05 October Saturday

എന്നുമെന്നും നാടകം കൂട്ട്‌

ജിഷ അഭിനയ / abhinayatsr@gmail.comUpdated: Sunday Aug 6, 2023


ചിലപ്പോഴൊക്കെ മറവികൾ നല്ലതാണ്‌. ജീവിതത്തിലും... വീട്‌, കുടുംബം, ബാധ്യതകൾ... ഇതിനിടയിൽ സ്വയം ഓർമിക്കാതിരിക്കുന്നതും നിയോഗമെന്ന്‌ വിധിയെഴുതാം. അപ്പോൾ പിന്നെ ആ

ഓട്ടം തുടർന്നുകൊണ്ടേയിരിക്കും. തൃശൂർ ശാന്ത –- തൃശൂർ വളർക്കാവിൽ താമസം. 68 വയസ്സ്‌. ഈ പ്രായത്തിലും അരങ്ങിൽ സജീവം. കഴിഞ്ഞദിവസം രാജു കൂർക്കഞ്ചേരി സ്മാരക നാടക പുരസ്കാരം നൽകി അവരെ ആദരിച്ചിരുന്നു.

‘പതിനഞ്ചാമത്തെ വയസ്സിൽ പൊൻകുന്നം വർക്കിയുടെ ‘മനുഷ്യൻ’ എന്ന നാടകത്തിലൂടെ ആദ്യമായി അരങ്ങിലെത്തി. തൃശൂർ പുരോഗമന കലാസമിതിയിൽ ആയിരുന്നു അവതരണം. അച്ഛന്‌ തൃശൂർ കോർപറേഷനിലായിരുന്നു ജോലി. വീട്ടിലെ സാഹചര്യം അത്രയൊന്നും മെച്ചമല്ല. എന്റെ ഇഷ്ടത്തിന്‌ നാടകത്തിൽ എത്തിയതാണ്‌ ഞാൻ. 1968ൽ ആദ്യമായി കിട്ടിയ പ്രതിഫലം 25 രൂപയാണ്‌. അന്നൊക്കെ നാടകത്തിന്‌ പോകുകയെന്നാൽ നാടെങ്ങും അപവാദം മാത്രമാണ്‌. ഒരുഭാഗത്ത്‌ ജീവിതമാർഗം, മറ്റൊരു ഭാഗത്ത്‌ അഭിനയത്തോടുള്ള ആഗ്രഹം. പിന്നെ മറ്റൊന്നും കേൾക്കാൻ നിൽക്കാതെ നാടകംമാത്രം ലക്ഷ്യമാക്കി. എന്നും ഒന്നിലേറെ അവതരണങ്ങൾ.


ദിവസവും നാടകത്തിന്‌ പോകും. വീട്ടിൽ എന്റെ വരുമാനംകൊണ്ടു വേണം അടുപ്പ്‌ പുകയാൻ.  അമച്വർ എന്നോ പ്രൊഫഷണൽ എന്നോ നോക്കാതെ എല്ലാ നാടകത്തിലും അഭിനയിക്കും. കിട്ടുന്ന പണം ചേർത്തുവച്ച്‌ ഒടുവിൽ വീട്‌ വച്ചു. പിന്നെ കടം വീട്ടാനായി നാടകം കളി. പലിശയ്‌ക്ക്‌ പണം വാങ്ങിയുള്ള ഓടിക്കളിയായിരുന്നു ജീവിതം.ഇതിനിടെ കുന്നംകുളത്തെ അപകടത്തിൽപ്പെട്ട്‌ മാസങ്ങളോളം പരിക്കേറ്റ്‌ കിടന്നു. 1990 മാർച്ച്‌ 11. തൃശൂർ കലാകേന്ദ്രയുടെ ‘ചെന്തെച്ചിക്കാവിലെ ദീപാരാധന’ എന്ന നാടകം കളിക്കാൻ എടപ്പാളിൽ പോകുകയായിരുന്നു. നാടക വാൻ കാണിപ്പയ്യൂരിൽ   അപകടത്തിൽ പെട്ടു. എട്ടുപേർ അപകടത്തിൽ മരിച്ചു. ഞങ്ങൾ 16 പേർ നാടകവണ്ടിയിൽ ഉണ്ടായിരുന്നു.

അന്നത്തെ അപകടത്തിൽ കൈയിലും കാലിലും ഇന്നും കമ്പിയുണ്ട്‌. അതിന്റെ വേദനകൾ. ബക്കറ്റ്‌ പിരിവ്‌ നടത്തിയാണ്‌ ഞങ്ങളുടെ ചികിത്സ അന്നെല്ലാം ചെയ്‌തതെന്ന്‌ പറഞ്ഞുകേട്ടിരുന്നു. സംവിധായകൻ ടി ജി രവി അന്നേറെ കഷ്ടപ്പെട്ടു. കുന്നുംകുളം ഗീതാഞ്‌ജലി, കൊച്ചിൻ അനുപമ, ബ്രിന്നർ ആർട്‌സ്‌, തൃശൂർ കലാകേന്ദ്രം, കാഞ്ചന തിയറ്റേഴ്‌സ്‌, ആലുവ മൈത്രി എന്നീ സമിതികളിലെല്ലാം നാടകം കളിച്ചിട്ടുണ്ട്‌. നീലത്താമര, രചന, പല്ലവി തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ശ്രീരാമൻ ശ്രീദേവി, സ്‌നേഹാഞ്‌ജലി എന്നീ സീരിയലിലും അഭിനയിച്ചു. തൃശൂർ ദർശനയുടെ നാടകങ്ങളിലാണ്‌ ഇപ്പോൾ അഭിനയിക്കുന്നത്‌. സ്വന്തമായി ഒരു കുടുംബം എന്നൊന്നും ഓർമിക്കാൻപോലും സമയം കിട്ടിയില്ല. എന്നും നാടകമല്ലേ. പിന്നെങ്ങനെ? നല്ല കുറെ നാടക ഓർമകൾമാത്രം കൂട്ടിവച്ച്‌ തനിച്ചുള്ള യാത്ര തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top