07 July Tuesday

അവാര്‍ഡ് കിട്ടിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് 'ഈട'യുണ്ട്

സൂരജ് കരിവെള്ളൂർUpdated: Thursday Mar 15, 2018

 മൂന്ന് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കരിവെള്ളൂർ കുണിയൻപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം അതിന്റെ ഉച്ചസ്ഥായിയിലെത്തി നിൽക്കവേയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് വാർത്ത കരിവെള്ളൂരിലേക്കെത്തിയത്. കരിവെള്ളൂരുകാരിക്ക് അവാർഡുണ്ടെന്നറിഞ്ഞതോടെ കളിയാട്ട കാവിലെത്തിയവർ പരസ്പരം ചോദിച്ചു 'ആര്ക്കാടെ അവാർഡ്, കരിവെള്ളൂര് ഏടെ ആടോ ഓരെ വീട്' ? ഒട്ടും താമസിച്ചില്ല, ഉരുളക്കുപ്പേരിപോലെ മറുപടിയെത്തി ' മ്മളെ പലിയേരീലെ പപ്പൻ മാഷ്ടെ മൂത്തമോളില്ലേ സ്നേഹ, കലോത്സവത്തലൊക്കെ കുറെ സമ്മാനം മേടിച്ച കുട്ടി, ഓക്ക അവാർഡ് കിട്ടീനി പോലും'.

കണ്ണൂർ കരിവെള്ളൂരുകാർക്ക് അത്രമേൽ പരിചിതയാണ് സ്നേഹയെ. വർഷങ്ങളായി കലോത്സവവേദികളിലെ മിന്നുംതാരമായ സ്നേഹ പലതവണ കരിവെള്ളൂരിന്റെ സ്നേഹാദരം ഏറ്റുവാങ്ങിയിട്ടുണ്ട്. എഡിറ്റർ ബി അജിത്കുമാർ ആദ്യമായി സംവിധാനം ചെയ്ത 'ഈട' യിലൂടെ മികച്ച ഡബ്ബിങിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ മിടുക്കി കരിവെള്ളൂരിലെത്തിച്ചിരിക്കുകയാണ്. ഈട സിനിമ കണ്ടവരാരും നായിക ഐശ്വര്യ(നിമിഷ സജയൻ) പറഞ്ഞ തനി കണ്ണൂർ ഭാഷ മറക്കില്ല. മുംബൈയിൽ നിന്ന് വന്ന നിമിഷയ്ക്ക് വേണ്ടി അസലായി കണ്ണൂർ ഭാഷ പറഞ്ഞത് സ്നേഹയാണ്. കഥാപാത്രത്തിന്റെ ആത്മാവ് മുഴുവൻ പകർത്തിവെച്ച ആ സംസാരത്തിന് ലഭിച്ച അർഹിച്ച അംഗീകാരമാണ് സംസ്ഥാന പുരസ്ക്കാരം.

'ഈട'യിൽ പറഞ്ഞത് ഈടത്തെ ഭാഷ

ഈട സിനിമയിലേക്ക് ഡബ്ബിങിന് ആളെ ക്ഷണിക്കുന്നു എന്ന പരസ്യം കണ്ടാണ് സ്നേഹ അപേക്ഷിച്ചത്. ഇതുവരെ കൈവയ്ക്കാത്ത മേഖലയായതിനാൽ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ ഓഡീഷനിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ ആത്മവിശ്വാസം വർധിച്ചു. നായിക കഥാപാത്രത്തിന് ഡബിങ് ചെയ്യാനാണെന്നറിഞ്ഞപ്പോൾ വലിയ ആകാംക്ഷയായിരുന്നു.  കണ്ണൂർ ഭാഷ കണ്ണൂരുകാരിയായതിനാൽ വലിയ പ്രശ്നമായി തോന്നിയില്ല. എന്നാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. വൈകാരിക രംഗങ്ങളിലൊക്കെ ഒരുപാട് ശ്രദ്ധിച്ചാണ് ഡബ്ബ് ചെയ്തത്. നാലു ദിവസമെടുത്താണ് ഡബ്ബിങ് പൂർത്തിയാക്കിയത്. സിനിമ റിലീസാകുന്നതുവരെ ടെൻഷനായിരുന്നു. എന്നാൽ സിനിമ ഇറങ്ങിയ ശേഷം പലരും വിളിച്ച് അഭിനന്ദിച്ചു. എന്നാൽ എന്നെ പോലൊരു പുതുമുഖത്തിന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

കലോത്സവത്തിലെ താരം

കഴിഞ്ഞ ആറു വർഷമായി കണ്ണൂർ സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ മോണോആക്ടിൽ ഒന്നാംസ്ഥാനം സ്നേഹയുടെ കുത്തകയാണ്. ഓരോ വർഷവും പോയ വർഷത്തെക്കാൾ മികവുറ്റ രീതിയിൽ ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന് സ്നേഹ പറയുന്നു. രണ്ടുതവണ മികച്ച നടിയായിരുന്നു. സ്കൂൾ പഠനകാലത്ത് കലോത്സവങ്ങളിൽ മോണോ ആക്ടിലും കഥാപ്രസംഗത്തിലും ശ്രദ്ധേയപ്രകടനങ്ങൾ കാഴ്ചവെച്ചു. പയ്യന്നൂർ കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കി. നിലവിൽ കുറ്റൂർ ജേബീസ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ ബിഎഡിന് പഠിക്കുന്നു.

പ്രതിരോധത്തിന്റെ ആവേ മരിയ

മലയാളത്തിന്റെ പ്രിയകഥാകാരി കെ ആർ മീരയുടെ ആവേ മരിയ എന്ന കഥ ഏകപാത്ര നാടകമാക്കിയപ്പോൾ സ്നേഹ തന്റെ അഭിനയ പാടവത്തിന്റെ പുതിയ സാക്ഷ്യം കാണികൾക്ക് മുന്നിൽ തുറന്നിട്ടു. പ്രദീപ് മണ്ടൂർ സംവിധാനം ചെയ്ത ഏകപാത്ര നാടകം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി വേദികളിൽ അവതരിപ്പിച്ച നാടകത്തിലെ അഭിനയത്തിന് സ്നേഹയ്ക്ക് ഏറെ പ്രേക്ഷക പ്രശംസയും ലഭിച്ചു. തുടർന്ന് ' കവി ഉദ്ദേശിച്ചത് ' എന്ന സിനിമയിലും അഭിനയിച്ചു.

അടുത്ത ഇടം സിനിമാഭിനയം

ഭാവിയിൽ ഡബ്ബിങിൽ കൂടുതൽ അവസരങ്ങൾ വന്നാൽ തീർച്ചയായും സ്വീകരിക്കുമെന്ന് സ്നേഹ പറയുന്നു. കാരണം ഡബിങ് വളരെ ഇഷ്ടമാണ്. എന്നാൽ നല്ല സിനിമകളിൽ നായികയാവുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അവാർഡ് കിട്ടിയതിനു പിന്നാലെ നിരവധി പ്രോജക്ടുകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കുറേപേർ വിളിച്ച് അഭിനന്ദിച്ചു. അധ്യാപക ദമ്പതികളായ പത്മനാഭൻ(പരത്തിക്കാമുറി ജിഎൽപിഎസ്), ജയന്തി(കൊഴുമ്മൽ ജിഎൽപിഎസ്) എന്നിവരാണ് മാതാപിതാക്കൾ. ഭർത്താവ് നവീൻ കുമാർ ദുബായിൽ എൻജിനീയറാണ്. സഹോദരി സാന്ദ്ര എംബിബിഎസ് വിദ്യാർഥിനിയാണ്.

പ്രധാന വാർത്തകൾ
 Top