17 October Thursday

കാൽപനികതയും കരുത്തും.... കൽപനാ ലാജ്‌മി

ആർദ്രUpdated: Tuesday Sep 25, 2018

കൂലിക്ക്‌ കരയാൻ വിധിക്കപ്പെട്ട ഭിക്ക്‌നിയും തുടർച്ചയായ ദുരന്തങ്ങളിൽ ഒരിറ്റു കണ്ണീർ പൊഴിക്കാനാകാത്ത  ഷാനിചാരിയുമാണ്‌ കൽപനാ ലാജ്‌മിയുടെ പ്രകൃഷ്ട ചലച്ചിത്രം രുദാലി(കരയാൻ വാടകക്കെടുത്ത സ്‌ത്രീ)യിലെ മുഖ്യകഥാപാത്രങ്ങൾ. ലോകത്തെവിടെയുമുള്ള അടിയാള സ്‌ത്രീത്വത്തിന്റെ പ്രതീകമാകുന്നു അവർ. ചിത്രത്തിനൊടുവിൽ ഭിക്ക്‌നിയുടെ മകളാണെന്ന വെളിപ്പെടുത്തലിൽ ഷാനിചാരി ‘കരച്ചിൽ തൊഴിലിൽ’ പിൻഗാമിയാകുന്നതോടെ ചിത്രം പൂർത്തിയാകുന്നു.

64 ‐ാം വയസിൽ അർബുദത്തിന്‌ കീഴടങ്ങി ലോകത്തോട്‌ യാത്ര പറയുമ്പോൾ കൽപനാ ലാജ്‌മി ബാക്കിവച്ചത്‌ വിരലിലെണ്ണാവുന്ന ചലച്ചിത്രങ്ങൾ മാത്രം. എന്നാൽ ഇന്ത്യൻ ചലച്ചിത്രരംഗത്തെ എണ്ണപ്പെട്ട സംവിധായികയായി പരിഗണിക്കപ്പെടാൻ രുദാലി ഒന്നുമാത്രം മതി.
ചലച്ചിത്ര പ്രതിഭകളായ ഗുരുദത്തിന്റെയും ശ്യാം ബനഗലിന്റെയും കുടുംബത്തിൽനിന്നുവന്ന (ഗുരുദത്തിന്റെ മരുമകളായ കൽപ്പനയുടെ അമ്മയുടെ ബന്ധുവാണ്‌ ശ്യാം ബനഗൽ) കൽപ്പനാ ലാജ്‌മി ശ്യാം ബനഗലിന്റെ സഹായിയായാണ്‌ ചലച്ചിത്രരംഗത്ത്‌ പ്രവർത്തിച്ചുതുടങ്ങിയത്‌. മൈത്രേയി ദേവിയുടെ കഥയെ ആസ്‌പദമാക്കി രൂപപ്പെടുത്തിയ ഏക്‌പാൽ (1986) ആദ്യ സ്വതന്ത്ര സംരംഭം. ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം ശബ്‌ന ആസ്‌മിക്ക്‌ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ നേടിക്കൊടുത്തു.

പ്രശസ്‌ത എഴുത്തുകാരി മഹാശ്വേതാദേവിയുടെ കഥയെ ആസ്‌പദമാക്കി 1993ൽ നിർമിച്ച രുദാലി വ്യവസ്ഥിതിയാൽ വ്രണിതമാക്കപ്പെട്ട സ്‌ത്രീത്വത്തിന്റെ നേരടയാളമായി. ഷാനിചാരിയുടെ വേഷത്തിൽ തിളങ്ങിയ ഡിംപിൾ കപാഡിയ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരത്തിന്‌ അർഹയാവുകയും ചെയ്‌തു.ട്രാൻസ്‌ജെൻഡറായ ഇമ്മ ിയുടെയും അമ്മ സീനത്തിന്റെയും അതിജീവനത്തിന്റെ കഥ ചലച്ചിത്ര പശ്‌ചാത്തലത്തിൽ പറയുന്ന ധർമ്മിയാൻ(1997), പ്രമേയത്തിന്റെയും പരിചരണത്തിന്റെയും വ്യത്യസ്‌തതയാൽ ശ്രദ്ധിക്കപ്പെട്ടു. താരങ്ങളായ രവീണാ ഠണ്ടൻ അഭിനയിച്ച ദമൻ(2001), സുസ്‌മിതസെൻ അഭിനയിച്ച ചിങ്കാരി(2006) എന്നിവയാണ്‌ ലാജ്‌മിയുടെ മറ്റു ചിത്രങ്ങൾ.

ഗുരുദത്തും ശ്യാം ബനഗലും ഗുരുസ്ഥാനീയരായിരുന്നുവെങ്കിലും ലാജ്‌മിയുടെ മാർഗദർശിയും സഹായിയും അവരുടെ ദീർഘകാല പങ്കാളിയായിരുന്ന സംഗീതജ്ഞനും സംവിധായകനുമായ ഭൂപൻ ഹസാരികയായിരുന്നു.  രുദാലിയിൽ ഭൂപൻ ഹസാരിക സംഗീതം നിർവഹിച്ച ഗാനങ്ങൾ ഇന്നും ജനപ്രിയമായി തുടരുന്നു. ഹസാരികയെക്കുറിച്ച്‌ കൽപ്പന എഴുതിയ ‘ഞാനറിയുന്ന ഭൂപൻ ഹസാരിക’ (ആവൌുലി ഒമ്വലൃശസമ‐അ ക ഗിലം വശാ) എന്ന പുസ്‌തകം അവർ രോഗക്കിടക്കയിലായിരിക്കെയാണ്‌ പ്രസിദ്ധീകരിച്ചത്‌.

ചലച്ചിത്രരംഗത്തെന്നപോലെ ടെലിവിഷനിലും വ്യക്തിമുദ്ര പതിപ്പിച്ച കൽപ്പന വടക്കുകിഴക്കൻ മേഖലയിലെ പ്രസിദ്ധ ചെറുകഥകളെ ആസ്‌പദമാക്കി നിർമ്മിച്ച ‘ലോഹിത്‌ കിനാരെ’ (ഘീവശ ഗശിമൃല) എന്ന പരന്പര ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമാന്തരസിനിമ പ്രബലമായിരുന്ന കാലഘട്ടത്തിൽ രംഗപ്രവേശം ചെയ്‌ത കൽപ്പന അതിന്റെ ശക്തയായ വക്താവായിരുന്നു. ലിംഗനീതിയുടെയും പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തിന്റെയും അനിവാര്യത ദൃശ്യപ്രമേയങ്ങളിലൂടെ പ്രേക്ഷകർക്ക്‌ പകരുമ്പോഴും അതിനു വിശാലമായ മാനവികതയുടെ ചാരുതയുണ്ടായിരുന്നു.

ഹസാരികയുമായുള്ള പ്രണയമടക്കം കാൽപ്പനികമായിരുന്നു കൽപ്പനയുടെ ജീവിതം. കാൽപ്പനികതയും കരുത്തും ചേർന്നതായിരുന്നു അവരുടെ ചലച്ചിത്രങ്ങൾ. അത്തരം സംയോഗങ്ങൾ അപൂർവ്വം.


പ്രധാന വാർത്തകൾ
 Top