28 September Thursday

പെണ്‍യാത്രകളുടെ ഹരവും ആഹ്ലാദവുമായി 'എസ്‌കേപ്പ് നൌ'

രശ്‌മി രാധാകൃഷ്ണന്‍ Updated: Wednesday Oct 11, 2017

എസ്‌കേപ്പ് എന്നാല്‍ എന്തില്‍  നിന്നോ ഒക്കെയുള്ള രക്ഷപ്പെടല്‍ എന്നാണല്ലോ. ദൈനംദിന ജീവിതത്തിരക്കുകളില്‍ നിന്ന് ചിലപ്പോഴൊക്കെ ഒന്ന് ഇറങ്ങിനടക്കാന്‍ ഒരിടം വേണമെന്ന ആഗ്രഹം എല്ലാ സ്ത്രീകളുടെയും മനസ്സിലുണ്ട്..എന്നാല്‍ പല കാരണങ്ങളാലും മാറ്റി വയ്ക്കപ്പെടുന്ന ഒരു ആഗ്രഹം മാത്രമായി ചുരുങ്ങാറുണ്ട്,  അത് പലപ്പോഴും. ഈ  ആശയത്തിന്റെ ചുവടു പിടിച്ചാണ് എസ്‌കേപ്പ് നൌ എന്ന പേരില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള ഒരു ട്രാവല്‍ ഗ്രൂപ്പ് ആരംഭിയ്ക്കുന്നത്. എസ്‌കേപ്പിലെ പെണ്‍യാത്രകളുടെ അമരക്കാരിയായ ഇന്ദു കൃഷ്ണ സംസാരിയ്ക്കുന്നു.

എസ്‌കേപ്പിന്റെ തുടക്കം?
രണ്ടുകൊല്ലം മുന്‍പ് ഒരു  ഫെയ്സ് ബുക്ക് ഗ്രൂപ്പ് ആയിട്ടാണ് ഈ ആശയംതുടങ്ങുന്നത്. ഗ്രൂപ്പും പേജുമുണ്ടായിരുന്നു. ഒരുമിച്ച്‌ യാത്രപോകുന്ന ഒരേപോലെ ചിന്തിയ്ക്കുന്ന കുറച്ച്പേരുടെ കൂട്ടായ്മയായിരുന്നു4.ആ ഗ്രൂപ്പില്‍ നല്ല റെസ്പോന്‍സ് കിട്ടിത്തുടങ്ങിയപ്പോഴാണ് ഇങ്ങനെ ഒരു കമ്പനിയെക്കുറിച്ച് പ്ലാന്‍ചെയ്യുന്നത് .

സ്ത്രീകള്‍ മാത്രമായിട്ട്‌ യാത്രപോകുന്നതിന്റെ ഒരു രസമുണ്ട്. ഒരു പ്രത്യേക ഫീല്‍..വെറുതെ കുറേപ്പേര്‍ കൂടുന്നു എന്നതിനേക്കാള്‍ പരസ്പ്പരം  അറിയാത്ത കുറേപ്പേര്‍ ഒരു യാത്രയ്ക്ക് വേണ്ടി ചേരുന്നതിന്റെ രസം.പക്ഷെ ഇത്തരം യാത്രകള്‍ക്ക് ഒരു വിശ്വാസ്യത  വേണമല്ലോ.ഫെയ്സ്‌ബുക്കില്‍ കണ്ട കുറച്ചുപേര്‍ എന്ന് പറയുമ്പോള്‍ ആരുടെ കൂടെ എന്നൊരു ചോദ്യം വീട്ടില്‍ നിന്നൊക്കെ സ്വാഭാവികമായും ഉണ്ടല്ലോ.ആ ക്രെഡിബിലിറ്റി ക്വസ്റ്റ്യന്‍ ആണ്  ഒരു ഗ്രൂപ്പ് എന്നതിനേക്കാള്‍ കമ്പനി എന്ന നിലയിലേയ്ക്ക് ഈ ആശയത്തെ എത്തിച്ചത്.

സുരക്ഷയാണോ പെണ്‍ യാത്രകളുടെ പ്രധാന പ്രശ്നം?
സുരക്ഷ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.അത് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.ഞാന്‍ ഒറ്റയ്ക്കോ കൂട്ടുകാരോടൊപ്പമോ പോയി കണ്ട്,താമസിച്ച്  സുരക്ഷിതമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേയ്ക്ക് മാത്രമേ എസ്‌കേപ്പ് യാത്രകള്‍ പ്ലാന്‍ ചെയ്യാറുള്ളൂ. ടൂറിസ്റ്റ് എന്നതിനപ്പുറം  ട്രാവല്‍ എന്ന കണ്‍സപ്റ്റിനാണ് പ്രാധാന്യം കൊടുക്കുന്നത്.ടൂറിസം എന്ന് പറയുമ്പോള്‍ നമുക്ക്  മൂന്നാര്‍ ,ഊട്ടി,കൊടൈക്കനാല്‍ പോലെയുള്ള  സ്ഥിരം സ്ഥലങ്ങള്‍ ഉണ്ടാവും..എസ്ടാബ്ലിഷഡ് സ്പോട്ടുകള്‍  ആയത് കൊണ്ട് തന്നെ അവിടങ്ങളില്‍ താമസ സൌകര്യമൊന്നും അറേഞ്ച് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. നാല് പേര് കൂടിയാല്‍ നടക്കാവുന്ന ഒരു ട്രിപ്പ്. എന്നാല്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്കും  ഓഫ് ബീറ്റ് സ്ഥലങ്ങളാണ് ഇഷ്ടം എന്നതാണ് രസം..സേയ്ഫ് ആയിട്ട് ഗൈഡ് ചെയ്യാന്‍ ആളില്ലാതെ എക്സ്പ്ലോര്‍ ചെയ്യാവുന്ന,ഒരുപാട് ടൂറിസ്റ്റുകള്‍ വന്നുപോകാത്ത സ്ഥലങ്ങള്‍. അവിടെ നമുക്ക് താമസം ഹോട്ടലുകളില്‍ ആയിരിയ്ക്കണമെന്നില്ല. ടെന്റ്  ആകാം,ഹോം സ്റ്റെ ആകാം.അങ്ങനത്തെ കോണ്‍ടാക്ട്ട്സ് ഒക്കെ സോഴ്സ്ചെയ്ത്‌ വളരെ സേയ്ഫ് ആയ സ്ഥലത്ത് മാത്രമേ പോകുകയുള്ളൂ.ഞാനും ഉണ്ടാവും എല്ലാ യാത്രകളിലും.സാധാരണ ക്ലീഷേ ടൂര്‍ എന്നതിനപ്പുറം വ്യത്യസ്തമായ അനുഭവം ആയിരിയ്ക്കണം എന്നാണ് ലക്‌ഷ്യം.

ഇതുവരെ യാത്രകളില്‍ പങ്കെടുത്തവരുടെ അനുഭവങ്ങള്‍?

ഇതുവരെ വന്നിട്ടുള്ളതില്‍ കൂടുതലും ഒരു അമ്പതു വയസ്സില്‍ താഴെ പ്രായമുള്ളവര്‍ മാത്രമാണ്..ഫ്രീഡം ആണ് അവര്‍ക്ക് ഫീല്‍ ചെയ്യുക.ഒരുപക്ഷെ കോളേജിലൊക്കെ പഠിച്ചിരുന്ന സമയത്ത് യാത്രകള്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരിയ്ക്കുകയും അന്നതിന് സാധിയ്ക്കാതെ പോയവരൊക്കെയുണ്ടാവും.വിവാഹത്തിന് മുന്പ് അന്നത്തെ കേരളത്തിലെ സാമൂഹ്യസാഹചര്യമനുസരിച്ച് ആണ്‍കുട്ടികളുടെ കൂടെ യാത്രകള്‍ പോകാനൊന്നും വിടില്ലല്ലോ.അവര്‍ക്ക് ഈ ട്രിപ്പ്‌ എന്ന് പറയുമ്പോ ഇതുവരെ കിട്ടാത്ത ഒരു സ്വാതന്ത്ര്യം എന്ന നിലയിലാണ് ഫീല്‍ ചെയ്യുന്നത്.

പിന്നെ സ്ത്രീകളുടെ മാത്രം ഗ്രൂപ്പ് എന്ന് പറയുമ്പോള്‍ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടാകുമല്ലോ. ആരുടെയോ കൂടെ പോകുവല്ല ഒരു കമ്പനി ഉത്തരവാദിത്തത്തോടെ കൊണ്ട് പോകുകകയാണ് എന്ന ഉറപ്പു വരുമ്പോള്‍ ആ പ്രശ്നമില്ല..സ്ത്രീകള്‍ മാത്രം പോകുന്നത് കൊണ്ടുള്ള  ഗുണങ്ങള്‍ ഒരുപാടുണ്ട്.ഒന്നാമത് ഒന്നിനെക്കുറിച്ചും കോണ്‍ഷ്യസ് ആവണ്ട.പൊതുവേ മിക്സഡ്‌ ഗ്രൂപ്പില്‍ പോകുമ്പോ ഒരു വെള്ളച്ചാട്ടമൊക്കെ  കാണുമ്പോള്‍ ഇറങ്ങണമെന്ന് തോന്നിയാലും സ്ത്രീകള്‍ ഉള്‍വലിയും .ഇതിപ്പോ ആ പ്രശ്നമില്ല.അതുപോലെ ഫാമിലിയുമായി പോകുമ്പോള്‍ മറ്റുള്ളവരെ കെയര്‍ ചെയ്ത് സ്ത്രീകള്‍ സ്വയം എന്‍ജോയ് ചെയ്യാന്‍ മറന്നുപോകും.ശ്രദ്ധ മുഴുവന്‍ മറ്റുള്ളവരെ സേയ്ഫ് ആക്കി നിര്‍ത്തുക എന്നതാണ്.അങ്ങനെയുള്ള ഇന്‍ഹിബിഷന്‍സാണ് ഇവിടെ ഇല്ലാതാവുന്നത്.വേറെ ഉത്തരവാദിത്തങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞ് ആസ്വദിയ്ക്കാവുന്ന ഒരു യാത്ര.

സ്ത്രീ ട്രാവല്‍ ഗ്രൂപ്പുകള്‍?
കേരളത്തില്‍ പ്രോപ്പര്‍ ആയിട്ടുള്ള ആദ്യത്തെ വുമണ്‍ ട്രാവല്‍ ഗ്രൂപ്പ് എസ്‌കേപ്പ് ആണ്.2015സെപ്തംബറിലാണ്  ലോഞ്ച് ചെയ്തത് .ഇപ്പൊ നാലഞ്ച് ഗ്രൂപ്പുകള്‍ ഉണ്ട്..അത് നമുക്കൊരു സ്പിരിറ്റാണ്.ഒരുപാട് സ്ത്രീകള്‍ ഒറ്റയ്ക്ക്  യാത്ര ചെയ്യുന്നുണ്ട് ഇപ്പോള്‍. .പക്ഷെ പലയിടങ്ങളില്‍ നിന്നുള്ള,ഒരു പരിചയവുമില്ലാത്തവര്‍ ഒരുമിച്ച് ചേര്‍ന്ന്  ഗ്രൂപായിട്ട് യാത്ര ചെയ്യുന്നതിന്റെ രസം ഒന്ന് വേറെയാണ്.

തുടങ്ങിയ സമയത്ത് ഡി മോട്ടിവേറ്റ് ചെയ്യാന്‍ ഒരുപാട് കാരണങ്ങള്‍ പറഞ്ഞിരുന്നു പലരും. ഒരുപാട് പെണ്ണുങ്ങള്‍ കൂടിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നായിരുന്നു ഒന്ന്.മാനേജ് ചെയ്യാന്‍ പാടാണ് എന്നൊക്കെ,.പക്ഷെ ഇത്രയും യാത്രകള്‍ നടത്തിയിട്ടും എനിയ്ക്ക് അത് തോന്നിയിട്ടില്ല.ഒരുപക്ഷെ വീട്ടില്‍ കാണുന്ന അമ്മയോ ഭാര്യയോ ഒന്നുമല്ല ഇവര്‍ ഗ്രൂപ്പില്‍.ട്രാവല്‍ ചെയ്യാന്‍ വരുന്ന  ഒരു ലേഡി മാത്രം.ഒരു പ്രശ്നവുമില്ല ആരും തമ്മില്‍.എന്ന് മാത്രമല്ല  ട്രിപ്പ്‌ കഴിയുമ്പോള്‍ പലരും തമ്മില്‍ നല്ല ഫ്രണ്ട്സ് ആയിട്ടുണ്ടാവും..ഇനി നമ്മളെന്നാ അടുത്ത ട്രിപ്പ്  എന്ന് പരസ്പ്പരം ചോദിയ്ക്കുന്ന അത്ര ക്ലോസ് ആയിട്ടുണ്ടാവും.അതാണ്‌ യാത്രയുടെ ഗുണം!

അമ്പലത്തിലോ പള്ളിയിലോ എന്ന് പറഞ്ഞാല്‍ ആളുവരും,അല്ലാതെ ഈ ട്രിപ്പിനൊക്കെ ആരുവരാനാ എന്ന് ചോദിച്ചവരുണ്ട്‌..ആരും വരില്ലേ എന്ന സംശയം എനിയ്ക്കും ആദ്യം ഉണ്ടായിരുന്നത് കൊണ്ടാണ് ആദ്യം കമ്പനി എന്ന ആശയത്തിലേയ്ക്ക് പോകാതിരുന്നത്. ഈ സംശയങ്ങള്‍ സമൂഹത്തിന്‍റെ കാലാകാലങ്ങളായുള്ള നെഗറ്റീവ് ആറ്റിറ്റ്യൂഡ് കൊണ്ടാണ് എന്ന് പിന്നീട് മനസ്സിലായി..

ഇതുവരെയുള്ള യാത്രകള്‍?
പോയ സ്ഥലങ്ങളുടെ ലിസ്റ്റ് വെളിപ്പെടുത്തില്ല എന്നൊരു പോളിസിയുണ്ട് എനിയ്ക്ക്. ചിലപ്പോള്‍ ഒരു സ്വാര്‍ത്ഥതയാവാം..പോയാലുടനെ സ്ഥലങ്ങള്‍പറഞ്ഞ് അപ്പോതന്നെ പോസ്‌ടിടുന്ന പല ഫെയ്സ്  ഗ്രൂപ്പുകളോടും എനിയ്ക്ക് എതിര്‍പ്പുണ്ട്.ഒന്നാമത് യാത്ര പലര്‍ക്കും പലതാണ്.ചിലര്‍ കള്ളുകുടിച്ച് അടിച്ച് പൊളിയ്ക്കാന്‍ പോകുന്ന ഒന്നാണ്.മറ്റു ചിലര്‍ക്ക് യാത്ര സ്വയം  റിവൈസ് ചെയ്യുന്ന ഒരു പ്രോസസ് ആണ്.ചിലര്‍ക്ക് ഹോബിയാണ്.പോകുന്നയിടമെല്ലാം ഫെയ്സ്ബുക്കില്‍  പബ്ലിഷ് ചെയ്ത് എല്ലായിടത്തും എല്ലാരും വന്നിട്ട് ആകെ കുളമാക്കും. .ഇലവീഴാപ്പൂഞ്ചിറയൊക്കെ ആദ്യം പോകുന്ന സമയത്ത് എന്ത് രസമായിരുന്നു.ഇപ്പോള്‍ മദ്യപാനികളുടെ പോക്കുവരവാണ് അവിടെയൊക്കെ.ചാര്‍ളി ഇറങ്ങിയ സമയത്ത് മീശപ്പുലിമലയ്ക്ക് ഇതേ അവസ്ഥയായിരുന്നു. പക്ഷെ അവര്‍ ഒരു കാര്യം ചെയ്തു. അവിടെ എല്ലാത്തിനും റേയ്റ്റ് കൂട്ടി.അതുപോലെ ഒരു സമയം ചെല്ലാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ട് വന്നു.അതുകൊണ്ട് അവിടെ വല്യ പ്രശ്നമില്ല.
 

എസ്‌കേപ്പ് എന്ന പേര്?
യാത്ര ഒരു എസ്കേപ്പ്  തന്നെയാണല്ലോ. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ബ്രെയ്ക്ക് എടുക്കുക,മാറി നില്‍ക്കുക യാണല്ലോ യാത്രകളിലൂടെ ചെയ്യുന്നറ്റ്..എന്നെ സംബന്ധിച്ച് അതാണ് യാത്ര.ചിലര്‍ക്ക് ആ മാറി നില്‍ക്കല്‍ എന്ന് പറയുന്നത് ഫ്രണ്ട്സിന്റെ കൂടെസമയം ചിലവഴിയ്ക്കുന്നതായിരിയ്ക്കാം.പലര്‍ക്കും പലതാണ്..
എന്ത്കൊണ്ട്സ്ത്രീകള്‍മാത്രംഎന്ന ചോദ്യംഇപ്പോഴും പലരും ചോദിയ്ക്കാറുണ്ട്..സ്ത്രീകള്‍ക്കാണ് യാത്രകള്‍ പോകാന്‍ പറ്റാത്തസാഹചര്യംഉണ്ടായിരുന്നത്.ഒറ്റയ്ക്ക്യാത്ര ചെയ്യാനുള്ളബുദ്ധിമുട്ടുകള്‍ഉണ്ടായിരുന്നതും സ്ത്രീകള്‍ക്ക്തന്നെയാണ്.അതുകൊണ്ടാണ് സ്ത്രീകള്‍ മാത്രം എന്നതിലേയ്ക്ക് എത്തിയത്.

പുതിയ പദ്ധതികള്‍?
അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള യാത്രകളാണ് അടുത്ത ലക്‌ഷ്യം.നമ്മുടെയൊക്കെ പ്രായത്തില്‍ അവര്‍ക്ക് ഈ സ്വാതന്ത്ര്യങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. മക്കളുടെ പഠിത്തം,സാമ്പത്തികം ഇങ്ങനെ ഒരുപാട് കാരണങ്ങളുണ്ടാവാം..മക്കളെയും  കുറ്റം പറയാന്‍ പറ്റില്ല.അവര്‍ക്ക്  ജോലി വിട്ടിട്ട് സമയം കണ്ടെത്താനാവില്ല ചിലപ്പോള്‍.അല്ലെങ്കില്‍ അവരുടെ മക്കളുടെ കാര്യങ്ങളുണ്ടാവാം.സ്വാഭാവികമായും വേറൊന്നും ചെയ്യാനില്ലാത്തതിനാല്‍ അവര്‍ സീരിയല്‍ പോലെയുള്ള കാര്യങ്ങളെ ആശ്രയിയ്ക്കും.മക്കള്‍ക്ക് അവരെ തന്നെ വിടാനും പറ്റില്ല.അവരുടെ മോനോ മോളോ കൊണ്ട് പോകുന്നത് പോലെ ഏറ്റവും സുരക്ഷിതമായി യാത്രയ്ക്ക് കൊണ്ട് പോകുക എന്നതാണ് ഈ പ്രോജക്റ്റ്.

ഇവര്‍ക്ക് വേറെ പൊതുവായ ഗ്രൂപുകളില്‍  പോകാന്‍ പാടില്ലേ എന്നൊരു ചോദ്യം വന്നേക്കാം.ഞങ്ങള്‍ ലഡാക്ക് പോകുമ്പോ എല്ലാവരും തന്നെ ചെറുപ്പക്കാര്‍ ആയിരുന്നു.ഒരു പ്രത്യേക സാഹചര്യത്തിലാണ് കല്‍ക്കട്ടക്കാരായ എണ്‍പത് വയസ്സോളമുള്ള അങ്കിളിനെയും ആന്‍റിയെയും ഒപ്പം കൂട്ടിയത്,അവരുടെ മകന്‍ വിദേശത്താണ്..അവധിയ്ക്ക് വന്നാലും തിരക്കുകള്‍ കാരണം ഇവരെ എവിടെയും കൊണ്ട് പോകാന്‍ പറ്റാത്തതിന്റെ വിഷമമുണ്ട്..അങ്ങിനെയാണ് ഇവര്‍ എസ്‌കേപ്പില്‍ കൂടുന്നത്.പക്ഷെ പ്രശ്നം എന്താണെന്നു വച്ചാല്‍ ഞങ്ങള്‍ ചെറുപ്പക്കാര്‍ അവിടെ റാഫ്റ്റിങ്ങിനൊക്കെ പോകും..ഇവര്‍ക്ക് വരാന്‍ പറ്റില്ലല്ലോ.ആ കൊടും തണുപ്പത്ത് മണിക്കൂറുകളോളം അവര്‍ ട്രാവലറിന്റെ ഉള്ളില്‍ ഇരിയ്ക്കണം.

നമ്മുടെ സൊസൈറ്റി ഇപ്പോഴും ഓള്‍ഡ്‌ ഏജ് ഫ്രണ്ട്‌ലി അല്ല.ബസുകളില്‍ പോലും അവര്‍ക്ക് സീറ്റ് കിട്ടാറില്ല..നമ്മള്‍ പത്ത്  മിനിട്ട് എടുക്കുന്നിടത്ത് അവര്‍ക്ക് ഇരുപതോ മുപ്പതൊ വേണ്ടി വന്നേക്കാം.അവരെ വയസ്സന്മാര്‍ എന്ന് മുദ്രകുത്തി മാറ്റുന്നതല്ല.അവര്‍ നമ്മുടെ ഒപ്പം എത്താന്‍ നമ്മള്‍ സ്ലോ ചെയ്യേണ്ടതുണ്ട്..അവരുടെ മാത്രമായ ഒരു ഗ്രൂപ്പില്‍ കിട്ടുന്ന ഒരു കംഫര്‍ട് ഒക്കെയുണ്ട്. നമുക്ക്  സംസാരിയ്ക്കാന്‍ ഒരുപാട് വിഷയങ്ങള്‍ ഉണ്ട്.അവര്‍ക്ക് അത് ഇല്ല.ഒരേ ഏജിലുള്ള ഗ്രൂപ്പില്‍ കൂടുമ്പോള്‍ അവര്‍ക്കും വിഷയങ്ങള്‍ ഉണ്ടാകും.ഇവര്‍ എല്ലാം ഒരേ പോലെയായത് കൊണ്ട് ഇവരുടെ സ്പെയ്സില്‍ നമുക്ക് യാത്ര ചെയ്യാന്‍ പറ്റും. ആ പ്രായത്തിന്‍റെ ഒരു റിസ്‌ക്കുണ്ട് എന്നുള്ളത് സത്യമാണ്..അത് നമ്മള്‍ ഉറപ്പ് വരുത്തും.മെഡിക്കല്‍ ഹിസ്റ്ററി വാങ്ങും ആദ്യം തന്നെ.പോകുന്ന സ്ഥലങ്ങളില്‍ മരുന്നുകള്‍,വൈദ്യസഹായം എല്ലാം ഉറപ്പു വരുത്തേണ്ടതുണ്ട്.അങ്ങനെ ഉറപ്പുള്ള സ്ഥലങ്ങളിലേ പോകുകയുള്ളൂ.

പെഴ്സണല്‍ പ്രൊഫൈല്‍
എരമല്ലൂരാണ് സ്വദേശം.പഠിച്ചത് മഹാരാജാസിലാണ്. ഇന്‍ഷുറന്‍സ് മേഖലയിലും  മേഖലയില്‍ ഇവന്റ് മാനേജ്‌മെന്റ്റ് ഗ്രൂപ്പിലും ജോലി ചെയ്തിരുന്നു.പിന്നീടാണ് എസ്‌കേപ്പ് തുടങ്ങുന്നത്. ഒരു കൂട്ടം ആളുകളുടെ എഫര്‍ട്ട്ആണ് എസ്‌കേപ്പിനെ മുന്നോട്ടു കൊണ്ട് പോകുന്നത്. ലോഗോമുതല്‍, ബ്രാന്റിംഗ് വരെ എനിയ്ക്ക്‌ വേണ്ടി ചെയ്‌ത് തരുന്ന കൂട്ടായ്മയാണ് ഈ കമ്പനിയുടെ വിജയവും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top