28 September Thursday

സാമൂഹ്യ പഠനഗവേഷണവും കേന്ദ്ര നിയന്ത്രണത്തിൽ : പ്രൊഫ എൻ നീത

ആൻസ് ട്രീസ ജോസഫ്Updated: Sunday Sep 10, 2023

പ്രൊഫ. എൻ ​നീത

സെന്റർ ഫോർ വിമെൻസ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ പഠന​ഗവേഷക വിഭാ​ഗം പ്രൊഫസർ എൻ നീതയുമായുള്ള അഭിമുഖം

തിരുവനന്തപുരം > സാമൂഹിക പഠന​ഗവേഷണങ്ങളിലൂടെ  മാറ്റത്തിനും മുന്നേറ്റത്തിനും കാരണമാകുന്ന സെന്റർ ഫോർ വിമെൻസ് സ്റ്റഡീസിലെ പഠനങ്ങളിൽ കേന്ദ്രസർക്കാർ  പുനരവലോകനം നടത്തുന്നതായി പ്രൊഫ. എൻ ​നീത. പഠന​ഗവേഷണങ്ങൾ നടത്തി അതുവഴി സ്ത്രീകളുടെ ഉന്നമനം, സ്വയംപര്യാപ്തത എന്നിവയിലൂടെ തുല്യതയാണ് ലക്ഷ്യമിടുന്നത്. പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ നയങ്ങളിൽ പ്രശ്നങ്ങൾ പരി​ഹരിച്ച് ഉൾപ്പെടുത്തുമായിരുന്നു. എന്നാൽ, ഇപ്പോൾ ആ പഠനങ്ങൾ ഉപകാരമില്ലാതെ ആകുകയാണ്. ബിജെപി സർക്കാർ ഭരണത്തിൽ വന്നതുമുതൽ പഠനങ്ങളും ​ഗവേഷണങ്ങളും അവരുടെ നിയന്ത്രണത്തിലായെന്ന് നീത പറയുന്നു. ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ് സ്റ്റഡീസിന്റെ ദേശീയസമ്മേളന വേദിയിൽ ദേശാഭിമാനിയോട്‌ സംസാരിക്കുകയായിരുന്നു സെന്റർ ഫോർ വിമെൻസ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ പഠന​ഗവേഷക വിഭാ​ഗം പ്രൊഫസർ എൻ നീത.


തൊഴിലുറപ്പിലും പുരുഷാധിപത്യം

കേരളത്തിലെ സാമൂഹ്യമുന്നേറ്റങ്ങളുടെ ഫലമായി പുരുഷന്മാർക്കൊപ്പം സ്ത്രീതൊഴിലാളികൾക്കും പ്രാതിനിധ്യം ലഭിച്ചിരുന്നു. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുരുഷന്മാരുടെ സഹായികൾ മാത്രമാണ് സ്ത്രീകൾ. ഒരു കുടുംബത്തിലെ പുരുഷന് മാത്രമാണ് ജോലിയും വേതനവും. അയാൾക്കൊപ്പം ഭാര്യയും കുട്ടികളും സഹായികളായി പോകുന്നുണ്ട്. അവർ ചെയ്യുന്ന ജോലികൾ പരി​ഗണിക്കപ്പെടുന്നില്ല. ഇതേ പ്രശ്നമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും വരുന്നത്. കൂടാതെ സമുദായമാണ് തൊഴിലാളികളെ നിശ്ചയിക്കുന്നതും. ​ഗ്രാമമുഖ്യന് താൽപ്പര്യമുള്ളവർക്ക് മാത്രമാണ് ജോലിയും കൂലിയും.


വിവാ​ഹവും തൊഴിലും

സ്ത്രീതൊഴിലാളികളെ ഏറ്റവും കുറഞ്ഞ വേതനത്തിൽ കിട്ടണമെന്നതാണ് തൊഴിൽദായകരുടെ ആ​ഗ്രഹം. അല്ലാത്തപക്ഷം പലകാരണങ്ങളാൽ ഇവരെ ജോലിയിൽനിന്ന് ഒഴിവാക്കാനും ശ്രമിക്കും. തൊഴിലിടങ്ങളിൽ വിവാ​ഹിതരായ സ്ത്രീകളെ ഒഴിവാക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഒരുകാലത്ത് പുരുഷകേന്ദ്രീകൃതമായിരുന്ന തിരുപ്പുർ ​ഗാർമെന്റ് ഇൻഡസ്ട്രിയലിൽ ഇപ്പോൾ 80 ശതമാനവും സ്ത്രീകളാണ്. വേതനവും ആനുകൂല്യങ്ങളും പുരുഷതൊഴിലാളികൾ സംഘടിതമായി ചോദ്യം ചെയ്തപ്പോൾ ഇവരെ പിരിച്ചുവിടുകയും പകരം സ്ത്രീകളെ പ്രവേശിപ്പിക്കുകയും ആയിരുന്നു. എന്നാൽ‌ വിവാഹം, കുട്ടികൾ, പ്രായം തുടങ്ങിയ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ജോലിക്കെടുക്കുന്നതും. വിവാഹശേഷം തയ്യൽ പോലെയുള്ള പ്രധാനജോലികളിൽ നിന്ന് ചെക്കിങ്ങിലേക്ക് സ്ത്രീകൾ മാറ്റപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top