03 June Saturday

ജീന്‍സുകളുടെ 2-ാം ജന്മം

ഹേമലത hemalathajeevan@gmail.comUpdated: Sunday Oct 23, 2022

‘ദ്വിജ്‌’ എന്ന സംസ്‌കൃത വാക്കിന്റെ അർഥം രണ്ടാംജന്മം എന്നാണ്‌. സൗമ്യ അന്നപൂർണ കല്ലൂരി എന്ന സ്വയം സംരംഭകയുടെ ‘ദ്വിജ്‌ പ്രോഡക്‌ട്‌സ്‌’ എന്ന സ്ഥാപനം ജീൻസുകൾക്ക്‌ രണ്ടാം ജന്മം നൽകുന്ന സ്‌റ്റാർട്ടപ്പാണ്‌.

പഴയ ജീൻസിൽനിന്നും ഭംഗിയുള്ള ബാഗുകൾ, പൗച്ചുകൾ, ആഭരണങ്ങൾ, മാറ്റുകൾ, ഏപ്രണുകൾ, കളിപ്പാട്ടങ്ങൾ എന്നിവ ഉണ്ടാക്കി ഓൺലൈനിൽ വിൽപ്പന നടത്തുന്നതിലൂടെ ‘സീറോ വേസ്‌റ്റ്‌’ എന്ന ആശയത്തെയും സൗമ്യ നമുക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നു. 2013-ൽ പുണെ സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറായി ബിരുദം നേടിയ ശേഷം മാസ്റ്റർ കോഴ്സ് പൂർത്തിയാക്കാൻ സൗമ്യ ജർമനിയിലേക്ക് പോയി. 2016-ൽ ഇന്ത്യയിലേക്ക് മടങ്ങി ഗോദ്‌റെജിന്റെ ഇന്നൊവേഷൻ ആൻഡ് ഡിസൈൻ സെന്ററിൽ ഗവേഷകയായി.

സൗമ്യ അന്നപൂർണ കല്ലൂരി

സൗമ്യ അന്നപൂർണ കല്ലൂരി

വിദ്യാർഥിയായിരിക്കുമ്പോൾ  മാലിന്യത്തെക്കുറിച്ചോ അത്‌ പുറപ്പെടുവിക്കുന്ന കാർബണിനെക്കുറിച്ചോ സൗമ്യക്കും വലിയ ധാരണ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ ബിസിനസ്‌ മോഹങ്ങൾ ഉണ്ടായിരുന്നു. ജർമനിയിൽനിന്ന്‌ മാലിന്യ സംസ്‌കരണ മേഖലയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. ഒരു ജോടി ജീൻസ് ഉണ്ടാക്കുന്നതിനുള്ള പരുത്തി വളർത്താൻ ഏകദേശം 10,000 ലിറ്റർ വെള്ളം ആവശ്യമാണ്. തുണി ബ്ലീച്ച്‌ ചെയ്യാൻ  50 ലിറ്റർ വെള്ളംകൂടി വേണം. ഇത്രയും വിഭവം ഉപയോഗിച്ച്‌ നിർമിക്കുന്ന ജീൻസ്‌ ഫാഷൻ മാറിയതിന്റെ പേരിലും പാകമാകാത്തതിന്റെ പേരിലും വലിച്ചെറിയപ്പെടുകയാണ്‌.

2018-ൽ ആറു ലക്ഷം രൂപ ഉപയോഗിച്ചാണ്‌ ‘ദ്വിജ്’ പ്രവർത്തനം ആരംഭിച്ചത്‌. “ജീൻസ് വളരെ ഉറപ്പുള്ള വസ്തുവാണ്. വിരസത കൊണ്ടോ അല്ലെങ്കിൽ പാകമാകാത്തതിനാലോ ആണ്‌ ഒട്ടുമിക്ക ആളുകളും അവ ചവറ്റുകുട്ടയിൽ തള്ളുന്നത്. അല്ലാതെ നന്നാക്കാനാകാത്തവിധം നശിച്ചതുകൊണ്ടല്ല. ഈ ദൃഢതയാണ്‌ ദ്വിജിന്റെ ഗുണനിലവാര ഉറപ്പ്‌. ’’ സൗമ്യ സഞ്ചരിച്ച വഴികൾ വിശദീകരിച്ചു. ഡെനിമുകളുടെ അപ്‌സൈക്ലിങ്‌ മൂന്ന് ഘട്ടമായാണ്‌ നടക്കുന്നത്‌. മുംബൈയിലെ ഡെനിം വ്യാപാരികളിൽനിന്ന് പഴയ ജീൻസ് ശേഖരിക്കലാണ്‌ ആദ്യഘട്ടം. കിലോയ്ക്ക് 20 രൂപ നൽകിയാണ്‌ സംഭരണം. രണ്ടാംഘട്ടത്തിൽ ശുചീകരണം നടക്കും. മൂന്നാം ഘട്ടത്തിലാണ്‌ ഡിസൈനുകൾക്കനുസരിച്ച് മുറിക്കലും തുന്നലും.

തുടക്കത്തിൽ മൂന്നുപേരുമായി ആരംഭിച്ച സംരംഭം ഇപ്പോൾ നാല്‌ തൊഴിലാളികൾക്ക്‌ നേരിട്ടും 30 പേർക്ക്‌ പരോക്ഷമായും തൊഴിൽ നൽകുന്നു. ഏറെയും വീടുകളിലിരുന്ന്‌ ജോലിചെയ്യുന്ന സ്‌ത്രീകളാണ്‌. ഒരോ ഉൽപ്പന്നവും വ്യത്യസ്‌തമാണ്‌ എന്നുമാത്രമല്ല ജീൻസിന്റെ അവസാന കഷണംവരെ ഉപയോഗപ്പെടുത്തി എന്ന്‌ ഉറപ്പു വരുത്തുന്നു. ജീൻസ് വേർതിരിച്ചിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ റീസൈക്ലിങ്‌ ഹബ് പാനിപ്പത്തിലാണ്. ഒന്നും രണ്ടും ഗ്രേഡ് ജീൻസ് - ഗുണമേന്മയിൽ - പരിഷ്‌കരിച്ച് വിവിധ പ്രാദേശിക സ്റ്റോറുകളിലും മാർക്കറ്റുകളിലും വിൽക്കുന്നു.

മൂന്നാം ഗ്രേഡ് ജീൻസാണ്‌ മാലിന്യക്കൂമ്പാരങ്ങളിലേക്ക് പോകുന്നത്‌. ഇത്‌ തടയുകയും അതിൽനിന്ന്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുകയുമാണ്‌ ദ്വിജ്‌ ചെയ്യുന്നത്‌.  നിങ്ങൾക്ക്‌ ആവശ്യമില്ലാത്ത ജീൻസുകൾ സൗജന്യമായി ദ്വിജിന്‌ നൽകാം. ഇന്ത്യക്ക്‌ അകത്തും പുറത്തും ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ട്‌. കേരളത്തിൽനിന്നും ഓർഡറുകൾ ലഭ്യമാകുന്നുണ്ട്‌. കൂടുതലും ഓൺലൈനായിട്ടാണ്‌ വിൽപ്പന. കോർപറേറ്റ്‌ മീറ്റിങ്ങുകളിൽ ഗിഫ്‌റ്റ്‌ നൽകാനായി ‘ബൾക്ക്‌’ ഓർഡറുകളും വന്നു തുടങ്ങിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top