02 October Monday

അവര്‍ക്കും ഈ ധൈര്യം ഉണ്ടായിരുന്നെങ്കില്‍ ...

രശ്‌മി രാധാകൃഷ്ണന്‍Updated: Wednesday Jul 12, 2017

'ഒരു നല്ല സ്വപ്നത്തിന്റെ കൈ പിടിച്ച് തനിയെ നടക്കാമായിരുന്നില്ലേ കുറെ ദൂരമെങ്കിലും..കാലം കാത്തു വച്ചിരുന്ന നല്ലതിനായി കുറച്ച് നേരം കൂടിയെങ്കിലും കാത്തു നില്‍ക്കാമായിരുന്നില്ലേ നിങ്ങള്‍‍ക്ക്. അങ്ങനെയെങ്കില്‍‍ ഒരുപക്ഷെ നിങ്ങളെ ഞങ്ങള്‍‍ക്ക് നഷ്ടപ്പെടില്ലായിരുന്നു''...സമ്മര്‍ദ്ദമേറിയ ജീവിത സന്ദര്‍ഭങ്ങളില്‍ പതറി ജീവിതം അവസാനിപ്പിച്ച യുവ നടികളെപ്പറ്റി ര‌ശ്‌മി രാധാകൃഷ്ണന്‍  എഴുതുന്നു .

ഒരു പെണ്‍കുട്ടിയുടെ ധൈര്യത്തിന്റെ കൈ പിടിച്ച് മലയാളസിനിമ പത്തുചുവട് മുന്നോട്ടു നടന്നുകഴിഞ്ഞിരിയ്ക്കുന്നു. സിനിമയില്‍‍ ചൂഷണങ്ങള്‍‍ ഇല്ല,ഞങ്ങള്‍‍ കണ്ടിട്ടില്ല എന്ന് ആണയിട്ടു പറഞ്ഞ് പലരും കണ്ണടച്ച് ഇരുട്ടാക്കുമ്പോഴും സത്യം ചിലപ്പോഴൊക്കെ പകല്‍‍ പോലെ തെളിഞ്ഞു വരുന്നുണ്ട്.സിനിമയിലെ ആണധികാരത്തിന്റെ ആരുമറിയാത്ത ഇടനാഴികളില്‍‍ വീണ് ചതഞ്ഞുപോയവരെക്കുറിച്ച് ഒരുപക്ഷേ ആദ്യം പറയേണ്ടിയിരുന്നതും അവരില്‍‍ ഒരാളാകുന്നതായിരുന്നു ഉചിതം.

പക്ഷെ ചരിത്രത്തിന്റെ നാള്‍‍ വഴികളില്‍‍ ഒരിടത്തും അങ്ങനെയൊന്നുണ്ടായില്ല. ഇരയുടെ ശബ്ദം ഉയര്‍ന്നുമില്ല. ഈ സംഭവം ഉണ്ടാകുന്നതുവരെ. ഇപ്പോള്‍‍ ഒരിറ്റു വെളിച്ചം കടന്നു ചെന്നിരിയ്ക്കുന്നു.ഉപദ്രവിയ്ക്കപ്പെട്ട ആ പെണ്‍കുട്ടിയ്ക്ക് അവളുടെ മുന്‍ തലമുറയില്‍‍ നിന്ന് വ്യത്യസ്തമായി ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ചിലതുണ്ടായി.വിഷമം പറയാന്‍,പറഞ്ഞുകരയാന്‍ ഒരിടം, മനസ്സിലാക്കുന്നവരുടെ ഒരു കൂട്ടായ്മ,കൈ പിടിയ്ക്കാന്‍ ഒരുകൂട്ടം ആളുകള്‍‍. ഒരുപക്ഷെ ഇങ്ങനെ ചിലത് ഉണ്ടായിരുന്നെങ്കില്‍‍  സിനിമയുടെ ഏതെങ്കിലുമൊക്കെ മേഖലകളില്‍‍ ഇന്നും നമ്മള്‍‍ കാണുമായിരുന്ന ചിലരെയൊക്കെ ഓര്‍ത്തുപോകുന്നു.

ചില നക്ഷത്രങ്ങളെ കണ്ടിട്ടില്ലേ? ആകാശത്ത് കൂടി കണ്ണഞ്ചിക്കുന്ന വെളിച്ചവുമായി പാഞ്ഞു പോകുന്നത്?നിമിഷങ്ങള്‍ കൊണ്ട് നമ്മുടെ മനസ്സ് കീഴടക്കി എവിടെയോ പോയി വീണു മറയും..കൊഴിഞ്ഞു വീഴുന്ന ആ നക്ഷത്രങ്ങളെ കാണുന്നത് ഒരു ഭാഗ്യമാണെന്ന് പറയും..അവ ശുഭലക്ഷണമാണത്രേ..നൊടിയിടയില്‍ മറഞ്ഞ ചില നക്ഷത്രങ്ങള്‍ സിനിമയിലുമുണ്ട്..  മരണത്തിന്റെ ചിറകിനുള്ളിലെയ്ക്ക് സ്വയം കൊഴിഞ്ഞു വീണ നക്ഷത്ര സുന്ദരികള്‍.. ജീവിച്ചിരിക്കുന്നവരെ കാഴ്ച്ചക്കാരാക്കി,പൂരിപ്പിക്കാന്‍  എന്തൊക്കെയോ ബാക്കി വച്ച് കടന്നു പോയി അവര്‍..

ശോഭ

ശോഭ

ശോഭയെ മറക്കാന്‍ മലയാളിയ്ക്കാവുമോ?ഹിമശൈലസൈകത ഭൂമിയില്‍ നിന്നൊരു പ്രണയ പ്രവാഹമായ് വന്നു പുഞ്ചിരിക്കുന്ന ശാലിനി എന്ന കൂട്ടുകാരിയെ. പുറമേ പുഞ്ചിരിക്കുമ്പോഴും നിഗൂഢതകള്‍ ഉള്ളിലൊളിപ്പിക്കുന്ന ഒരു മുഖമായിരുന്നു ശോഭയുടെത്..അഞ്ചാം വയസ്സില്‍ ബാലതാരമായി അഭിനയ രംഗത്തെത്തി പതിനേഴാം വയസ്സില്‍ ജീവിതത്തോട് വിട പറഞ്ഞു  സ്വയം   മടങ്ങുമ്പോള്‍ മെലിഞ്ഞു കൊലുന്നനെയുള്ള,  വിഷാദച്ഛായ പടര്‍ന്ന മുഖമുള്ള  ആ പെണ്‍കുട്ടി  ഉര്‍വ്വശി ശോഭ എന്ന തിലകം അണിഞ്ഞിരുന്നു. തെന്നിന്ത്യയില്‍ എല്ലാ ഭാഷയിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളെപ്പോലെ തന്നെ ദുരൂഹമായിരുന്നു ശോഭയുടെ ജീവിതവും  മരണവും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ ശോഭ അഭിനയിച്ചിരുന്നു.കെ പി മേനോന്റെയും ആദ്യകാല മലയാള നടി പ്രേമയുടെയും മകളായി ജനനം. 1966ല്‍ അഞ്ചാം വയസ്സില്‍  ജെ പീ ചന്ദ്രബാബുവിന്റെ തമിഴ് ചിത്രത്തില്‍ ബാലതാരമായി രംഗപ്രവേശം. തൊട്ടടുത്ത വര്‍ഷം മലയാളത്തിലെ ആദ്യത്തെ മള്‍ട്ടിസ്റാര്‍  ചിത്രം എന്ന് പറയാവുന്ന, പി വേണുവിന്റെ 'ഉദ്യോഗസ്ഥ'യിലൂടെ മലയാളത്തിലേയ്ക്ക്. 71 ല്‍ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് നേടിയ ശോഭയുടെ കൌമാരവും യൌവനവും പിന്നീട്  സിനിമയോടോപ്പമായിരുന്നു.1977ല്‍ 'ഓര്‍മ്മകള്‍ മരിക്കുമോ' എന്ന ചിത്രത്തിലെ അഭിനയത്തിന്  രണ്ടാമത്തെ മികച്ച നടിയ്ക്കുള്ള അവാര്ഡ്  നേടിയതോടെ നായികയെന്ന നിലയില്‍ ശോഭയുടെ അഭിനയജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിച്ചു.അതേ വര്‍ഷം തന്നെ തെലുങ്കിലും കന്നടയിലും(കോകില) ശ്രദ്ധേയമായ അരങ്ങേറ്റം. 1978 ല്‍ കെ ജി ജോര്‍ജിന്റെ 'ഉള്‍ക്കടലും' മോഹന്റെ 'രണ്ടു പെണ്‍കുട്ടികളും' ഉള്‍പ്പെടെ പന്ത്രണ്ട് സിനിമകള്‍ ശോഭയുടെതായി റിലീസ് ആയി. തൊട്ടടുത്ത വര്‍ഷം 'എന്റെ നീലാകാശം'  മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു .1979 ല്‍ പതിനേഴാം വയസ്സില്‍ 'പശി' എന്ന തമിഴ്‌ സിനിമയിലൂടെ ഉര്വ്വശിപട്ടം അണിഞ്ഞു.1980 ല്‍ അണിയാത്ത വളകള്‍, മലയാളിയുടെ ഗൃഹാതുരതയായ പദ്മരാജന്റെ തൂലികയില്‍ വിരിഞ്ഞ  'ശാലിനി എന്റെ കൂട്ടുകാരി' എന്നീ ചിത്രങ്ങള്‍. അതേ വര്‍ഷം മേയ് മാസം ഒന്നാം തീയതി  ചെന്നൈയിലെ വസതിയില്‍ ശോഭയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാരണം ഇപ്പോഴും  അജ്ഞാതം..

വിവാദങ്ങള്‍ ഒരുപാടുണ്ടായി..പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയെ ശോഭ  വിവാഹം ചെയ്തിരുന്നു.വിവാഹിതനും ഒരു  കുട്ടിയുടെ പിതാവുമായിരുന്ന ബാലുവുമായുള്ള ബന്ധത്തിന്റെ പേരില്‍ ശോഭയും അമ്മയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.നിയമപരമായി വിവാഹിതയാകാത്തതിന്റെ അസന്നിഗ്ദ്ധതയും ഒറ്റപ്പെടലുകളും ആ പെണ്‍കുട്ടിയെ വിഷാദത്തിന്റെ വക്കിലെത്തിച്ചിരുന്നു. കെ ജീ ജോര്‍ജ്ജിന്റെ 'ലേഖയുടെ മരണം ഒരു ഫ്ലാഷ്ബായ്ക്ക്' എന്ന ചിത്രം  ശോഭയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു.കാരണങ്ങള്‍ എന്ത് തന്നെയായിരുന്നാലും മലയാളത്തിനു മാത്രമല്ല,സിനിമാ ലോകത്തിനാകമാനം നഷ്ടമായത് ഒരു മികച്ച നടിയെയായിരുന്നു.

 ദിവ്യഭാരതി

ദിവ്യഭാരതി


മിന്നല്‍പ്പിണര്‍പോലെയായിരുന്നു ദിവ്യഭാരതിയെന്ന പെണ്‍കുട്ടിയുടെ സിനിമയിലെ വളര്‍ച്ചയും ജീവിതവും. മൂന്നു  വര്‍ഷം മാത്രം നീണ്ടു നിന്ന അഭിനയ ജീവിതം. സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സുന്ദരമായ കണ്ണുകളും  മുഖവും. മുംബൈയില്‍ സ്വന്തം സ്വപ്നനേട്ടമായ ഫ്ലാറ്റിലെ  ആദ്യദിനം.  വിരുന്നുകാര്‍ എല്ലാവരും പിരിഞ്ഞതിനു ശേഷം അവസാനത്തെ അതിഥിയായെത്തിയത് മരണമായിരുന്നു .അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക്  ചാടി മരിയ്ക്കുമ്പോള്‍ ദിവ്യഭാരതി എന്ന ബോളിവുഡ് താരറാണിയ്ക്ക് വയസ്സ് 19 മാത്രം.

1990 ല്‍ കന്നഡചിത്രത്തിലൂടെയാണ് ദിവ്യയുടെ അരങ്ങേറ്റം. രണ്ടേ രണ്ടു വര്‍ഷം. ശരാശരി വിജയങ്ങളിലൂടെ തുടങ്ങിയ ആ അഭിനയ ജീവിതം  പിന്നീട് ചിരഞ്ജീവി,മോഹന്‍ ബാബു,ബാലകൃഷ്ണ തുടങ്ങിയ  ഇതിഹാസങ്ങള്‍ക്കൊപ്പം വമ്പന്‍ ഹിറ്റുകള്‍ തീര്‍ത്തു. 1992ല്‍ രാജീവ് റായിയുടെ വിശ്വാത്മായില്‍ സണ്ണിദിയോളിന്റെ നായികയായി  ബോളിവുഡിലേയ്ക്ക്.. തുടര്‍ന്നങ്ങോട്ട് ആ നക്ഷത്രക്കണ്ണുകള്‍ ഹിന്ദിസിനിമയുടെ തന്നെ രാശിയായി മാറുകയായിരുന്നു. ഒരു വര്‍ഷത്തില്‍ പതിന്നാലു പടങ്ങള്‍..ഒരു പുതുമുഖത്തിന്റെ ഇന്നും തകര്‍ക്കപ്പെടാത്ത റെക്കോര്ഡ് ആണത്.അതെ വര്ഷം തന്നെയാണ്  എക്കാലത്തെയും ഹിറ്റ് ആയ 'ദീവാനാ'  റിലീസ് ആകുന്നത്..ഋഷി കപൂരിനും പുതുമുഖമായിരുന്ന ഷാരൂഖാനും ഒപ്പം.അതോടെ ദിവ്യ അക്ഷരാര്‍ഥത്തില്‍ താരറാണി എന്ന പദവിയിലെയ്ക്ക് ഉയര്‍ന്നു.തുടര്‍ന്ന് നിര്മ്മാതാവായ സാജിദ് നാധിയാവാലയുമായുള്ള വിവാഹം.ആയിടെ  സ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഗോസ്സിപ്പുകളെയും അനാവശ്യ അപവാദങ്ങളെയും കുറിച്ച്  ദിവ്യ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. പ്രശസ്തിയുടെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴാണ് ഇനിയും കാരണങ്ങള്‍ വെളിപ്പെടാത്ത ആ ദുരന്തം.. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഏറ്റവും പ്രിയപ്പെട്ട നടിയായി ദിവ്യ ഭാരതിയെ മനസ്സില്‍ ആരാധിക്കുന്നവര്‍ നിരവധി..

ജിയാ ഖാന്‍

ജിയാ ഖാന്‍

ജിയാ ഖാന്‍  രാം ഗോപാല്‍ വര്മ്മയുടെ വിവാദ ചിത്രം 'നിശബ്ദ്ല്‍'  അമിതാഭ് ബച്ചനോടൊപ്പം അരങ്ങേറ്റം കുറിച്ച് ശ്രദ്ധ നേടി. ഗജിനിയുടെ ഹിന്ദി റീമെയ്ക്കില്‍ തമിഴില്‍ നയന്താര ചെയ്ത വേഷം.തുടര്ന്ന് ഹൌസ്‌ഫുള്‍ .ആകെ അഭിനയിച്ച മൂന്നു പടങ്ങളില്‍ രണ്ടും ശതകോടി ക്ലബ്ബില്‍ അംഗത്വം നേടി .ഉറക്ക ഗുളികകള്‍ ഓവര് ഡോസ് വിഴുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ജിയ്ക്ക് വയസ്സ് ഇരുപത്തഞ്ച്.. ഇനിയും എത്രയോ ഒരുപാട് ഉയരങ്ങള്‍ ..എന്തൊക്കെ നേട്ടങ്ങള്‍..താര ദമ്പതികളായ ആദിത്യ  പന്ചോളിയുടെയും സറീന വഹാബിന്റെയും പുത്രനും മോഡലുമായ സൂരജ് പന്ചോളിയുമായി ജിയാ ലിവ് ഇന്‍ ബന്ധത്തിലായിരുന്നെന്നും  ആ ബന്ധത്തിലെ വിള്ളലുകളാണ് ഈ ദുരന്തത്തിലെയ്ക്ക് എത്തിച്ചതെന്നും ഉള്ള വീട്ടുകാരുടെ പരാതിയെത്തുടര്ന്ന് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട്  ജാമ്യം അനുവദിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരം കേസ് സി ബി ഐ അന്വേഷണത്തിലാണ്..

നഫീസ ജൊസഫ്

നഫീസ ജൊസഫ്

മുന്‍ മിസ്സ് ഇന്ത്യയും എം ടീവി അവതാരകയും മോഡലുമായിരുന്ന നഫീസ ജൊസഫ് പ്രതിശ്രുത വരന്റെ മുന് വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ പ്രശനങ്ങളുടെ പേരില്‍ ഇരുപത്താറാം വയസ്സില്‍ ആത്മഹത്യ ചെയ്തിരുന്നു. തമിഴ് നടിയും സിമ്രാന്റെ സഹോദരിയുമായ മോണാല്‍,'അരയന്നങ്ങളുടെ വീട്' എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മയൂരി എന്നിവരും വളരെ ചെറുപ്പത്തില്‍ തന്നെ ഇതേ രീതിയില്‍ ജീവിതം അവ്സാനിപ്പിച്ചവരാണ്.   

സില്‍ക്ക് സ്മിത

സില്‍ക്ക് സ്മിത

വളരെ സാധാരണ സാഹചര്യങ്ങളില്‍ നിന്ന് വന്നു തെന്നിന്ത്യന്‍ സെക്സ് സിംബലായി മാറിയ സില്‍ക്ക് സ്മിതയുടെ ജീവിതം 'ഡേര്‍ട്ടി പിക്‌ചര്‍' എന്ന സിനിമയിലൂടെ പുറത്ത് വന്നിരുന്നു .മദ്യത്തിനും വിഷാദത്തിനും  കീഴടങ്ങി ജീവിതത്തിനോട് വിട പറയുമ്പോള്‍ സ്മിത നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു.ചരിത്രത്താളുകള്‍ പിന്നോട്ട മറിച്ച് നോക്കിയാല്‍, ജീവിതം അവസാനിപ്പിച്ചില്ലെങ്കിലും ഒറ്റപ്പെടലിന്റെയും വിഷാദത്തിന്റെയും  തുരുത്തില്‍ നരകിച്ചു ജീവിച്ച ഒരുപാട് നായികമാരെ കാണാന്‍ കഴിയും.എഴുപതുകളുടെ ഹരമായിരുന്ന പര്‍വീണ്‍ ബാബി ഒരു ഫ്ലാറ്റില്‍ ഒറ്റപ്പെട്ട നിലയിലാണ് മരണപ്പെട്ടത്..ഒരു തലമുറയുടെ  ഹൃദയമിടിപ്പ് ആയിരുന്ന അവര്‍ അകത്തു നിന്ന് പൂട്ടിയ ഫ്ലാറ്റില്‍ ആരുമറിയാതെ അനാഥപ്രേതമായി കിടന്നത് വിധിവൈപരീത്യമെന്നെ പറയേണ്ടൂ. മധുബാലയുടെയും  അന്ത്യകാലം ഒറ്റപ്പെടലിന്റെയും വിഷാദത്തിന്റെയുമായിരുന്നു. കരിയറിലെ തിരിച്ചടികളും ബന്ധങ്ങളിലെ പരാജയങ്ങളും കാരണം മീനാകുമാരി മദ്യത്തിനടിമയായി ലിവര്‍ സീറോസിസ് വന്നു മരിക്കുമ്പോള്‍ വരും ദിനങ്ങളില്‍ അവരെ കാത്തിരുന്നത്  'പക്കീസാ' എന്ന സൂപ്പര്  ഹിറ്റ് ആയിരുന്നെന്നു അറിഞ്ഞിരുന്നില്ല.

ഇവര്‍ക്കൊക്കെ എന്തായിരുന്നു സംഭവിച്ചത്?ഇവരെ ജീവിതത്തില്‍ ഒറ്റപ്പെടുത്തിയത് കരിയറിലെ തിരിച്ചടികളും ബന്ധങ്ങളിലെ വിള്ളലുകളും മാത്രമായിരുന്നോ?.ഇവരെല്ലാവരും തന്നെ  ഡിപ്രഷന്‍ എന്ന ഘട്ടത്തിലൂടെ കടന്നു പോയിരുന്നു. ഹൃദയത്തില്‍ ഒറ്റപ്പെടലിന്റെ ഉണങ്ങാത്ത മുറിവുകള്‍‍ ഉണ്ടായിരുന്നു..ചിതറിയ ചിന്തകളും ഉറക്കമില്ലാത്ത രാവുകളും അവരെ തളര്‍ത്തിയിരുന്നു.വളരെ ചെറുപ്രായത്തില്‍ തന്നെ എല്ലാം നേടി. പക്ഷെ ചുറ്റുമുള്ള ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ അവര്‍ തിരഞ്ഞത് സ്വന്തം  എന്ന് കൂടെ ചേര്‍ത്തു നിര്‍ത്താവുന്ന  ഒരു സുഹൃത്തിനെയായിരുന്നിരിക്കാം..ആള്‍ക്കൂട്ടം മാഞ്ഞു കഴിഞ്ഞാല്‍ ബാക്കിയാവുന്ന  ഏകാന്തതകളില്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്ത്ഥ്യങ്ങള്‍ അവരെ വീര്പ്പുമുട്ടിച്ചിരിക്കാം. മുഖത്തണിഞ്ഞ ചായം  മായ്‌ചു കഴിഞ്ഞാല്‍ അവര്‍ സാധാരണ പെണ്‍കുട്ടികള്‍ മാത്രമാണ്. എല്ലാവര്‍ക്കും ജീവിതത്തിന്റെ മറുപുറം പൂരിപ്പിക്കാന്‍ ഒരു മറുപാതി അനിവാര്യമാണ്. ഒരു സുഹൃത്താകാം,പങ്കാളിയാകാം.പക്ഷെ അതിനപ്പുറം സ്വയം കണ്ടെത്തേണ്ടുന്ന ഒരു നിയോഗവും ഉണ്ടെന്ന് എന്തേ അവരറിഞ്ഞില്ല. ഒരു നല്ല സ്വപ്നത്തിന്റെ കൈ പിടിച്ച് തനിയെ നടക്കാമായിരുന്നില്ലേ കുറെ ദൂരമെങ്കിലും..കാലം കാത്തു വച്ചിരുന്ന നല്ലതിനായി കുറച്ച് നേരം കൂടിയെങ്കിലും കാത്തു നില്‍ക്കാമായിരുന്നില്ലേ നിങ്ങള്‍‍ക്ക്. അങ്ങനെയെങ്കില്‍‍ ഒരുപക്ഷെ നിങ്ങളെ ഞങ്ങള്‍‍ക്ക് നഷ്ടപ്പെടില്ലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top