ഭൂഗോളം മുഴുവൻ ഭീതിയോടെ കറങ്ങുമ്പോഴും ഈ പേര് ഇനി മറക്കാനാവില്ല. ജെന്നിഫർ ഹാലർ, ഇതു വരെ ലോകത്തിന് അവളെ പരിചയമില്ലായിരുന്നു. ഇന്നവൾ ഒരു ലോകത്തിന് തന്നെ പ്രതീക്ഷയുടെ നാളമാണ്. ആ പ്രതീക്ഷ വിജയിച്ചാൽ ലോകത്തെ ഇരുട്ടിലാഴ്ത്തിയ മഹാമാരിയെ തുരത്താം. കോവിഡിനെ തുരത്താൻ വാക്സിൻ പരീക്ഷണത്തിന് സ്വന്തം ശരീരം നൽകിയ ഉദാത്ത മാതൃകയാണ് ഇന്ന് ജെന്നിഫർ ഹാലർ. പ്രായം 43. രണ്ട് കുട്ടികളുടെ അമ്മ.
ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത കോവിഡ് 19 ലോകത്തെ തന്നെ വിറപ്പിക്കുമ്പോഴാണ് ഈ ആശ്വാസ വാർത്ത. അമേരിക്കയിൽ പുതിയ വാക്സിൻ പണിപ്പുരയിൽ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടു നൽകിയവരിൽ ഒരാളാണ് ജെന്നിഫർ. ആദ്യത്തെ സ്ത്രീയും.
യുഎസിലെ ഒരു ടെക് കമ്പനിയിയിലെ ഓപ്പറേഷൻസ് മാനേജരാണ് ജെന്നിഫർ. എല്ലാവരെപ്പൊലെയും കൊറോണയെ ഭയപ്പെട്ടവൾ. ചുറ്റിലും മനുഷ്യർ മരിച്ചുവീഴുന്നത് ഇല്ലാതാക്കുക എന്നത് മാത്രമായി അവരുടെ ചിന്ത മാറാൻ നാളുകൾ വേണ്ടിവന്നില്ല. മഹാമാരിയെ പ്രതിരോധിക്കാനുള്ള മരുന്ന് പരീക്ഷണത്തിന് സ്വമേധയാ മുന്നിട്ടിറങ്ങി–- ജീവിതത്തിന്റെ പകുതി ഇനിയും ബാക്കിയുണ്ടായിട്ടും.
‘എല്ലാവരും വളരെ നിസ്സഹായതയിലാണിപ്പോൾ. അവർക്കായി എനിക്കെന്തെങ്കിലും ചെയ്യണമെന്നു തോന്നി’ –- വാക്സിൻ പരീക്ഷിക്കാൻ സ്വന്തം ശരീരം വിട്ടു നൽകാൻ തുനിഞ്ഞപ്പോൾ ജെന്നിഫർ പറഞ്ഞ വാക്കുകളാണിത്.വാക്സിൻ സുരക്ഷിതമാണെന്ന് ഡോക്ടർ ഉറപ്പ് നൽകിയിട്ടില്ല. ഇത് അറിഞ്ഞുകൊണ്ടാണ് പരീക്ഷണത്തിന് തയ്യാറായത്. വാക്സിന്റെ ഉയർന്ന ഡോസാണ് നൽകിയിരിക്കുന്നത്. 14 മാസത്തേക്ക് ഇവർ നിരീക്ഷണത്തിലായിരിക്കും. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സഹായത്തോടെയാണ് മരുന്ന് നിർമാണം. മോഡേണയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ആണ് ഗവേഷണം നടത്തുന്നത്.
സോഷ്യൽ മീഡിയയിലടക്കം താരമാണിന്നവർ. ഡോക്ടർ വാക്സിൻ കുത്തിവെക്കുന്ന ചിത്രം നിമിഷ നേരംകൊണ്ട് ഒരുപാട് ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടി. ഒരുപാടു പേർ അവരെ അഭിനന്ദിച്ച് രംഗത്തെത്തി.പരീക്ഷണത്തിലെ അപകട സാധ്യതയെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ചെറു പുഞ്ചിരിയായിരുന്നു അവർ മറുപടി നൽകി–-‘ തികഞ്ഞ ആത്മ വിശ്വാസമുണ്ട്. ഒപ്പം ആവേശവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..