28 June Tuesday

മനുഷ്യർക്ക് മുകളിലോ ചത്ത പശു

അനിൽകുമാർ എ വിUpdated: Tuesday Dec 25, 2018


കാലിഫോർണിയയിൽ മാലിന്യങ്ങൾ ദൂരെക്കളയാറില്ല; അവരതുകൊണ്ട് ടെലിവിഷൻ പരിപാടികൾ ഉണ്ടാക്കുകയാണെന്ന് പറഞ്ഞത് എഴുത്തുകാരനും സംവിധായകനും കൊമേഡിയനുമായ വുഡ്ഡി അല്ലെൻ. ലോകപ്രശസ്ത  ആർകിടെക്ട് ഫ്രാങ്ക് ലോയ്ഡ് റൈറ്റ് ടെലിവിഷനെ നിർവചിച്ചത്, കണ്ണുകളുടെ ച്യൂയിങ്ഗം എന്നാണ്. ഈ രണ്ട് അഭിപ്രായങ്ങളും  ദൃശ്യമാധ്യമങ്ങളുടെ പ്രകൃതത്തിലേക്ക് നന്നായി കണ്ണുപായിക്കുന്നവയാണ്. നെല്ല് തൂത്തുകളഞ്ഞ് ഉമി എടുത്തുവെക്കുന്നതാണ് ഇന്നത്തെ വാർത്തകളെന്നും പറയാറുണ്ട്. യഥാർഥ ജീവിതത്തെ നിസ്സാരവൽക്കരിച്ച് നിർമിത അവസ്ഥകളെ പൊലിപ്പിക്കുന്ന മാധ്യമ രീതികൾ സാധാരണമായ ഘട്ടത്തിൽ ഫയേ എൽവിര ഡിസൂസയെപ്പോലുള്ള പ്രതിബദ്ധരായ അവതാരികമാരുടെ ഇടപെടൽ ചെറു സാന്ത്വനമാണ്. വാചാടോപങ്ങളല്ല വാർത്തയും അവതരണവുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫയേ നമ്മുടെ കാലത്ത് അവിശ്വസനീയമായ സാന്നിധ്യമാണ്.

നിരപരാധികളെ അകാരണമായി കൊല്ലുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ചത്ത പശുവിനെ എടുത്തിടുന്നോ? നാണമില്ലേ. മൂന്ന് വർഷത്തിലധികമായി  മൃഗങ്ങളെക്കുറിച്ചാണ്  കോലാഹലം. മനുഷ്യനെപ്പറ്റി ഒന്നും പറയാനില്ലേ.?

മതഭീകരതക്കെതിരായ ഉറച്ച ശബ്ദം
ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള "മിറർ നൗ' ചാനൽ എക്സിക്യുട്ടീവ് എഡിറ്ററായ  ഫയേ  മുരത്ത സംഘപരിവാർ വക്താവിനോട്  ഉന്നയിച്ച ചോദ്യങ്ങൾ അസാമാന്യ  ധീരതയുടെ മാതൃകയായി.  ബുലന്ദ്ഷഹറിൽ കാവിപ്പട പൊലിസ് ഇൻസ്പെക്ടർ പ്രബോധിനെയടക്കം കൊലപ്പെടുത്തിയതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ, പശു പ്രശ്നമുയർത്തി കാര്യം നിസ്സാരവൽക്കരിച്ച  നേതാവിനോട് ഫയേ  പൊട്ടിത്തെറിച്ചു. നിരപരാധികളെ അകാരണമായി കൊല്ലുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ചത്ത പശുവിനെ എടുത്തിടുന്നോ? നാണമില്ലേ. മൂന്ന് വർഷത്തിലധികമായി  മൃഗങ്ങളെക്കുറിച്ചാണ്  കോലാഹലം. മനുഷ്യനെപ്പറ്റി ഒന്നും പറയാനില്ലേ.? തുടർന്ന് സ്ത്രീകളും കൊച്ചുകുട്ടികളും ബലാൽക്കാരത്തിന് വിധേയമാകുന്നത്  ചർച്ചചെയ്തപ്പോൾ ഹിന്ദു‐മുസ്ലിം കളിയുമായ് വന്നു  ബജ്റംഗ് നേതാവ്. അയാളുടെ നിസ്സാരവൽക്കരണം അതിരുവിട്ടപ്പോൾ വർഗീയത പുലമ്പാൻ അവസരമില്ലെന്ന് തുറന്നടിച്ച്  ചർച്ച  നിർത്തിക്കുകയായിരുന്നു ഫയേ. പരിപാടി തത്സമയം വീക്ഷിച്ച ലക്ഷക്കണക്കിന് പ്രേക്ഷകർ  കരഘോഷത്തോടെയാണ് ആ മാധ്യമ പ്രവർത്തകയുടെ നടപടിയെ വരവേറ്റത്. തഴുകലും തലോടലും മേൽക്കൈ നേടിക്കഴിഞ്ഞ മുഖ്യധാരാ മാധ്യമപ്രവർത്തനത്തിന് വിയോജനക്കുറിപ്പെഴുതുകയായിരുന്നു ആ മുപ്പത്തിയാറുകാരി.  വസ്തുതകളിൽനിന്നും യാഥാർഥ്യങ്ങളിൽനിന്നും സമർഥമായി ഒളിച്ചോടി തീവ്രഹിന്ദുത്വ വായ്ത്താരികൾ മുഴക്കുന്നവരെ  ഞെട്ടിപ്പിച്ചതായിരുന്നു ഫയേയുടെ വിചാരണകൾ.

ശ്രദ്ധേയമായ "അർബൻ ഡിബേറ്റ്'
ഫയേ "മിറർ നൗ'വിൽ കൈകാര്യം ചെയ്യുന്ന "അർബൻ ഡിബേറ്റ്' പംക്തിയിൽ വർഗീയത, അഴിമതി, കർഷക ആത്മഹത്യ, ജാതി വിവേചനം, ബുദ്ധിജീവികൾക്കെതിരായ കടന്നാക്രമണം, സാംസ്കാരിക അസഹിഷ്ണുത, സ്ത്രീ വിരുദ്ധത തുടങ്ങിയ  വിഷയങ്ങൾ ഉൾപ്പെടുത്തുന്നു. ജനപ്രിയ ചേരുവകൾക്കു പകരം ജനകീയ സമസ്യകൾ.  രാജ്യത്തിന്റെ നട്ടെല്ലായ, നമ്മുടെ ഭക്ഷണം വിളയിക്കുന്ന കർഷകരെ അവഗണിച്ച് എങ്ങനെ മുന്നോട്ടു പോകാനാവും.  സ്ത്രീ ശാക്തീകരണത്തിലും വിടവ് ദൃശ്യമാണ്. പെൺഭ്രൂണഹത്യയും സ്ത്രീധന കൊലപാതകങ്ങളും ലൈംഗീകാടിമത്തങ്ങളും ഭയാനകമായ നിലയിലാണ്.  നിയമവും മതങ്ങളും സ്ത്രീയെ രണ്ടാംതരം പൗരന്മാരാക്കുന്നു. മറ്റുള്ളവരുടെ ധാർമികതയും സദാചാരവും ഞങ്ങളുടെ ഉടലിൽ കെട്ടിവെക്കുകയാണ്‐ എന്നിങ്ങനെപോയി ഫയേയുടെ കാഴ്ച്ചപ്പാടുകൾ. ഇത്തരം ഇടപെടലുകൾ പരിഗണിച്ചാണ് മുംബൈ പ്രസ്ക്ലബ്ബ് ഏർപ്പെടുത്തിയ 2018ലെ മികച്ച ഇന്ത്യൻ മാധ്യമ പ്രവർത്തകയ്ക്കുള്ള പുരസ്കാരം തേടിയെത്തിയത്.

സ്ത്രീ‐ പുരുഷ സമത്വത്തെക്കുറിച്ച സൂചിപ്പിച്ചപ്പോൾ  ഇസ്ലാമിക പ്രചാരകൻ മൗലാന യസൂം അബ്ബാസ് ഫയയോട് തിരക്കിയത് പുരുഷന് തുല്യമാണെങ്കിൽ  അടിവസ്ത്രംമാത്രം ധരിച്ച് ജോലിക്കു വരാമോ എന്നായിരുന്നു. സ്ത്രീകൾക്ക് എന്തും ധരിക്കാനുള്ള അവകാശമുണ്ട്; അതിന് ആരുടെയും സമ്മതം ആവശ്യമില്ല‐അദ്ദേഹത്തിന്റെ അതിരുകടന്ന  ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കാതെ സമചിത്തതയോടെ മറുപടി നൽകി അവതാരിക

അടുക്കളയിലേക്ക് പിന്തിരിയില്ല സ്ത്രീകൾ
കാലുറച്ച നിലപാടുകൾ കൈക്കൊള്ളുന്നതിനാൽ ഫയേ മതമൗലികവാദ ശക്തികളിൽനിന്ന് ശകാരങ്ങൾക്ക് ഇരയായിട്ടുണ്ട്. പ്രിയങ്കാ ചോപ്ര പ്രത്യേക വേഷത്തിൽ നരേന്ദ്ര മോഡിക്കു മുന്നിൽ പ്രത്യഷപ്പെട്ടെന്നും  ഡങ്കൽ സിനിമയിലെ ഫാത്തിമ സനാ ഷെയ്ക്ക് റംസാൻ മാസത്തിൽ നീന്തൽ വസ്ത്രം ധരിച്ചെത്തിയെന്നും ആരോപിച്ച് നവമാധ്യമങ്ങളിൽ കടന്നാക്രമണമുണ്ടായതാണ് 2017 ജൂൺ ഒമ്പതിന് അർബൻ ഡിബേറ്റിൽ ചർച്ചചെയ്തത്.

സ്ത്രീ‐ പുരുഷ സമത്വത്തെക്കുറിച്ച സൂചിപ്പിച്ചപ്പോൾ  ഇസ്ലാമിക പ്രചാരകൻ മൗലാന യസൂം അബ്ബാസ് ഫയയോട് തിരക്കിയത് പുരുഷന് തുല്യമാണെങ്കിൽ  അടിവസ്ത്രംമാത്രം ധരിച്ച് ജോലിക്കു വരാമോ എന്നായിരുന്നു. സ്ത്രീകൾക്ക് എന്തും ധരിക്കാനുള്ള അവകാശമുണ്ട്; അതിന് ആരുടെയും സമ്മതം ആവശ്യമില്ല‐അദ്ദേഹത്തിന്റെ അതിരുകടന്ന  ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കാതെ സമചിത്തതയോടെ മറുപടി നൽകി അവതാരിക. മൗലാനയുടെ തരംതാണ പരാമർശത്തിൽ പ്രകോപിതരായ മറ്റ് അതിഥികളെ സമാധാനിപ്പിക്കുകയും ചെയ്തു.

ജിഎസ്ടിയെക്കുറിച്ചുള്ള ചർച്ചയിൽ ധനമന്ത്രി അരുൺ ജെയ്ലിറ്  യോട് അഭ്യർഥന രൂപേണയുള്ള വിമർശനമായിരുന്നു ഫയേയിൽനിന്ന്. 2017 മെയ് മാസത്തിൽ മുംബൈ നഗരപ്രാന്തത്തിലെ 1000 ചേരികളിൽനിന്ന് 30000 ആളുകളെ മഹൂലിലേക്ക് ഒഴിപ്പിച്ചപ്പോൾ അത് ചർച്ചയാക്കി.കൊച്ചുകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ആൾദൈവം ആശാറാം ബാപ്പുവിനെ ജോധ്പൂർ കോടതി  ശിക്ഷിച്ചപ്പോൾ അതിന് മതസ്പർശം നൽകാൻ ശ്രമിച്ച സനാതൻ സൻസ്തയുടെ മേധാവിയോട് ഫയേ കയർത്തു.  പത്മാവത് സിനിമയുടെ പേരിൽ ദീപികാ പദുക്കോണിനെയും സഞ്ജയ് ലീലാ ബൻസാലിയെയും ഭീഷണിപ്പെടുത്തിയ രജപുത്ത് കർണിസേനാ അധ്യക്ഷൻ  അജിത് സിങ്ങ് മംഡോളിയെ വെറുതെവിട്ടതുമില്ല.

താൻ നിരാഹാരമിരുന്നതായി ബിജെപി നേതാവും ഭാരതീയ യുവമോർച്ച യുപി  കൺവീനറുമായ  വൈഭവ് അഗർവാൾ വീമ്പടിച്ചപ്പോൾ കണക്കറ്റ് കളിയാക്കി. തിരക്കിനിടയിൽ താൻ വൈകി അത്താഴം കഴിക്കുന്നതിന് സമാനമാണെന്ന് കൂട്ടിച്ചേർത്തു

വിശന്നു കരയുന്ന ഇന്ത്യ
ഫത്തേപ്പൂർ സിക്രിയിൽ സ്വിസ് ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ ബിജെപി ദില്ലി ഘടകം വക്താവ് തീന ശർമ നിരത്തിയ ന്യായീകരണങ്ങൾക്കെതിരെ ഫയേ പൊട്ടിത്തെറിച്ചു. താൻ നിരാഹാരമിരുന്നതായി ബിജെപി നേതാവും ഭാരതീയ യുവമോർച്ച യുപി  കൺവീനറുമായ  വൈഭവ് അഗർവാൾ വീമ്പടിച്ചപ്പോൾ കണക്കറ്റ് കളിയാക്കി. തിരക്കിനിടയിൽ താൻ വൈകി അത്താഴം കഴിക്കുന്നതിന് സമാനമാണെന്ന് കൂട്ടിച്ചേർത്തു. രാജ്യത്ത് 3.1 കോടി ജനങ്ങൾ ദിവസേന വിശപ്പ് മുറുകെ പിടിച്ചാണ് ഉറങ്ങുന്നത്. അതും ഒരു ഉപവാസമായി കണക്കാക്കേണ്ടിവരുമെന്നും ഫലിത രൂപേണ വിശദീകരിച്ചു. രാമ ക്ഷേത്രനിർമാണത്തെ കുറിച്ച് വാചാലമായ സംഘപരിവാര നേതാവിനോട് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ ഓർമിപ്പിച്ചു.

അനാവശ്യ വിവാദങ്ങളിൽ ചുറ്റിത്തിരിഞ്ഞ് വാർത്തകളെയും ചർച്ചകളെയും അന്തഃസാരശൂന്യമാക്കുന്ന കൗശലങ്ങളെയും ഫയേ പൊറുപ്പിച്ചില്ല. ഒന്നര ലക്ഷം കർഷകർ ആത്മഹത്യയിൽ അഭയംതേടിയപ്പോൾ സർക്കാരുകളുടെ പ്രതികരണം പൂജ്യം നിലവാരത്തിലാണ്.  എന്നിട്ടും മനുഷ്യരുമായി ബന്ധമില്ലാത്ത കപട പ്രശ്നങ്ങൾ പെരുപ്പിക്കുകയാണ് മാധ്യമങ്ങൾ. വിചാര ബുദ്ധിയുടെ ശബ്ദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫയേ, ധീരത കൈയൊഴിഞ്ഞാൽ മാധ്യമപ്രവർത്തനം അസാധ്യമാണെന്നും തുറന്നടിച്ചു. 

ബംഗലൂരുവിൽ ജനിച്ച ഫയേ  മൗണ്ട് കാർമൽ കോളേജിൽ നിന്ന് ഇംഗ്ലീഷിലും പത്രപ്രവർത്തനത്തിലും  ബിരുദം നേടി. കൊമിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം. ഓൾ ഇന്ത്യാ റേഡിയോവിലൂടെയാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. വാർത്തകളുടെ അടിവേര് കണ്ടെത്താനുള്ള അദമ്യമായ ആഗ്രഹം മറ്റൊരു മണ്ഡലം പരീക്ഷിക്കാൻ പ്രേരണയായി.

പതുക്കെ സിഎൻബിസി ടെലിവിഷനിൽ. ടൈംസ് നെറ്റ്വർക്ക് 2017 ഏപ്രിലിൽ മിറർ നൗ തുടങ്ങിയപ്പോൾ സീനിയർ എഡിറ്ററായി.പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകയും "വാട്ട് വിമൻ വാണ്ട്' പേലുള്ള പംക്തിയുടെ അവതാരകയുമായിരുന്ന ഷെറീൻ ബാനാണ് തനിക്ക് ഏറെ പ്രചോദനമെന്ന് ഫയേ പറയുമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top