25 September Monday

പോരാട്ട ചരിത്രത്തിലെ ഇതിഹാസ നായിക

ടി എം ജോർജ്ജ്Updated: Tuesday Oct 23, 2018

ഇൻഡ്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടചരിത്രത്തിലെ ഐതിഹാസിക വ്യക്തിത്വം. കർഷകർക്കും തൊഴിലാളി വർഗത്തിനും വേണ്ടി ഉഴിഞ്ഞുവച്ച സംഭവ ബഹുലമായ ജീവിതം. കിസാൻ സഭയുടെ അഖിലേന്ത്യാപ്രസിഡന്റ്, സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം, മഹാരാഷട്രയിലെ കർഷകപോരാട്ടങ്ങളുടെ നായിക എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ധീരവനിത.... ഗോദാവരി പരുലേക്കറുടെ ജീവിതം ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരി, സാമുഹ്യ സാംസ്ക്കാരിക പ്രവർത്തക എന്നീ നിലകളിലൂടെ മഹത്തായ സേവനങ്ങൾ അവർ നൽകിയിട്ടുണ്ട്.

ഗോദാവരി ഗോഖലെ ജനിച്ചത് 1907 ആഗസ്‌ത്‌ 14ന് പുണെയിലെ ധനിക കുടംബത്തിലാണ്. അച്ഛൻ ലക്ഷ്‌മണറാവോ ഗോഖലെ പ്രസിദ്ധനായ അഭിഭാഷകനായിരുന്നു. ഗോദാവരി സാമ്പത്തിക ശാസ്ത്രത്തിലുംപൊളിറ്റിക്കൽ സയൻസിലും ബിരുദം നേടിശേഷം നിയമപഠനവും പൂർത്തിയാക്കി. മഹാരാഷ്ട്രയിൽ നിയമബിരുദം നേടുന്ന ആദ്യ വനിതയെന്ന ബഹുമതിയും അവർ നേടി. വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായിരുന്ന അവർ ബ്രിട്ടീഷുകാർക്കെതിരെയുള്ള സ്വാതന്ത്യസമരത്തിൽ പങ്കെടുത്ത് 1932‐ൽ ജയിലിൽ അടയ്ക്കപ്പെട്ടു. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തു വന്ന അവരെ ഉൾക്കൊള്ളുവാൻ യാഥാസ്ഥിതികനായ അച്ഛൻ തയ്യാറായില്ല. അതിനെ തുടർന്ന് അവർ വീടുവിട്ടിറിങ്ങി മുംബെയിലെത്തി. സേർവെന്റ്സ് ഓഫ് ഇൻഡ്യ സൊസൈറ്റിയിൽ ചേർന്ന് സാമൂഹ്യപ്രവർത്തനത്തിന് തുടക്കം കുറിച്ചു. അവിടെ വച്ച് ഷംറാവോ പരുലേക്കറുമായി പരിചയപ്പെടാൻ ഇടയാകുന്നു. അദ്ദേഹം കർണാടകയിലെ ബീജപ്പൂർ സ്വദേശിയാണ്.

ആ പരിചയവും അടുപ്പവും ഗോദാവരിയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. 1938 ൽ അവർ കമ്യൂണിസ്‌റ്റ് പാർടിയിൽ അംഗത്വമെടുത്തു. ജീവിത വീക്ഷണങ്ങളിലുള്ള സമാനതയും സംഘടനാപ്രവർത്തനങ്ങളിലുള്ള ഒരുമയും അവരെ പരസ്പരം മാനസികമായി അടുപ്പമുള്ളവരാക്കി മാറ്റി. 1939 മെയ് 24ന് അവർ വിവാഹിതരായി.

ഇൻഡ്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ വിപ്ലവകാരികളായ ദമ്പതികൾ നിരവധിയുണ്ട്. അവരിൽ പ്രമുഖ സ്ഥാനമാണ് പരുലേക്കർ ദമ്പതികൾക്കുള്ളത്.  മഹാരാഷ്ട്രയിലെ കർഷകപ്രസ്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും പോരാട്ടചരിത്രം ഗോദാവരിപരുലേക്കറുടെയും ഷംറാവോ  പരുലേക്കറുടെയും ജീവിതപോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും സാമ്രാജ്യത്വയുദ്ധത്തിനെതിരെയുമുള്ള പോരാട്ടത്തിൽ പങ്കെടുത്ത് 1940 ൽ പരുലേക്കർ ദമ്പതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രണ്ടുവർഷക്കാലത്തെ ജയിൽ വാസത്തിനു ശേഷം പുറത്തുവന്നു.  മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വാർലി ആദിവാസികളോടുള്ള ജന്മിവർഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ ഗോദാവരിപരുലേക്കർ നേതൃത്വം കൊടുത്ത പോരാട്ടം പുന്നപ്ര വയലാർ  സമരം പോലെയും തെലങ്കാനപോരാട്ടം പോലെയും ചരിത്രത്തിൽ ഇടംപിടിച്ചു.
ഇൻഡ്യാ‐ചൈന യുദ്ധത്തോടനുബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടികളുടെ അനവധി നേതാക്കളോടൊപ്പം പരുലേക്കർ ദമ്പതികളും ജയിലിലടയ്ക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയിൽ 1964 ൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് സിപിഐ എമ്മിൽ പരുലേക്കർ ദമ്പതികൾ  ഉറച്ചുനിന്നു.

ഷംറാവോ പരുലേക്കർ മുംബൈ ജയിലിൽവച്ച് 1965 ആഗസ്‌ത്‌ 3 ന് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ആ സമയത്ത് ഗോദാവരിയും രാഷ്ട്രീയ തടവുകാരിയായി  ജയിലിൽ  കഴിയുകയായിരുന്നു.  ഷംറാവോയുടെ നിര്യാണം ഗോദാവരിയെ അക്ഷരാർത്ഥത്തിൽ തളർത്തി. ദീർഘനാളത്തെ ജയിൽവാസത്തിനു ശേഷം 1966 ഏപ്രിൽ 30 ന് ഗോദാവരി ജയിൽ മോചിതയായി. വിവിധഘട്ടങ്ങളിലായി 8 വർഷക്കാലത്തോളം അവർ ജയിൽവാസമനുഭവിച്ചു.  ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അവർ കിസാൻ സഭപ്രവർത്തനങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിലും സജീവമായി. സിപിഐ എമ്മിന്റെ കേന്ദ്രകമ്മറ്റിയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു. 1986 ൽ പാറ്റ്നയിൽ ചേർന്ന അഖിലേന്ത്യാ കിസാൻ സഭയുടെ 50‐ാമത് വാർഷിക സമ്മേളനത്തിൽ ഗോദാവരി പരുലേക്കർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഗോദാവരി എഴുത്തുകാരികൂടിയായിരുന്നു. 1970 ൽ പ്രസിദ്ധീകരിച്ച ‘മനുഷ്യനുണരുമ്പോൾ’ എന്ന കൃതിക്ക് 1972 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ജവഹർലാൽ നെഹ്‌റു അവാർഡും സോവിയറ്റ്ലാന്റ് അവാർഡും ആ കൃതിക്ക് ലഭിച്ചു. വിവിധ ലോകഭാഷകളിലേക്കും ഇൻഡ്യയിലെ തന്നെ മറ്റു ഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടു. ‘ആദിവാസി കലാപം’,‘ 8 വർഷത്തെ ജയിൽ ജീവിതം’ എന്നിവ അവരുടെ മറ്റു കൃതികളാണ്. മികച്ച സാമൂഹ്യപ്രവർത്തകയ്‌ക്കുള്ള ലോകമാന്യതിലക്  അവാർഡിനും സാവിത്രിഭായി ഫുലെ അവാർഡിനും അവർ അർഹയായി 

1996 ഒക്ടോബർ 8 ന് ആ വീരവിപ്ലവ നായിക മരണമടഞ്ഞു. വിമോചന പോരാട്ടചരിത്ര താളുകളിൽ എന്നും ജ്വലിക്കുന്ന അധ്യായമായി അവർ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top