05 July Tuesday

അക്ഷരങ്ങളും അക്കങ്ങളും അവരെ ഭയപ്പെടുത്തുന്നുണ്ടോ?; കുട്ടികളിൽ കാണപ്പെടുന്ന ബുദ്ധിമുട്ടുകൾ

ഡോ. മായ ലീല mayaleela@gmail.comUpdated: Sunday May 15, 2022

കുഞ്ഞുങ്ങളെ എന്തിനാണ്  സ്‌കൂളിൽ വിടുന്നത്? സാക്ഷരത തൊട്ട് കൂടുതൽ അറിവുകളും കഴിവുകളും വളർത്താനാണെന്ന്  നിഷ്‌കളങ്കമായി അനുമാനിക്കാം.  സ്‌കൂളിൽ ചേർക്കുമ്പോൾ അവളെ/അവനെ എഴുത്തും വായനയും അവിടെ പഠിപ്പിക്കും, അല്ലേ? അതോ എഴുത്തും വായനയും വീട്ടിൽനിന്ന്‌ പഠിച്ചു  വരുന്ന കുഞ്ഞുങ്ങളെ പിന്നെയുള്ള ഉപരിപഠനത്തിനാണ് സ്‌കൂളിൽ ചേർക്കുന്നത് എന്നാകുമോ? ഈയിടെ ഒരമ്മ പറഞ്ഞതാണ്, അവരുടെ മകന് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു, കാരണം അവന് എഴുതാനും വായിക്കാനും അറിയില്ല! എന്താണ് ഈ അറിവില്ലായ്‌മ? 

എന്തെല്ലാം ബുദ്ധിമുട്ടുകൾ
സാക്ഷരത സ്വായത്തമാക്കുന്നതിൽ കുട്ടികളിൽ കാണപ്പെടുന്ന ബുദ്ധിമുട്ടുകളെ dyslexia (വായിക്കാൻ പ്രകടിപ്പിക്കുന്ന തടസ്സം), dysgraphia (എഴുതാൻ പ്രകടിപ്പിക്കുന്ന ബുദ്ധിമുട്ട്‌), dyscalculia(അക്കങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ട്‌) എന്നിങ്ങനെ വിളിക്കുന്നു. ചെറിയ ക്ലാസുകളിൽ കണക്ക് പഠനവും സാക്ഷരതയുടെ ഭാഗം. 

Dyslexia: ഒരു വാക്ക് കണ്ടാൽ അതിനെ ആദ്യം അതിന്റെ അക്ഷരങ്ങളും ശബ്‌ദങ്ങളുമായി വേർതിരിക്കണം. വേർതിരിച്ച് മനസ്സിലാക്കിയശേഷം അവ യോജിപ്പിക്കണം, യോജിപ്പിച്ചവ ചലനങ്ങളായി ഉച്ചാരണ പേശികളിൽ എത്തണം. അതോടൊപ്പം യോജിപ്പിച്ചെടുത്ത ശബ്‌ദങ്ങൾ കൂട്ടിവായിക്കുമ്പോൾ കിട്ടുന്ന വാക്കിനെ അതിന്റെ അർഥവുമായി ബന്ധിപ്പിക്കണം - ഇത്രയുമാണ് വായനയും വായിച്ചത് മനസ്സിലാക്കലും എന്ന പ്രക്രിയ. ഇതിനായി ഒട്ടനവധി കഴിവുകൾ മസ്‌തിഷ്‌കത്തിൽ പ്രവർത്തിക്കുന്നുണ്ട്. - കാഴ്‌ച, കേൾവി, ഓർമ, നിർവാഹക കഴിവുകൾ എന്നിങ്ങനെ. ഈ ഘട്ടങ്ങളിൽ തടസ്സമുണ്ടായാൽ  വായന ബുദ്ധിമുട്ടാകും. എത്ര തവണ പറഞ്ഞു കൊടുത്താലും ഒരക്ഷരം തന്നെ  വീണ്ടും വീണ്ടും തെറ്റിക്കും. വായിക്കാൻ സാധിച്ചാലും വായിച്ച വാക്കുമായി അതിന്റെ  അർഥത്തെ ബന്ധിപ്പിക്കാൻ കഴിയാതെ വരും.

ആറു വയസ്സോടെ വാക്കുകളും ചെറിയ വാക്യങ്ങളും വായിക്കുകയും അതിന്റെ അർഥം മനസ്സിലാക്കുകയും വായിച്ചതിനെപ്പറ്റി ചോദിച്ചാൽ ഉത്തരങ്ങൾ നൽകാൻ സാധിക്കുകയും ചെയ്യണം. ഒരു കുട്ടി അത് ചെയ്യുന്നില്ലെങ്കിൽ സ്‌പീച്ച് തെറാപിസ്റ്റിനെ കാണിക്കണം. വായനയുടെ ഏത് ഘട്ടത്തിൽ/പ്രക്രിയയിലാണ് പ്രശ്നമെന്ന്‌  തിരിച്ചറിഞ്ഞ് അതിനെ മറികടക്കാനുള്ള വിദ്യകൾ പഠിപ്പിക്കാൻ സ്‌പീച്ച് തെറാപ്പിസ്റ്റിനു സാധിക്കും. സാധാരണയായി വായന ഒരു സംയോജന പ്രക്രിയയാണ്. പഴം എന്ന് വായിക്കുമ്പോൾ മനസ്സിൽ മഞ്ഞ നിറമുള്ള നീണ്ട ഫലം എന്ന രൂപം വരും, പക്ഷേ dyslexia ഉള്ളവരിൽ ഈ സംയോജനം സ്വാഭാവികമായി നടക്കുന്നില്ല.
Dysgraphia: - വായിക്കാൻ ബുദ്ധിമുട്ടുന്ന മിക്ക കുട്ടികൾക്കും എഴുതാനും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അക്ഷരങ്ങളും വാക്കുകളും എഴുതാനുള്ള തടസ്സത്തെ dysgraphia എന്ന് പറയുന്നു. ചിലർക്ക് നന്നായി വായിക്കാൻ കഴിയും പക്ഷേ എഴുതുന്ന സമയത്ത് അക്ഷരങ്ങൾ തെറ്റിപ്പോകും,  രൂപം മാറിപ്പോകും, വരി തെറ്റിപ്പോകും കൈയക്ഷരം വികലമായിപ്പോകും.

Dyscalculia  ഉള്ളവർക്ക് അക്കങ്ങളും അക്കങ്ങൾ ഉപയോഗിച്ചുള്ള ഗണിതങ്ങളും ചെയ്യാനാകുകയില്ല.  ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നല്ല എന്ന്‌ ആദ്യം ഓർക്കുകയും, കൂട്ടുക എന്ന ഗണിതക്രിയ എങ്ങനെയാണ്, എന്തൊക്കെ തമ്മിൽ കൂട്ടണം എന്നുമൊക്കെ ഓരോ ഘട്ടമായി വേർതിരിച്ച് ബോധത്തോടെ ചെയ്യേണ്ടി വരുന്നു, ഇതിനായി കൂടുതൽ ഊർജവും ശ്രദ്ധയും സമയവും വേണ്ടി വരുന്നു.

Learning disorders അഥവാ പഠനവ്യതിയാനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം അവസ്ഥകൾ പല കാരണങ്ങൾകൊണ്ടും ഉണ്ടാകാം. - പാരമ്പര്യമായിട്ടോ, വളരുന്ന മസ്‌തിഷ്‌കത്തിന് സംഭവിക്കുന്ന ക്ഷതങ്ങൾ കൊണ്ടോ, ചുറ്റുപാടുകളിൽനിന്നും ഏൽക്കുന്ന ഹാനികരമായ പദാർഥങ്ങൾകൊണ്ടോ, മസ്‌തിഷ്‌ക വളർച്ചയിലെ വ്യതിയാനങ്ങൾകൊണ്ടോ ഒക്കെ. കൃത്യമായ ഒരു കാരണം കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതു കൊണ്ടുതന്നെ മരുന്ന് കൊടുത്തു മാറ്റാവുന്ന  അസുഖമല്ല ഇത്‌.  പക്ഷേ  തെറാപ്പിയിലൂടെ ഈ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ പരിശീലിപ്പിക്കണം.

ബുദ്ധിമുട്ടുകൾ തിരിച്ചറിയണം
സ്‌കൂളിൽ പോകുന്ന പ്രായം ആകുമ്പോഴാണ് മിക്കവാറും കുട്ടികളിൽ എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്നത്. അഞ്ച് വയസ്സ് മുതൽ രക്ഷിതാക്കൾ കണ്ടെത്തുമ്പോഴോ അധ്യാപകർ ശ്രദ്ധയിൽപ്പെടുത്തുമ്പോഴോ ആണ്   ഇത്തരം കുട്ടികൾ തെറാപ്പിക്ക്‌ എത്തുന്നത്.   അവർ എഴുതാനും വായിക്കാനും കണക്ക് പഠിക്കാനും അസാധാരണമാം വിധം എതിർപ്പ് കാണിക്കും  വഴക്കിടും, നിർത്താതെ കരയും, ദേഷ്യപ്പെടും, അക്രമാസക്തമാകും.  എത്ര പറഞ്ഞു കൊടുത്താലും അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാതെയിരിക്കൽ, വായിക്കുന്നത് ഓർമയിൽനിന്ന് മാഞ്ഞുപോകൽ, പകർത്തി എഴുതാൻപോലും കഴിയാതിരിക്കൽ, കേട്ടെഴുത്ത് വെറുപ്പോടെ/ഭയത്തോടെ ഒഴിവാക്കൽ, വരയ്‌ക്കാനും നിറം കൊടുക്കാനുംപോലും വിമുഖത കാണിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ആറു മാസത്തിൽ കൂടുതൽ കാണിച്ചാൽ തെറാപ്പിസ്റ്റിനെ കാണിക്കണം. പല ഭാഷകൾ പഠിക്കുന്ന ചില കുട്ടികൾക്ക് ഒന്ന്‌ എളുപ്പമാകും, മറ്റൊന്ന്‌ കഠിനമാകും. അപ്പോഴും സംസാര-ഭാഷാ വിദഗ്‌ധരുടെ സഹായം തേടാം.

വ്യതിയാനങ്ങൾ, തടസ്സങ്ങൾ
പഠനവ്യതിയാനങ്ങൾ മറ്റു അവസ്ഥകളുടെ ഭാഗമായും വരാറുണ്ട്, ഓട്ടിസം, ശ്രദ്ധക്കുറവും അമിതപ്രവൃത്തിയും (ADHD), ബുദ്ധിവികാസ തടസ്സങ്ങൾ, ഇന്ദ്രിയ-ചാലക പ്രയോഗ വ്യതിയാനങ്ങൾ (Sensory-motor processing disorder), ശ്രവണ പ്രയോഗ വ്യതിയാനം (Auditory processing disorder) എന്നിങ്ങനെ കുട്ടികളിൽ കാണുന്ന പല അവസ്ഥകളുടെയും കൂട്ടത്തിൽ പഠന വ്യതിയാനങ്ങളും കണ്ടുവരുന്നു.
ഏതുതരം തടസ്സമാണ് ഒരു കുട്ടിയിൽ കാണപ്പെടുന്നത് എന്നതിന് അനുസരിച്ചാവണം പരിശീലനം. സംസാര-ഭാഷാ വിദഗ്ധർക്ക് രോഗനിർണയം നടത്തുന്ന സമയത്തുതന്നെ ഇതിനെക്കുറിച്ച് ധാരണ കിട്ടും. ചിലപ്പോൾ ഓർമയിലായിരിക്കും പരിശീലനം വേണ്ടി വരിക, ചിലപ്പോൾ അക്ഷരങ്ങളുടെ രൂപങ്ങൾ തിരിച്ചറിയാൻ, ചിലപ്പോൾ അക്ഷരവും ശബ്‌ദവും തമ്മിലുള്ള ബന്ധത്തിൽ അല്ലെങ്കിൽ ശബ്‌ദവും അർഥവും തമ്മിലുള്ള ബന്ധത്തിൽ. 

കുട്ടികളുടെ ആത്മവിശ്വാസവും അവർക്ക് എഴുതാനും വായിക്കാനുമുള്ള താൽപ്പര്യവും വളർത്തണം. അത് രക്ഷിതാക്കളും തെറാപ്പിസ്റ്റും ചേർന്ന് നിർമിച്ചെടുക്കണം. കൂടാതെ അവരുടെ കായിക വളർച്ചയിലും ശ്രദ്ധിക്കണം. ശരീരത്തിന്റെ ചലനവും മസ്‌തിഷ്‌ക വികാസവും തമ്മിൽ അഭേദ്യബന്ധമുണ്ട്, കുട്ടികൾ എത്രമാത്രം വ്യത്യസ്‌തങ്ങളായ ചലനങ്ങളിൽ ഏർപ്പെടാമോ അത്രയധികം ചലനങ്ങളിൽ ഏർപ്പെടണം.  ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികളെ സ്‌കളുകളിൽ വച്ച് അപമാനിക്കാനോ അവരെ സ്‌കൂളിൽ അഡ്മിഷൻ കൊടുക്കാതിരിക്കാനോ പുറത്താക്കാനോ പാടില്ല. ഏഴു വയസ്സുള്ള കുഞ്ഞിന് എഴുതാനും വായിക്കാനും അറിയില്ല അതുകൊണ്ട് ഞങ്ങളുടെ സ്‌കൂളിൽ ചേർക്കണ്ട എന്ന് പറയുമ്പോൾ പിന്നെ വിദ്യാലയങ്ങൾ എന്തിനുള്ളതാണ്!

(സ്‌പീച്ച്‌ ലാംഗ്വേജ്‌ തെറാപ്പിസ്‌റ്റും ലിംഗ്വിസ്‌റ്റുമാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top