30 March Thursday

ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം

ജിഷ അഭിനയ abhinayatsr@gmail.comUpdated: Sunday Jun 5, 2022

ആദില നസ്‌റിൻ, ഫാത്തിമ നൂറ: വര സനൽ

നിലാവുള്ള രാത്രികളിൽ ആകാശത്തേക്ക്‌ കണ്ണിമ വെട്ടാതെ നോക്കിയിരുന്നിട്ടുണ്ടോ? മഴ പെയ്യുന്ന സന്ധ്യകളിൽ മനസ്സ്‌ എന്തിനെന്നറിയാതെ വിങ്ങിയിട്ടുണ്ടോ? പ്രണയം ചിലപ്പോൾ അങ്ങനെയുമാണ്‌. അവിടെനിന്നെല്ലാം എഴുന്നേറ്റ്‌ പ്രിയപ്പെട്ടയാളിന്റെ അരികിലേക്ക്‌ ഓടിയെത്താൻ ഒന്നല്ല, ഒരായിട്ടം വട്ടം കൊതിച്ചിട്ടുണ്ട്‌. അന്നാണറിഞ്ഞത്‌, ഞാൻ അവളെ സ്‌നേഹിക്കുന്നുവെന്ന്‌. ഞാൻ അവളുടേതു മാത്രമാണെന്ന്‌. ആദില നസ്‌റിൻ, ഫാത്തിമ നൂറ–-പ്രണയത്തിന്റെ നൂറുനൂറായിരം ഉത്തരങ്ങളുമായി അവർ വരികയാണ്‌, നമ്മിലേക്ക്‌.  ജീവിതപങ്കാളികളായ പെൺകുട്ടികൾക്ക്‌ ഒന്നിച്ച്‌ ജീവിക്കാമെന്ന ഹൈക്കോടതി വിധിയിലൂടെ ഇനി അവർ ഒരുമിച്ച്‌ ജീവിക്കും. നമുക്കിടയിൽത്തന്നെ. ആദിലയ്‌ക്ക്‌ 22ഉം നൂറയ്‌ക്ക്‌ 23ഉം വയസ്സാണ്‌.

‘എനിക്കെന്റെ സ്‌നേഹം പങ്കിടാൻ മനസ്സ്‌ തന്നെ ധാരാളം. അതിന്‌ നിർവചനങ്ങളില്ല. ചോദ്യോത്തരങ്ങളില്ല. ആരും ആരോടും പറഞ്ഞുമില്ല, നിന്നോടെനിക്ക്‌ പ്രണയമാണെന്ന്‌. വേർപിരിഞ്ഞിരിക്കുമ്പോൾ, മനസ്സ്‌ നോവുമ്പോൾ തിരിച്ചറിഞ്ഞതത്രയും ഒന്നുമാത്രം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. പരസ്‌പരം പിരിഞ്ഞിരിക്കാനാകുന്നില്ല. അവിടെ ഞങ്ങൾ കൈ ചേർത്തുനടന്നു. ഒന്നിച്ചു. മരണംവരെയും ഒരുമിച്ച്‌ ജീവിക്കാം. പിന്നെ പറഞ്ഞു, ‘ചിലപ്പോഴൊക്കെ ജീവിതം ഇങ്ങനെയുമാണ്.’ നൂറയുടെ വാക്കുകളിൽ നിറയുന്ന പ്രണയം. മുന്നിൽ നിയമങ്ങളുടെയും നീതിപീഠത്തിന്റെയും ചോദ്യങ്ങൾ. അവിടെ ഇരുവരും പതറിയില്ല. ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ‘ഞങ്ങൾക്ക്‌ ഒരുമിച്ച്‌ ജീവിക്കണം’. ബന്ധങ്ങളുടെ നിർവചനത്തിൽ പുത്തൻ കൂട്ടിച്ചേർക്കലുമായി സ്വ-ത്വ-ബോ-ധത്തെ തിരയുകയാ-ണ്‌ ഇവർ. സ്വന്തം വഴികളിലൂടെ. ആദില മെല്ലെ പറഞ്ഞുതുടങ്ങി. ‘ആലുവയാണെന്റെ സ്വദേശം. നൂറയുടേത്‌ കോഴിക്കോട്‌ താമരശേരിയും. മൂന്നാം ക്ലാസ്‌ മുതൽ ഞാൻ സൗദിയിലാണ്‌ പഠിച്ചത്‌. നൂറ എൽകെജി മുതൽ സൗദിയിൽ. ഞങ്ങളുടെ കുടുംബങ്ങളും അവിടെയായിരുന്നു. സ്‌കൂളിൽവച്ചാണ്‌ പരിചയപ്പെട്ടത്‌. പിന്നെ ആ അടുപ്പം ഇരുവീട്ടുകാരുമായുള്ള സൗഹൃദംകൂടിയായി. ഇരുകുടുംബവും ഒരുമിച്ചുള്ള യാത്രകൾ, ഷോപ്പിങ്ങുകൾ, ഐസ്‌ക്രീമും മിഠായിയും പങ്കുവയ്‌ക്കൽ, എന്തുരസമായിരുന്നെന്നോ അക്കാലം.

പ്ലസ്‌ ടുവിന്‌ ഒരുമിച്ച്‌ ഒരു ക്ലാസിലായിരുന്നു. വിഷയം സയൻസ്‌. പൊട്ടിച്ചിരിച്ചാർത്ത്‌ നടക്കുംകാലം. അക്കാലത്താണ്‌  ഞങ്ങളുടെ ഉള്ളിൽ പ്രണയമാണെന്ന്‌ തിരിച്ചറിഞ്ഞത്‌. അന്നെടുത്ത തീരുമാനത്തിലാണ്‌ ഇന്നും ഞങ്ങൾ ഒരുമിച്ചുനിൽക്കുന്നത്‌. അക്കാലത്ത്‌ രണ്ടു വീട്ടിലും ഞങ്ങളുടെ ഇഷ്ടം അറിഞ്ഞു. അതോടെ ആകെ പ്രശ്‌നങ്ങൾ. പ്ലസ്‌ ടു കഴിഞ്ഞതോടെ എന്നെ എന്റെ നാട്ടിലേക്കും നൂറയെ താമരശേരിയിലേക്കും കൊണ്ടുപോയി. ഉമ്മമാരും സഹോദരങ്ങളുമായി ഇരുവീട്ടുകാരും സൗദിയിൽനിന്ന്‌ മടങ്ങി. രണ്ടുപേരുടെയും ഉപ്പമാർ അവിടെ  ജോലി തുടർന്നു. പരസ്‌പരം കാണാനാകാതെ, മിണ്ടാൻ പോലും സ്വാതന്ത്ര്യമില്ലാതെ മൂന്നര വർഷമാണ്‌ അങ്ങനെ പിന്നിട്ടത്‌.’ ‘ഞാൻ പറയട്ടെ’, നൂറ ഇടപെട്ടു. ‘ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസം ഏതെന്ന്‌ ചോദിച്ചാൽ എനിക്കൊന്നേ പറയാനുള്ളൂ. 2022 മെയ്‌ 19. അന്നാണ്‌ മൂന്നര വർഷത്തിനുശേഷം ഞാൻ ആദിലയെ വീണ്ടും കാണുന്നത്‌. പുലർച്ചെ നാലിന്‌ വീട്ടിൽനിന്ന്‌ അത്യാവശ്യ സാധനങ്ങളുമായി ഞാനിറങ്ങി ഓട്ടോറിക്ഷയിൽ കയറി. ഉള്ളിലെ കരച്ചിലത്രയും കരയാതെ അടക്കിവച്ചു. പിന്നിൽ വീട്‌, വീട്ടുകാർ... മുന്നിൽ എന്റെ മാത്രമായ ജീവിതം. പക്ഷേ, നിങ്ങൾ ഒരാളെ സ്‌നേഹിക്കുന്നുവെങ്കിൽ എത്രകാലം വേണമെങ്കിലും അയാളെ കാണാതെ കേൾക്കാതെ കാത്തിരിക്കും...’

‘ ആ പുലർച്ചെ വീട്ടിൽനിന്ന്‌ നേരെ കോഴിക്കോട്‌ വനജ കലക്ടീവ്‌ ഓർഗനൈസേഷനിലേക്ക്‌ വന്നു. തുടർന്ന്‌ ഇരുവീട്ടുകാരെയും വിവരമറിയിച്ചു. വൈകിട്ടോടെ അവർ എത്തി. ആദ്യമെല്ലാം വഴക്കും പ്രശ്‌നങ്ങളുമായിരുന്നു. രാത്രിയോടെ പൊലീസ്‌ ഇടപെട്ട്‌ ഞങ്ങളെ ആദിലയുടെ എളാപ്പയുടെ കൊച്ചിയിലെ വീട്ടിലേക്ക്‌ മാറ്റി. എല്ലാം ശരിയാക്കാമെന്ന്‌ വീട്ടുകാരുടെ ഉറപ്പ്‌. അതു വിശ്വസിച്ചായിരുന്നു ആ യാത്ര. പക്ഷേ, അവിടെയും പ്രശ്‌നങ്ങൾ. ഞങ്ങളെ വേർപിരിക്കാനുള്ള മറ്റൊരു തന്ത്രമാണെന്ന്‌  ഞങ്ങൾ തിരിച്ചറിഞ്ഞില്ല. ഒരു ആഴ്‌ചയാകുമ്പോഴേക്കും എന്റെ വീട്ടുകാർ വന്നു. ബലപ്രയോഗത്തിലൂടെ എന്നെ കൊണ്ടോട്ടിയിലെ ഒരു കുടുംബസുഹൃത്തിന്റെ വീട്ടിലാക്കി. അവിടെ കൗൺസലിങ്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ. ഒരു മുസ്ലിം പെൺകുട്ടി ഇങ്ങനെ ചെയ്യുന്നത്‌ മതത്തിന്‌ എതിരാണെന്നും അതിന്റെ ഫലം അനുഭവിക്കേണ്ടിവരും എന്നൊക്കെയായിരുന്നു ഉപദേശങ്ങൾ.

പ്രണയമെന്ന ഭൂമിയിലെ മനോഹര വികാരത്തെ എത്ര പെട്ടെന്നാണ്‌  മതവുമായി അവർ കൂട്ടിയിണക്കിയതെന്നോ. അവിടെയും രണ്ട്‌ ആഴ്‌ചത്തെ താമസം. ഈ സമയത്താണ്‌ ആദില എനിക്കായി ഹേബിയസ്‌ കോർപസ്‌ ഹർജി കൊടുക്കുന്നത്‌. അന്നേദിവസംതന്നെ എന്നെ കൂട്ടിക്കൊണ്ടുപോകാൻ പൊലീസ്‌ എത്തി. നേരെ കോടതിയിലേക്ക്‌. ’നോക്കൂ, രണ്ട്‌ പെൺകുട്ടികൾ. ജീവിതത്തിലാദ്യമായി പൊലീസ്‌ സ്‌റ്റേഷൻ കാണുന്നു. കോടതി കയറുന്നു. ഉള്ളിൽ തീമഴ പെയ്യുമ്പോഴും സ്വയമേ ഉരുകാതെ നിന്നവർ. ഒരാവശ്യം മാത്രം ‘ഞങ്ങൾക്ക്‌ ഒരുമിച്ച്‌ ജീവിക്കണം’. ആദില നൽകിയ ഹേബിയസ്‌ കോർപസ്‌ ഹർജി പരിഗണിച്ചാണ്‌ നൂറയെ ആദിലയ്‌ക്കൊപ്പം പോകാൻ അനുവദിച്ച്‌ ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രന്റെ വിധി. ‘രണ്ടുപേർ പ്രണയിക്കുമ്പോൾ അതിൽ ആണുമില്ല, പെണ്ണുമില്ല. പ്രണയം മാത്രം. എന്നിട്ടും എന്തുകൊണ്ടാണ്‌ നമ്മുടെ സമൂഹം അത്‌ അംഗീകരിക്കാത്തത്‌. ഇതൊരു രോഗമെന്നാണ്‌ എല്ലാവരുടെയും വിചാരം. കൗൺസലിങ്‌, ചികിത്സകൾ, വീട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും കുറ്റപ്പെടുത്തലുകൾ, ശാരീരിക ഉപദ്രവങ്ങൾ, അതിലുമേറെ മതം പഠിപ്പിക്കുന്ന പാഠങ്ങൾ.  ഞങ്ങൾ ആ സമരം തുടർന്നു. വിജയിച്ചു. അതിനുശേഷം ഞങ്ങളുടെ ഫോണിലേക്ക്‌ എത്ര പേർ വിളിച്ചെന്നോ?. എത്രപേർ ഞങ്ങളെപ്പോലെ ജീവിക്കാൻ ആഗ്രഹിച്ചിട്ടും സാധിക്കാതെ വന്ന സങ്കടം പങ്കിട്ടെന്നോ?

എന്റെ വീട്ടുകാർക്ക്‌ നേരത്തെ എന്നെ വിവാഹം കഴിപ്പിച്ച്‌ അയക്കണമെന്ന്‌ മാത്രമായിരുന്നു ലക്ഷ്യം. വിവാഹാലോചനയുമായി വന്ന എത്രപേർക്ക്‌ മുന്നിൽ ഞാൻ അങ്ങനെ നിന്നിട്ടുണ്ട്‌. മറുത്ത്‌ പറയാൻ ധൈര്യമില്ലാത്തതുകൊണ്ടു മാത്രം. എന്നോടും എന്റെ വീട്ടുകാർ ചോദിച്ചിട്ടില്ല. നിനക്ക്‌ പഠിക്കണ്ടേയെന്ന്‌, പഠിച്ച്‌ എന്തുജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന്‌...’ ആദില കൂട്ടിച്ചേർത്തു. ആദിലയും നൂറയും ബിഎ ഇംഗ്ലീഷ്‌ പഠനം പൂർത്തിയാക്കി. ഓൺലൈൻ ജോലികൾ ചെയ്യുന്നു. വരുംദിവസങ്ങളിൽ ജീവിക്കാൻ പണം വേണം. അതിനായി ഇരുവർക്കും നല്ല ജോലി കണ്ടെത്തണം. മുന്നിൽ കാണുന്ന വലിയ കുറേ ചെറിയ സ്വപ്‌നങ്ങൾ ചേർത്തുപിടിച്ചുള്ള പ്രണയത്തിലാണവർ...
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top