29 January Wednesday

നിർമലയുടെ e‐സ്നേഹകേന്ദ്രങ്ങൾ

അഞ്ജലി ഗംഗUpdated: Tuesday Feb 26, 2019


2008 ൽ ഒരു ഓൺലൈൻ സംരംഭം തുടങ്ങുന്നതിനെപ്പറ്റി നമ്മൾ ചിന്തിച്ചിട്ടുണ്ടാകുമോ ? സംശയമാണ്. എന്നാൽ അന്ന് ഓൺലൈനിന്റെ വിപണി സാധ്യതകൾ തിരിച്ചറിഞ്ഞ ഒരു വീട്ടമ്മ തൃശ്ശൂർ കൊടകര ചുങ്കലിലുണ്ടായിരുന്നു , പേര് നിർമല. 2008 ൽ കേരളത്തിലെ മൂന്നു ജില്ലകളിലായി ഓൺലൈൻ തയ്യൽ കേന്ദ്രങ്ങൾ ഒരേസമയം  ഇവർ നോക്കിനടത്തിയിരുന്നു. കടയുടെ പേരായ ഗായത്രി ഒപ്പം ചേർത്തപ്പോൾ ഗായത്രി നിർമലയായി. അഞ്ചുകൊല്ലത്തോളം ഇത്‌ തുടർന്നുകൊണ്ടുപോയെങ്കിലും സ്വകാര്യമായ ചില കാരണങ്ങളാൽ പിന്നീട‌് മുടങ്ങി. എന്നാൽ ആറു വർഷത്തിനിപ്പുറം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ചെറുകിട വ്യവസായം നടത്തുന്ന സ്ത്രീസംരംഭകരെ കോർത്തിണക്കി ‘സ‌്നേഹകേന്ദ്രം’ എന്ന പേരിൽ ഓൺലൈൻ കൂട്ടായ്മയിലൂടെ വീണ്ടും സജീവമാകാനൊരുങ്ങുകയാണ‌് നിർമല.

സ‌്കൈപ്പും ഗൂഗിൾ ഡുവോയും ഐഎംഓയും ഇല്ലാത്ത കാലത്ത‌് ഗായത്രി നിർമല തന്റെ തയ്യൽക്കട കൈകാര്യം ചെയ്തത്  ഗൂഗിൾ ടോക്ക‌് ഉപയോഗിച്ചാണ‌്.  കടകളിൽ വെബ‌് ക്യാമറ സ്ഥാപിച്ച‌് അതിലൂടെയായിരുന്നു നിർമല ഉപയോക്താക്കളുമായി നേരിട്ട‌് സംവദിച്ചിരുന്നത‌്. തിരുവനന്തപുരത്തും തൃശ്ശൂരും എറണാകുളത്തുമായിരുന്നു നിർമ്മലയുടെ കട . അതൊരു പരീക്ഷണമായിരുന്നു. പിന്നീട‌് അഞ്ചുകൊല്ലത്തോളം സ്വന്തമായി ഡിസൈനിങ്ങും തയ്യലുമൊക്കെയായി സജീവമായി. എന്നാൽ  അച്ഛന് കാൻസർ ബാധിച്ചതോടെ നിർമലക്ക്‌ മൂന്നു കടകൾ ഒരേ സമയം നോക്കി നടത്താൻ പറ്റാതെയായി. തൃശ്ശൂരു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രകളായിരുന്നു കാരണം . പിന്നീട് പ്രളയത്തിന് ശേഷമാണു നിർമല വീണ്ടും ഓൺലൈൻ വിപണി രംഗത്തേക്ക് തിരിച്ചുവരുന്നത്.

നിർമലയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ‘‘മറ്റു പല വമ്പൻ ബിസിനസ് മേഖലയിലും ഓൺലൈൻ വിപണി സാദ്ധ്യതകൾ സജീവമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ചെറുകിട വ്യവസായ മേഖലയിൽ നവമാധ്യങ്ങളുടെ ഇടപെടൽ ഇപ്പോഴും കുറവാണ്. ഇപ്പോൾ എല്ലാ സ്ത്രീകളുടെ കൈയിലും ആൻഡ്രോയിഡ് ഫോണുകളുണ്ട്്‌, അതിന്റെ സാധ്യതയെപ്പറ്റി അവർക്ക് അറിയില്ല . ജീവിതത്തിൽ സ്ത്രീകൾക്ക് സ്വയംപര്യാപ്തത നേടാനും ആത്മവിശ്വാസത്തോടെ മുന്നേറാനും കരുത്ത് നൽകുക എന്നൊരു ഉദ്ദേശത്തോടെയാണ് ഞാൻ അഞ്ചുകൊല്ലങ്ങൾക്ക് ഇപ്പുറം ഇത്തരത്തിൽ ഒരു സംരംഭവുമായി മുന്നോട്ട് വന്നത്. ഡിസൈനർ സ്റ്റിച്ചിങ്, എംബ്രോയിഡറി ,രുചി വൈവിധ്യങ്ങൾ, കരകൗശല –-അലങ്കാര വസ്തുക്കൾ, കറി പൗഡറുകൾ, ആഭരണങ്ങൾ എന്നിങ്ങനെ നൂതനവും വ്യത്യസ്തവുമായ ഉത്പന്നങ്ങളുണ്ടാക്കുന്ന സ്ത്രീ സംരംഭകരെ ഒരുമിച്ചു കൊണ്ടുവരികയായിരുന്നു ലക്ഷ്യം. അത‌ിന്റെ പ്രാരംഭഘട്ടം വിജയകരമായാണ‌് മുന്നോട്ടുപോകുന്നത‌്’.’

സ്നേഹ കേന്ദ്രം വയനാട്‌ ശാഖയുടെ ഉദ്‌ഘാടനം

സ്നേഹ കേന്ദ്രം വയനാട്‌ ശാഖയുടെ ഉദ്‌ഘാടനം

‘‘കൂട്ടമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന ആശയവുമായി ഞങ്ങൾ 15  സ്ത്രീകൾ ഒരുമിച്ചു കൂടി. പല സ്ത്രീകൾക്കും അതൊരു ആവേശമായിരുന്നു. വീടിനുള്ളിൽ തളയ‌്ക്കപ്പെടേണ്ടതല്ല തങ്ങളുടെ കഴിവുകൾ എന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനവും. അതാത‌് ഇടങ്ങളിൽ ഇരുന്നു കൊണ്ട‌് തന്നെ എന്തെല്ലാം ചെയ്യാം, അതിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന ചിന്തയുടെ ആകെത്തുകയാണ‌് സ‌്നേഹകേന്ദ്രം. ആദ്യമായി ഈ ആശയമെഴുതി ഫെയ്‌സ്‌്‌ബുക്കിലിട്ടപ്പോൾ പ്രതികരിച്ചത് കൂടുതലും പുറത്തു താമസിക്കുന്ന മലയാളി വീട്ടമ്മമാരാണ‌്. എന്നാൽ പിന്നീട‌് കേരളത്തിൽ നിന്നും സ‌്നേഹകേന്ദ്രത്തിന‌് പിന്തുണ ലഭിച്ചു. ഇപ്പോൾ തിരുവനന്തപുരം, വയനാട‌്, എറണാകുളം എന്നീ ജില്ലകളിൽ സ‌്നേഹകേന്ദ്രത്തിന‌് ശാഖകകളുണ്ട‌്. ഡിസംബറിലാണ‌് സ‌്നേഹകേന്ദ്രത്തിന്റെ  ആദ്യത്തെ എക്സിബിഷൻ  നടന്നത‌്. അത‌് എറണാകുളത്തായിരുന്നു.പിന്നീട് തിരുവനന്തപുരത്തും. വൈകാതെ തന്നെ കുടുംബശ്രീ പ്രവർത്തകരുമായി സഹകരിച്ച്‌ മലപ്പുറത്തെ കൊണ്ടോട്ടിയിലും ശാഖകൾ തുടങ്ങാൻ പോവുകയാണ് നിർമല. 

"നമ്മുടെ നാട്ടിൻപുറങ്ങളിൽ സൗകര്യങ്ങളില്ലെങ്കിൽ പോലും തനതായ കഴിവുകൾ കൊണ്ട് വീട്ടമ്മമാർ  ധാരാളം ഉത്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാലിത് കൂടുതൽ ആളുകളിലേക്ക് എത്തുന്നില്ല.  ഉദാഹരണത്തിനു വയനാട്ടിൽ വീട്ടമ്മമാർ നിർമിക്കുന്ന ഭക്ഷണ സാധനങ്ങൾ സ്നേഹകേന്ദ്രങ്ങളിൽ എത്തിച്ചാൽ അത് കേരളത്തിലെവിടെയും എക്സിബിഷനിലൂടെ വിറ്റഴിക്കാൻ സാധിക്കും. അവരുടെ സാധനങ്ങൾ നാട്ടിലോ സ‌്നേഹകേന്ദ്രം വഴിയോ വിൽക്കുന്നതിലൂടെ അവർക്ക‌് വരുമാനമാർഗവുമാകും.

നിലവിൽ സ്നേഹകേന്ദ്രത്തിനു കീഴിൽ 120 ഓളം സ്ത്രീ സംരംഭകരുണ്ട്. ചിലരൊക്കെ ഇപ്പോഴും സംശയിച്ച‌് സജീവമാകാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഡിസംബറിൽ ആരംഭിച്ചു രണ്ടുമാസത്തിനുളളിൽ അഞ്ചിടത്ത‌് ശാഖകൾ തുടങ്ങാൻ പറ്റുന്നത് തന്നെ വലിയൊരു അംഗീകാരമായാണ് കാണുന്നത്. വൈകാതെ തന്നെ സ്ത്രീ സൃഹൃത്തുക്കൾ അത‌് മനസ്സിലാക്കുമെന്നാണ‌് എന്റെ  പ്രതീക്ഷ’ - നിർമല പറയുന്നു.  സ്നേഹകേന്ദ്രത്തിന്റെ വെബ്സൈറ്റും യൂട്യൂബ് ചാനലും വൈകാതെ തന്നെ തുടങ്ങും. അതിന്റെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് നിർമലയിപ്പോൾ. കേരളത്തിലുടനീളം സ്നേഹകേന്ദ്രത്തിന്റെ ശാഖകൾ വിപുലീകരിച്ച്‌, ചെറുകിട സ്ത്രീ വ്യവസായ സംരംഭകരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് നിർമലയുടെ ശ്രമം. ഇവരുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട് , ഒപ്പം തന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള തികഞ്ഞ ആത്മവിശ്വാസവും.
 


പ്രധാന വാർത്തകൾ
 Top