്ടപ്പോഴുണ്ടായ അമ്പരപ്പും കൌതുകവും ഈ മെട്രോക്കാരിയുടെ മനസില്‍ ഇന്നും നിറയുന്നു. അച്ഛനില്‍ നിന്ന് സ്കൂട്ടറിന്റെയും ഓട്ടോറിക്ഷയുടെയും കാറിന്റെയുമൊക്കെ വളയം പിടിക്കാനുള്ള വിദ്യ സ്വായത്തമാക്കിയപ്പോഴും ആയിരക്കണക്കിന് യാത്രക്കാരുമായി മലയാള മണ്ണിന്റെ സ്വപ്ന വിഹായസിലേക്ക് പറന്നിറങ്ങാന്‍ അവസരം കൈവരുമെന്ന ചിന്തയുണ്ടായിരുന്നില്ല ഈ എന്‍ജിനീയറിങ് ബിരുദധാരിക്ക്. താന്‍ വളര്‍ന്ന ചുറ്റുപാടുകള്‍ ഈ പെണ്‍കുട്ടിക്ക് അത്രമേല്‍ ആശിക്കാനോ സ്വപ്നം കാണാനോ വക നല്‍കിയതുമില്ല. അതേ ഇത് ഗോപിക. കശുവണ്ടി വികസന കോര്‍പറേഷന്റെ അയത്തില്‍ ഒന്നാം നമ്പര്‍ ഫാക്ടറിയിലെ തൊഴിലാളി സുജാത സന്തോഷിന്റെയും കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം ടഗോര്‍ നഗര്‍ 40 സന്തോഷ്ഭവനില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായ സന്തോഷ്കുമാറിന്റെയും സീമന്തപുത്രി.
തുച്ഛമായ വരുമാനത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന അച്ഛനമ്മാരുടെ കഷ്ടപ്പാടുകള്‍ കണ്ടുവളര്‍ന്ന ഈ പെണ്‍കുട്ടിക്ക് എങ്ങനെയെങ്കിലും ഒരു ജോലി നേടണമെന്ന ചിന്ത മാത്രമായിരുന്നു. അതിനുള്ള ഒരുക്കം പത്താം ക്ളാസ് മുതലേ ഗോപിക തുടങ്ങിയിരുന്നു. പോളിടെക്നിക്ക് പാസായാല്‍ ജോലി സാധ്യത ഏറെയാണെന്ന് മനസിലാക്കിയ ഗോപിക അത് ഉയര്‍ന്ന ക്ളാസോടെ പാസായി. പിന്നീട് ഇലക്ട്രോണിക്സ്ആന്റ് കമ്യൂണിക്കേഷന്‍സില്‍ ബിടെക് ബിരുദവും എടുത്തു. ഇതിനിടയിലാണ് മെട്രോയിലേക്ക് അപേക്ഷിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ എഴുതിയ പരീക്ഷ തനിക്ക് ഒരു മത്സരം മാത്രമായിരുന്നില്ല. ജീവിതത്തിലെ കഷ്ടപ്പാടുകളെ അതിജീവിക്കാനുള്ള പരീക്ഷണമായിരുന്നു അത്- ഗോപിക മനസ് തുറന്നു. എഴുത്തുപരീക്ഷ കഴിഞ്ഞപ്പോള്‍ പിന്നെയും വന്നു പരീക്ഷണങ്ങള്‍ - സൈക്കോ മെട്രിക് മാനസിക ശേഷി പരിശോധന, വൈദ്യപരിശോധന തുടങ്ങിയവ. മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ കരുത്തില്‍ ഇതിനെയെല്ലാം ഗോപിക നിഷ്പ്രയാസം മറികടന്നു. പിന്നെ മൂന്നുമാസം ബംഗ്ളൂരുവിലെ പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കി.
മെട്രോ പാതയില്‍ സര്‍വീസ് നടത്താനുള്ള അനുമതിക്ക് മുന്നോടിയായി കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് നേടിയാണ് ഒടുവില്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍ കം ട്രയിന്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ കൊച്ചി മെട്രോയുടെ ഡ്രൈവിങ് സീറ്റില്‍ ഈ പെണ്‍കുട്ടി ഇരിപ്പുറപ്പിച്ചത്. മെയിന്‍ ലൈനില്‍ 400കിലോമീറ്റര്‍ ട്രെയിന്‍ ഓടിക്കണമെന്ന കടമ്പയോടെയാണ് തന്നെ കൊച്ചി വരവേറ്റത്. തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനായി. യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുക, ട്രാക്കിലേക്ക് ആരെങ്കിലും എടുത്ത് ചാടുക, തീപിടുത്തംഉണ്ടാകുക തുടങ്ങി ഏത് പ്രതിസന്ധിയേയും നേരിടാനുള്ള പരിശീലനത്തോടെയാണ് ആയിരക്കണക്കിന് യാത്രക്കാരുടെ ജീവന്‍ തന്റെ കൈകളില്‍ സുരക്ഷിതമാക്കി കൊച്ചിയുടെ മേലാപ്പിലൂടെ ഈ മിടുക്കി കൂകിപ്പായുന്നത്. അന്തരീക്ഷത്തിലൂടെ ഒഴുകി വരുന്നതുപോലെ ഉയരങ്ങളിലെ ട്രെയിന്‍ തങ്ങളുടെ കൈയില്‍ ഭദ്രമാണെന്ന് ഇതിനകം ഇവര്‍ തെളിയിച്ചു. സഹോദരി ദേവിക സന്തോഷ്.
മെട്രോ ട്രെയിനിന്റെ ഡ്രൈവര്‍മാരായി ഏഴു സ്ത്രീകളെയും 32 പുരുഷന്മാരെയുമാണ് നിയമിച്ചിട്ടുള്ളത്. ഗോപികയെ കൂടാതെ പെരുമ്പാവൂര്‍ സ്വദേശിനി വി എസ് വന്ദന, കൊല്ലം സ്വദേശിനികളായ സി ഹിമ, രമ്യ ദാസ്, തൃശൂര്‍ സ്വദേശിനിയായ കെ ജി നിധി, ചേര്‍ത്തല സ്വദേശിനി അഞ്ജു അശോകന്‍, തിരുവനന്തപുരം സ്വദേശിനി ജെ കെ അഞ്ജു എന്നിവരാണ് കൊച്ചി മെട്രോയുടെ മറ്റു വനിതാഡ്രൈവര്‍മാര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..