30 May Tuesday

സമത്വം, ലിംഗനീതി, ലിംഗ നിക്ഷ്പക്ഷത...കീർത്തി പ്രഭ എഴുതുന്നു

ഡോ. കീർത്തി പ്രഭUpdated: Sunday Aug 28, 2022

ഫോട്ടോ: ബിനുരാജ്

കീർത്തി പ്രഭ

കീർത്തി പ്രഭ

ലിംഗ നിക്ഷ്പക്ഷത (ജൻഡർ ന്യൂട്രാലിറ്റി), ലിംഗ സമത്വം (ജൻഡർ ഇക്വാളിറ്റി), ലിംഗ നീതി (ജൻഡർ ഇക്യുറ്റി) ഈ മൂന്ന് വാക്കുകളും നമ്മൾ കേൾക്കാറുണ്ട്. ഇവ മൂന്നും തമ്മിലുള്ള വ്യത്യാസങ്ങളും എന്താണ് ഈ വാക്കുകളിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമായി അറിയാത്തത് കൊണ്ട് തന്നെ ഈ മൂന്ന് വാക്കുകളും തർക്ക വിഷയമായി നമുക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്.

സ്ത്രീക്കും പുരുഷനും ട്രാൻസ്‌ജൻഡറിനും എല്ലാ കാര്യങ്ങളിലും തുല്യത വേണം എന്ന് പറയുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വഭാവികമാണ്. ഈ തുല്യത അല്ലെങ്കിൽ ലിംഗസമത്വം എന്ന വാക്ക് തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്.അവിടെയാണ് നമ്മളധികം ഉപയോഗിക്കാത്ത ലിംഗനീതി എന്ന വാക്കിന് പ്രസക്തിയുണ്ടാകുന്നത്. ചെറിയൊരു ഉദാഹരണത്തിലൂടെ ആ വാക്കുകൾ തമ്മിലുള്ള വ്യത്യാസം വിവരിക്കാൻ ശ്രമിക്കട്ടെ.

നല്ല ഉയരമുള്ളതും ഇടത്തരം ഉയരമുള്ളതും തീരെ ഉയരമില്ലാത്തതും ആയ മൂന്ന് പേർക്ക് ഒരു മതിലിനു അപ്പുറത്തുള്ള ക്രിക്കറ്റ് കളി കാണണം. അതിനായി അവർക്ക് ഒരേ ഉയരമുള്ള മൂന്ന് ബെഞ്ചുകൾ നൽകുന്നു. കൂടുതൽ ഉയരമുള്ളയാൾക്ക് ബെഞ്ചില്ലാതെ തന്നെയും  ഇടത്തരം ഉയരമുള്ളയാൾക്ക് ബെഞ്ചിൽ കയറി നിന്നിട്ടും
മതിലിനപ്പുറത്തെ ക്രിക്കറ്റ് കാണാൻ കഴിയും. പക്ഷെ ഉയരം തീരെ കുറഞ്ഞയാൾക്ക് ബെഞ്ചിൽ കയറി നിന്നാലും മതിലിനപ്പുറത്തെ കാഴ്ച കാണാൻ പറ്റില്ല. മൂന്ന് പേർക്കും ഒരേ ഉയരമുള്ള ബെഞ്ച് നൽകിക്കൊണ്ട് അവിടെ നമ്മൾ നടപ്പിലാക്കിയത് സമത്വമാണ്. പക്ഷെ ആ സമത്വം കൊണ്ട് മൂന്ന് പേർക്കും ഗുണമുണ്ടാവുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നേരെ മറിച്ച് ഉയരം കൂടുതലുള്ളയാൾക്ക് ബെഞ്ച് കൊടുക്കാതെയും ഇടത്തരം ഉയരമുള്ളയാൾക്ക് ബെഞ്ച് നൽകിയും ഉയരം തീരെ കുറഞ്ഞയാൾക്ക് നേരത്തെ നൽകിയതിനേക്കാളും കൂടുതൽ ഉയരമുള്ള ബെഞ്ച് നൽകുകയും ചെയ്താൽ അവിടെ നീതി നടപ്പിലാകും.അത് സമത്വത്തിലേക്കുള്ള മാർഗവുമാകും. മനുഷ്യരെല്ലാം പല രീതികളിൽ വ്യത്യസ്തരാണ്.ഈ വ്യത്യാസങ്ങളുള്ളത് കൊണ്ട് എല്ലാവർക്കും ജീവിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള അവകാശങ്ങളിൽ വ്യത്യസ്തത ഉണ്ടാവാൻ പാടില്ല.അതിനു പറ്റുന്ന രീതിയിൽ ഉള്ള സംവിധാനങ്ങൾ ഉണ്ടാക്കാനാണ് സമൂഹവും ഭരണകൂടവും എല്ലാം ശ്രമിക്കേണ്ടത്. ലിംഗനീതി നടപ്പിലായാൽ മറ്റുള്ളവരുടെ ജീവിതത്തിൽ കൈകടത്തി അവരെ നിയന്ത്രിക്കാനുള്ള അവസരങ്ങളും സാമൂഹിക അധികാരം ചിലരിലുണ്ടാക്കിയ ഭ്രമങ്ങളും മറ്റുള്ളവന്റെ ത്യാഗത്തെയും വേദനയെയും മഹത്വവൽക്കരിച്ചു കൊണ്ടോ അല്ലാതെയോ  ചൂഷണം ചെയ്ത് ജീവിക്കാനുള്ള മനുഷ്യന്റെ സ്വാഭാവികമായ വാസനകളും അധികാരം ഉണ്ടാക്കിത്തരുന്ന സവിശേഷമായ ചില പദവികളും മാത്രമേ നഷ്ടമാവുകയുള്ളു. ഒരു പൗരൻ എന്ന രീതിയിലുള്ള നിങ്ങളുടെ അവകാശങ്ങൾക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. അതുകൊണ്ട് തന്നെ ലിംഗനീതിയെന്ന് കേൾക്കുമ്പോൾ അസ്വസ്ഥരാവേണ്ട ആവശ്യം തീരെയില്ല.

കുട്ടികൾ, വൃദ്ധജനങ്ങൾ ഭിന്നശേഷിക്കാർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ തുടങ്ങി പല കാരണങ്ങളാൽ  മാറ്റിനിർത്തപ്പെട്ട വർഗ്ഗങ്ങളെ കൂടി നമ്മുടെ സാമൂഹിക പുരോഗതിയുടെ ഭാഗമാക്കിയാൽ മാത്രമേ ഒരു സമൂഹത്തിന് വളർച്ചയുണ്ടാവുകയുള്ളൂ. ബഹുഭൂരിപക്ഷം ആളുകളും സാമൂഹിക പുരോഗതിയുടെ ഭാഗമാകാതെ ഇരിക്കുമ്പോൾ ഒരു സമൂഹം ഒരിക്കലും ആരോഗ്യത്തോടെ മുന്നോട്ട് നടക്കില്ല. അതുകൊണ്ടുതന്നെയാണ് സ്ത്രീകളെയും ഭിന്നലിംഗക്കാരെയും ദുർബലവിഭാഗങ്ങളെയും ഒക്കെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വേണ്ടിയിട്ടുള്ള പരിശ്രമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ആണും പെണ്ണും മറ്റ് ലിംഗവിഭാഗങ്ങളും തമ്മിൽ
ശാരീരിക പ്രകൃതിയിൽ,
പെരുമാറ്റ രീതിയിൽ,
ശബ്ദത്തിൽ, വൈകാരികതകളിൽ, ലൈംഗികതയിൽ അങ്ങനെ
നിരവധി അസമത്വങ്ങൾ ഉണ്ട്.
പിന്നെ എങ്ങനെയാണ് സമത്വം സാധ്യമാവുക ?

അതിന് ഒരേയൊരു ഉത്തരം മാത്രമേ ഉള്ളൂ.
സ്ത്രീകളുടെയും പുരുഷന്മാരുടെയും മറ്റ് ലിംഗന്യൂനപക്ഷങ്ങളുടെയും  ജീവശാസ്ത്ര പരമായും, വൈകാരികമായും ശാരീരികമായും ലൈംഗികമായും ഉള്ള വ്യത്യാസങ്ങൾ ഒരിക്കലും അവരുടെ സാമൂഹികമായ ഇടപെടലുകൾക്കോ ഭരണഘടനാ പ്രകാരം ഒരു പൗരനുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതിനോ തടസ്സമാവാൻ പാടില്ല. ലിംഗ വ്യത്യാസം കൊണ്ട് മാത്രം സാമൂഹികവിവേചനങ്ങൾ ഉണ്ടാകുന്ന അവസ്ഥയിൽ മാറ്റം വരണം എന്നതാണ് ഈ വാക്കുകളൊക്കെ ലക്ഷ്യമിടുന്നത്.അതല്ലാതെ ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ഉപകരണം അല്ല ലിംഗനീതി. ലിംഗനീതി നടപ്പാക്കുന്നതിലൂടെ നിലവിൽ ആധിപത്യം ഉള്ള വിഭാഗത്തിന് ഒന്നും നഷ്ടപ്പെടുന്നില്ല, അവരുടെ പ്രിവിലേജ് അവിടെ തന്നെ നിലനിർത്തിക്കൊണ്ട് മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർക്കും ആ പ്രിവിലേജ് ലഭ്യമാക്കുക എന്ന് മാത്രം.

സമത്വം വേണമെങ്കിൽ പിന്നെ പ്രത്യേകം ടോയ്ലറ്റ് എന്തിനാ, ബസിൽ സ്ത്രീകൾക്ക് സീറ്റ്‌ സംവരണം എന്തിനാ, അധികാര സ്ഥലങ്ങളിലും ചില ഉദ്യോഗങ്ങൾക്കും ഒക്കെ സ്ത്രീകൾക്ക് സംവരണം എന്തിനാ, സ്ത്രീ സുരൻക്ഷയ്ക്കായി പ്രത്യേക നിയമങ്ങൾ എന്തിനാ,ഭിന്നലിംഗക്കാരെ സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ എന്തിനാ ഈ ചോദ്യങ്ങളൊക്കെ എന്താണ് ലിംഗസമത്വം എന്നും എന്താണ് ലിംഗനീതി എന്നും ലിംഗ നിക്ഷ്പക്ഷത എന്നും മനസിലാക്കിയാൽ ഇല്ലാതാവും.

വിവിധ ലിംഗത്തിൽ പെട്ടവർ ഒരുപോലെ നടക്കുകയും ഒരുപോലെ പ്രവർത്തിക്കുകയും ഒരുപോലെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതല്ല ജൻഡർ ന്യൂട്രാലിറ്റി എന്ന് മനസിലാക്കിയാൽ തീരാവുന്ന തർക്കങ്ങളേ ഇവിടെയുള്ളൂ. സ്ത്രീകൾ പുരുഷന്മാരെ പോലെ നടക്കുന്നതും പുരുഷന്മാർ സ്ത്രീകളെ പോലെ നടക്കുന്നതും ആണ് ജൻഡർ ന്യൂട്രാലിറ്റി എന്ന് കരുതുന്നവരാണ് അധികവും.ഒരു വ്യക്തിക്ക് ഭരണഘടന അനുവദിച്ചു കൊടുക്കുന്ന അവകാശങ്ങൾ അവരുടെ ലിംഗത്തിന്റെ പേരിൽ ഒരു വ്യക്തിയോ സംഘടനയോ മതമോ മറ്റാരെങ്കിലുമോ നിഷേധിക്കുകയാണെങ്കിൽ അതിനെതിരെ ശബ്ദിക്കുകയാണ് ന്യൂട്രാലിറ്റിയും സമത്വവും ലിംഗനീതിയും ചെയ്യുന്നത്.അതിലേക്കുള്ള മാർഗങ്ങൾ തന്നെയാണ് ജൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ പോലെയുള്ള ആശയങ്ങൾ.

അതുകൊണ്ട് തന്നെ ജെൻഡർ ന്യൂട്രൽ വസ്ത്രത്തെ പിന്തുണയ്ക്കാൻ പുരുഷന്മാർ സാരിയും ചുരിദാറും ധരിക്കേണ്ട കാര്യമില്ല. അവയൊന്നും ജൻഡർ ന്യൂട്രൽ വസ്ത്രമല്ല  എന്ന് മനസിലാക്കിയാൽ മതി. വീടുകളും സ്കൂളുകളും തന്നെയാണ് ലിംഗ നീതിയുടെയും ലിംഗ സമത്വത്തിന്റെയും ബാലപാഠങ്ങൾ തുടങ്ങാൻ ഏറ്റവും നല്ലത്. ശരീരം എളുപ്പത്തിൽ ചലിപ്പിക്കാവുന്ന പാന്റും ഷർട്ടുമൊക്കെ എല്ലാ ജൻഡറിലുള്ളവർക്കും കംഫർട്ടബിൾ ആണെന്നതിൽ തർക്കമൊന്നുമില്ല.

വസ്ത്രസ്വാതന്ത്ര്യത്തിലെ കൈകടത്തലാണ് ഈ ആശയം എന്ന് മതങ്ങൾ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്. സമൂഹം ഓരോ ജെൻഡറുകൾക്കും ചില ധർമങ്ങളും കടമകളും വിലക്കുകളും കല്പിച്ചു കൊടുത്തിട്ടുണ്ട്. അസമത്വത്തിന്റെ ആരംഭം അവിടെ നിന്ന് തന്നെ ആവാം. സാമൂഹികമോ മതപരമോ ആയ ഇത്തരം അസമത്വങ്ങളെല്ലാം ചില സംസ്കാരങ്ങളുടെ ഭാഗമായി വളർന്നു വന്നതാണ്. അതുകൊണ്ട് തന്നെയാണ്. ലിംഗസമത്വം എന്ന ആശയം പലരുടെയും ശത്രു ആകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരവകാശങ്ങൾക്കും ഒക്കെ കല്പിച്ചു കൊടുക്കുന്ന വിലക്കുകൾ തന്നെയാണ് മതങ്ങളുടെയൊക്കെ അടിത്തറ.

ലിംഗ വിവേചനം ഇല്ലാതെ എല്ലാ പൗരന്മാർക്കും ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ജൻഡർ ന്യൂട്രാലിറ്റി അഥവാ ലിംഗ നിക്ഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. സമത്വം എന്ന ആശയം എന്താണെന്ന് ആദ്യം നമുക്ക് ബോധ്യപ്പെടണം. പരസ്പരം പോരാടിച്ചോ കലഹിച്ചോ മാത്രം നേടാവുന്ന ഒന്നല്ല അത്. അംഗീകരിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ വളർന്നു വരേണ്ട ഒരു ജീവിത രീതിയാണത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top