06 February Monday

സമ്പന്നം ഈ അഭിനയവേദി

ബിജി ബാലകൃഷ്‌ണൻUpdated: Tuesday Jan 29, 2019


അന്താരാഷ്ട്ര നാടകോത്സവം തൃശൂരിൽ കൊടിയിറങ്ങിയപ്പോൾ നാടകവേദിയിലെ നവീന പരീക്ഷണങ്ങളുടെ തെരച്ചിലുകളായിരുന്നു ലോകമെമ്പാടുമുള്ള നാടകപ്രേമികൾ നടത്തിയിരുന്നത്. ആറ് വിദേശനാടകങ്ങളും ഏഴ് ഇന്ത്യൻ നാടകങ്ങളും പതിനൊന്നാമത്തെ അന്താരാഷ്ട്ര നാടകോത്സവവേദിയെ ധന്യമാക്കി. കൂടാതെ സാഹിത്യ അക്കാദമി സംഘടിപ്പിച്ച നാടകസംബന്ധിയായ സെമിനാറുകളും സംവാദങ്ങളും ലളിതകലാ അക്കാദമി സംഘടിപ്പിച്ച ‘ശക്തിഭദ്രം’ ചുമർചിത്ര രചനയും ടെറാകോട്ട ശില്പനിർമ്മാണ ക്യാമ്പും ഉത്സവത്തിന് മാറ്റുകൂട്ടി.

ഇറ്റ്ഫോക്കിൽ(Theatre Festival Of Kerala) സ്ത്രീ എഴുത്തുകാരുടെയും സ്ത്രീ സംവിധായകരുടെയും രംഗസജ്ജീകരുടെയും എണ്ണം താരതമ്യേന കുറവായിരുന്നു. സ്ത്രീകൾ കാണാതെ പോകുന്ന വർത്തമാന അരങ്ങിനെക്കുറിച്ച് നാടകപ്രവർത്തകരും നാടകപഠിതാക്കളും വേവലാതി കൊണ്ടപ്പോൾ തന്നെ അഭിനേതാക്കളായ സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുകണ്ടതിൽ സന്തോഷവും അഭിമാനവും അവർ പങ്കുവച്ചു.  നാടകത്തിൽ സ്ത്രീകളുടെ എഴുത്ത് കുറഞ്ഞുവരുന്നതായി നാടകപ്രവർത്തകർ പങ്കെടുത്ത ‘പെണ്ണരങ്ങ്’ സെമിനാർ ചർച്ച ചെയ്തു. അതുകൊണ്ടുതന്നെ ഇതിന്റെ തുടർപ്രവർത്തനം എന്ന നിലയിൽ മാസത്തിൽ ഒരു തവണയെങ്കിലും സ്ത്രീകൾക്കായി നാടകരചനയും രംഗാവതരണവും രംഗസജ്ജീകരണബോധവും നൽകാനുതകുന്ന ക്ലാസ്സ് സംഘടിപ്പിക്കാനും നിർദ്ദേശമുയർന്നു.

സ്ത്രീരചനയെ അംഗീകരിക്കാൻ സമൂഹത്തിന് ബുദ്ധിമുട്ടാണെന്നും സ്ത്രീ കുടുംബത്തിൽനിന്നാണ് നാടകമുണ്ടാക്കുന്നതെന്നും നാടകപ്രവർത്തകയായ ജിഷ അഭിനയ അഭിപ്രായപ്പെട്ടു. കലോത്സവത്തിലെ മികച്ച നടീനടന്മാരെ പിന്നീട് അരങ്ങിൽ കാണാത്തത് ദുഃഖകരമാണെന്നും അവർ പറഞ്ഞു. എഴുത്തുകാരായും സംവിധായകരായും അഭിനേതാവായും വരുന്ന സ്ത്രീക്ക് അരങ്ങിൽ തന്റെ സജീവസാന്നിദ്ധ്യം പങ്കുവയ്ക്കാൻ കഴിയുമെന്ന് രാജലക്ഷ്മി ടീച്ചർ പറഞ്ഞു.  പെണ്ണരങ്ങിന്റെ തുടർപ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവർ സംസാരിച്ചു.

നാടകമെന്നത് സമരം തന്നെയാണെന്നും പെണ്ണിന്റെ പ്രശ്നങ്ങളോട് സഹാനുഭൂതി തോന്നാനുള്ള ഇടമാണ് പെണ്ണരങ്ങ്  എന്നും ഷൈലജ അമ്പു തുറന്നടിച്ചു. സ്വതന്ത്രമായി ചിന്തിക്കാനുതകുന്ന ഒരിടം തന്നെയാണ് അവൾക്ക് അരങ്ങ്. യഥാർത്ഥ കാണികൾ ഗ്രാമങ്ങളിലാണെന്നും കാണികൾക്കു വേണ്ട പരിശീലനമാണ് ആദ്യം നൽകേണ്ടതെന്നും സുരഭി പറയുന്നു. നാടകക്യാമ്പുകൾ ഗ്രാമങ്ങളിൽ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ സംസാരിച്ചു. അമ്പിളിക്ക് നാടകമെന്നത് പെൺകുട്ടികളെ വിലക്കുകൾ ഇല്ലാതെ മുന്നോട്ടുകൊണ്ടുവരാനുള്ള ഒരു മാധ്യമമാണ്. സ്ത്രീപുരുഷബന്ധങ്ങളിലെ സൗഹൃദം, മാന്യമായ പെരുമാറ്റം എന്നിവയെല്ലാം പെൺകുട്ടിക്ക് ലഭിക്കുന്നത് അരങ്ങിൽനിന്നാണ്. എം ജി ഷൈലജക്ക് നാടകം എന്നത് സാമൂഹികപ്രവർത്തനം തന്നെയാണ്. സ്ത്രീകളുടെ പ്രശ്നങ്ങളെല്ലാം നാടകത്തിൽ പങ്കുവയ്ക്കുകയും അതിനുവേണ്ട പരിഹാരം  തേടാനുള്ള ശ്രമവുമാണിത്. ആത്മാഭിമാനത്തോടെ നിലനിൽക്കാനും ചിന്തിക്കാനുമുള്ള ഒരിടമായി സുനിത നാടകത്തെ കണ്ടെത്തുന്നു.

വി എം ദീപയെ സംബന്ധിച്ച് നാടകം ജനങ്ങളിൽ ശാസ്ത്രബോധം ഉണ്ടാക്കിയെടുക്കുന്നതിനും പ്രായോഗിക ജീവിതത്തിനാവശ്യമായ ശിക്ഷണം നൽകുന്നതിനുമുള്ള ഉപാധിയുമാണ്. സ്ത്രീക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ചിന്തിക്കാനുമുള്ള ഒരിടം നാടകം മൂലം വന്നുവെന്നും സമൂഹത്തിന്റെ സദാചാരബോധങ്ങളിൽ മാറ്റം വരുത്തുവാനും ഇതുമൂലം സാധിച്ചുവെന്നും ശോഭ അഭിപ്രായപ്പെടുന്നു.  നാട്ടിൻപുറത്ത് നാടകം ആരംഭിക്കേണ്ടതിനെക്കുറിച്ചും നാടകത്തിനുവേണ്ടി ഒരു കൂട്ടായ്മതന്നെ രൂപീകരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും മോഡറേറ്ററായ ശ്രീജ ആറങ്ങോട്ടുകര സംസാരിച്ചു. അതിനായി സംഗീത‐നാടക അക്കാദമിയുടെയും സാമൂഹ്യ‐സാംസ്കാരികമേഖലയിലുള്ളവരുടെയും സഹായവും പ്രതീക്ഷിക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ സംഗീതനാടകഅക്കാദമി സംഘടിപ്പിക്കുന്ന വനിതാ നാടകശിൽപശാല വനിതാനാടക പ്രവർത്തകർക്ക് പ്രചോദനമാകുമെന്നും അവർ പറഞ്ഞു.

ധാരാളം നല്ല നാടകങ്ങൾ കാണുവാനും വിലയിരുത്തുവാനും അതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാനുമുള്ള അവസരമായി ഇറ്റ്ഫോക്കി നെ വിലയിരുത്തുന്നതായി നാടകപ്രവർത്തകയും നിരൂപകയുമായ രേണു രാമനാഥ് പറഞ്ഞു. വിയറ്റ്നാമിലെ പരമ്പരാഗത ജലപാവകളി കാണാനായത് ഏറെ സന്തോഷകരമാണ്.  പ്രളയക്കെടുതികൾക്കു ശേഷവും  കേരളസംഗീതനാടക അക്കാദമിക്ക് നല്ല രീതിയിൽ അന്താരാഷ്ട്ര നാടകോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാമെന്നും രേണു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top