02 October Monday

ഒറ്റപ്പെടുത്തുകയാണ് ,പക്ഷെ തളരില്ല

എം ജഷീന jashi8als@gmail.comUpdated: Sunday Sep 25, 2022

‘ഒറ്റപ്പെടുകയാണ്‌. എന്റെ ഇടങ്ങൾവരെ എനിക്ക്‌ നഷ്ടപ്പെടാൻ തുടങ്ങി. കൂടെയുണ്ടാകുമെന്ന്‌ വിചാരിച്ചവർ പൊതുജനത്തിനു  മുന്നിൽ സംശയത്തിൽ നിർത്തി  മോശം പ്രചാരണം നടത്തുന്നു.  വലിയ സ്വാധീനമുള്ളവർ  തെറ്റായി   പെരുമാറിയാൽ, അത്‌ തുറന്നുപറഞ്ഞാൽ വേട്ടയാടപ്പെടുന്നത്‌ അയാളല്ല, അതിക്രമം നേരിട്ടവരാണ്‌’.

എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സിവിക്‌ ചന്ദ്രനിൽനിന്ന്‌ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച്‌ ‘മീടു’വിലൂടെ തുറന്നുപറഞ്ഞ അതിജീവിതയുടെ വാക്കുകളാണ്‌ ഇത്‌.  തുറന്നുപറഞ്ഞതിലൂടെ, മറ്റൊരു ദുരനുഭവത്തിലൂടെ കൂടിയാണ്‌  കടന്നുപോകുന്നത്‌.  ‘പിന്തുണച്ച്‌   കൂടെനിൽക്കുമെന്ന്‌ കരുതിയവർ അയാൾക്കൊപ്പം നിൽക്കുന്നു. ഈ ദുരനുഭവങ്ങൾ മറവി ബാധിക്കാത്ത കാലത്തോളം എന്നെ മാനസ്സിക ആഘാതത്തിലാഴ്ത്തുവാൻ പോന്നതാണ്.  പോരാട്ടം ശക്തിപ്പെടുത്താൻ തീരുമാനിച്ചതും ഈയൊരു ഘട്ടത്തിലാണ്‌’, ദളിത്‌ വിഭാഗത്തിൽപ്പെടുന്ന എഴുത്തുകാരിയും അധ്യാപികയുമായ  അതിജീവിത ദേശാഭിമാനിയോട്‌ സംസാരിക്കുന്നു.

‘എനിക്കെതിരെ ഉണ്ടായ പീഡനശ്രമത്തെക്കുറിച്ച്‌ വാർത്തകളിലൂടെ എല്ലാവർക്കും അറിയാം. അയാൾ നിരന്തരം പറഞ്ഞിരുന്ന ‘രാഷ്‌ട്രീയ’ത്തിൽ വിശ്വസിച്ചാണ്  കവിതാ ക്യാമ്പിൽവച്ച് പ്രസിദ്ധീകരിക്കാനുള്ള പുസ്തകം കൈമാറുന്നത്. ചടങ്ങിന്റെ  പിറ്റേദിവസമാണ്‌ പരാതിക്ക്‌ അടിസ്ഥാനമായ സംഭവം. നിന്റെ രണ്ടു പുസ്തകമാണ് ഒറ്റ പൈസ ചെലവില്ലാതെ പ്രകാശനം ചെയ്തുതന്നത്‌ എന്നുപറഞ്ഞ് നടത്തിയ ലൈംഗികാതിക്രമം ഒരു  പ്രതിഫലം ആവശ്യപ്പെടലായിരുന്നു. ഈ സംഭവം നിലാനടത്തം വാട്‌സാപ് ഗ്രൂപ്പിൽ പറഞ്ഞപ്പോൾ മാപ്പുപറഞ്ഞ് എഴുതിയ അയാൾ, വിഷയം പൊതുജനങ്ങൾക്ക് മുന്നിലെത്തിയപ്പോൾ താൻ ഒന്നും അറിഞ്ഞിട്ടേയില്ല എന്ന മട്ടിലാണ് പെരുമാറിയത്. അയാളും കൂട്ടാളികളും എനിക്കെതിരെ  അപവാദപ്രചാരണങ്ങൾ അഴിച്ചുവിട്ടു. പുസ്‌തകം പ്രസിദ്ധീകരിച്ചതിന്‌ പണം ചോദിച്ചതിനാലാണെന്നും ഇടതുപക്ഷത്തിന്റെ ഏജന്റായി സിവിക്‌ ചന്ദ്രനെ  അപമാനിക്കാനുമാണ്‌ തുറന്നുപറഞ്ഞത്‌ എന്നുമാണ്‌ പ്രചാരണം. ഭരണകേന്ദ്രത്തിനെതിരായ വിമർശമുന്നയിക്കുന്ന ആളെ ഇല്ലാതാക്കാനാണത്രെ എന്റെ മീടു.

അത്രയേറെ കഠിനമായ അവസ്ഥകൾ നേരിട്ടാണ്‌  ഒരു സ്‌ത്രീ മീടുവിൽ എത്തുന്നത്‌. ദുരനുഭവത്തിന്റെ ആഘാതം വലുതായിരുന്നു. അതിനിടയിൽ അച്ഛന്റെ മരണംകൂടിയായപ്പോൾ ആകെ തകർന്നു. ഇതിന്റെയെല്ലാം അതിജീവനത്തിന്റെകൂടി ഭാഗമാണ്‌ തുറന്നുപറച്ചിലും നിയമ പോരാട്ടവും.
മീടുവിലൂടെ ഉയരുന്ന ചർച്ചകൾ, പറയുന്ന ആൾക്കെതിരെയുണ്ടാകുന്ന മോശം പ്രചാരണങ്ങൾ ഇതെല്ലാം അറിഞ്ഞിട്ടും മുന്നോട്ടുവരുന്നുണ്ടെങ്കിൽ തെറ്റ്‌ ഇനിയും ആവർത്തിക്കരുതെന്ന  ഉൾബോധം മാത്രമാണ്‌ പ്രേരണ.  പണമോ മറ്റെന്തെങ്കിലും  ലക്ഷ്യത്തിനോ  ആരും ഇങ്ങനെ വലിച്ചുകീറി അപമാനിക്കപ്പെടാനായി മീടുവിന്‌ മുതിരുമെന്ന്‌ തോന്നുന്നില്ല. എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന സ്വപ്‌നങ്ങളായിരുന്നു മനസ്സിൽ. അത്തരം ഇടങ്ങളിൽ  സജീവമായിരുന്നു. എന്നാൽ, കുപ്രചാരണങ്ങളിൽ  എനിക്ക്‌ അതെല്ലാം നഷ്ടമാകുകയാണ്‌’.

ദളിത്‌–-സ്‌ത്രീ രാഷ്‌ട്രീയത്തിന്റെ പ്രയോക്താക്കളും പാഠഭേദത്തിന്റെ എഡിറ്റോറിയൽ ഭാഗമായവരും ഉൾപ്പെടെയുള്ള സ്‌ത്രീകളുടെ  നിലപാട്‌  അത്ഭുതപ്പെടുത്തുകയാണെന്നും അവർ പറയുന്നു. ഈ പരാതിയോടെ സാംസ്കാരിക-–-സ്ത്രീവാദ രംഗം  രണ്ടു ഭാഗമായി. അതിജീവിതയുടെ  പേരുവരെ ഫെയ്‌സ്‌ബുക്കിൽ പരാമർശിച്ച്‌ അവർക്കെതിരെ  വാദങ്ങൾ നിരത്തി. ‘സാമാന്യ നിയമബോധം കാണിച്ചില്ല, ഉന്നത അക്കാദമിക ബുദ്ധിജീവികളെന്ന് സ്വയം പുകഴ്ത്തുന്നവർ. പരാതിയെത്തുടർന്ന്‌ രൂപീകരിച്ച  ഇന്റേണൽ കമ്മിറ്റിയെന്ന കൂട്ടംപോലും അതിന്റെ പ്രാധാന്യമൊന്നും ബോധ്യപ്പെടുത്താതെയാണ്‌ നടപടി മുന്നോട്ടുകൊണ്ടുപോയത്‌. സിവികിനെ വെളുപ്പിച്ചെടുക്കുന്ന ഐസിസി റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിലാണ്‌ കോടതി  മുൻകൂർ ജാമ്യം അനുവദിച്ചത്‌’. ദളിത്‌ രാഷ്‌ട്രീയം പറയുകയും ഇടപെടുകയും ചെയ്യുന്ന ഒരാളിൽനിന്നാണ്‌ ഇത്തരം ശ്രമമുണ്ടായത്‌.

‘അയാൾ പീഡിപ്പിച്ച മറ്റു സ്ത്രീകൾ നടത്തിയ വെളിപ്പെടുത്തലുകളുമുണ്ട്‌. മീടുകൾ ഇനിയും ഉയരണം. തന്റെ സാമൂഹ്യ ആനുകൂല്യങ്ങളുടെ ബലത്തിലും മറവിലും ഇത്തരം ശ്രമങ്ങൾ നടത്താൻ ഭയമില്ലാതാകുന്നത്‌ എതിർശബ്ദങ്ങൾ ഉയരാത്തതിനാലാണ്‌.എന്റെ പരാതിയും ആദ്യഘട്ടത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്‌തില്ല. രണ്ടാമത്തെ പരാതിയിൽ സാക്ഷിയായ ആളുടെ വാക്കുകൾകൂടി കേട്ടതോടെയാണ്‌ എന്നെ വിശ്വസിച്ചത്‌. ദളിത്‌ സ്‌ത്രീയുടെ വാക്കുകൾപോലും വിശ്വാസത്തിലെടുക്കാൻ മടിക്കുന്നിടത്ത്‌, സമാന പ്രതികരണങ്ങൾ ഒന്നിലുണ്ടാകുകയും മറ്റൊന്നിലില്ലാതെ പോകുന്നിടത്തുമാണ് ഇവിടത്തെ ജാതീയത വെളിപ്പെടുന്നത്‌.  എതിർശബ്ദങ്ങളെത്ര ഉയർന്നാലും തളരില്ല, മുന്നോട്ടുപോകാൻ തന്നെയാണ്‌ തീരുമാനം’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top