11 December Wednesday

ഭരണഘടനയ്ക്ക് പിന്നിലെ ആ പതിനഞ്ചുപേർ

അഖില ബാലകൃഷ്‌ണൻ itsakhilabalakrishnan@gmail.comUpdated: Sunday Nov 24, 2024


299 പുരുഷശബ്ദങ്ങളെ ഭേദിച്ച പതിനഞ്ച്‌ സ്ത്രീശബ്ദങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുടെ 75 വർഷങ്ങൾ നവംബർ 26ന്‌ അടയാളപ്പെടുത്തേണ്ടത്‌ ഇവരെക്കൂടി ചേർത്താണ്‌. ഭരണഘടനാ നിർമാണ സഭയിൽ അംഗങ്ങളായിരുന്ന പതിനഞ്ചു വനിതകൾ, അവരുടെ സംഭാവനകളെ ചരിത്രപുസ്തകങ്ങളിലോ ചുവരുകളിലോ അധികമാരും എഴുതിയില്ല. ആൺകോയ്മയിൽ അദൃശ്യമാക്കപ്പെട്ട ഇവരുടെ സംഭാവനകളില്ലായിരുന്നെങ്കിൽ ഉൾക്കൊള്ളലിന്റെ, ചേർത്തുനിർത്തലിന്റെ ഭരണഘടന ഒരിക്കലും പൂർണതയിൽ എത്തുമായിരുന്നില്ല.

1946 മുതൽ -49 വരെയുള്ള നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം 1949 നവംബർ 26നാണ്‌ ഭരണഘടന നിർമാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നത്‌. 1927ൽ ഡോ. ബി ആർ അംബേദ്‌കർ മനുസ്മൃതി കത്തിച്ച്‌ കാൽനൂറ്റാണ്ട്‌ പിന്നിടും മുമ്പേതന്നെ, അംബേദ്‌കറിന്റെ നേതൃത്വത്തിൽ 1950 നവംബർ 26ന്‌ ഇന്ത്യയിൽ മതനിരപേക്ഷ ഭരണഘടന നിലവിൽ വന്നു. 

3 മലയാളികൾ
തുടക്കത്തിൽ സഭയിൽ 389 സീറ്റുകളാണ്‌ ഉണ്ടായിരുന്നത്‌. ഇന്ത്യാ വിഭജനത്തിന്‌ ശേഷം ഭരണഘടനാ നിർമാണ സഭയിൽ നിന്നും പാകിസ്ഥാൻ പ്രവിശ്യകളിൽ നിന്നുളളവർ ഒഴിവായി. ശേഷം അംഗസംഖ്യ 299 ആയി. 15 പേർ അതായത്‌ 5.13 ശതമാനമായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനാ നിർമാണ സഭയിലെ സ്ത്രീ പങ്കാളിത്തം. അതിൽ മൂന്നുപേർ മലയാളികളായിരുന്നു. കൊച്ചി മണ്ഡലത്തിൽനിന്നും സഭയിലെത്തിയ ഏക ദളിത്‌ വനിതാ അംഗമായ ദാക്ഷായണി വേലായുധൻ, മദ്രാസ്‌ പ്രവിശ്യയിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട അമ്മു സ്വാമിനാഥൻ, തിരു–-കൊച്ചിയിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട ആനി മസ്‌ക്രിൻ. നിലപാടുകളുടെ സ്ത്രീരൂപമായിരുന്നു ദാക്ഷായണി വേലായുധൻ.  ‘ഭരണഘടനയിലൂടെ ഇന്ത്യയിലെ സ്ത്രീകൾക്കും തുല്യത നൽകിയിരിക്കുന്നു’ എന്ന്‌ പ്രസംഗിച്ച അമ്മു സ്വാമിനാഥൻ പിന്നീട്‌ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ വനിതാംഗമെന്ന്‌ ചരിത്രത്തിൽ രേഖപ്പെടുത്തിയത്‌ ആനി മസ്‌ക്രിനാണ്‌.

സഭയിലെ ഏക മുസ്ലിം വനിതയായ ബീഗം ഐസാസ്‌ റസൂൽ, സുഭാഷ്‌ ചന്ദ്രബോസിന്റെ അടുത്ത അനുയായിരുന്നു. ബംഗാളിനെ പ്രതിനിധീകരിച്ചെത്തിയ അസമിൽ നിന്നുള്ള ലീലാ റായ്‌, ഒഡിഷയെ പ്രതിനിധാനം ചെയ്ത്‌ ടാഗോറിന്റെ ശിഷ്യയും മാർക്സിസ്റ്റുമായിരുന്ന മാലതി ചൗധുരി, യുണൈറ്റഡ്‌ പ്രോവിൻസിനെ പ്രതിനിധാനം ചെയ്ത്‌ പീന്നീട്‌ ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായ സുചേതാ കൃപലാനി, സ്വാതന്ത്ര്യസമരത്തിനിടെ മൂന്നുപ്രാവശ്യം ജയിലിലടയ്ക്കപ്പെട്ട വിജയലക്ഷ്‌മി പണ്ഡിറ്റ്‌,  ബിഹാറിൽ നിന്നും ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു, മദ്രാസിൽ നിന്ന്‌ പന്ത്രണ്ടാം വയസ്സിൽ നിസ്സഹകരണ സമരത്തിൽ പങ്കെടുത്ത ദുർഗാബായ്‌ ദേശ്‌മുഖ്‌,  യുണൈറ്റഡ്‌ പ്രൊവിൻസിൽ നിന്ന്‌ കമലാ ചൗധരി, പൂർണിമാ ബാനർജി, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രിയായിരുന്ന രാജ്‌കുമാരി അമൃത്‌ കൗർ, ബംഗാളിൽ നിന്നും രേണുകാ റോയ്‌, ബോംബെയിൽനിന്ന്‌ ഹൻസാ ജീവരാജ്‌ മേത്ത ഇവരായിരുന്നു ബാക്കി അംഗങ്ങൾ. ഇതിൽ സരോജിനി നായിഡു, വിജയലക്ഷ്‌മി പണ്ഡിറ്റ്‌, ലീലാ റായ്‌, മാലതി ചൗധരി എന്നിവർ പലഘട്ടങ്ങളിലായി രാജിവച്ചു. ശേഷിച്ച പതിനൊന്നുപേരാണ്‌ 1950 ജനുവരി 24ന്‌ ഭരണഘടനയിൽ ഒപ്പുവച്ചവർ. സ്വന്തം പ്രവർത്തനം കൊണ്ടും പോരാട്ടം കൊണ്ടും സ്വയം അടയാളപ്പെടുത്തിയവർ.

 

പുരുഷാധിപത്യത്തെ മെതിച്ച്‌
‘പുരുഷാധിപത്യമോ അതെന്താ, ഇന്ത്യയിൽ പുരുഷാധിപത്യമില്ല, അത്‌ ഇടതുപക്ഷക്കാർ ഉപയോഗിക്കുന്ന ഒരു വാക്ക്‌ മാത്രമാണ്‌’, പറഞ്ഞത്‌ ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ. വെറും 14 ശതമാനം മാത്രം സ്ത്രീ പ്രാതിനിധ്യമുള്ള ഇന്ത്യൻ പാർലമെന്റിൽ നിന്നും വരേണ്യവർഗത്തിന്റെ അഭിപ്രായമാണ്‌ അവർ പങ്കുവച്ചത്‌. എന്നാൽ, ഇക്കാലമത്രയും മൂടിവയ്‌ക്കപ്പെട്ട, അടിസ്ഥാന വർഗത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ഭരണഘടന നിർമാണ സഭയിൽ സംവദിച്ച വനിതകളുടെ സംഭാവനകൾക്ക്‌ പുരുഷാധിപത്യം കേവലം ഒരു വാക്കല്ല എന്നു പറയാനാകും. എണ്ണം കൊണ്ട്‌ ഒരു പുരുഷസഭയായിരുന്ന ഭരണഘടനാ നിർമാണ സഭയിൽ സ്ത്രീകളുടെ ശബ്ദം ഉയർന്നുകേൾക്കുക എന്നത്‌ തന്നെ ശ്രമകരമായ കാര്യമായിരുന്നു. ചർച്ചകളിൽ സ്ത്രീവിരുദ്ധ പ്രസ്താവനകൾ നിറഞ്ഞിരുന്നു. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ്‌, തന്റെ ഭാര്യ വിവാഹമോചന വ്യവസ്ഥയെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും ‘അധിക വിദ്യാഭ്യാസമുള്ള’ സ്ത്രീകൾ മാത്രമാണ്‌ ബില്ലിനെ പിന്തുണയ്ക്കുന്നതെന്നും വാദിച്ചത്‌ ഇത്തരത്തിലൊന്ന്‌ മാത്രമാണ്‌. ഭരണത്തിൽ സ്ത്രീകൾക്ക്‌ കൂടുതൽ അവസരം നൽകണമെന്ന പൂർണിമാ ബാനർജിയുടെ ആവശ്യത്തോട്‌ പരിഹാസത്തോടെ പ്രതികരിക്കുന്നുണ്ട്‌, സഭയിലെ പുരുഷ അംഗങ്ങൾ. സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിലും ലിംഗവിവേചനം പ്രകടമായിരുന്നു. പൊതുവേ പുരുഷമേൽക്കോയ്മ കുറഞ്ഞ കമ്മിറ്റികളിലായിരുന്നു വനിതകൾ സജീവമായി പങ്കെടുത്തത്‌. ഇത്തരം കമ്മിറ്റികളിലെ ചർച്ചകളെ അവഗണിച്ച്‌, ഭരണഘടന സമിതിയുടെ പൊതുചർച്ചകളിൽ നടന്ന സംവാദങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഭരണഘടനയെക്കുറിച്ചുള്ള പഠനങ്ങളും മറ്റും തയ്യാറാക്കിയിട്ടുള്ളത്‌. കണക്കുകളെടുത്താൽ രണ്ടു ശതമാനം മാത്രമാണ്‌ ചർച്ചകളിൽ സ്ത്രീ പങ്കാളിത്തം. 2024 ജൂലൈയിൽ ആഞ്ചെലിക്ക അരിബാം, ആകാശ് സത്യവാലി എന്നിവർ ചേർന്ന്‌ ഭരണഘടനയ്ക്ക്‌ പിന്നിൽ പ്രവർത്തിച്ച സ്ത്രീകളുടെ ജീവിതം പ്രമേയമാക്കി പുറത്തിറക്കിയ പുസ്തകമാണ്‌ ‘പതിനഞ്ച് : ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലെ സ്ത്രീകളുടെ ജീവിതവും സമയവും’ (The Fifteen: The Lives and Times of the Women in India’s Constituent Assembly) . ഇതിൽ, ഈ സ്ത്രീകളെല്ലാം ജീവിതത്തിൽ പലവിധത്തിൽ നടത്തിയ പോരാട്ടങ്ങൾ കാണാം. സഭയിലെ ഇവരുടെ ചർച്ചകളിലേക്കും പരിമിതമായ വിവരങ്ങളിൽ നിന്നും അന്വേഷണം നടത്തുന്നുണ്ട്‌.

മതം ഭരണഘടന സ്വത്തവകാശം
മതവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാതെ പൂർണമായ സ്ത്രീവിമോചനം സാധ്യമല്ലെന്ന്‌ സഭയിലെ വനിതകൾക്ക്‌ ബോധ്യമുണ്ടായിരുന്നു. ഈ 15 പേരിൽ മൂന്നുപേരെങ്കിലും ഈ നിയമങ്ങളുടെ ഇരകളായിരുന്നു. ബാലവധുക്കളായിരുന്നു അമ്മു സ്വാമിനാഥനും ദുർഗാഭായ്‌ ദേശ്‌മുഖും. ഭർത്താവിന്റെ മരണശേഷം സ്വന്തമായി ഒന്നുമില്ലാതെ കഷ്ടതകൾ അനുഭവിച്ച സ്ത്രീയായിരുന്നു വിജയലക്ഷ്‌മി പണ്ഡിറ്റ്‌. മകൻ ഇല്ലാത്തതിനാൽ ഭർത്താവിന്റെ ബന്ധുക്കൾ സ്വത്തവകാശം നിഷേധിക്കുകയായിരുന്നു. 1945 –-46 കാലഘട്ടത്തിൽ ഹിന്ദു വ്യക്തി നിയമ ബില്ലിനായി എഐഡബ്ല്യുസി –- ഓൾ ഇന്ത്യ വിമൻസ്‌ കോൺഫറൻസ്‌ സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌. അതിനായി ഒരു ചാർട്ടർ തയ്യാറാക്കി സംഘടനയിലുൾപ്പെട്ട വനിതാ അംഗങ്ങൾ സഭയിൽ അവതരിപ്പിച്ചു.

ചർച്ചയ്ക്കിടയിൽ ‘സ്ത്രീകൾ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യം നൽകിയാൽ ഇന്ത്യൻ സംസ്കാരം താറുമാറാകുമെന്ന്‌’ പുരുഷ അംഗങ്ങളുടെ അഭിപ്രായവും വന്നു. ഇതിൽ നിരാശരായ വനിതാ അംഗങ്ങൾ പ്രധാനമന്ത്രി നെഹ്രുവിന്റെ പിന്തുണ ആവശ്യപ്പെട്ടു. പിന്നീട്‌, 1955ൽ ബിൽ പ്രത്യേക ബില്ലുകളായി വിഭജിച്ച്‌ പാസാക്കി. സാമൂഹിക ജീവിതത്തിൽ മതത്തിന്റെ ഇടപെടൽ തടയുന്നതിന്‌ ഭരണഘടന പരാജയപ്പെട്ടുവെന്ന്‌ ഹൻസാ മേത്ത അഭിപ്രായപ്പെട്ടിരുന്നു. രേണുകാ റോയും പൂർണിമാ ബാനർജിയും സ്വത്തവകാശം മൗലികാവകാശമാക്കുന്നതിനെ എതിർത്ത്‌ വാദിച്ചു. എന്നാൽ സഭയിൽ ശ്രദ്ധിക്കപ്പെട്ടില്ല. 1978ൽ അത്‌ മൗലികാവകാശങ്ങളിൽനിന്ന്‌ നീക്കുകയും നിയമപരമായ അവകാശങ്ങൾക്ക്‌ കീഴിൽ കൊണ്ടുവരികയും ചെയ്തു. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ കരട്‌ തയ്യാറാക്കുമ്പോൾ ഹൻസാ മേത്ത ഇടപെട്ട്‌ ലിംഗ–-നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കണമെന്ന്‌ ആവശ്യപ്പെട്ടു. കേന്ദ്രീകൃതഭരണവ്യവസ്ഥയുടെ അപകടവും ഗവർണർ പദവിയുടെ ദുരുപയോഗവും ഈ വനിതകൾ മുൻകൂട്ടി കണ്ട്‌ സഭയിൽ അറിയിച്ചു. ഭരണഘടനയിൽ വ്യക്തിസ്വാതന്ത്ര്യവും സാമൂഹികനീതിയും ഉറപ്പുവരുത്തുന്നതിലും ഇവരുടെ പങ്ക്‌ സവിശേഷമായിരുന്നു. രാജ്യസഭാംഗത്വത്തിനുള്ള പ്രായം 35ൽ നിന്നും 30ആയി കുറയ്ക്കാനുള്ള ഭേദഗതി ദുർഗാഭായിയുടെ സംഭാവനയാണ്‌. സ്ത്രീസംരക്ഷണകാര്യത്തിൽ വനിതകൾക്ക്‌ പ്രത്യേക പരിരക്ഷ ഉറപ്പാക്കാനും ഇവർക്കായി.

കലഹിച്ചും ഒന്നിച്ചും
വ്യത്യസ്ത രാഷ്ട്രീയ, മത ചിന്തകൾ പുലർത്തുന്നവരായിട്ടും അടിച്ചമർത്തലുകൾക്കെതിരെ ഇവർ ഒറ്റക്കെട്ടായി പോരാടി.  വരേണ്യവർഗത്തിന്റെ സംഘടനയെന്നുപറഞ്ഞ്‌ എഐഡബ്ല്യുസിയെ ദാക്ഷായണി വേലായുധൻ എതിർത്തു. ദളിത്‌ വിമോചന പ്രവർത്തകയായിരുന്ന അവർ ദളിതുകൾക്ക്‌ പ്രത്യേക നിയോജകമണ്ഡലം വേണമെന്ന അംബേദ്‌കറിന്റെ നിലപാടിനെയും എതിർത്തു. ജാതിപ്രശ്നം ഒരു വർഗപ്രശ്നമാണെന്നും സാമ്പത്തിക വിപ്ലവത്തിലൂടെ മാത്രമേ അതിനെ നേരിടാനാകൂ എന്നും അവർ വാദിച്ചു. പ്രത്യേക നിയോജകമണ്ഡലം ആവശ്യപ്പെടുന്നതിൽ അർഥമില്ലെന്നവർ പറഞ്ഞു. ഗാന്ധിയുടെ അനുയായി ആയിരിക്കുമ്പോൾ അവർ കോൺഗ്രസിനെ നന്നേ വിമർശിച്ചിരുന്നു. സ്ത്രീ സംവരണത്തിലും വനിതാ അംഗങ്ങളിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഒരു വിഭാഗം സംവരണം ആവശ്യപ്പെടുകയും മറ്റൊരു വിഭാഗം എതിർക്കുകയും ചെയ്തു. 1947ൽ സഭയിൽ രേണുകാ റോയി ഇങ്ങനെ പ്രസംഗിച്ചു ‘ സംവരണ സീറ്റുകൾ അനുവദിച്ചാൽ സ്ത്രീകൾക്ക്‌ എത്ര കഴിവുള്ളവരായാലും ജനറൽ സീറ്റുകളിലേക്ക്‌ അവരെ പരിഗണിക്കുകയില്ല. ഭാവിയിൽ ഇന്ത്യയിൽ സ്ത്രീകളെ അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കും അവർക്ക്‌ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരങ്ങളുണ്ടാകും’. എന്നാൽ, 75 വർഷങ്ങൾക്കുശേഷം സ്ത്രീ പ്രാതിനിധ്യം ഒമ്പതു ശതമാനം പോലും കൂടിയില്ല. രേണുകാ റോയി പ്രതീക്ഷിച്ച ഇന്ത്യയല്ല ഭാവിയിലേത്‌ എന്നറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ, അവർ സ്ത്രീസംവരണത്തെ എതിർക്കുമായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top