12 September Thursday

അഴകാര്‍ന്ന വിജയഗാഥ

ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Friday Nov 3, 2017

തിരിഞ്ഞുനോക്കുമ്പോള്‍ സങ്കടപ്പെടാന്‍ ഏറെയുണ്ട് ജസീനയ്ക്ക്. അവഹേളനങ്ങള്‍ ഒരുപാട് സഹിച്ചിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്... ഓര്‍മകള്‍ കണ്ണ് നിറച്ചാലും മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തുനല്‍കിയ വലിയ പാഠങ്ങളായിരുന്നു എന്ന് ഇപ്പോള്‍ ഈ കലാകാരി തിരിച്ചറിയുന്നു. ജസീന കടവില്‍ എന്ന മേക്കപ്പ് ആര്‍ടിസ്റ്റ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ രാപ്പകലുകളുണ്ട്.
 
മുസ്ലിം കുടുംബത്തില്‍ ജനിച്ച് ഇതരമതക്കാരനെ വിവാഹം കഴിച്ചതോടെ പിറന്ന വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടിവന്നു. അസ്വാരസ്യം നിറഞ്ഞ കുടുംബജീവിതവും ഏറെ മുന്നോട്ടുപോയില്ല. എല്ലാ സമ്പന്നതയും അനുഭവിച്ച് പുറത്തിറങ്ങേണ്ടി വന്നപ്പോള്‍ ജീവിതം വലിയ ചോദ്യചിഹ്നമായി മുന്നില്‍നിന്നു... എന്നാല്‍  പോരാടാന്‍ തന്നെയായിരുന്നു ജസീനയുടെ തീരുമാനം. ഒടുവില്‍ ദൃശ്യം, 1983, റിങ്മാസ്റ്റര്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, മെമ്മറീസ്, ഇടുക്കിഗോള്‍ഡ്, ലൈഫ് ഓഫ് ജോസൂട്ടി, വര്‍ഷം....തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ മേക്കപ് ആര്‍ടിസ്റ്റായും ഹെയര്‍ സ്‌റ്റൈലിസ്റ്റായും പ്രവര്‍ത്തിച്ച്  സ്വന്തം മേല്‍വിലാസം ഉണ്ടാക്കാന്‍ ജസീനയ്ക്ക് കഴിഞ്ഞു.  വ്യത്യസ്തമായ ശൈലിയിലൂടെ ബ്രൈഡല്‍ മേക്കപ്പ് രംഗത്തും കേരളം അറിയപ്പെടുന്ന കലാകാരിയാണ് ഇന്ന് ജസീന... വര്‍ഷം, ലൈഫ് ഓഫ് ജോസൂട്ടി, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍.... തുടങ്ങിയ ചിത്രങ്ങളിലും ഏതാനും ഷോര്‍ട്ഫിലിമുകളിലും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പിന്നിട്ട വഴികളെ കുറിച്ച് ജസീന സംസാരിക്കുന്നു...

 മജീദ്ക്കയും മേക്കപ്പും


അകന്ന ബന്ധുവായ മജീദ്ക്കയാണ് ഞാന്‍ ഈ മേഖലയില്‍ എത്താന്‍ കാരണം. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് മേക്കപ്പ് മെറ്റീരിയല്‍ ഷോപ്പ് തുടങ്ങാന്‍ ആലോചിച്ചിരുന്നു. അതിന്റെ ഭാഗമായി പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റായ പട്ടണം റഷീദിന്റെ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചേര്‍ന്നുപഠിച്ചു. ആറുമാസത്തെ കോഴ്‌സായിരുന്നു. കോഴ്‌സ് കഴിഞ്ഞ് ഞാന്‍ വരുമ്പോഴേക്കും മജീദ്ക്ക മരിച്ചുപോയി. അതോടെ വല്ലാത്ത നിരാശയായി മനസില്‍. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് കൂടെ സ്‌കൂളില്‍ പഠിച്ച രാജീവ് അങ്കമാലി എന്ന മേക്കപ്പ് ആര്‍ടിസ്റ്റ് ഫെഫ്ക്കയില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റായി കാര്‍ഡ് എടുക്കുന്നത്. പിന്നീട് ജീന എന്ന മേക്കപ്പ് ആര്‍ടിസ്റ്റിന്റെ അസിസ്റ്റന്റായി ഒന്നര വര്‍ഷം. ചെന്നൈയില്‍ പോയി നടന്‍ അജിത്തിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ബാലയുടെ കീഴില്‍ കുറച്ചുകാലം നിന്ന് പഠിക്കാനും കഴിഞ്ഞു. അങ്ങിനെ കൊച്ചിയില്‍ നടന്ന കേരള ഫാഷന്‍ ലീഗ് ഷോയുടെ ഒഫീഷ്യല്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ആയി. മലയാളത്തിലെ പ്രമുഖ മാഗസിനുകളുടെ കവര്‍ ചിത്രങ്ങള്‍ക്കായി നിരവധി മോഡലുകളെ മേക്കപ്പ് ചെയ്തു. യാത്രക്കിടെ പരസ്യ ഫ്‌ളക്‌സ് ബോര്‍ഡുകളിലൊക്കെ  ഞാന്‍ ചെയ്ത വര്‍ക്ക് കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.  പ്രശസ്തരായ സംവിധായകരുടെ സിനിമകളിലും ജോലി ചെയ്യാനായി. ഒരു ഫാഷന്‍ മാഗസിനുവേണ്ടി നടന്‍ അരിസ്‌റ്റോ സുരേഷിനെ മേക്ക് ഓവര്‍ ചെയ്തത് സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ ഈ രംഗത്ത് എന്നെയും ശ്രദ്ധിച്ചു തുടങ്ങി. ഇപ്പോള്‍ കൊച്ചി കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍ 'ജസീന കടവില്‍' എന്ന പേരില്‍ മേക്കപ് സ്റ്റുഡിയോ നടത്തുന്നുണ്ട്.

മേക്ക്അപ്പ് (ഉയര്‍ത്തുക)
 
മേക്കപ്പിനെ കുറിച്ച് വലിയ തെറ്റിദ്ധാരണ സമ്മുടെ സമൂഹത്തിലുണ്ട്. പലരുടേയും ധാരണ വെളുപ്പിക്കാനാണ് മേക്കപ്പ് ചെയ്യുന്നത് എന്നാണ്. അതുപോലെ വലിയ പൈസക്കാര്‍ മാത്രം ചെയ്യുന്ന ഒന്നാണ് എന്നും.  അത് തെറ്റാണ്. എല്ലാ മനുഷ്യര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ട്. കണ്ണ്, മൂക്ക്, ചുണ്ട്, കവിള്‍... ഇങ്ങനെ പലതിലുമായിരിക്കും ഓരോരുത്തരുടേയും സൗന്ദര്യം. അതുകണ്ടെത്തി ഹൈലൈറ്റ് ചെയ്യുക ഒപ്പം ഒരാളുടെ വ്യക്തിത്വത്തെ ഉയര്‍ത്തികാണിക്കുന്നതിനുള്ള ആത്മവിശ്വാസം അയാള്‍ക്ക് നല്‍കുക. ഇതാണ് മേക്കപ്പിനെ കുറിച്ചുള്ള എന്റെ സങ്കല്‍പം. മേക്ക്അപ്പ് (നിര്‍മ്മിക്കുകഉയര്‍ത്തുക) എന്ന വാക്കില്‍ തന്നെയുണ്ട്  അതിന്റെ ആഴത്തിലുള്ള അര്‍ഥം.


ബ്രൈഡല്‍ സെലിബ്രിറ്റി മേക്കപ്പ്

ബ്രൈഡല്‍ മേക്കപ്പും സെലിബ്രിറ്റി മേക്കപ്പും രണ്ടു തരത്തില്‍ സന്തോഷം തരുന്നവയാണ്. സെലിബ്രിറ്റി മേക്കപ്പ് കണ്ടാല്‍ പ്രശസ്തരായ പലരും, പ്രത്യേകിച്ച് സിനിമയിലുള്ളവര്‍  വിളിച്ച് നല്ലതു പറയാറുണ്ട്. അത് വലിയ ആത്മവിശ്വാസമാണ് തരാറുള്ളത്. 100ല്‍ കൂടുതല്‍ ബ്രൈഡല്‍ മേക്കപ്പ് ഇതിനകം ചെയ്തു. സാധാരണ കുടുംബങ്ങളില്‍ പലപ്പോഴും  പെണ്‍കുട്ടി ആദ്യമായി മേക്കപ്പ് ചെയ്യുന്നത് വിവാഹ സമയത്തായിരിക്കും. അതുവരെയുള്ള അവരുടെ ലുക്ക് മാറുന്നത് കണ്ണാടിയില്‍ കാണുമ്പോള്‍ അവരുടെ ചുണ്ടില്‍ വിരിയുന്ന സന്തോഷം വല്ലാത്ത അനുഭവമാണ്. പാവപ്പെട്ട കുടുംബങ്ങളിലൊക്കെ വിവാഹത്തിനു മേക്കപ്പ് ചെയ്യാന്‍ പോകുമ്പോള്‍ പണമൊന്നും നോക്കാറില്ല. ഓരോ വധുവിനേയും പഠിച്ച ശേഷമാണ് അവരുടെ മേക്കപ്പ് എങ്ങിനെയായിരിക്കണം എന്ന് പ്ലാന്‍ ചെയ്യാറ്.


 ലെറ്റ്‌സ് ഡൂ മേക്ക് ഓവര്‍...
മേക്കപ്പ് എന്ന കലയുടെ സാധ്യത ഏറെ വലുതാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ക്ക് കടന്നു വരാവുന്ന മേഖല. സാധാരണക്കാരിലേക്ക് മേക്കപ്പിനെ കുറിച്ചുള്ള ധാരണ എത്തിക്കുന്നതിനായി 'ലെറ്റ്‌സ് ഡൂ മേക്ക് ഓവര്‍ ആന്‍ഡ് ലവ് യുവര്‍സെല്‍ഫ്' എന്ന സംരംഭത്തിന് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുണ്ട്. സാധാരണ വീട്ടമ്മമാര്‍, പെണ്‍കുട്ടികള്‍, പുരുഷന്മാര്‍  എന്നിവരെയൊക്കെ മേക്കപ്പ് മേക്കോവര്‍ ചെയ്യുന്നതാണ് ഇത്.  സിനിമാ നടീനടന്മാര്‍ക്കും മറ്റ് സെലിബ്രിറ്റീസിനും മാത്രമല്ല ആര്‍ക്കും മേക്കോവറും മേക്കപ്പും ചെയ്യാം എന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കറുത്തിട്ടാണ്, കാണാന്‍ കൊള്ളില്ല... തുടങ്ങിയ കാരണങ്ങള്‍കൊണ്ട് അപകര്‍ഷത അനുഭവിക്കുന്നവര്‍ക്ക് ഈ ശ്രമംകൊണ്ട് ഒരു പരിധിവരെ അത്തരം ചിന്തകളൊക്കെ മാറിക്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇതിന് നല്ല പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്. ആദ്യം കുറച്ചുപേര്‍ക്ക് സൗജന്യമായി ചെയ്തുകൊടുക്കാനാണ് തീരുമാനം.


സിനിമയിലെ  പുരുഷാധിപത്യം

സിനിമയിലെ എല്ലാ മേഖലയിലും പുരുഷാധിപത്യം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഒരു സിനിമയുടെ മേക്കപ്പ് പൂര്‍ണമായും സ്ത്രീയെക്കൊണ്ട് ചെയ്യിച്ച് ടൈറ്റിലില്‍ പേര് നല്‍കാനൊന്നും ഇപ്പോഴും ഇവിടെ ആരും തയ്യാറല്ല. കോസ്റ്റിയൂം രംഗത്ത്‌പോലും ഒരുപാടു കാലത്തെ പരിശ്രമങ്ങള്‍കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. സാംസ്‌കാരികമായി ഏറെ മുന്നില്‍ എന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ സിനിമയില്‍ വനിതാ മേക്കപ്പ് ആര്‍ടിസ്റ്റുകള്‍ക്ക് അവസരം നല്‍കുന്നില്ല  എന്നത് അപമാനകരമാണ്.


ഒറ്റയാള്‍ പോരാട്ടം

17വര്‍ഷമായി ഒറ്റയ്ക്കുള്ള പോരാട്ടമാണ് എന്റേത്. വിവാഹത്തോടെ വീടുമായുള്ള എല്ലാ ബന്ധവും ഇല്ലാതായി. ഏക മകന്‍ ചെന്നൈയില്‍ പ്ലസ്ടുവിന് പഠിക്കുന്നു. എംഎയ്ക്ക്  ഇംഗ്ലീഷ്  ആണ് പഠിച്ചത്.  കോളേജ് പഠനകാലത്ത് എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലുമൊക്കെ സജീവമായിരുന്നതിനാല്‍ ചുറ്റുപാടുമുള്ള മനുഷ്യരെ കാണാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപൊടാനുമൊക്കെയുള്ള മനസ് കൂടെയുണ്ട്.  എന്നെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യാറുമുണ്ട്. ഒരുപാടു തൊഴില്‍ സാധ്യതയുള്ള ഈ മേഖലയെകുറിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ അവബോധമുണ്ടാക്കികൊടുക്കണമെന്നുണ്ട്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top