10 June Saturday

ഹൃദയം തൊട്ട് നിങ്ങള്‍ സ്‌നേഹിക്കൂ

ജിഷ അഭിനയ/ jishaabhinaya@gmail.comUpdated: Sunday Apr 9, 2023

ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ ധന്യ രവിക്ക്‌ സമ്മാനിക്കുന്നു

ജീവിതത്തിനുനേരെയുള്ള ഒരൊറ്റ ചിരിയുടെ പേര്‌, ധന്യ രവി. ഈ ഭൂമിയിലെ കൊച്ചുകൊച്ചുസന്തോഷങ്ങൾ, സങ്കടങ്ങൾ, അതെത്രമാത്രം ആനന്ദമാക്കാമെന്ന്‌ ധന്യയോട്‌ ചോദിച്ചാൽ കൈനിറയെ ഉത്തരങ്ങൾ സമ്മാനിക്കും. ‘ഹൃദയംതൊട്ട്‌ നിങ്ങൾ സ്‌നേഹിക്കൂ, നിങ്ങളെ തന്നെ...’
എല്ലുകൾ പൊടിയുന്ന രോഗവുമായി ജനനം. വീൽച്ചെയറിൽ എങ്കിലും ലോകം ഇന്ന്‌ ധന്യയിലേക്ക്‌ ചുരുങ്ങിയെന്നും പറയാം. അത്രമേൽ  ചെറിയൊരാളിന്റെ വലിയ പേരാണ്‌ ധന്യ.

ഞാൻ എന്ന ഞാൻ

ജനിച്ച് മൂന്നാംമാസമാണ്‌ എനിക്ക്‌ ഈ അസുഖമാണെന്ന്‌ വീട്ടുകാർ തിരിച്ചറിഞ്ഞത്‌. നിർത്താതെയുള്ള കരച്ചിൽ. കരഞ്ഞുകരഞ്ഞ്‌ തളരുന്നത്‌ എല്ലൊടിയും വേദനകൊണ്ടെന്ന്‌ പറയാനാകാത്ത പ്രായം. ഒടുവിൽ ഡോക്ടർമാർ വിധിച്ചു. ഓസ്റ്റിയോ ജെനസിസ് ഇംപെർഫെക്ട എന്ന അപൂർവ ജനിതകരോഗം. ‘ഇന്ത്യയുടെ ഗ്ലാസ് വുമൺ’ എന്ന വിശേഷണത്തിന്‌ ഉടമയായി മാറുമ്പോൾ ധന്യക്ക്‌ ഉറക്കെ പറയാം. ഒരിക്കലും വീണുടയാത്ത ജീവിതത്തിന്റെ നിറഞ്ഞ സ്വപ്‌നം.
‘പത്ത് വയസ്സിനുശേഷമാണ്‌ ശാരീരിക ബുദ്ധിമുട്ടുകൾ സ്വയംതിരിച്ചറിഞ്ഞത്. ശരീരം എല്ലായ്‌പ്പോഴും ഒടിയുക. 15 വയസ്സിനുശേഷം ഒടിയുന്നതിന്റെ എണ്ണം കുറഞ്ഞു. യഥാർഥത്തിൽ അക്കാലത്ത് രോഗത്തെക്കുറിച്ച് വീട്ടുകാർക്ക്‌ വലിയ ധാരണയുണ്ടായിരുന്നില്ല. ഒരുപരിധിവരെ വൈദ്യശാസ്ത്രവും അജ്ഞാത രോഗാവസ്ഥയെന്ന്‌ നിർണയിച്ചു. ഇന്ത്യയിലെ അറുപതോളം ഡോക്ടർമാരെ കണ്ടു. എന്നിട്ടും ഫലം ലഭിച്ചില്ല. സത്യത്തിൽ ഓരോ ആശുപത്രിയിലേക്കുമുള്ള യാത്ര എനിക്ക്‌ സന്തോഷമായിരുന്നു. പുറംലോകം കാണാമെന്ന സന്തോഷം. അപ്പോഴും രോഗംമാത്രം അവിടെ ബാക്കിയായി. ആ തിരിച്ചറിവിലൂടെയാണ്‌ ഇന്നത്തെ ‘ധന്യ’ പിറന്നത്‌. അന്നുമുതൽ പരിമിതികളെ മറന്ന്‌ ഈ ലോകത്തെ സ്നേഹിക്കാൻ തുടങ്ങി’–-  ധന്യ പറയുന്നു.  

‘കാണുന്നതും കേൾക്കുന്നതുമെല്ലാം പോസിറ്റീവായി ചിന്തിച്ചു തുടങ്ങി. ഇത്രയൊക്കെ എനിക്ക് ചെയ്യാനാകുന്നല്ലോ. അത്രമേൽ തീവ്രതയോടെ ഞാൻ ലോകത്തെ സ്നേഹിച്ചു. ഈ ചിന്തയൊന്നും പെട്ടെന്ന് ഒരുദിവസം കൊണ്ടുണ്ടാകുന്നതല്ല, കാലങ്ങളെടുക്കും. ചില യാഥാർഥ്യം നമ്മുടെ മനസ്സിനെ ബോധിപ്പിക്കാൻ. 25 വയസ്സിനുശേഷം സാമൂഹ്യപ്രവർത്തനം എന്റെ ലക്ഷ്യമാണെന്നും ഉത്തരവാദിത്വമാണെന്നും സ്വയംതിരിച്ചറിഞ്ഞു.
നമുക്ക് എപ്പോഴും വഴികാണിച്ചുതരാൻ ആരെങ്കിലും കൂടെയുണ്ടാകുകയെന്നത് ഏറെ വലുതാണ്. ആ തിരിച്ചറിവിൽ ഞാൻ നിരവധിപേരെ കേൾക്കാൻ തുടങ്ങി. നമ്മൾ നമ്മളോടുതന്നെ സത്യസന്ധമായി സംവദിക്കുക. അതിലൂടെ നിരവധിപേരെ അറിയാതെയെങ്കിലും നമുക്ക് കൂടെ ചേർത്തുപിടിക്കാനാകും. ബംഗളൂരുവിലെ കാലാവസ്ഥ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ബ്രോങ്കൈറ്റിസ്‌ വരാതിരിക്കാൻ യോഗയും ശ്വസനവ്യായാമവും ചെയ്യുന്നു. ഇതെല്ലാം ഞാൻ എനിക്കുവേണ്ടി ചെയ്യുന്ന കുറച്ചു കാര്യങ്ങൾമാത്രം. ’ 18 വയസ്സുവരെ കിടക്കയിൽ മാത്രമായിരുന്ന ധന്യ 33 വയസ്സ് ആയപ്പോഴേക്കും വലിയ ലോകം സ്വയം തുറന്നു, ഒരായിരംപേരെ കൂട്ടിനുചേർത്ത്‌.


ഓസ്‌റ്റിയോ ജെനസിസ്‌ ഇംപെർഫെക്ട ഉള്ളവരുടെ സംഘടനയായ അമൃതവർഷിണി എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും ധന്യ സജീവമായിരുന്നു. തുടർന്നാണ്‌ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന്‌ ആസ്‌മാൻ ഫൗണ്ടേഷൻ ട്രസ്റ്റ്‌ എന്ന ഇൻഹൗസ്‌ എൻജിഒ രൂപീകരിച്ചത്‌. ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന എൻജിഒയാണ്‌ ഇത്. അവർക്കായി കൗൺസലിങ്‌, തൊഴിൽ സാധ്യതകൾ, പരിശീലനം എന്നിവ തുറന്നുകൊടുക്കുന്നു. എട്ടുലക്ഷത്തിലേറെ വീൽച്ചെയറുകൾ സംഘടനയിലൂടെ സംഭാവന നൽകാനായി.

മുന്നിൽ മാറേണ്ട കാലം

‘രോഗം മുൻകൂട്ടി അറിയാൻ ഒരു സാധ്യത വേണം. ഗർഭകാലത്തുതന്നെ രോഗം കണ്ടുപിടിക്കാനാകണം. വൈദ്യശാസ്ത്രമേഖല കുറച്ചുകൂടി മാറേണ്ടതായിട്ടുണ്ട്‌. ഓരോ ജീവിതവും അത്രയും വിലപ്പെട്ടതാണ്. അസുഖം വന്നാൽ രോഗിയെന്നപേരിൽ വീട്ടിൽ  ഒതുങ്ങിക്കൂടരുത്. നമുക്ക് ചെയ്യാനാകുന്നത്‌ ചെയ്യുക. നമ്മൾ തന്നെയാണ് നമ്മളെ വിലയിരുത്തേണ്ടത്. അങ്ങനെ നോക്കിയാൽ നമ്മൾ എല്ലാവരും തുല്യർ. നമ്മുടെ ഐഡന്റിറ്റി നമ്മൾ തന്നെയാണ് വളർത്തിക്കൊണ്ടുവരേണ്ടത്. അത് ആരുടെ മുന്നിലും അടിയറ വയ്ക്കാനുള്ളതല്ല. ഈ ലോകം എല്ലാവർക്കും വേണ്ടിയുള്ളതാണ്’–-  ധന്യ പറയുന്നു.
നിരവധി കോളേജുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം മോട്ടിവേറ്ററായി ധന്യ എത്താറുണ്ട്‌. 10–-ാം ക്ലാസ് വരെ വിക്ടറി എന്ന അധ്യാപികയാണ് വീട്ടിൽ എത്തി പഠിപ്പിച്ചിരുന്നത്. പിന്നീട് ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദൂരവിദ്യാഭ്യാസപഠനം. നിരവധി ടിവി പരിപാടികൾ,
ഷോർട്ട് ഫിലിം, നാടകം എന്നിവയെല്ലാം നടത്തി.

ഭിന്നശേഷിക്കാർക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഷോ നടത്തി. ഭിന്നശേഷി സ്ത്രീകളെ ഉൾക്കൊള്ളിച്ച്‌ നൃത്തോത്സവം സംഘടിപ്പിച്ചു.  പരിസ്ഥിതി ദിനത്തിൽ വിവിധയിടങ്ങളിൽ ഭിന്നശേഷിക്കാർ 10,000 മരങ്ങൾ നടാനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

പുരസ്‌കാരങ്ങൾ


ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം, കർണാടക വുമൺ അച്ചീവർ അവാർഡ്‌, ഇന്ത്യയിലെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനു കീഴിലുള്ള ഭിന്നശേഷി വ്യക്തികൾക്കുള്ള 2018ലെ ദേശീയ അവാർഡ്‌, ഇൻസ്‌പെയേർഡ്‌ ഇന്ത്യൻ ഫൗണ്ടേഷൻ അവാർഡ്‌, ഫിലിം ബ്രൂവിന്റെ എക്‌സ്‌ട്രാ ഓർഡിനറി സ്‌ത്രീകൾക്കുള്ള ബ്രേവ്‌ ബാംഗിൾ അവാർഡ്‌  എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.
പാലക്കാട് മണലിയിലാണ്‌ വീട്‌. നിലവിൽ ബംഗളൂരുവിൽ എനേബിൾ ഇന്ത്യ എന്ന സംഘടനയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു. അച്ഛൻ കെ രവി ബാംഗളൂരുവിലെ ബെമൽ റിട്ട. ജീവനക്കാരനാണ്‌. അമ്മ നിർമല. സഹോദരൻ രാജേഷ് രവി ഐടി ജീവനക്കാരൻ. ഏതു നോവിലും ഉയിർപ്പായി കൈപിടിക്കാൻ ഇവരെല്ലാം കൂടെ ചേരുമ്പോൾ ധന്യയുടെ ലോകമേറെ വലുതായി വിരിയുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top