30 March Thursday

ഗ്രെറ്റ ഇർമാൻ തുൻബെർഗ്....കാലാവസ്ഥയ്‌ക്കൊരു കാവലാൾ

ഡോ. ശരത് മണ്ണൂര്‍Updated: Tuesday May 7, 2019


ഗ്രെറ്റ ഇർമാൻ തുൻബെർഗ് എന്ന പതിനാറുകാരി ഇപ്പോൾ ലോകമറിയുന്ന താരമാണ്.  ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരെ കഴിഞ്ഞ വര്‍ഷം ആഗസ്തിൽ  അവൾ തുടങ്ങിയ ഒറ്റയാൾ പ്രതിഷേധം ഇന്ന് ലോകരാഷ്ട്രങ്ങളിലെല്ലാം വലിയൊരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുകയാണ്.  തുടർച്ചയായി വെള്ളിയാഴ്ചകളില്‍  ക്ലാസ്‌  ബഹിഷ്കരിച്ച്  സ്വീഡിഷ് പാർലമെന്റിനു മുന്നില്‍  പ്രതിഷേധപ്രകടനങ്ങൾ  നടത്തിക്കൊണ്ടാണ് ഈ വിഷയം   ഗ്രെറ്റ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.  അതിനുള്ള അംഗീകാരമായി ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന്  രാഷ്ട്രം അവളെ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

പ്രകൃതിയുടെ സംരക്ഷണ ദൂതുമായി വത്തിക്കാനിലെത്തിയ ഗ്രെറ്റക്ക്‌ ഐക്യദാർഢ്യവുമായി ഫ്രാൻസിസ്‌ മാർപ്പാപ്പ തന്നെ എത്തിയതും അവൾക്കുള്ള അംഗീകാരമായി. കഴിഞ്ഞ മാസമാണ്‌ ‘കാലാവസ്ഥ പണിമുടക്കിന്‌ അണിചേരുക’ എന്ന പ്ലക്കാർഡുമായി കൊച്ചുഗ്രെറ്റ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറിനു മുന്നിൽ ഒത്തുചേർന്നത്‌.

2003 ൽ,  സ്വീഡിഷ് ഓപ്പറ ഗായിക  മലേന എൺമാന്റെയും അഭിനേതാവ്  സ്വാന്ത്  തുൻബെർഗിന്റെയും മകളായി ജനിച്ച  ഗ്രെറ്റ തുന്‍ബെര്‍ഗ്  2008 ആഗസ്തിലാണ് കാലാവസ്ഥാവ്യതിയാനത്തിന്  ആക്കം കൂട്ടുന്ന സ്വീഡിഷ് സർക്കാരിന്റെ നയങ്ങൾക്കെതിരെ  ‘ഫ്രൈഡേ  സ്കൂള്‍ പ്രൊട്ടെസ്റ്റ്' എന്ന പേരില്‍  പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്. പാരീസ് ഉടമ്പടി പാലിച്ചുകൊണ്ട്   കാർബൺ പുറംതള്ളൽ കുറയ്ക്കണമെന്ന് അവൾ  സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മഞ്ഞും    മഴയും   വെയിലും   വകവെക്കാതെ     ഓരോ വെള്ളിയാഴ്ചയും  പ്ലക്കാര്‍ഡുമായി  പാർലമെന്റ്‌ മന്ദിരത്തിനു  മുന്നില്‍ പ്രതിഷേധിച്ച ഗ്രെറ്റ ആദ്യമാദ്യം ജനങ്ങള്‍ക്കൊരു  കൗതുകക്കാഴ്ച  മാത്രമായിരുന്നു. ആരും അവളെ പിന്തുണച്ചിരുന്നില്ല. സഹപാഠികളില്‍നിന്നുപോലും സഹകരണം ലഭിച്ചില്ല. പക്ഷേ, പിന്മാറാന്‍ ഈ പെൺകുട്ടി ഒരുക്കമായിരുന്നില്ല.  എന്തുതന്നെ സംഭവിച്ചാലും ഈ ദൗത്യം തുടരുകതന്നെ ചെയ്യുമെന്ന്  അവള്‍ തീരുമാനിക്കുകയായിരുന്നു.

ഭാവിതന്നെയില്ലെങ്കിൽ പിന്നെ ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം, എന്തിന് സ്‌കൂളിൽ പോകണം? വിദ്യാഭ്യാസം നേടിയവരുടെ വാക്കുകൾ ഭരണകേന്ദ്രങ്ങൾ ചെവിക്കൊള്ളുന്നില്ലെങ്കിൽ പിന്നെ എന്തിനു വിദ്യ നേടണം?  ഗ്രെറ്റ ഉന്നയിച്ച   ഈ ചോദ്യങ്ങളുടെ   പ്രസക്തിയും പ്രാധാന്യവും ഏറെക്കാലം കണ്ടില്ലെന്നു നടിക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ക്രമേണ  ഗ്രെറ്റയുടെ ഈ സമരം ലോകം ഏറ്റെടുത്തു. ‘ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍'എന്ന പേരിൽ ഒരു   പ്രസ്ഥാനമായി അത് വളര്‍ന്നു.  ലോകരാഷ്ട്രങ്ങളിലെ ദശലക്ഷക്കണക്കിന്  വിദ്യാർഥികൾ  ഇപ്പോള്‍ ഇതില്‍ സജീവ പങ്കാളികളാണ്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് ബഹിഷ്കരിച്ച്, കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അവര്‍ പ്രതിഷേധ സമരം നടത്തുന്നു. ഈ വിഷയത്തില്‍ ഭരണകേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന ഉദാസീനമായ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നു. ഈ ഭൂമി വരുംതലമുറയ്ക്കും അവകാശപ്പെട്ടതാണെന്നും എന്തു വിലകൊടുത്തും അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ ബാധ്യതയാണെന്നും അവര്‍ ലോകത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.

   ലണ്ടനിലും സ്റ്റോക്ക്ഹോമിലും ഹെൽസിങ്കിയിലും ബ്രസ്സൽസിലുമൊക്കെ  സംഘടിപ്പിച്ച വന്‍ റാലികളില്‍  ഈ വിഷയത്തെ അധികരിച്ച് ഗ്രെറ്റ സംസാരിച്ചു. ഇക്കഴിഞ്ഞ ഡിസംബറിൽ  പോളണ്ടിൽ യു എൻ സെക്രട്ടറി ജനറലുമായി   അവള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.  ഈ വിഷയത്തിൽ ഉടനടി ഇടപെടുവാൻ അഭ്യർത്ഥിച്ചുകൊണ്ട്  അവള്‍ നടത്തിയ  പ്രസംഗം  വളരെ പെട്ടെന്നാണ് ലോകമെമ്പാടുമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്‌. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അത് ഷെയര്‍ ചെയ്‌തു. 

2019 ജനുവരിയിൽ ലോക സാമ്പത്തിക ഫോറത്തിൽ പ്രത്യേക ക്ഷണിതാവായെത്തി ഗ്രെറ്റ നടത്തിയ  പ്രസംഗവും ലോകശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യയുള്‍പ്പെടെ നൂറ്റിയിരുപത്തിയെട്ടോളം രാജ്യങ്ങളിലെ 2233 നഗരങ്ങളിൽ  വെള്ളിയാഴ്ചകളില്‍   സ്‌കൂൾ വിട്ടിറങ്ങി കുട്ടികൾ പ്രകടനങ്ങൾ നടത്തുന്നത് പതിവ് കാഴ്ചയായിരിക്കുന്നു.   പതിനഞ്ച് ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇപ്പോള്‍ ഈ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

   ‘ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായിരിക്കുന്ന ഈ അവസ്ഥയ്‌ക്കെതിരെ ഓരോരുത്തരും അവർക്കാവുന്ന വിധം പ്രവർത്തിക്കേണ്ടതുണ്ട്....

No one is too small to make a difference....'’

     എല്ലാവേദികളിലും ഗ്രെറ്റ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്‌.   ഇത് വെറുമൊരു വാചകക്കസര്‍ത്തല്ലെന്നും പാലിക്കപ്പെടേണ്ട സന്ദേശമാണെന്നും  ലോകം ഇപ്പോള്‍  തിരിച്ചറിയുന്നു. കാരണം ഇതിനവള്‍ സാക്ഷ്യം നല്‍കുന്നത് തന്റെതന്നെ ജീവിതമാണല്ലോ. സംഭവബഹുലമായ  തന്റെ കൊച്ചു ജീവിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top