27 September Wednesday

ലിംഗസമത്വത്തിലൂന്നി വനിതാദിന ചിന്തകൾ

ലക്ഷ്‌മി ദിനചന്ദ്രൻUpdated: Sunday Mar 6, 2022


ഏതു സംഘർഷത്തിന്റെയും ആത്യന്തികമായ ഇരകൾ ആരാണ്‌? യുദ്ധമായാലും മഹാമാരിയായാലും പ്രകൃതിക്ഷോഭമായാലും സാമ്പത്തികപ്രതിസന്ധി ആയാലും സംശയിക്കേണ്ട, അവയുടെ പ്രഹരങ്ങൾ ഏറ്റവും ശക്തമായി പതിക്കുന്നത് സ്‌ത്രീകളിലും കുട്ടികളിലും  ജെൻഡർ ബൈനറിക്കു പുറത്തുനിൽക്കുന്നവരിലും തന്നെ.  ഉക്രൈൻ‐ റഷ്യ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഇത്തവണത്തെ വനിതാദിനാചരണത്തിന്‌ അതുകൊണ്ടു തന്നെ പ്രസക്തി ഏറെയാണ്‌.  ഈ വർഷത്തെ വനിതാദിനാഘോഷത്തിന്റെ ഇതിവൃത്തം "നാളത്തെ സുസ്ഥിരതയ്‌ക്ക്‌ ഇന്ന് ലിംഗസമത്വം'എന്നതാണ്.

കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ തുടക്കം കുറിച്ചതാണ്‌ വനിതാ ദിനാചരണം. 1975ൽ ഐക്യരാഷ്‌ട്രസംഘടന അന്താരാഷ്ട്രതലത്തിൽ ഇത്‌ ഏറ്റെടുത്തു. ലിംഗസമത്വത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചുമുള്ള സാമാന്യ ധാരണകൾ ഇവ രണ്ടിനെയും സാധാരണനിലയ്‌ക്ക്‌ ചേർത്തുവയ്‌ക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം എന്നത് മനുഷ്യരും അവർ വ്യാപരിക്കുന്ന പ്രകൃതിയും തമ്മിലുള്ള സംഘർഷമാണ്. ഇത് അടിച്ചമർത്തലുകൾ നേരിടുന്ന വിഭാഗങ്ങളെ പൊതുവിലും സ്‌ത്രീകളെ പ്രത്യേകിച്ചും എങ്ങനെ സ്വാധീനിക്കുന്നു എന്ന സംവാദം വിപുലീകരിക്കുന്നതിനും ഈ മേഖലയിൽ ഇടപെടുന്ന വനിതകളെ പരിചയപ്പെടുത്തുന്നതിനുമാണ് ഇക്കൊല്ലത്തെ ലോക വനിതാദിനം പ്രധാനമായും ആചരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും ലിംഗസമത്വവും ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ കാതലാണ്. ഒരേസമയം ഈ രണ്ടു ലക്ഷ്യത്തിനുംവേണ്ടി പ്രവർത്തിക്കുക എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്.  എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമായി  നാടും വീടും ജീവനോപാധികളും നഷ്ടമാകുന്നവരിൽ എൺപത് ശതമാനം സ്‌ത്രീകളും കുട്ടികളുമാണ്‌.  ലോകത്ത് കഠിന ദാരിദ്ര്യം  അനുഭവിക്കുന്ന 1.3 ശതകോടിയിൽ സ്‌ത്രീകളും  പെൺകുട്ടികളും എഴുപത് ശതമാനമാണ്‌. ഇതിലെ ലിംഗപരമായ അന്തരം വ്യക്തമാകാൻ  ഈ കണക്കുകൾ ധാരാളം.
ലിംഗസമത്വം  കേവലം സാംസ്‌കാരികമായ ഒരു പരികൽപ്പനയല്ല. ഉൽപ്പാദന-സാമ്പത്തിക ബന്ധങ്ങളിൽ അധിഷ്‌ഠിതമാണ്. കേവല സ്‌ത്രീപക്ഷ വാദത്തിനപ്പുറം സൂക്ഷ്‌മവും ശാസ്‌ത്രീയവുമായ വിശകലനവും പ്രവർത്തനങ്ങളും അത്  ആവശ്യപ്പെടുന്നു.

സമാന്തരമായി സുസ്ഥിരവികസനവും വൈകാരികമായ പരിസ്ഥിതിവാദ കാഴ്‌ചപ്പാടുകളുംകൊണ്ട് നേടാവുന്ന ഒന്നല്ല.   
സെമിനാർ ഹാളുകളിലെ ആശയസംവാദങ്ങളുടെ ഇടങ്ങൾക്ക് പുറത്ത് കാലാവസ്ഥാ വ്യതിയാനം സ്‌ത്രീകളെ തൊടുന്നതെങ്ങനെ എന്നത് കാണാൻ സ്വൽപ്പം സൂക്ഷ്‌മദൃഷ്ടി മതി. കൃഷിനാശംമൂലം ക്ഷാമം വരുംമ്പോൾ ആദ്യം കുറയുക സ്‌ത്രീകളുടെ പാത്രത്തിലെ അന്നത്തിന്റെ അളവാണ്. കുടുംബത്തിലെ വരുമാനം കുറയുമ്പോൾ സ്‌കൂളിലെ പെൺകുട്ടികളുടെ കൊഴിഞ്ഞു പോക്ക്‌ വർധിക്കും. Organisation for Economic Co-operation and Development (OECD) അംഗരാജ്യങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസനിലവാരം കൂടുമ്പോൾ സാമ്പത്തികവളർച്ച ത്വരിതപ്പെടുന്നതിന്റെ കണക്കുകൾ യുഎൻ പുറത്തുവിട്ടിട്ടുണ്ട്.

ലിംഗപരമായ മുൻവിധികളില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക. കുടുംബത്തിലും രാഷ്‌ട്രീയ- സാമൂഹ്യ- സാമ്പത്തിക സ്ഥാനങ്ങളിലും സ്‌ത്രീകളുടെ നേതൃത്വം പ്രോൽസാഹിപ്പിക്കുക. സുസ്ഥിരവികസനത്തിനായി പ്രവർത്തിക്കുന്ന സ്‌ത്രീകളെ ആദരിക്കുക.- ഇതെല്ലാം  ഈ വർഷത്തെ വനിതാദിന അജൻഡയുടെ ഭാഗമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top