02 June Friday

മാരുതീയം കഥകളിയിലെ സ്ത്രീ സാന്നിധ്യം“

അപ്പുക്കുട്ടൻ സ്വരലയംUpdated: Tuesday Jun 5, 2018

 ല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ വാർഷികം.  കലാമണ്ഡലം രാമൻകുട്ടിനായർ കളിയരങ്ങത്ത് അനശ്വര മാക്കിയ വെള്ളത്താടി വേഷങ്ങൾ വേദിയിൽ. കല്ല്യാണ സൗഗന്ധികം, ലവണാസുരവധം, തോരണ യുദ്ധം, പട്ടാഭിഷേകം തുടങ്ങിയ കഥകൾ. ഭീമനായും ലവണാസുരനായും രാമനായും സീതയായും എല്ലാം തിളങ്ങിയത് സ്ത്രീകൾ. ഇക്കഴിഞ്ഞ മെയ് 10 മുതൽ 13 വരെ കഥകളി യിലെ ചിട്ടപ്രധാനമായ കഥകൾ സ്ത്രീകളെക്കൊണ്ട് മനോഹരമായി അവതരിപ്പിച്ച്് ചരിത്രം മാറ്റി എഴുതി 'മാരുതീയ'ത്തിലൂടെ.

കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ വാർഷികവും കലാമണ്ഡലംരാമൻകുട്ടിനായർ അനുസ്മരണവുമായിരുന്നു ചടങ്ങ്. പ്രഗൽഭരായ ഗുരുനാഥന്മാർ കല്ലേക്കുളങ്ങര ഏമൂർ ഭഗവതിക്ഷേത്രത്തിൽ നാലു കഥകൾ ചൊല്ലിയാടിച്ചു. മെയ് 13 ന് വേഷത്തോടെ ചെമ്പൈ സംഗീത കോളേളിൽ അവതരണവും നടത്തി. ഈ വനിതാ കലാകാരികളുടെ കളരി കലാമണ്ഡലം വൈസ് ചാൻസലർ  ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കലാമണ്ഡലം വിജയൻ ആശാൻ, കോട്ടക്കൽ നന്ദകുമാരൻ നായർ, എന്നീ വിശിഷ്ട വ്യക്തികളും സംബന്ധിച്ചു. ആദ്യ ദിവസം കല്ല്യാണ സൗഗന്ധികം കഥയാണ് ചൊല്ലിയാടിയത്. കോട്ടയത്ത് തമ്പുരാന്റെ പ്രസിദ്ധമായ ഈ ആട്ടക്കഥ കഥകളിയുടെ സങ്കേത ഭദ്രതകൊണ്ടും സാഹിത്യം കൊണ്ടും സംഗീതം കൊണ്ടും പ്രസിദ്ധമാണ്. "പാഞ്ചാലരാജതനയേഎന്ന പ്രസിദ്ധമായ ഭീമന്റെ പദത്തോടെയാണ് ചൊല്ലിയാട്ടം ആരംഭിച്ചത്.  നർമ്മദാവാസുദേവൻ ഭീമൻ ആയും ലയാമുരളി പാഞ്ചാലിയായും മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ഹനുമാനായ ശരണ്യാദേവദാസ് വെള്ളത്താടി വേഷം തന്റെ കൈകളിൽ ഭദ്രമാണ് എന്ന് തെളിയിക്കുകയായിരുന്നു. കളരിഗുരുവായ  കലാമണ്ഡലം വിജയൻആശാൻ ചെറിയ കോട്ടങ്ങൾ നികത്തിയതും അവതരണ വിജയത്തിന് പ്രചോദനമായി.

രണ്ടാം ദിവസം കലാമണ്ഡലം വാസുപിഷാരോടി ആശാന്റെ നേതൃത്വത്തിലാണ് ലവണാസുരവധം കഥ ചൊല്ലിയാടിയത്. സീതയായി സുജീസുരേഷും കുശനായി നന്ദനാ തെക്കുമ്പാടും ലവനായി നന്ദിതാകൃഷ്ണയും ഹനുമാനായി ഹർഷാസുരേന്ദ്രനും. വനിതകൾക്ക് ലവണാസുരവധം കഥ പുരുഷന്മാരെ പോലെ തന്നെ നിഷ്പ്രയാസം കൈകാര്യം ചെയ്യാമെന്ന് തെളിയിച്ചു. മൂന്നാം ദിവസം രാമൻകുട്ടിനായരുടെ ഏറ്റവും പ്രസിദ്ധമായ വെള്ളത്താടി വേഷം തോരണയുദ്ധം കഥയിലെ ഹനുമാന്റെ ചൊല്ലിയാട്ടമായിരുന്നു. പ്രസിദ്ധ കഥകളി നടൻ കലാമണ്ഡലം ബാല സുബ്രഹ്മണ്യനാണ് ചൊല്ലിയാടിച്ചത്. സമുദ്രവർണ്ണന മുതൽ ലങ്കാലക്ഷ്മി വരെയുള്ള ഹനുമാന്റെ ആട്ടങ്ങൾ ആര്യ മനോഹരമായി ചൊല്ലിയാടി. ബാലസുബ്രഹ്മണ്യന്റെ രംഗപരിചയവും ചൊല്ലിയാട്ട നിറവും ആര്യയുടെ അവതരണത്തെ കുറ്റമറ്റതാക്കി. ലങ്കാലക്ഷ്മിയായി ഗോപികാരമേഷും ലങ്കാശ്രീയായി ശ്രീലക്ഷ്മിയും രാവണനായി രഞ്ജിനിസുരേഷും പ്രഹസകനായി  സീനാഗിരീഷും സീതയായി ചാന്ദ്നിവിനോദും കളരിയിൽ അതിശയിപ്പിക്കുന്ന മെയ്വഴക്കമാണ് പ്രകടിപ്പിച്ചത്. തുടർന്ന് ശ്രീരാമ പട്ടാഭിഷേകമാണ് ചൊല്ലിയാടിയത്. സ്ത്രീകളുടെ സാന്നിദ്ധ്യം കൊണ്ട് പട്ടാഭിഷേകം ഉയർന്ന ചൊല്ലിയാട്ട മികവ് പുലർത്തി. ഈ മൂന്ന് ദിവസങ്ങളിലും കളരി നിരീക്ഷകരായ കോട്ടക്കൽ നന്ദകുമാരൻ നായർ, പി എം നാരായണൻ നമ്പൂതിരി, ശശി പുത്തൂർ എന്നിവരുടെ ആസ്വാദക പക്ഷത്തുനിന്നുളള ഇടപെടലുകൾ അവതരണത്തെ കൂടുതൽ മികവുറ്റതാക്കി.

കല്ലേക്കുളങ്ങര കഥകളി ഗ്രാമം രൂപപ്പെടുന്നത് 2006 ൽ ആണ്. കലാമണ്ഡലം വെങ്കിട്ടരാമൻ മാനേജിംഗ•് ട്രസ്റ്റിയായ കഥകളിഗ്രാമം എന്നും പ്രോൽസാഹനം നൽകിയിരിക്കുന്നത് വനിതാ കലാകാരികൾക്കാണ്. വെങ്കിട്ട രാമന്റെ അഭിപ്രായത്തിൽ വനിതകൾ കഥകളിയിലെ പദങ്ങളും മുദ്രകളും ചുവടുകളും വളരെ പെട്ടെന്ന് സ്വായത്തമാക്കുന്നു. മെയ്വഴക്കം സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ആയതിനാൽ കഥകളിക്ക് വേണ്ട ശരീരവടിവ് എളുപ്പത്തിൽ ലഭിക്കുന്നു. ചെമ്പൈ സംഗീത കോളേജിൽ കലാമണ്ഡലം മോഹനകൃഷ്ണനും കോട്ടക്കൽ മധുവും സംഘവും സംഗീതത്തെ അവിസ്മരണീയമാക്കി. സദനം രാമകൃഷ്ണനും സംഘവും ചെണ്ടയും, സദനം ദേവദാസും സംഘവും മദ്ദളവും കലാമണ്ഡലം ശിവരാമനും സംഘവും ചുട്ടിയും അപ്പുണ്ണിത്തരകനും സംഘവും അണിയറയും ഭംഗിയായി തന്നെ നിർവഹിച്ചു.

കാലം കഥകളിക്ക് കൽപ്പിച് നൽകിയത് പുരുഷ കലാകാരന്മാരെയാണ്. ശരീരത്തിന്റെ ഊർജവും ശക്തിയും ധാരാളം വേണ്ടുന്ന കലാരൂപമാണ് കഥകളി. മെയ് വഴക്കം ഉണ്ടാക്കിയെടുക്കുന്നത് നിരന്തര ശരീര സാധനകളിൽ കൂടിയാണ്. മാത്രമല്ല രംഗത്തെ താളത്തിനൊത്ത് ശരീരത്തെ വിന്യസിപ്പിക്കുന്നതിനും സങ്കേതഭദ്രമായ ചലനങ്ങളെ മനോഹരമാക്കുന്നതിനും വടിവൊത്ത ശരീരം എണ്ണതേച്ച് ഉഴിഞെടുക്കുന്നത് കഥകളി എന്ന കലാരൂപത്തിന് അനിവാര്യമാണ്. ഇവിടെയാണ് ഈ കലാരൂപം പുരുഷനിൽ അധിഷ്ടിതമാക്കപ്പെട്ടത്.
ചരിത്ര സംസ്കൃതിയുടെ വ്യാകരണം പൊളിച്ചെഴുതുകയാണ് കല്ലേക്കുളങ്കര കഥകളിഗ്രാമം ചെയ്തത്. ക്ഷേത്ര ശുദ്ധിയും വഴക്കവും കഥകളിക്ക് അത്യാവശ്യമാണ്.  ഇത് സ്ത്രീകളിൽ ഭദ്രമാണ് എന്ന് തെളിയിക്കപ്പെടുകയായിരുന്നു. കാലത്തിന്റെ മഹാ പ്രവാഹത്തിൽ എല്ലാം മാറ്റപ്പെടുന്നത് സ്വാഭാവികം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top