ലോകപ്രശസ്ത യൂണിവേഴ്സിറ്റിയായ കേംബ്രിഡ്ജ്ന്‍റെ ഗ്രാജ്വേറ്റ് യൂണിയന്റെ തലപ്പത്ത് വൈസ് പ്രസിഡന്‍റായി ഇപ്പോള്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ പേരാണുള്ളത്. വടകര സ്വദേശിനി നികിത ഹരിയുടെ..ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാളിയ്ക്ക്,ഒരു ഇന്ത്യക്കാരിയ്ക്ക് ഈ പദവി ലഭിയ്ക്കുന്നത്. മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ള യൂറോപ്പിലെ മികച്ച അന്‍പത് എഞ്ചിനീയര്‍മാരുടെ ലിസ്റ്റില്‍ നികിത കഴിഞ്ഞ വര്‍ഷം ഇടം നേടിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഈ ലിസ്റ്റില്‍ ഇടം നേടുന്ന ആദ്യത്തെ വനിതാ എഞ്ചിനീയറാണ് വി പി ഹരിദാസിന്റെയും ഗീതയുടെയും മകളായ നികിത. യുകെയില്‍ ആവിഷ്കരിച്ച എഞ്ചിനീയറിംഗ് ഗവേഷണപദ്ധതിയുടെ ഭാഗമായി ബക്കിംഗ്ഹാം പാലസിലെയ്ക്ക് രാജ്ഞിയുടെ പ്രത്യേക ക്ഷണം ലഭിച്ച ഇരുപത് പേരില്‍ ഒരാളാണ് നികിത. ലോകശ്രദ്ധ ആകര്‍ഷിച്ച രണ്ട് മികച്ച സ്റാര്‍ട്ടപ്പുകളുടെ ഉടമ. ഗൂഗിള്‍ സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍.. വനിതാദിനത്തില്‍ തന്റെ ചിന്തകളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് നികിത..
കേംബ്രിഡ്ജ് ഗ്രാജ്വേറ്റ് യൂണിയന്‍ എന്താണ്?
നമ്മുടെ നാട്ടിലെ യൂണിയനുകള്‍ പോലെ പോലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്‍സ് യൂണിയന്‍ ആണ്.ഇത് എക്സ്ക്ലൂസീവ്ലി ഗ്രാജ്വേറ്റ്കള്‍ക്ക് മാത്രമുള്ളതാണ്.1955 മുതല്‍ നിലവിലുണ്ട്.പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഉള്‍പ്പെടെ മൂന്നുപേരാണ് യൂണിയനില്‍ ഉള്ളത്..മൂന്നു പേരും ഫുള്‍ ടൈം സബാറ്റിക്കല്‍ഓഫീസേഴ്സ് ആണ്.ഇത് ഒരു ഇന്‍ഡിപെന്‍ഡന്‍റ് ചാരിറ്റി ആയിട്ടാണ് രെജിസ്റ്റര്‍ ചെയ്യുന്നത്.യൂറോപ്യന്‍ യൂണിയന്റെ നിയമം അനുസരിച്ച് ഇത്തരത്തിലുള്ള എല്ലാ യൂണിയനും ചാരിറ്റി രജിസ്ട്രേഷന്‍ ആയിരിയ്ക്കും.പക്ഷെ കേംബ്രിദ്ജിന്‍റെ നേരിട്ടുള്ള പേ റോളില്‍ ആണ് നമ്മള്‍ ഉള്ളത്.25000പൌണ്ട് കിട്ടുന്ന ഒരു പെയ്ഡ് പൊസിഷന്‍ ആണ് ഇത്.സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കാന്‍ സ്വാതന്ത്ര്യം ഉള്ളപ്പോഴും നൂറു ശതമാനവും യൂനിവേഴ്സിറ്റിയുടെ ഭാഗമാണ്.
എന്‍റെ പൊസിഷന്‍ ഒരു സ്റ്റുഡന്റ് ഫെയ്സിംഗ് ബോഡിയുടേതാണ്..പ്രസിഡന്റ് പ്രധാനമായും അഡ്‌മിനിസ്ട്രേഷന്‍ ലെവലില്‍ കമ്മറ്റികളുടെ ഉത്തരവാദിത്തമായിരിയ്ക്കും.വൈസ് പ്രസിഡന്‍റാണ് വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പോളിസി അനുസരിച്ച് പരിഹാരം നിര്‍ദ്ദേശിയ്ക്കേണ്ടത്.വൈസ് ചാന്‍സലറുമായി മീറ്റിങ്ങ്സ് ഉണ്ടായിരിയ്ക്കും.പല വിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം സര്‍വ്വീസുകള്‍ ഉണ്ട്.ഓരോ ഇഷ്യൂസിനും യൂണിവേഴ്സിറ്റിയുടെ പോളിസിയുണ്ടാവും.സ്റ്റുഡന്റ്സുമായി സംസാരിച്ച് പോളിസിയനുസരിച്ച് റൂള്‍സ് ചെക്ക് ചെയ്ത് കേംബ്രിഡ്ജ് അതോറിറ്റിയില്‍ മാറ്റങ്ങളും പരിഹാരങ്ങളും സജസ്റ്റ് ചെയ്യാം.വിദ്യാര്‍ത്ഥികളും യൂണിവേഴ്സിറ്റിയും തമ്മിലുള്ള ഒരു ചാനലാണ് ഇതെന്ന് പറയാം.
സ്വപ്നങ്ങളെ ലിമിറ്റ് ചെയ്യുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം?
സ്വപ്നങ്ങളെ ലിമിറ്റ് ചെയ്യുന്ന ഒരു രീതിയാണ് നമുക്ക്..ഒരു പരിധി കഴിഞ്ഞാല്‍ അല്ലെങ്കില്‍ ഒരു പ്രായം കഴിഞ്ഞാല്‍ എത്ര ടാലന്‍റുള്ള കുട്ടിയാണ് എങ്കിലും എത്ര മാറി ചിന്തിക്കുന്ന ആളാണ് എങ്കിലും പ്രെഷര്‍ തുടങ്ങും.ആണ്‍കുട്ടികള്‍ക്കും ഇതേ അവസ്ഥ തന്നെയാണ്.പ്രായത്തില്‍ മാത്രമേ വ്യത്യാസം കാണൂ.നമ്മുടെ സിസ്റ്റം ട്യൂണ്‍ഡ് ആണ്.ആഹാരം,വസ്ത്രം,പാര്‍പ്പിടം എന്നൊക്കെ പറയുന്ന പോലെ തന്നെ ജീവിതത്തിലും നമ്മള്‍ സെറ്റ് ചെയ്തിരിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്.അവ നേടാനായി പണം വേണം എന്നത് കൊണ്ട് മാത്രമാണ് നമ്മള്‍ പഠിയ്ക്കുന്നത്.ആ നേട്ടങ്ങളിലേയ്ക്കുള്ള വഴി മാത്രമാണ് വിദ്യാഭ്യാസം.അത് കഴിഞ്ഞാല്‍ പിന്നെ സ്വപ്നങ്ങള്‍ ഇല്ലാതാവുന്നു.ബ്രിട്ടീഷ് കാലത്തെ ആ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.ഇവിടെ അഞ്ചുകൊല്ലത്തിനിടയില്‍ ഒരേ ഒരു മലയാളി കുട്ടിയെ വന്നതായി അറിവുള്ളൂ.നോര്‍ത്ത് ഇന്ത്യന്‍സിന്റെ റെപ്രസന്റെഷന്‍ ഉണ്ട്.വളരെ ഗ്രാമങ്ങളില്‍ നിന്ന് പാവപ്പെട്ട സാഹചര്യങ്ങളില്‍ നിന്ന് വന്നവരാണ്.അനുകൂലമായ ഒരു സാഹചര്യവും അവര്‍ക്ക് പറയാന്‍ ഉണ്ടാവില്ല.നമ്മളെനോക്കൂ.നൂറു ശതമാനം സാക്ഷരത.പൊളിറ്റിക്കല്‍,കള്‍ച്ചറല്‍ അവേര്‍നെസ് ഉള്ള ജനത.എന്നിട്ടും കേരളത്തില്‍ നിന്നും ഇത്തരത്തില്‍ ഒരു ഉന്നമനം ഉണ്ടാകുന്നില്ല.ഒരു കാര്യം ചുരുങ്ങാനുള്ള നമ്മുടെ ആറ്റിട്ട്യൂഡ് തന്നെയാണ്..നമ്മുടെ നാട് സുന്ദരമാണ്.സൌകര്യങ്ങള്‍ ഉണ്ട്..അത്രയും മതി എന്ന മനസ്സാണ്.അതിനപ്പുറം വേണ്ട എന്ന ചിന്ത.എഞ്ചിനീയറിംഗ് ആണെങ്കില്‍ പരമാവധി ഐ ഐ ടി..അല്ലെങ്കില്‍ ഒരു ഐ ഐ എം മാനെജ്മെന്റ് ഡിഗ്രീ..അതുമല്ലെങ്കില്‍ പരമാവധി ഐ എ എസ്.
ഇലക്ട്രിക്കല്‍ പോലെയുള്ള എഞ്ചിനീയറിം ബ്രാഞ്ചുകള്‍ പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല എന്ന ചിന്ത?
അതൊരു ഗ്ലോബല്‍ പ്രോബ്ലം ആണ്.ഈ കാര്യത്തില്‍ ഇവിടുത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈ പ്രശ്നം കുറവാണ് എന്നാണ് തോന്നുന്നത്.യു കെയില്‍ എഞ്ചിനീയേഴ്സ്ല്‍ വെറും ഒന്‍പതു ശതമാനം മാത്രമേ സ്ത്രീകള്‍ ഉള്ളൂ.ലോകത്തില്‍ വച്ച് തന്നെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യമാണ് അത്.ഒരു യൂണിവേഴ്സിറ്റിയില്‍ തന്നെ ഈ ബ്രാഞ്ചില്‍ ഒരു ലേഡി ലെക്ചറര്‍ മാത്രമേ കാണൂ.ഇവിടുത്തെ ഒരു കള്‍ച്ചറല്‍ സ്റ്റീരിയോടൈപ്പിംഗ് ആണ് ഇത്.ഈ പണി പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല എന്ന ധാരണ.പിന്നെ ഇവര്‍ക്ക് നമ്മുടേത് പോലെ പ്രെഷര്‍ ഇല്ലല്ലോ.അതുകൊണ്ട് ഇഷ്ടമുള്ളത് റിലാക്സ്ഡ് ആയിട്ട് പഠിയ്ക്കാം.നമുക്ക് പഠിയ്ക്കാന്‍ ഒരു പ്രായം,പിന്നെ ജോലി,കല്യാണം,കുട്ടികള്‍ ഇങ്ങനെ ഫിക്സ് ചെയ്ത് വച്ചിരിയ്ക്കുന്ന പ്ലാന്‍സ് ആണ്.എഞ്ചിനീയറിംഗ് എടുക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാവും.എന്തെങ്കിലും ചെയ്യണമെന്നെയുള്ളൂ.ഇന്ന് ഈ യൂണിവേഴ്സിറ്റിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഗവേഷണം നടത്തുന്ന ഏക ഇന്ത്യക്കാരി ഞാനാണ്.അതൊരു പോരായ്മയായിട്ടാണ് എനിയ്ക്ക് തോന്നുന്നത്.
ഗവേഷണസാദ്ധ്യതകള്‍?
നമുക്ക് ഗവേഷണത്തില്‍ എക്സ്പോഷര്‍ ഇല്ല തീരെ. നോര്‍ത്ത് ഇന്ത്യന്‍സ്സ്,എന്തിന് ചെന്നൈയില്‍ നിന്ന് പോലുമുണ്ട് ഒരുപാട് പേര്‍.നമ്മുടെ കള്‍ച്ചറല്‍ ഇഷ്യു മാത്രമല്ല.ഒരാള്‍ക്ക്ഒരു നേട്ടം ഉണ്ടായാല്‍ അത് നമ്മള്‍ മറ്റുള്ളവരിലേയ്ക്ക് ഷെയര്‍ ചെയ്യുന്നില്ല.നമുക്കൊക്കെ പറ്റുവോ എന്ന ചിന്ത മാറണം.മലയാളം മീഡിയമായിരുന്നു,നമുക്ക് കിട്ടില്ല എന്നൊക്കെയുള്ളത് അബദ്ധ ധാരണയാണ്.ഓവറോള്‍ സ്കില്‍ ആണ് ഇവിടെയൊക്കെ അഡ്മിറ്റ് ചെയ്യുന്നത്.പിന്നെ സ്വപ്‌നങ്ങള്‍ കണ്ടാല്‍ പോര.അതിനു വേണ്ടി വര്‍ക്ക് ചെയ്യണം.ശ്രമിച്ചാല്‍ നമുക്ക് ഡെവലപ്പ് ചെയ്യാന്‍ പറ്റുമല്ലോ..അതിനായി പരിശ്രമിക്കണം..എന്നെ കോണ്ടാക്റ്റ് ചെയ്താല്‍ ആവുന്ന പോലെ സഹായിയ്ക്കാന്‍ കഴിയും.ഇതേപോലെ കോണ്ടാക്റ്റ് ചെയ്ത് രണ്ടുപേര്‍ വിസ്ട്ടിംഗ് ആയിട്ട് ഇവിടെയെത്തിയവരുണ്ട്.അതാരും മലയാളികള്‍ അല്ല..നോര്‍ത്ത് ഇന്ത്യന്‍സ് ആണ്.നമ്മളെ കോണ്ടാക്റ്റ് ചെയ്യുന്നവരെ അല്ലേ ഹെല്‍പ്പ് ചെയ്യാന്‍ പറ്റൂ.സാധാരണ സാഹചര്യങ്ങളില്‍ നിന്ന് വന്ന എനിയ്ക്ക് പറ്റുമെങ്കില്‍ ആര്‍ക്കും പറ്റും എന്നാണ് എനിയ്ക്ക് പറയാനുള്ളത്.
എങ്ങിനെയാണ് കേംബ്രിഡ്ജില് എത്തുന്നത്?
ആദ്യമേ തന്നെ കേംബ്രിഡ്ജ് ഡ്രീം ചെയ്ത് പഠിച്ച ആളൊന്നുമല്ല ഞാന്‍,അക്കാഡമിക്കലി നല്ല പശ്ചാത്തലം ഉണ്ടായിരുന്നു.സ്കൂളില്‍ റാങ്ക് ഹോള്‍ഡറും സോഷ്യല്‍ സയന്‍സില്‍ ഓള്‍ ഇന്ത്യ ടോപ്പറും ഒക്കെയായിരുന്നു.കോച്ചിങ്ങിനൊന്നും പോയില്ല.പഠിച്ച് തന്നെ എന്ട്രന്‍സ് എഴുതി കിട്ടി.എന്റേത് ഒരു കണ്‍സര്‍വേറ്റീവ് ഫാമിലിയാണ്,ഞാനാണെങ്കില്‍ പണ്ടേ അണ്‍ഹെല്‍ത്തിയാണ്.ആസ്ത്മയും അലര്‍ജിയും എല്ലാമുണ്ട്.അതുകൊണ്ട് അധികം ദൂരെ പോയി പഠിയ്ക്കേണ്ട എന്നായിരുന്നു അച്ഛന്.അങ്ങനെ ഞാന്‍ കുസാറ്റില്‍ഇലക്ട്രോണിക് ആന്‍ഡ് ഇന്സ്ട്രുമെന്‍റെഷന്‍ ബ്രാഞ്ചില്‍ ചേര്‍ന്നു.ഗോള്‍ഡ് മെഡലോടെയാണ് പാസ് ആയത്.എന്നിട്ടും ഗെയ്റ്റ് എക്സാം ഒക്കെ അന്ന് ഭയങ്കരമായിട്ടാണ് തോന്നിയത്.അതെഴുതാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായില്ല.അച്ഛന് ഒരു ചെറിയ മാനുവഫാക്ച്ചറിംഗ് യൂണിറ്റുണ്ട്.അപ്പൊ പിന്നെ എം ബി എ എടുക്കാം എന്നുകരുതി ക്യാറ്റിന്റെ കോച്ചിംഗ് ചേര്‍ന്നു.അധികം താമസിയാതെ എനിയ്ക്ക് മനസ്സിലായി ഇങ്ങനെ ഇരുന്നു പഠിച്ച് ഒരേ കാര്യം ചെയ്ത് പോകുന്ന പണി നമ്മക്ക് പറ്റില്ല എന്ന്.ക്യാറ്റും ഗെയ്റ്റും രണ്ടും എനിയ്ക്ക് കിട്ടിയില്ല.എസ ആര്‍ എം യൂണിവേഴ്സിറ്റി എന്ട്രന്സില്‍ ഫാസ്റ്റ് റാങ്ക് ഉണ്ടായിരുന്നു.അങ്ങനെ അവിടെപ്പോയി എം ടെക്കിനു ചേര്‍ന്ന്.അതിനിടയില്‍ പ്രിപ്പറഷനിലും കണ്‍ഫ്യൂഷനിലുമായി എന്റെ ഒന്നര വര്‍ഷം പോയിക്കഴിഞ്ഞിരുന്നു.നമുക്ക് ഒരു പ്രോപ്പര്‍ ഗൈഡന്‍സ് ഒന്നുമുണ്ടായിരുന്നില്ല.പക്ഷെ ഇതിലും ബെറ്റര്‍ ആയത് എന്തോ ഞാന്‍ അര്‍ഹിയ്ക്കുന്നുണ്ട് എന്നൊരു ബോധ്യം പണ്ടേ മനസ്സിലുണ്ടായിരുന്നു.അതുകൊണ്ട് എന്തെങ്കിലും കിട്ടിയില്ലേലും കരയുക എന്നോന്നുമുണ്ടായിരുന്നില്ല.കീപ് ട്രയിംഗ് എന്ന്..സെക്കന്റ് ഇയറില്‍ റിസര്‍ച് ചെയ്ത് തുടങ്ങിയപ്പോഴാണ് എനിയ്ക്ക് അതില്‍ ആപ്റ്റിട്ട്യൂട് ഉണ്ടെന്നു മനസ്സിലായത്.ടീച്ചിങ്ങും ഇഷ്ടമായിരുന്നു.തൊട്ടടുത്തുള്ള ഒരു ഗവണ്മന്റ് കോളേജില്‍ യൂണിവേഴ്സിറ്റി റഫര്‍ ചെയ്ത് ഞാന്‍ ഗസ്റ്റ് ലക്ചറര്‍ ആയി പോയിത്തുടങ്ങി.ഐ ഐ ടിയില്‍ പി എച്ച് ഡി ചെയ്യാം എന്നോര്‍ത്ത് അത് അന്വേഷിച്ചപ്പോഴാണ് അവിടെ ജെനറല്‍ കാറ്റഗറിയില്‍ ഒരു സീറ്റെ ഉള്ളൂ എന്നറിഞ്ഞത്.അറുനൂറോളം പേരാണ് ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത്.രണ്ടുതവണ ഞാന്‍ ട്രൈ ചെയ്തു.റിട്ടണ്‍ ടെസ്റ്റ് പാസ് ആകും.പക്ഷെ ഫൈനലി അവര്‍ ഏതെങ്കിലും ഐ ഐ ട്യനെ തന്നെയേ എടുക്കുകയുള്ളൂ എന്ന് മനസ്സിലായി.റാങ്ക് ഒക്കെ വാങ്ങിച്ച് എം ടെക്കും പാസായിട്ടു വെറുതെ വീട്ടിലിരിയ്ക്കാന്‍ പറ്റില്ലല്ലോ.അങ്ങനെ എന്‍ ഐ ടിയില്‍ ഗസ്റ്റ് ആയി.എന്നിട്ടുംഅടുത്ത തവണ ഐ ഐ ടി ഇന്റര്‍വ്യൂനു പോയി.ആ തവണ ഐ ഐ ടി ഡല്‍ഹിയില്‍ കിട്ടി.പി എച്ച് ഡി തുടങ്ങുന്നതിനു നാലുമാസം മുന്‍പ് എല്ലാം കണ്ട് പഠിയ്ക്കാന്‍ ആദ്യം റിസര്‍ച് അസോസിയേറ്റ് ആയി ജോയിന്‍ ചെയ്യാന്‍ അറിയിപ്പ് വന്നു.പക്ഷെ അവിടെ ചെന്നപ്പോഴാണ് അവിടുത്തെ ഒരു ആറ്റിട്ട്യൂട്മനസ്സിലായത്.റിസര്‍ച്ച് അസോസിയേറ്റ് പച്ചക്കറി വരെ വാങ്ങാന്‍ പോണം.അവിടെ പി എച്ച് ഡി ചെയ്തിരുന്ന ഗായത്രി എന്ന ചേച്ചിയാണ് എന്നെ വിദേശത്തുള്ള ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ പി എച്ച് ഡി ചെയ്യാന്‍ മോട്ടിവെട്ട് ചെയ്തത്.എം ഐ ടി,കേംബ്രിഡ്ജ്,ഓക്സ്ഫോര്‍ഡ് മൂന്നിലും അപ്പ്ലൈ ചെയ്തു.എം ഐ ടി ആദ്യമേ ഡ്രോപ്പ് ചെയ്തു.അവിടെ കോഴ്സ് വളരെ ലെങ്ങ്തിയാണ്.ഓക്സ്ഫോര്‍ഡില്‍ ഇന്റര്‍വ്യൂ പോലും ഉണ്ടായിരുന്നില്ല.ഒടുവില്‍ കേംബ്രിഡ്ജില് ചേരാന്‍ തീരുമാനിച്ചു.
അച്ഛന് ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല.അധികം ബോദര്‍ ചെയ്തില്ല എന്നുള്ളതാണ് സത്യം.എനിയ്ക്ക് ഇത് കിട്ടില്ല എന്ന ആശ്വാസത്തിലായിരുന്നു അച്ഛന്‍!അമ്മയും അനുജന്‍ അര്‍ജ്ജുനും ആയിരുന്നു ഫുള്‍ സപ്പോര്‍ട്ട്.
കേംബ്രിഡ്ജിലെ ജീവിതം?
ഒരു കോടിയിലധികം രൂപ ആ സമയത്ത് സ്കോളര്‍ഷിപ്പ് കിട്ടി.കൂടാതെ ഗൂഗിളിന്‍റെ ഉള്‍പ്പെടെ ഇന്റിവിജ്വല്‍ സ്കോളര്‍ഷിപ്പുകള്‍ ഉണ്ടായിരുന്നു.പക്ഷെ അവിടെ റിസര്‍ച് എളുപ്പമായിരുന്നില്ല.പല പ്രശ്നങ്ങളും വന്നു.എന്‍റെ ആദ്യത്തെ ഗൈഡുമായി ഇടഞ്ഞു.അദ്ദേഹം മറ്റൊരു ചെറിയ യൂണിവേഴ്സിറ്റിയിലേയ്ക്ക് മാറിയപ്പോള്‍ എന്നോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു.എന്നെ സംബന്ധിച്ച് ഞാന്‍ ഈ കഷ്ടപ്പാടെല്ലാം സഹിച്ചത് കേംബ്രിഡ്ജില്‍ നില്‍ക്കാനാണ്.അത് ഞാന്‍ വളരെ മര്യാദയ്ക്ക് തന്നെ പറഞ്ഞു.പക്ഷെ അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.എന്റെ സ്കോളര്‍ഷിപ്പ് തടഞ്ഞുവച്ചു.ഇന്ത്യക്കാരിയല്ലേ,പെണ്‍കുട്ടിയല്ലേ പേടിപ്പിച്ചാല്‍ പോന്നോളും എന്നോര്‍ത്തുകാണും. വേറൊരു സൂപ്പര്‍വൈസറെ കണ്ടെത്തി.സ്കോളര്‍ഷിപ്പ് മുടങ്ങിയതോടെ എന്റെ ഫാമിലിയില്‍ ഉള്‍പ്പെടെ ഫിനാന്‍ഷ്യല്‍ക്രൈസിസ് ആയി.അലര്‍ജ്ജി കൂടി ശാരീരികമായും ഞാന്‍ അവശതയിലായി.രണ്ടാമത്തെ സൂപ്പര്‍ വൈസര്‍ക്ക് എന്നെ നിലനിര്‍ത്തുന്നത് ഒരു റിസ്ക്കായി തോന്നി.കാരണം പി എച്ച് ഡി കമ്പ്ലീറ്റ് ചെയ്തില്ലെങ്കില്‍ സൂപ്പര്‍വൈസറെ അത് അഫക്റ്റ് ചെയ്യും.അങ്ങനെ അദ്ദേഹവും പിന്മാറി. മൂന്നാമത്തെ ഗൈഡ് എന്റെ അതെ പറയാമായിരുന്നു.അതോടെ ഈഗോ ഇഷ്യൂസ് തുടങ്ങി.
ഞാന്‍ ആലോചിച്ചു.ഇതൊന്നും സംഭവിച്ചത് എന്റെ കുഴപ്പം കൊണ്ടല്ല.ബീയിംഗ് ഇന്ത്യന്‍,ബീയിംഗ് വിമന്‍ എന്നൊന്നും പറയുന്നത് എന്റെ കുറവായി എനിയ്ക്ക് തോന്നിയില്ല.എണ്ണൂറുവര്ഷത്തിന്റെ ചരിത്രമുള്ള കേംബ്രിഡ്ജില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചിട്ട് എണ്‍പത് കൊല്ലം ആകുന്നേയുള്ളൂ.ആ ഒരു ആറ്റിട്ട്യൂദ് പ്രോബ്ലം അവിടെയുണ്ട്.അതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ട് ആണ് ഞാന്‍ അവിടെ നില്‍ക്കുന്നത്.എനിയ്ക്ക് ഒന്നും അത്ര ഈസിയാവില്ല.ഞാന്‍ സി വി സഹിതം ഡയറക്ട്ടരെ കണ്ട് സംസാരിച്ചു.നമ്മുടെ ഒരു കഴിവും ആത്മവിശ്വാസവും ഒണ്ട് അവിടെ വരെയെത്തിയതും ഞാന്‍ ജസ്റ്റിസ് അര്‍ഹിയ്ക്കുന്നുണ്ട്.എന്നുമൊക്കെ വ്യക്തമാക്കി.ഇങ്ങനെ ഫിറ്റ് ചെയ്ത് നില്‍ക്കുന്നതിന്റെ ഒരു പിരിമുറുക്കം ഉണ്ടായിരുന്നു.ആ സമയത്താണ് ഫോബ്സിന്റെ ടോപ് ഫിഫ്റ്റി വുമണ്‍ ഇന്‍ എഞ്ചിനീയറിംഗ് ലിസ്റ്റ് വരുന്നത്.ലിസ്റ്റില്‍ ഞാനും ഉണ്ടായിരുന്നു.അതോടെ ചിത്രം തന്നെ മാറി.പെട്ടെന്ന് ലൈം ലിറ്റില്‍ എത്തിയപോലെയായി.
ആയിടയ്ക്കാണ് ഈ നോമിനേഷന്‍ വന്നത്.എന്ത് പ്രശ്നങ്ങളും ആ സമയം കഴിഞ്ഞാല്‍ നമ്മള്‍ മറന്നു പോകും.എന്റെ കോഴ്സിന്റെ ടൈമിംഗ് ഒത്തുവരുന്നതാണ് ഇത്.ഒരു സ്റ്റുഡന്‍റിന് കിട്ടാവുന്ന പരമാവധി സാലറി.അങ്ങനെ ഇത് ട്രൈ ചെയ്യാന്‍ തീരുമാനിച്ചു.ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു.ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ഈ പൊസിഷനില്‍ എത്തുന്നത്.ആദ്യമായിട്ടാണ് ഒരു മലയാളി കേംബ്രിഡ്ജില്‍ ഏതെങ്കിലും ഒരു പോസ്റ്റില്‍ എത്തുന്നതും!
സ്റ്റാര്‍ട്ട് അപ്പുകള്‍?
രണ്ടെണ്ണം ഉണ്ട്.ഒന്ന് ഞങ്ങള്‍ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയതാണ്,ഞാന്‍ ഏറ്റവും ഡി മോട്ടിവെറ്റഡായിരുന്ന ഒരു അവസ്ഥയില്‍ ഒരു കോഫി ടേബിളില്‍ നിന്ന് തുടങ്ങിയ ചര്‍ച്ചയാണ് പവാലി എന്ന സ്റാര്‍ അപ്പില്‍ എത്തിയത്.സാധാരണ ജനങ്ങളെ ഡിജിറ്റലി ലിറ്ററെറ്റ് ആക്കുക,അവര്‍ക്ക് അവസരങ്ങള്‍ക്കായി കമ്പനികളെ ലിങ്ക് ചെയ്യുക എന്നൊക്കെയാണ് ഉദ്ദേശിയ്ക്കുന്നത്.
രണ്ടാമത്തേത് അനുജന്‍ അര്‍ജ്ജുനുമായി ചേര്‍ന്നുള്ളതാണ്.വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍,കഴിവുകള്‍,അഭിരുചികള്‍ ഇവയൊക്കെ നിരീക്ഷിച്ച്,വിവരങ്ങള്‍ കളക്റ്റ് ചെയ്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജനസ് ഉപയോഗിച്ച് അവര്‍ക്ക് ഏത് മേഖലയിലാണ്,അല്ലെങ്കില്‍ ഏത് വിഷയത്തിലാണ് മികവു പുലര്‍ത്താന്‍ കഴിയുക എന്ന് പ്രഡിക്റ്റ് ചെയ്യുക എന്നതാണ്.എല്ലാ കുട്ടികളും ഒരുപോലെയല്ല.എല്ലാവരും എന്ട്രന്‍സ് എഴുതണോ എഞ്ചിനീയറോ ഡോക്ടറോ ആകാനോ ജനിച്ചവരല്ല.അവരുടെ മികവ് മറ്റ് മേഖലകളില്‍ ആയിരിയ്ക്കും.അതേപോലെ ഒരു സ്കൂള്‍ മാറുന്നതോടെ ആ കുട്ടിയുടെ വളര്‍ച്ചയുടെ ഒരു പശ്ചാത്തലവും അടുത്ത സ്കൂളിലെ ടീച്ചര്‍ക്ക് അറിയാന്‍ പറ്റില്ല.എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യും.അതും കൂടെ അറിഞ്ഞു വേണം ഡീല്‍ ചെയ്യാന്‍.അങ്ങനെ ഒരു കുട്ടിയുടെ കമ്പ്ലീറ്റ് വിവരങ്ങള്‍ വച്ച് അവന്‍റെ കഴിവുകള്‍,അഭിരുചികള്‍ തിരിച്ചറിഞ്ഞ് ആ മേഖലയില്‍ അവരെ മിടുക്കരാക്കുക എന്നതാണ് ലക്‌ഷ്യം.ഇപ്പോള്‍ ട്രയല്‍ റണ്ണിലാണ് കമ്പനി..
വനിതാദിന സന്ദേശം
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വഴങ്ങി സ്വപ്‌നങ്ങള്‍ ഉപേക്ഷിയ്ക്കേണ്ടി വന്ന എന്റെ അമ്മയുള്‍പ്പെടെയുള്ള സ്ത്രീകള്‍ എന്റെ മുന്നിലുണ്ട്.അതുകൊണ്ട് തന്നെ എനിയ്ക്ക് നേരത്തെ തന്നെ കുറച്ച പക്വതയുള്ള ഒരു നേച്ചര്‍ ആയിരുന്നു.ആളുകളെ മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു.ഇമോഷണലി എന്തും നേരിടാന്‍ പ്രിപ്പയഡായിരുന്നു.ഞാന്‍ എന്താകണം എന്നുള്ളതിനെക്കുറിച്ച് എനിയ്ക്ക് ഡിസിഷന്‍ ഉണ്ടായിരുന്നു.നിരാശയുടെ ഒരു സമയം ഉണ്ടായിരുന്നു.പക്ഷെ അതും കടന്നുപോകും എന്നൊരു ബോധം ഉള്ളില്‍ എവിടെയോ അണയാതെ കിടന്നു.അതില്പ്പിടിച്ചാണ് മുന്നോട്ടു പോയതും ഇവിടെയെത്തിയതും.എല്ലാത്തിനും കൂടെ എന്റെ കുടുംബമുണ്ടായിരുന്നു.പ്രത്യേകിച്ചും എന്റെ അമ്മ.ഞാന്‍ എന്ത് നേടിയാലും അത് എന്റെ അമ്മ നേടുന്നത് പോലെയാണ്.
ഇടയ്ക്ക് ഒരുകാലത്ത് ഞാന്‍ ഫെയ്സ്ബുക്ക് ക്ലോസ് ചെയ്ത് മാറി നിന്നിരുന്നു.അത് കേംബ്രിഡ്ജിലെ ഒരു കള്‍ച്ചറല്‍ ആറ്റിട്ട്യൂഡ് പ്രശ്നം കാരണമായിരുന്നു.അവിടുത്തെ ഒരു സിസ്റ്റം വച്ചിട്ടു ഗവേഷകര്‍ക്ക് ഇത്തരം സോഷ്യലി റിലെറ്റഡ് ഉണ്ടാവില്ല.ഉണ്ടാവാന്‍ പാടില്ല.അവര്‍ക്ക് ഇമോഷണല്‍ഇന്‍ററസ്റ്റുണ്ടാകാന്‍ പാടില്ല..അങ്ങനെയുള്ളവര്‍ ആസ് എ സയന്റിസ്റ്റ് വളരെ വീക്ക് ആണ് എന്നാണ് അവരുടെ കണ്ടെത്തല്‍.അവരുടെ ആ ധാരണയെ ജസ്റ്റിഫൈ ചെയ്യാന്‍,അല്ലെങ്കില്‍ അവരുടെ ഗ്രൂപ്പില്‍ കൂടാന്‍ ഞാനും കുറേക്കാലം ഇതെല്ലം മാറ്റി വച്ച് ശ്രമിച്ചിരുന്നു.പിന്നീട് എനിയ്ക്ക് തോന്നി.എന്തിന്?ആ ഗ്രൂപ്പില്‍ അവര്‍ എന്നെ പെടുത്തണം എന്ന് എനിയ്ക്കിപ്പോള്‍ നിര്‍ബന്ധങ്ങള്‍ ഇല്ല.അതില്‍ അവര്‍ക്ക് പ്രോബ്ലം ഉണ്ടെങ്കില്‍ അത് എന്റെ ഇഷ്യു അല്ല.ഞാന്‍ ഇങ്ങനെയാണ്.ഞാന്‍ എന്താണോ അങ്ങനെ നില്‍ക്കാനാണ് എനിയ്ക്ക് ഇഷ്ടം.അത് തന്നെയാണ് എനിയ്ക്ക് നല്‍കാനുള്ള സന്ദേശവും.ബി യുവര്‍ സെല്‍ഫ്!
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..