20 September Sunday

ഗ്രേറ്റയുടെ നോട്ടംകൊണ്ട് പൊള്ളിയ ഭൂമി

അബ്ദുള്ള പേരാമ്പ്രUpdated: Sunday Oct 6, 2019


ചില നോട്ടങ്ങളും, വാക്കുകളും നമ്മെ എരിച്ചുകളയും. പ്രത്യേകിച്ച് കുട്ടികളാവുമ്പോള്‍ അതിന്റെ എരിവ് കൂടുമെന്നേയുള്ളൂ. കാരണം അവരുടെ വികാരവിചാരങ്ങള്‍ മനസ്സിന്റെ ആഴങ്ങളില്‍നിന്നും നിര്‍മിക്കുന്നതാണ്. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ കഴിയുന്നവരാണ് കുട്ടികള്‍. അതുകൊണ്ടാണ് സത്യങ്ങള്‍ വെളിപ്പെടുത്താന്‍ പ്രാപ്തിയുള്ളവരായി കുട്ടികള്‍ മാറുന്നത്. ഗ്രേറ്റ ട്യൂന്‍ബെര്‍ഗ് എന്ന സ്വീഡിഷ് സ്കൂള്‍ വിദ്യാർഥിനിയായ 16 വയസ്സുകാരിക്ക് അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപിന്റെ മുന്നില്‍ ഒട്ടും അമാന്തിച്ചുനില്‍ക്കേണ്ടിവന്നില്ല. അവള്‍ തന്റെ അകമേ വര്‍ഷങ്ങളായി കരുതിവച്ച വാക്കുകളെല്ലാം ഒരൊറ്റ നിമിഷംകൊണ്ട് പുറത്തേക്കെടുത്തിട്ടു. നിഷ്കളങ്കമായ ആ കണ്ണുകളില്‍നിന്നും വന്നത് യാചനയുടെ സൗമ്യതകളല്ല. മറിച്ച് ഒരു നോട്ടംകൊണ്ട് ദഹിക്കാന്‍ കഴിയുന്നത്ര വികാരം ഒളിപ്പിച്ചുവച്ച കൃഷ്ണമണികളാണ്. ഗ്രേറ്റയുടെ വാക്കിനെയും നോക്കിനെയും ട്രംപ് പരിഹസിച്ചതോടെ സാമൂഹിക മാധ്യമങ്ങള്‍ വെറുതെയിരുന്നില്ല. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് രാജ്യക്കാരാണ് പ്രസിഡന്റിനെതിരെ തിരിഞ്ഞത്. ഐക്യരാഷ്ട്ര സംഘടനാ മന്ദിരത്തിന്റെ മുന്നിലൂടെ തല ഉയര്‍ത്തിപ്പിടിച്ച് നടന്നുപോയ ട്രംപിനെ രൂക്ഷമായ നോട്ടംകൊണ്ട് ദഹിപ്പിച്ചുകളഞ്ഞ ട്രേറ്റയാവും ഈ വര്‍ഷത്തെ സോഷ്യല്‍ മീഡിയാതാരം.

മനുഷ്യന്റെ കടന്നുകയറ്റം മൂലം പരിസ്ഥിതി അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന് അറിയാത്തവരല്ല നാം. ആഗോള താപനം ഓരോ വര്‍ഷവും പരിധിവിട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ലോകത്ത് പ്രകൃതിദുരന്തങ്ങള്‍ക്ക് സാക്ഷിയാവാന്‍ വിധിക്കപ്പെട്ടവരായി മനുഷ്യന്‍ മാറുന്നു. വെള്ളപ്പൊക്കവും അത്യുഷ്ണവും, ഹിമപാതവുമെല്ലാം നാം പ്രകൃതിക്കു നേരെ നടത്തുന്ന അതിക്രമങ്ങളുടെ നിദര്‍ശനങ്ങളാണ്. നമ്മുടെ കൊച്ചു കേരളം പോലും അതില്‍നിന്നും മോചിതമല്ല. പരിസ്ഥിതി ചൂഷണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രമുഖ രാജ്യമാണ് അമേരിക്ക. ഭൂമിയുടെ ഓസോണ്‍ പാളിയെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന രാജ്യം. ഈ കുറ്റങ്ങളെല്ലാം മൂന്നാം ലോക രാജ്യങ്ങള്‍ക്കുമീതെ ചാര്‍ത്തി കൈ കഴുകുന്ന ശുദ്ധഗതിക്കാരായി പലപ്പോഴും അമേരിക്ക മാറാറുണ്ട്. ഒബാമയ്ക്കു ശേഷം ഭരണത്തിലേറിയ ട്രംപ് ഇക്കാര്യത്തില്‍ ഒന്നാമനാണ്. ഒരു ജാള്യതയുമില്ലാതെ പരിസ്ഥിതി ഉച്ചകോടിയില്‍ നിന്ന് പിന്മാറിയവരാണ് അമേരിക്ക. ലോകത്തിലെ പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്ക് ഞങ്ങള്‍ നിരപരാധികളാണെന്നാണ് ട്രംപ് ഈയിടെ പ്രസ്താവിച്ചത്.

 

ഈ പശ്ചാത്തലത്തിലാണ് സ്വീഡനിലെ വിദ്യാർഥിനിയായ ട്രേറ്റ ട്യൂന്‍ബെര്‍ഗ് മറ്റു ചില പരിസ്ഥിതി സ്നേഹികളെ സംഘടിപ്പിച്ച് ഒരു പരിസ്ഥിതി സംഘടനയ്ക്ക് രൂപംനല്‍കുന്നത്. അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ് യുഎന്‍ ആസ്ഥാനത്ത് വരുന്നുണ്ടെന്നറിഞ്ഞ് അവളും സംഘവും പുറപ്പെടുകയായിരുന്നു. അവിടെവച്ച് അവള്‍ തന്റെ ചിന്തയ്ക്ക് തീകൊളുത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അമേരിക്ക ഒന്നും ചെയ്യുന്നില്ലെന്നും, തന്റെ തലമുറയെ അവര്‍ വഞ്ചിച്ചിരിക്കുകയാണെന്നും അവള്‍ തുറന്നുപറഞ്ഞു. പക്ഷേ, ട്രംപ് ഇതിനെ രൂക്ഷമായി പരിഹസിക്കുകയാണുണ്ടായത്. ഒരുപക്ഷേ, ഒബാമയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ ഈ പെണ്‍കുട്ടിയെ സ്നേഹാദരങ്ങള്‍കൊണ്ട് ആലിംഗനം ചെയ്തേനെ. മനുഷ്യബന്ധങ്ങളെക്കുറിച്ചോ, പരിസ്ഥിതി അവബോധത്തെക്കുറിച്ചോ ഒട്ടും അമാന്തിക്കാത്ത ഒരു മനുഷ്യനാണ് ട്രംപ് എന്നതിനാല്‍ നാം അതൊന്നും പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തില്ലെന്നുമാത്രം. എങ്കിലും ലോകം അദ്ദേഹത്തെ എളുപ്പത്തില്‍ ചെറുതാക്കിക്കളഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ''പൊള്ളയായ വാഗ്‌ദാനങ്ങള്‍കൊണ്ട് നിങ്ങളെന്റെ സ്വപ്നങ്ങളെയും ബാല്യത്തെയും കരിച്ചുകളഞ്ഞു'' എന്നാണ് അവള്‍ തുറന്നടിച്ചത്. മനുഷ്യന്‍ ദുരിതത്തിലാണെന്നും അവര്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ പതിനാറുകാരി ഉച്ചൈസ്ഥരം വിളിച്ചുപറഞ്ഞു. ട്രംപിന്റെ പരിഹാസ വാക്കുകളെ എരിച്ചുകളയാനുള്ള ആറ്റംബോംബിന്റെ ശക്തി ട്രേറ്റയുടെ വാക്കുകളില്‍ അടയിരുന്നിരുന്നു.

ട്രേറ്റ ട്യൂന്‍ബെര്‍ഗിനെ ലോകം അറിഞ്ഞുതുടങ്ങുന്നത് ഈ സംഭവത്തോടുകൂടിയാണെങ്കിലും, അവള്‍ ചരിത്രത്തില്‍ 2018 ആഗസ്‌ത്‌ മാസം മുതലുണ്ട്. കാലാവസ്ഥാ വ്യതിയാനം തടയാന്‍ വേണ്ടി ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി പൊരുതുകയാണ് ഈ പെണ്‍കുട്ടി. വെള്ളിയാഴ്ച ദിവസങ്ങളില്‍ സ്കൂളില്‍ ഹാജരാവാതെ സ്വീഡിഷ് പാർലമെന്റിന് മുമ്പില്‍ ഇവളും സംഘവും ''കാലാവസ്ഥയ്ക്കുവേണ്ടി സ്കൂള്‍സമരം'' എന്നെഴുതിയ പ്ലക്കാര്‍ഡുകളേന്തി ധര്‍ണ നടത്തുന്നു. കാലാവസ്ഥയ്ക്കു‐വേണ്ടി സമരം ചെയ്ത് തെരുവിലിറങ്ങുന്നത് ലോകത്ത് ആദ്യമല്ലെങ്കിലും ഈയിടെ ഗ്രേറ്റയും സംഘവും നടത്തിയ തെരുവ് സമരം ലോക മാധ്യമങ്ങള്‍ ഇഷ്ടത്തോടെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി. ചില മാനസിക വൈകല്യങ്ങളുള്ള ട്രേറ്റ, പക്ഷേ, സമരങ്ങളില്‍ അതൊന്നും തടസ്സമായില്ല. ഓട്ടിസത്തിന്റെ ചെറിയ പ്രശ്നങ്ങള്‍ അവള്‍ക്കുണ്ട്. 'അസ്പര്‍ജേഴ്സ് സിന്‍ഡ്രോം' എന്ന ലഘു ഓട്ടിസമാണിത്. പ്രകൃതിയോടുള്ള അദമ്യമായ പ്രണയത്തിനു മുന്നില്‍ അവളുടെ രോഗം പോലും തോല്‍ക്കുന്നത് ലോകം കണ്ടു.

ലോകം അവസാനിക്കുകയാണെന്നും അങ്ങനെയുള്ള ഒരു രാജ്യത്തിന് കാരണം മുതലാളിത്തമാണെന്നും വിശ്വസിക്കുന്നവളാണ് ഗ്രേറ്റ. ഈ കാരണംകൊണ്ടാണ് പാരിസ്ഥിതികമായ ഓരോ മുറിവിനും മുതലാളിത്ത വ്യവസ്ഥയെ അവള്‍ ചോദ്യം ചെയ്യുന്നത്. 2003 ജനുവരി 31 ാം തീയതി സ്വീഡനില്‍ ജനിച്ച ഗ്രേറ്റ ചെറുപ്പം മുതലേ സാമൂഹിക ഇടപെടലുകള്‍ നടത്തി ശ്രദ്ധേയമാണ്. പാരിസ്ഥിതികമായ എല്ലാ വിഷയങ്ങളും ഇവളുടെ ചിന്തയില്‍ വളരുന്നുണ്ടെങ്കിലും ആഗോള താപനമെന്ന തീര്‍ത്തും അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തില്‍ ശ്രദ്ധയൂന്നി സമരങ്ങളും പ്രസംഗങ്ങളും നടത്തി ലോകത്തെ വിസ്മയിപ്പിക്കുകയാണിവള്‍. വരുംകാലം നമ്മുടെ തലമുറ ഭരണാധികാരികളോടല്ല, ഗ്രേറ്റയോടാണ് കടപ്പെട്ടിരിക്കുക. കാരണം, ലോകത്ത് നാശം മാത്രം വിതയ്ക്കുന്നവരാണ് മിക്ക ഭരണകൂടവും. ഈ പെണ്‍കുട്ടിയാവട്ടെ പോരാട്ടങ്ങളിലൂടെ സ്വപ്നങ്ങള്‍ കാക്കാന്‍ തലമുറയെ പാകപ്പെടുത്തുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top