പഞ്ചവാദ്യത്തിൽ പ്രധാന വാദ്യങ്ങളിലൊന്നായ തിമിലയിൽ മൂന്ന് പെൺകുട്ടികൾ അരങ്ങേറ്റം നടത്തിയത് അപൂർവതയായി. ചെണ്ടയിലും ഇടയ്‌ക്കയിലും മറ്റും പെൺകുട്ടികൾ ധാരാളം കൊട്ടിക്കയറിയിട്ടുണ്ടെങ്കിലും തിമിലയിൽ ബിരുദാനന്തരബിരുദ വിദ്യാർഥികൾ തിളങ്ങുന്നത് പ്രാധാന്യമുള്ളതാണ്.
കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ ചരിത്രത്തിലാദ്യമായാണ് തിമില അരങ്ങേറ്റം നടന്നത്. ബിരുദാനന്തര ബിരുദ തലത്തിൽ രണ്ടാം സെമസ്റ്ററിലെ പേപ്പറായ ഓപ്പൺ കോഴ്‌സിന്റെ ഭാഗമായാണ് കർണാടക സംഗീതം ഐച്ഛിക വിഷയമായി പഠിക്കുന്ന വിദ്യാർഥികൾ അരങ്ങേറ്റം നടത്തിയത്.
മഹാകവി വള്ളത്തോൾ അന്ത്യവിശ്രമംകൊള്ളുന്ന വള്ളത്തോൾ സമാധി നിള ക്യാമ്പസിലാണ് എം എ ശ്രീദേവി, പി ജെ ദേവിക, പി വി ശ്രുതിമോൾ എന്നിവർ തിമിലയിൽ അരങ്ങേറുന്ന പഞ്ചവാദ്യത്തിൽ കണ്ണികളായത്. മുക്കാൽമണിക്കൂറോളം നീണ്ട നാദവിസ്മയത്തിൽ പെൺകുട്ടികളുടെ കൂടെ ചെണ്ടവിദ്യാർഥികളായ അഭിജിത്, അഭികൃഷ്ണ എന്നിവരും അരങ്ങേറ്റം കുറിച്ചു. എംഎ റെഗുലർ വിദ്യാർഥികൾ ഇലത്താളവും മദ്ദളവും പഞ്ചവാദ്യവും കൊഴുപ്പിച്ചു.
ചുരുങ്ങിയ നാളുകൾകൊണ്ടാണ് ഈ യുവ കലാകാരികൾ തിമിലയിൽ പ്രാവീണ്യം നേടിയതെന്ന് ഗുരുവായ കരിയന്നൂർ നാരായണൻ നമ്പൂതിരി പറഞ്ഞു. തുടർച്ചയായി ക്ലാസിൽ എത്താൻ പാഠ്യവിഷയങ്ങളുടെ ബാഹുല്യംമൂലം കഴിഞ്ഞില്ലെങ്കിലും ശിഷ്യകൾ പെട്ടെന്നുതന്നെ ഗ്രഹിച്ചെടുത്തെന്ന് നിള ക്യാമ്പസ് ഡയറക്ടർ രചിത രവിയും പറഞ്ഞു.
ശ്രീദേവി നമ്പീശൻ തിരുവില്വാമല സ്വദേശിയും ദേവിക തൃശൂർ തിരൂർ സ്വദേശിയും ശ്രുതി ചെർപ്പുളശേരി സ്വദേശിയുമാണ്. ദേവിക വിവാഹിതയാണ്.

എം എ ശ്രീദേവി, പി ജെ ദേവിക, പി വി ശ്രുതിമോൾ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..