01 June Thursday

അരങ്ങുണർത്തുന്ന സംഗീതപദങ്ങൾ

ശ്രീദേവി എസ് കെUpdated: Sunday Nov 6, 2022


sreedevisk23@gmail.com

സാമ്യമകന്നൊരു ഉദ്യാനം... എത്രയുമഭിരമ്യം ഇതിലുണ്ടെന്നതുനുനം...
കഥകളിയുടെ തനിമ നഷ്ടപ്പെടാതെ ശ്രുതി ശുദ്ധമായി പാടുകയാണ് ദീപ പാലനാട്. ആട്ടവിളക്കിനും കഥകളി നടനുമൊപ്പം വളയിട്ട കൈകളിൽ ചേങ്ങിലയുമായി ഈ പെൺശബ്ദം ഇന്ന് അരങ്ങുവാഴുകയാണ്. ദീപയുമായി ഇത്തിരിനേരം.

സംഗീതസാന്ദ്രമായ കുട്ടിക്കാലം
ജനിച്ചനാൾ മുതൽ കേൾക്കുന്നതാണ് സംഗീതം. അച്ഛൻ കഥകളി പാട്ടുകാരൻ പാലനാട് ദിവാകരൻ. കുട്ടിക്കാലത്ത് അച്ഛന്റെ സാധകം കേട്ടാണ് ഉണർന്നത്. അച്ഛന്റെ കഥകളി ക്ലാസുകളും കേൾക്കും. വീട്ടിൽ എപ്പോഴും ഓഡിയോ റെക്കോഡുകൾ വയ്‌ക്കാറുണ്ടായിരുന്നു. കഥകളിപ്പദങ്ങളും കർണാടക സംഗീതവും കേട്ടാണ് വളർന്നത്‌. മുത്തശ്ശൻ പാലനാട് നീലകണ്ഠൻ നമ്പൂതിരിയും കഥകളിപ്പദങ്ങൾ പഠിച്ചിട്ടുണ്ട്. അച്ഛന്റെ നാലു സഹോദരിമാരും കർണാടക സംഗീതം പഠിച്ചിട്ടുണ്ട്.  അച്ഛന്റെ ഗുരുനാഥൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണകുറുപ്പ് ആശാൻ ആയിരുന്നു. അദ്ദേഹം അച്ഛനെ പാട്ട് പഠിപ്പിക്കാൻ വരുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. അന്നെനിക്ക് മൂന്നു വയസ്സ്. അച്ഛനെ പഠിപ്പിക്കുമ്പോൾ ഞാനും പോയിരുന്നു കേൾക്കും. അനൗപചാരികമായിട്ടാണെങ്കിലും കുറുപ്പാശാന്റെ ശിക്ഷണം എനിക്ക് കിട്ടിയിട്ടുണ്ട്.

കർണാടക സംഗീതം
കർണാടക സംഗീതത്തിന്റെ  ബാലപാഠങ്ങൾ ചിട്ടയായി പഠിക്കാൻ തുടങ്ങിയത് അഞ്ചാമത്തെ വയസ്സിലാണ്. അച്ഛനാണ് ഗുരു. കഥകളിപ്പദങ്ങളും  പഠിപ്പിച്ചു. ഒരു കഥകളി ഗായകരുടെ ജോലി ബുദ്ധിമുട്ട് തന്നെയാണ്. ഒരേ നിലയിൽ നിന്നുകൊണ്ടുള്ള അവതരണം. ഇരുന്നു പാടാൻ പറ്റില്ല. ചെറിയ കഥ തന്നെ മൂന്നു മണിക്കൂർ ഉണ്ടാകും. വലിയ കഥകളൊക്കെ ആറുമണിക്കൂർ വരെ. ചിലപ്പോൾ  മുഴുരാത്രികളികൾ ഉണ്ടാകും.  രാത്രി 12 മണിക്കൊക്കെ ആകും തുടങ്ങുക. മൂന്നു കഥ രാത്രി മുഴുവൻ പാടേണ്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. രാത്രി ഒമ്പതിനു തുടങ്ങി പിറ്റേന്ന് രാവിലെ ഏഴുമണി വരെയായിരുന്നു കളി. പിറ്റേദിവസം ജോലിക്കും പോകേണ്ടി വന്നിട്ടുണ്ട്.

അരങ്ങിലെ താൽപ്പര്യം
കച്ചേരിയോട് വലിയ താൽപ്പര്യമില്ല. കഥകളിക്കു പാടുന്നതാണ് ഇഷ്ടം. കഥകളിക്ക് പാടുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നടനാണ് കേന്ദ്രബിന്ദു. കഥകളിസംഗീതം വാചികാഭിനയം ആണ്. നൃത്തവും വാദ്യവും ഗീതവും ഒന്നിച്ചു മുന്നേറുന്നതാണ് കഥകളിയുടെ വിജയം.

കഥകളിയരങ്ങിലെ അനുഭവങ്ങൾ
ഓരോ അരങ്ങും ഓരോ അനുഭവങ്ങളാണ്. കഥകളിപ്പദക്കച്ചേരിയിൽ ഇരുന്നു പാടിയാൽ മതി. നമ്മുടെ മനോധർമങ്ങൾക്കൊക്കെ വകുപ്പുണ്ട്. പക്ഷേ, കഥകളിക്ക് പാടുമ്പോൾ നല്ല ശ്രദ്ധ വേണം. പലപ്പോഴും പൊന്നാനി പാട്ടുകാർക്ക് അരങ്ങ് നിയന്ത്രിക്കേണ്ടി വരും. ഡാൻസോ നാടകമോ പോലെ റിഹേഴ്സലുകളൊന്നും കഥകളിക്കില്ല. നടനുമായുള്ള യോജിപ്പാണ് അരങ്ങത്ത് വരേണ്ടത്. ഒരേ കഥ തന്നെ പല നടന്മാർക്കുവേണ്ടി പാടേണ്ടി വരാറുണ്ട്. നടന്മാരുടെ പ്രകടനത്തിൽ വ്യത്യസ്തത ഉണ്ടാകാം. അത് വളരെ നല്ലൊരു അനുഭവമാണ്. അതു തരുന്ന ഊർജം വളരെ വലുതാണ്.

താളപദ്ധതി
കഥകളി താളനിബദ്ധമായ കലയാണ്. നടൻ അണിയറയിൽനിന്ന് അരങ്ങത്ത് എത്തിക്കഴിഞ്ഞാൽ നിഷ്ക്രമിക്കുന്നതുവരെയുള്ള എല്ലാ ക്രിയകളും താളബദ്ധമാണ്. ചെമ്പട, ചെമ്പ്, അടന്ത, പഞ്ചാരി, മുറിയടന്ത, ത്രിപുട ഇവയൊക്കെയാണ് സാധാരണ ഉപയോഗിക്കുന്ന താളങ്ങൾ. കർണാടക സംഗീതത്തിൽ ഉപയോഗിക്കാറുള്ള ആദിതാളം മിശ്രജാതിചമ്പ, ഖണ്ഡജാതിഅട, രൂപകം, മിശ്ര ചാപ്പ് ഇതൊക്കെ ഇതിനു തുല്യമായ രാഗങ്ങളായിട്ടാണ് പറയപ്പെടുന്നത്. കഥകളിയിൽ താളം പിടിക്കുന്ന രീതിയിൽ വ്യത്യാസമുണ്ടാകം. കഥകളിസംഗീതം നാല് കാലങ്ങളിൽ പാടാറുണ്ട്. കുറേ അക്ഷരകാലങ്ങളും ഉണ്ടാകും. അതൊക്കെ പാടി ഫലിപ്പിക്കുക എന്നത് കഥകളി ഗായകരെ സംബന്ധിച്ച് ഒരു കഴിവ് തന്നെയാണ്. എല്ലാ കാലങ്ങൾക്കും വിളംബിതം, മധ്യം, ദൂതം അങ്ങനെ പല വേഗതകൾ ഉണ്ടാകും. വിളംബിതം പതിഞ്ഞ കാലമാണ്. നടന്റെ ആംഗ്യങ്ങൾക്കനുസരിച്ച് താളത്തിലും വ്യത്യാസം വരാം. പതിഞ്ഞ പദങ്ങൾ അതായത് ശ്യംഗാരപദങ്ങൾ മിക്കവാറും ഒന്നാം കാലത്തിലാണ് പാടുക. സംഭാഷണങ്ങൾ ഇട മട്ടിലും യുദ്ധപദങ്ങൾ ദ്രുത താളത്തിലും പാടണം.

മറ്റ്‌ സംഗീതങ്ങളുടെ കടന്നുകയറ്റം
അച്ഛന്റെ ഗുരുനാഥൻ കലാമണ്ഡലം ഉണ്ണി കുറുപ്പാശാൻ ശാന്തിനികേതനിൽ അധ്യാപകനായിരുന്നു. കളംപാട്ടുകളുടെയും നാടൻപാട്ടുകളുടെയും ശീലുകളൊക്കെ അന്നേ അദ്ദേഹം കഥകളിസംഗീതത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ബാവുൽ സംഗീതം,  രവീന്ദ്രസംഗീതം ഇവയുടെ ശൈലിയും ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ പക്ഷേ, കഥകളി സംഗീതത്തിന്റെ തനിമ കൈവിടാതെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി രാഗങ്ങളായ അഹിർഭൈരവി, സിന്ധുഭൈരവി, ഹമീർ കല്യാണി, ജോഗ്, മധുവന്തി, തിലങ്ക് ഇങ്ങനെ പല രാഗങ്ങളും പുതു തലമുറ പാട്ടുകാർ ഉപയോഗിക്കുന്നുണ്ട്. കഥകളിസംഗീതത്തിൽ വന്ന കാലാനുസൃതമായ മാറ്റങ്ങൾ അംഗീകരിക്കാവുന്നതേയുള്ളൂ. തനിമ കൈവെടിയരുത് എന്നുമാത്രം.

ഗുരുക്കന്മാർ
കർണാടക സംഗീതത്തിൽ ആദ്യഗുരു അച്ഛൻ തന്നെയാണ്. പിന്നീട് വൈപ്പിൻ വി വി സദാനന്ദൻ മാഷ്, ഡോ. വെള്ളിനേഴി സുബ്രഹ്മണ്യൻ, പുന്നപ്പുഴ രാമനാഥൻ എന്നിവരാണ് പഠിപ്പിച്ചത്. വിവാഹശേഷം വെച്ചൂർ ശങ്കരൻമാഷ് കർണാട്ടിക് മ്യൂസിക് പഠിപ്പിച്ചു.

പൊന്നാനി പാട്ടുകാരുടെ വെല്ലുവിളി
കഥകളി സംഗീതം അഭിനയസംഗീതമാണ്. കഥകളിയിലെ വാചിക അഭിനയമാണ് കഥകളിപ്പാട്ട്. അരങ്ങിന്റെ നിയന്ത്രണം പൊന്നാനി പാട്ടുകാരന്റെ ചുമതലയാണ്. പദങ്ങളുടെ കാലപ്രമാണം, സ്പീഡ് ഇതൊക്കെ നോക്കണം. സമയനിഷ്ഠ കാത്തുസൂക്ഷിക്കാൻ വേണ്ടി കഥാഗതിക്ക് കോട്ടം വരാത്ത രീതിയിൽ നടന്റെ ചലനങ്ങളെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യമൊക്കെ പൊന്നാനി പാട്ടുകാർക്കുണ്ട്. അതായത് അരങ്ങത്തുതന്നെ എഡിറ്റിങ്‌ സാധിക്കും. മുദ്രകളെപ്പറ്റി വ്യക്തമായ ധാരണ പൊന്നാനി പാട്ടുകാർക്ക് വേണം. നടന്റെ മനോധർമം അനുസരിച്ച് പലതവണ വിസ്തരിച്ചു പാടേണ്ടി വരും. വാക്കുകൾക്ക് ഊന്നൽ കൊടുത്തു പാടേണ്ടി വരും. ഇതൊക്കെ ഒരു വെല്ലുവിളി തന്നെയാണ്.

രണ്ടു സിനിമയിൽ പിന്നണിഗായിക
സിനിമയിൽ പാടാൻ ധാരാളം ടെക്നിക്സ് ഉണ്ടല്ലോ. കഥകളിക്ക് പാടുന്നതിന്റെ അത്രയും സ്‌ട്രെയിൻ തോന്നിയില്ല. സിനിമാ പാട്ടുകൾക്ക് പല ടേക്കുകൾ എടുക്കാം. റെക്കോഡിങ് ആയതുകൊണ്ട് അതിന്റേതായ സൗകര്യങ്ങൾ ഉണ്ട്. മ്യൂസിക് ഡയറക്ടർ പറയുന്നതനുസരിച്ച് പഠിച്ചു പാടാം. സൗണ്ട് വേരിയേഷൻ ഒക്കെ സൗണ്ട് എൻജിനിയേഴ്സ് നോക്കിക്കൊള്ളും. കഥകളിസംഗീതം അങ്ങനെയല്ല. ലൈവ് ആണ്.

 

കാലപ്രമാണത്തിൽ വന്ന മാറ്റങ്ങൾ
കാലപ്രമാണത്തിൽ വന്ന മാറ്റമാണ് ഏറ്റവും പ്രധാനം. സ്പീഡിൽ പാടിയിരുന്ന പദങ്ങൾ കുറച്ചുകാലം താഴ്ത്തിപ്പാടുക, രാഗ പ്രയോഗങ്ങൾ മാറ്റുക ഇങ്ങനെ പല പ്രവണതകളും കാണുന്നുണ്ട്. ഒരേ രാഗത്തിൽ ചിട്ടപ്പെടുത്തിയ, കുറേ ചരണങ്ങളുള്ള പദങ്ങൾ വിരസത മാറ്റാൻ വേണ്ടി പല്ലവിയും അനുപല്ലവിയും ഒരു രാഗത്തിൽ ചൊല്ലി പിന്നീടുള്ള ചരണങ്ങൾ ഓരോന്നും ഓരോ രാഗത്തിൽ പാടുന്നുണ്ട്. പുതിയ പരീക്ഷണങ്ങൾ ഈ രംഗത്ത് നടത്തുന്നുണ്ട്. ചിട്ടപ്പെടുത്തി വച്ചിട്ടുള്ള രാഗങ്ങൾ മാറ്റാനുള്ള വ്യഗ്രത ഇന്ന് കൂടുതലാണ്. സാമ്പ്രദായിക ശീലങ്ങളിൽനിന്ന് അധികം അകന്നുമാറാതിരിക്കുന്നതാണ് അഭികാമ്യം.

സ്ത്രീ എന്ന നിലയിൽ പരിമിതി
സ്ത്രീയെന്ന നിലയിൽ ഈ രംഗം നല്ല ബുദ്ധിമുട്ടാണ്. കഥകളി അധികവും രാത്രിയിൽ ആണല്ലോ. ഒരുപാട് യാത്രകൾ വേണ്ടിവരും. ചില സംഘാടകർക്ക് ഒരു വണ്ടി അയച്ച് നമ്മെ കൊണ്ടുപോകാനുള്ള സാമ്പത്തികസ്ഥിതി ഉണ്ടാകിവില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ബസ്‌, ട്രെയിൻ ഒക്കെ ആശ്രയിക്കേണ്ടിവരും. ആ സമയത്ത് കൂടെ ബന്ധുക്കൾ ആരെങ്കിലും വേണം. കൂടാതെ ജോലി, വീട് അങ്ങനെ മറ്റു പല ഉത്തരവാദിത്വങ്ങൾ ഉണ്ടല്ലോ. പക്ഷേ, പ്രോത്സാഹനം കിട്ടുന്നുണ്ട്. ഒരു പ്രോഗ്രാം ഏറ്റെടുത്തു കഴിഞ്ഞാൽ അച്ഛനും അമ്മയും അനിയനും (സുദീപ് പാലനാട്) ഒപ്പം നിൽക്കും. വിവാഹശേഷം ഭർത്താവ് (പ്രദീപ് തെന്നാട്) നല്ല സപ്പോർട്ടാണ്.

ആകാശവാണിയിൽ
പതിനെട്ടാമത്തെ വയസ്സിൽ ഓഡിഷൻ പാസായി. ഇപ്പോൾ 'എ ഗ്രേഡ് ആർട്ടിസ്റ്റ് ആണ്. 2006 മുതൽ മഞ്ചേരി എഫ്‌എം നിലയത്തിലെ അനൗൺസറാണ് .ലൈവ് ഡ്യൂട്ടിക്ക് പുറമേ അഭിമുഖങ്ങൾ ഉൾപ്പെടെ മറ്റു പല പ്രോഗ്രാമുകളും ചെയ്യാൻ സാധിച്ചു. ഓൾ കേരള പ്രോഗ്രാമുകൾ ഒക്കെ ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്.  കൊടുത്തിട്ടുണ്ടല്ലോ.

ആട്ടക്കഥകളുടെ രാഗങ്ങൾ
ആട്ടക്കഥകൾക്ക് സംഗീതം ചിട്ടപ്പെടുത്തുമ്പോൾ കഥാപാത്രങ്ങൾക്കനുസരിച്ച് രാഗങ്ങൾ സെലക്ട് ചെയ്യുകയാണ് പതിവ്. കഥാപാത്രങ്ങൾക്ക് അനുഗുണമായിട്ടുള്ള, കഥാപാത്രത്തിന്റെ ഭാവം ചോരാത്ത രീതിയിലുള്ള രാഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top