29 May Monday

അഭ്രപാളിയിൽ പെണ്ണ് പൂക്കുമ്പോൾ

ഷംസുദ്ദീൻ കുട്ടോത്ത്Updated: Wednesday Oct 18, 2017

പെണ്ണനുഭവങ്ങളുടെ സങ്കീർണതകളിലേക്ക് മലയാള സിനിമ ക്യാമറ കണ്ണുകൾ തുറന്നുവെക്കുകയാണ് 'ക്രോസ്‌റോഡ്' എന്ന ചലച്ചിത്ര സമാഹാരത്തിലൂടെ. സ്ത്രീ വിഷയങ്ങളെ അർഹിക്കുന്ന പരിഗണനയോടെ അഭിസംബോധന ചെയ്യുന്നതിൽ എന്നും വിമുഖത കാണിച്ചിട്ടുള്ള നമ്മുടെ സിനിമാസംസ്‌കാരത്തിന് ഏറെ പുതുമകൾ നൽകുന്നു ഇൗ സിനിമകൾ.  പൊള്ളിച്ചും ചിന്തിപ്പിച്ചും സ്ത്രീമനസ്സിന്റെ  അകംപുറങ്ങളെ പ്രേക്ഷകരിലേക്ക് ചോർന്നു പോകാതെ പകരുന്നുണ്ട് ഇതിലെ ഓരോ സൃഷ്ടിയും. കടലുപോലെ വിശാലവും നിഗൂഢവുമായി കിടക്കുന്ന സ്ത്രീമനസ്സുകളിലൂടെയുള്ള യാത്രയാണ് ക്രോസ്‌റോഡ്.

പെണ്ണിന്റെ സ്വപ്‌നങ്ങൾക്കുപോലും വിലങ്ങിടുന്ന പുരുഷാധികാരത്തിന്റെ അഹംബോധത്തെ ക്യാമറ ആയുധമാക്കി ചോദ്യംചെയ്യുകയാണ് ക്രോസ്‌റോഡിൽ. പുരുഷവിദ്വേഷമല്ല, പെൺമനസിന്റെ കയ്പും ആകുലതകളുമാണ് പത്തുസിനിമകളും പങ്കുവെക്കുന്നത്. മലയാളസിനിമയിൽ ഇങ്ങനെയൊരു ശ്രമം ആദ്യമാണ്. നമ്മുടെ താരനായക സങ്കൽപങ്ങളെ തകർക്കുന്നുണ്ട് ഈ സിനിമാസഞ്ചയത്തിലെ കുഞ്ഞുസിനിമകൾ. ചില സിനിമകളുടെ വിഷയസ്വീകരണത്തിൽ സംഭവിച്ച ചെറിയ പോരായ്മകൾ ഒഴിവാക്കിയാൽ മലയാള ചലച്ചിത്ര ചരിത്രത്തിലെ തന്നെ അതിഗംഭീര കാൽവെപ്പായി ക്രോസ്‌റോഡിനെ വിലയിരുത്താം.

ലെനിൻ രാജേന്ദ്രൻ നേതൃത്വം നൽകുന്ന സംവിധായകരുടെ കൂട്ടായ്മ' ഫോറം ഫോർ ബെറ്റർ ഫിലിംസ്' ആണ് 'ക്രോസ് റോഡ്' അണിയിച്ചൊരുക്കുന്നത്. ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പരവൂർ, ആൽബർട്ട്, നേമം പുഷ്പരാജ്, അവിര റബേക്ക, ബാബു തിരുവല്ല, പ്രദീപ് നായർ, നയന സൂര്യൻ, അശോക് ആർ നാഥ് തുടങ്ങിയ സംവിധായകരാണ് ചിത്രങ്ങൾ ഒരുക്കിയത്. പിൻപേ നടപ്പവൾ, ഒരു രാത്രിയുടെ കൂലി, ലേക്ക് ഹൗസ്, മുദ്ര, കാവൽ, ചെരിവ്, മൗനം, കൊടേഷ്യൻ, പക്ഷികളുടെ മണം,  ബദർ തുടങ്ങി പതിനഞ്ചു മിനിറ്റു ദൈർഘ്യമുള്ള ചിത്രങ്ങളാണ് ക്രോസ്‌റോഡിലുള്ളത്. 16 വയസ്സുകാരിയായ മാനസ മുതൽ 85 വയസ്സുകാരിയായ കാഞ്ചനവരെ നീളുന്ന അഭിനേതാക്കളും.  ചെറുകഥകൾ പോലെ അനുഭവപ്പെടുന്ന ഈ സിനിമകൾ വ്യത്യസ്ത പശ്ചാത്തലത്തിലുള്ള പത്തുസ്ത്രീകളുടെ ജീവിതം പറയുന്നു.

25 ലക്ഷം രൂപ മുതൽമുടക്കിലാണ് ഒരോ സിനിമയും നിർമ്മിച്ചത്.  ഓരോ ചിത്രത്തിനും പ്രത്യേകം നിർമാതാക്കളുണ്ട്.  സംഘടനയാണ് മേൽനോട്ടം വഹിച്ചത്.  സിനിമയുടെ കഥയും അനുബന്ധകാര്യങ്ങളുമൊക്കെ കൂട്ടായ്മയിലൂടെ രൂപപ്പെടുത്തുകയായിരുന്നു.  മമ്ത മോഹൻദാസ്, ഇഷ തൽവാർ, പത്മപ്രിയ, സ്രിന്ദ, പുന്നശ്ശേരി കാഞ്ചന, മൈഥിലി, പ്രിയങ്ക നായർ, റിച്ച പനായ്, മാനസ, അഞ്ജന ചന്ദ്രൻ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പെൺമനസ്സിലൂടെ...

ഒരു വേശ്യയുടെ മനസിലൂടെയുള്ള യാത്രയാണ് മധുപാലിന്റെ 'ഒരു രാത്രിയുടെ കൂലി'. അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളെ പ്രതിനിധാനംചെയ്യുന്നു പത്മപ്രിയയുടെ സീമ. മനുഷ്യർ സാഹചര്യങ്ങളുടെ ഇരയായി മാറുന്നത് എങ്ങനെയെന്ന് ഈ സിനിമ കാണിച്ചുതരുന്നു. കറ പുരളാത്ത മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയായി സീമ എന്ന വേശ്യ രൂപാന്തരപ്പെടുന്നതിന് പ്രേക്ഷകരെ സാക്ഷിയാക്കുകയാണ് സംവിധായകൻ.

മതങ്ങളെ ദുർവ്യാഖ്യാനംചെയ്ത് മനുഷ്യബന്ധങ്ങളെ വിഷലിപ്തമാക്കുന്ന സാമൂഹ്യാന്തരീക്ഷത്തെ ബദർ എന്ന മുസ്‌ലിം സ്ത്രീം ചോദ്യംചെയ്യുകയാണ് 'ബദർ' എന്ന ചിത്രത്തിൽ. ഒരു ഹിന്ദുവിന്റെ മരണശേഷം ക്രിയ നടത്തേണ്ടിവരുന്ന ബദർ, സമൂഹത്തോട് നിശബ്ദമായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. മമത മോഹൻദാസ്, ബാബു അന്നൂർ, കൈലാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജേഷിന്റെ കരുത്തുള്ള തിരക്കഥ എടുത്തുപറയേണ്ടതാണ്. അശോക് ആർ നാഥ് ആണ് സംവിധായകൻ.

വിവാഹത്തോടെ അവസാനിക്കുന്ന പെൺസ്വാതന്ത്ര്യത്തെ വേറിട്ട ആഖ്യാനരീതിയിൽ അവതരിപ്പിക്കുന്നു ലെനിൻ രാജേന്ദ്രന്റെ 'പിൻപേ നടപ്പവൾ'. മൈലാഞ്ചിപ്പാട്ടിന്റെ സുഖത്തിൽ ആരംഭിച്ച് അതിസങ്കീർണതയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു ഈ ചിത്രം. അരങ്ങിന്റെ സാധ്യത സിനിമയെ വേറൊരുതലത്തിലേക്ക് ഉയർത്തുന്നു. അഞ്ജന ചന്ദ്രനാണ് നായിക.

നേമം പുഷ്പരാജ് സംവിധാനംചെയ്ത 'കാവൽ' സ്ത്രീയുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ്. പട്ടാളക്കാരനായ ഭർത്താവ് മരിച്ചത് ചുറ്റുപാടുള്ളവരെ അറിയിക്കാതെ മകനോടൊപ്പം ജീവിക്കുകയാണ് ചിത്രകാരി കൂടിയായ നായിക (പ്രിയങ്ക നായർ). ഭർത്താവ് മരിച്ച വിവരം അറിയുന്നതോടെ സമൂഹത്തിന് അവരോടുള്ള മനോഭാവം തന്നെ മാറുന്നു.

സാഹചര്യങ്ങളുടെ ക്രൂരത കൊണ്ട് സ്വപ്‌നങ്ങളെ ചങ്ങലക്കിടേണ്ടിവന്ന സ്ത്രീയുടെ ജീവിതമാണ് 'മുദ്ര' എന്ന സിനിമ. ഇഷ തൽവാറും അഞ്ജലി നായരും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം സംവിധാനംചെയ്തത് ആൽബർട്ട് ആണ്.

ശശി പരവൂരിന്റെ 'ലേക്ക്ഹൗസ്' മരിച്ചുപോയ തന്റെ പുരുഷനെ നിതാന്തമായി കാത്തിരിക്കുന്ന പെണ്ണിന്റെ കഥയാണ്. റിച്ച പനായിയാണ് നായിക. സ്ത്രീപുരുഷബന്ധത്തിന്റെ ആഴം ഏറെ സൗന്ദര്യത്തോടെ ഈ സിനിമ ആവിഷ്‌ക്കരിക്കുന്നു.

സ്വന്തം ഇഷ്ടപ്രകാരമല്ലാതെ കുടുംബത്തിന് വേണ്ടി കന്യാസ്ത്രീമഠത്തിലേക്ക് പോകേണ്ടിവന്ന പെൺകുട്ടിയുടെ കഥയാണ് 'മൗനം'. ചില മൗനം പ്രകമ്പനംകൊള്ളിക്കുന്ന വലിയ ശബ്ദങ്ങളാണെന്ന് ചിത്രത്തിലൂടെ സംവിധായകൻ ബാബു തിരുവല്ല.

പ്രത്യേക സാഹചര്യത്തിൽ അപരിചിതന്റെ ടാക്‌സിയിൽ യാത്രചെയ്യേണ്ടിവരുന്ന ഒരു പെൺകുട്ടിയുടെ പ്രതിരോധങ്ങളും തിരിച്ചറിവുകളുമാണ് അവിര റബേക്ക 'ചെരിവ്' എന്ന സിനിമയിൽ പറയുന്നത്. വിവിധ സാഹചര്യങ്ങളോടുള്ള മനുഷ്യന്റെ പ്രതികരണങ്ങൾ ചെരിവിൽ കാണാം. സ്രിന്ദയും മനോജ് കെ ജയനും പ്രധാന വേഷത്തിലെത്തുന്നു. 

വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ ശ്വാസംമുട്ടുന്ന വൃദ്ധയുടെ കഥയാണ് ജയരാജിന്റെ കഥയെ ആസ്പദമാക്കി പ്രദീപ് നായർ സംവിധാനംചെയ്ത 'കൊടേഷ്യൻ'. ബന്ധങ്ങൾക്ക് പുതിയ തലമുറ കൽപ്പിച്ചുനൽകുന്ന നിസ്സാരതയെ സിനിമ ചോദ്യംചെയ്യുന്നു. ഒരു പട്ടിയുമായി വൃദ്ധ പുലർത്തുന്ന കൂട്ട് രക്തബന്ധത്തിനുമപ്പുറത്തേക്ക് നീളുന്നു. പുന്നശ്ശേരി കാഞ്ചനയുടെ അഭിനയത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പക്ഷിയെ തേടിപ്പോകുന്ന വിവാഹിതയായ ഒരു പെണ്ണിന്റെ കഥയാണ് 'പക്ഷികളുടെ മണം'. ഒരിക്കലും കണ്ടിട്ടില്ലാത്ത പക്ഷിയെത്തേടി കാടുകേറുമ്പോൾ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന വെല്ലുവിളികളിലൂടെ വർത്തമാന കുടുംബജീവിതത്തെ പ്രതിഫലിപ്പിക്കുന്നു ക്രോസ് റോഡ് സിനിമാസമാഹാരത്തിലെ ഏക വനിതാ സംവിധായികയായ നയന സൂര്യൻ. മൈഥിലി, വിജയ്ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മികച്ച പാഠങ്ങൾ

നല്ല അനുഭവവും പാഠവുമായിരുന്നു ക്രോസ്‌റോഡ്. ഒരു നോവൽ പോലെയോ ചെറുകഥ പോലെയോ വായിച്ചുപോകാം ഇതിലെ ഓരോ സൃഷ്ടിയും. വർഷങ്ങളായി മലയാള സിനിമയെ നയിച്ചുകൊ ണ്ടിരിക്കുന്ന പുരുഷ കോമാളിത്തത്തെ ചോദ്യംചെയ്യാനുള്ള എളിയ ശ്രമമാണ് ഓരോ സിനിമകളും. ജാതിമത ചിന്തകൾ നിറഞ്ഞതാണ് നമ്മുടെ മിക്ക സിനിമകളും. പലതും സൃഷ്ടാക്കൾ അറിഞ്ഞുകൊണ്ട് ചെയ്തതാവണമെന്നില്ല. എന്നാൽ അത് സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനം ഭീകരമാണ്. 1980കൾ വരെ പുരോഗമനപരമായ വിഷയങ്ങളാണ് സിനിമ കൈകാര്യംചെയ്തിരുന്നത്. നീലക്കുയിലൊക്കെ ഇതിന് ഉദാഹരണമാണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും നമ്മുടെ സിനിമകൾ സ്ത്രീവിഷയങ്ങളെ ഗൗരവമായി ചർച്ചചെയ്യുന്നത് മറക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രോസ്‌റോഡിന് ഏറെ പ്രസക്തിയുണ്ടെന്നാണ് വിശ്വാസം.

പുതിയ ചുവടുവെപ്പ്

സിനിമ ഒരു മൂവ്‌മെന്റായി മാറുന്നതിന്റെ തുടക്കമായി വേണമെങ്കിൽ ക്രോസ്‌റോഡിനെ കാണാം. കാരണം സ്ത്രീവിഷയം കൈകാര്യംചെയ്യുന്നു എന്നവകാശപ്പെടുന്ന നമ്മുടെ സിനിമകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പുരുഷമേധാവിത്വം നിറഞ്ഞുനിൽക്കുന്നത് കാണാം. അതേസമയം എന്നെ നിരാശപ്പെടുത്തുന്നത് ഇത്തരം സിനിമകളോട് പ്രേക്ഷകർ പുലർത്തുന്ന നിസ്സംഗതയാണ്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ എല്ലാവിഷയത്തിലും സജീവമായി ഇടപെടുന്നവർ ക്രോസ്‌റോഡ് കണ്ടതായി നടിക്കുന്നില്ല. സ്ത്രീവിരുദ്ധമെന്ന് സിനിമകളെയും പ്രയോഗങ്ങളെയും കീറിമുറിക്കുന്നവർ പോലും മിണ്ടുന്നില്ല എന്നുള്ളത് ആശങ്കയുണ്ടാക്കുന്നു. ഇത്തരം സിനിമകൾ കാണുക എന്നത് ഒരു സാംസ്‌കാരിക പ്രവർത്തനമാണ് എന്നത് പലരും തിരിച്ചറിയേണ്ടതുണ്ട്.

പ്രകൃതിയും സ്ത്രീയും

പ്രകൃതി പോലെയാണ് പെണ്ണ് എന്നുപറയാനാണ് 'പക്ഷികളുടെ മണം' എന്ന സിനിമയിലൂടെ ശ്രമിച്ചത്. പ്രകൃതി അനുദിനം നശിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ മനുഷ്യൻ കൂടുതൽ സംസ്‌കാരസമ്പന്നനായിക്കൊണ്ടിരിക്കുമ്പോഴും പെണ്ണിന്റെ സ്വാതന്ത്ര്യം ദരിദ്രമാകുന്നു. വംശനാശം സംഭവിച്ച പക്ഷിയെ തേടിപ്പോകുന്ന എന്റെ നായിക ഒരുപാട് സ്ത്രീകളുടെ പ്രതിനിധിയാണ്. സ്ത്രീയുടെ ആഗ്രഹങ്ങളെ വിവാഹത്തിന് മുമ്പും പിമ്പും സമൂഹം എങ്ങനെ തരംതിരിക്കുന്നു എന്നുകൂടി പറയാനാണ് ഞാൻ ശ്രമിച്ചത്. കമൽ, ലെനിൻ രാജേന്ദ്രൻ, ഡോ. ബിജു, ജീത്തു ജോസഫ് തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചത് സിനിമ ചെയ്യുന്നതിന് ഏറെ സഹായിച്ചു. മുതിർന്ന സംവിധായകരോടൊപ്പം എന്നെ പരിഗണിച്ചു എന്നത് ഏറെ ആത്മവിശ്വാസവും അഭിമാനവുംനൽകുന്നു. പിന്നണിയിൽ ഒരുപാട് പുതുമുഖങ്ങളെയും അണിനിരത്താൻ കഴിഞ്ഞു. ഒരുപാട് സ്ത്രീകൾ ഇനിയും സിനിമമേഖലയിൽ എത്തണമെന്നാണ് ആഗ്രഹം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top