17 September Tuesday

മനോഹരം മനോരഥങ്ങൾ

ആർ ഹേമലത hemalathajeevan@gmail.comUpdated: Sunday Aug 18, 2024

നർത്തകി എന്നതിൽനിന്ന്‌ സംവിധായികയിലേക്കുള്ള പകർന്നാട്ടത്തിന്റെ നാൾവഴികൾ ഓർമിച്ചെടുത്ത്‌ എം ടി വാസുദേവൻ നായരുടെ മകൾ അശ്വതി നായർ. അച്ഛന്റെ ഒമ്പതു കഥയെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങ’ളുടെ നിർമാതാവുകൂടിയാണ്‌ അശ്വതി.

മനോരഥങ്ങളിലേക്കുള്ള വഴികൾ

ലോക്‌ഡൗൺകാലത്തെ ചെറിയ ചിന്തകളിൽനിന്നാണ്‌ മനോരഥങ്ങൾ എന്ന സിനിമയുടെ ആശയം രൂപപ്പെടുന്നത്‌. പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാതിരുന്ന ആ കാലത്ത്‌ രവീന്ദ്രനാഥ ടാഗോറിന്റെ കഥകൾ കോർത്തിണക്കിയ വെബ്‌ സീരീസ്‌ കാണാനിടയായി. അതിന്റെ മേക്കിങ്ങും കഥ പറയുന്ന രീതിയും വല്ലാതെ ആകർഷിച്ചു. അച്ഛന്റെ ചെറുകഥകൾ കോർത്തിണക്കി ചലച്ചിത്രം നിർമിച്ചാലോ എന്ന ആലോചന മനസ്സിലുദിച്ചത്‌ അപ്പോഴാണ്‌. മലയാളിയുടെ മനസ്സിനെ വല്ലാതെ കീഴടക്കിയ കഥകൾ അഭ്രപാളികളിലാക്കുക ശരിക്കും വെല്ലുവിളിയായിരുന്നു. എം ടിയുടെ മകളായതിനാൽ സ്വാഭാവികമായി എല്ലാവരുടെയും പ്രതീക്ഷ വളരെ ഉയർന്നതാകും. അതിന്റെ ഭാരവും ഉത്തരവാദിത്വവും ഏറ്റെടുക്കാൻ സൗഹൃദങ്ങൾ പിന്തുണച്ചു. ആശയം പങ്കുവച്ചപ്പോൾ അച്ഛനും പിന്തുണ നൽകി. തിരക്കഥ എഴുതാൻ തുടങ്ങിയപ്പോൾ അത്‌ പകർത്തിയെഴുതാൻ അച്ഛനൊപ്പം മുഴുവൻസമയ പങ്കാളിയായി. സിനിമ നിർമിക്കാൻ ആളെ കണ്ടെത്തുക എന്നതായിരുന്നു ആദ്യ പടി. സുഹൃത്തുക്കൾ വഴിയാണ്‌ സരിഗമ ഇന്ത്യയുമായി സഹകരിക്കാൻ സാധിച്ചത്‌. ആദ്യ സിനിമ കഴിഞ്ഞപ്പോൾ സ്വന്തം  കമ്പനിയായ ‘ന്യൂസ്‌ വാല്യൂ പ്രൊഡക്‌ഷൻ’ സിനിമയുടെ ലൈൻ പ്രൊഡക്‌ഷനിലേക്ക്‌ എത്തി. സംവിധാനം എന്നത്‌ ഒരു നിയോഗംപോലെയാണ്‌ വരുന്നത്‌. വിൽപ്പന മറ്റൊരു സംവിധായകൻ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, അദ്ദേഹത്തിന്‌ സാധിക്കാതെ വന്നപ്പോൾ സ്വയം ഏറ്റെടുത്തു. സന്തോഷ്‌ ശിവനാണ്‌ പ്രചോദനം നൽകിയത്‌. നല്ലൊരു ടീമിനെ നിർദേശിച്ച്‌ വേണ്ട പിന്തുണ നൽകി അദ്ദേഹം ഒപ്പംനിന്നു. എം ടിയുടെ മകളായതിനാൽ എല്ലാഭാഗത്തുനിന്നും പിന്തുണ ലഭിച്ചു. വലിയ ചലച്ചിത്രകാരന്മാർക്കൊപ്പം ഒരു തുടക്കക്കാരിയായതിന്റെ സന്തോഷവും ആകാംക്ഷയും നന്നായി ആസ്വദിച്ചാണ്‌ ജോലി ചെയ്‌ത്‌.

കഥകളുടെ തെരഞ്ഞെടുപ്പ്‌

കഥകളുടെ തെരഞ്ഞെടുപ്പ്‌ കഠിനമായിരുന്നു. അച്ഛന്റെ നിർദേശപ്രകാരം ആദ്യം 50 കഥയുടെ ലിസ്റ്റ്‌ തയ്യാറാക്കി. അതിൽനിന്ന്‌ 20 എണ്ണം തെരഞ്ഞെടുത്തു. 20ൽ നിന്ന്‌ ഒമ്പതിലേക്കുള്ള ചുരുക്കം അതീവ ശ്രമകരമായിരുന്നു. ആദ്യം 10 കഥയാണ്‌ ആലോചിച്ചത്‌. കാഴ്‌ച, ഷെർലക്ക്‌, കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്നിവ എന്തായാലും ഉൾപ്പെടുത്തിയേ പറ്റൂ എന്ന് ആദ്യം തീരുമാനിച്ചു. ചില കഥകളിൽ വിദേശ പശ്ചാത്തലമാണ്‌ ഉള്ളത്‌. ലോക്‌ഡൗൺ ആയതിനാൽ അതും ആശങ്കയ്‌ക്ക്‌ ഇടയാക്കി. സംവിധായകരുടെ ചോയ്‌സുകൂടി പരിഗണിച്ചാണ്‌ മറ്റുള്ളവ തെരഞ്ഞെടുത്തത്‌. സംവിധായകരുടെയും നിർമാണക്കമ്പനികളുടെയും ഒടിടി പ്ലാറ്റ്‌ ഫോം ഉടമസ്ഥരുടെയും താൽപ്പര്യം പരിഗണിച്ചായിരുന്നു അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ്‌. പ്രിയദർശൻ, മഹേഷ് നാരായണൻ, ശ്യാമപ്രസാദ്, ജയരാജ്, രതീഷ് അമ്പാട്ട്, സന്തോഷ് ശിവൻ, രഞ്ജിത്, മമ്മൂട്ടി, കമൽഹാസൻ, മോഹൻലാൽ തുടങ്ങിയ പ്രഗത്ഭരുടെ നിര അണിനിരന്നപ്പോൾ എം ടി വാസുദേവൻ നായർ എന്ന കഥാകാരനുള്ള ഹൃദയാഞ്ജലിയായി മാറുകയായിരുന്നു മനോരഥങ്ങൾ.

താളം പിന്തുണച്ചു

നർത്തകിയുടെ മെയ്‌ വഴക്കവും താളബോധവും അച്ചടക്കവും നിർമാണത്തെയും സംവിധാനത്തെയും ഒരുപാട്‌ സഹായിച്ചു. നർത്തകനും കലാകാരനുമായ ഭർത്താവ്‌ ശ്രീകാന്തും അമ്മ കലാമണ്ഡലം സരസ്വതിയും മികച്ച പിന്തുണ നൽകി. വിൽപ്പന ചിത്രീകരിക്കുമ്പോൾ അച്ഛനും അമ്മയും താഴത്തെ നിലയിൽ മോണിറ്ററിൽ തത്സമയം എല്ലാം കാണുന്നുണ്ടായിരുന്നു. സംസാരത്തിൽ പൊതുവെ പിശുക്കനായ അച്ഛൻ സിനിമ കണ്ടിട്ട്‌ പ്രത്യേകിച്ച്‌ അഭിപ്രായം പറഞ്ഞിട്ടില്ല.
 

ബിജിപാലിലേക്ക്‌

എൺപതുകളിൽ ആളുകൾ മൂളിനടന്ന പാട്ടാകണം സിനിമയിൽ ഉണ്ടാകേണ്ടതെന്ന ആഗ്രഹത്തിൽനിന്നാണ്‌ ഗൃഹാതുരത്വം തോന്നുന്ന പാട്ടുകളുടെ കൂട്ടുകാരനായ ബിജിപാലിലേക്ക്‌ ചിന്തകൾ എത്തുന്നത്‌. ഏറ്റവും മനോഹരമായി അദ്ദേഹം അത്‌ ചെയ്‌തു. സന്തോഷ്‌ വർമയാണ്‌ പാട്ടുകൾ എഴുതിയിരിക്കുന്നത്‌. 50 വർഷത്തേക്കെങ്കിലും പ്രേക്ഷകരെ ആകർഷിക്കാൻ കഴിയണമെന്നതിനാൽ 8കെയിലാണ്‌ സിനിമകൾ എടുത്തിരിക്കുന്നത്‌.

രണ്ടാമൂഴം സംഭവിക്കും

മലയാളികൾ എത്ര ആഗ്രഹിക്കുന്നോ അതിലേറെ അച്ഛനൂം ആഗ്രഹിക്കുന്നുണ്ട്‌ രണ്ടാമൂഴം സിനിമയായി കാണാൻ. മനോരഥങ്ങളുടെ പണി കഴിഞ്ഞപ്പോൾ അച്ഛൻ അതേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും എന്ന ധൈര്യം മനോരഥങ്ങൾ സമ്മാനിച്ചിട്ടുണ്ട്‌. മലയാളികൾ ആഗ്രഹിക്കുന്നതുപോലെ അധികം വൈകാതെ രണ്ടാമൂഴം തിയറ്ററുകളിൽ കാണാൻ കഴിയും.
എം ടി വാസുദേവൻ നായരുടെ ഒമ്പതു കഥയെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി ചലിച്ചിത്രം ‘മനോരഥങ്ങൾ’ ആഗസ്‌ത്‌ 15ന്‌ പ്രേക്ഷകരിലേക്ക്‌ എത്തി. പാർവതി തിരുവോത്ത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ, മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത് സുകുമാരൻ, വിനീത് തുടങ്ങിയവർ ഭാ​ഗമാകുന്ന ആന്തോളജി സീരീസ് സീ5ലൂടെയാണ്‌ റിലീസ്‌ ചെയ്‌തത്‌. പ്രിയദർശൻ, മഹേഷ് നാരായണൻ, ശ്യാമപ്രസാദ്, ജയരാജ്, രതീഷ് അമ്പാട്ട്, സന്തോഷ് ശിവൻ, രഞ്ജിത് തുടങ്ങിയവരാണ് ആന്തോളജി സീരീസ് ഒരുക്കിയത്‌. ‘ഓളവും തീരവും', ‘ശിലാലിഖിതം' എന്നീ രണ്ടു ചിത്രമാണ്  പ്രിയദർശൻ സംവിധാനം ചെയ്‌തത്‌. ‘ഓളവും തീരവും' എന്ന ചിത്രത്തിൽ മോഹൻലാലും ‘ശിലാലിഖിത'ത്തിൽ ബിജു മേനോനുമാണ് നായകവേഷം ചെയ്‌തത്‌. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ ചിത്രമാണ്‌ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്'. എം ടിയുടെ ആത്മകഥാംശമുള്ള പി കെ വേണുഗോപാൽ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിന്റെ ഓർമയ്‌ക്ക് എന്ന ചെറുകഥയുടെ തുടർച്ചയെന്ന നിലയ്‌ക്ക് എം ടി എഴുതിയ യാത്രക്കുറിപ്പാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്. ശ്രീലങ്കയിലേക്കുള്ള മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന യാത്രയാണ് പശ്ചാത്തലം. ‘ഷെർലക്ക്' എന്ന ചെറുകഥ ഫഹദ് ഫാസിലാണ് നായകൻ. മഹേഷ് നാരായണനാണ്‌ സിനിമയാക്കിയത്‌. ശ്യാമപ്രസാദ് സംവിധാനത്തിൽ  ‘കാഴ്‌ച' സിനിമയായപ്പോൾ നായികയായത്‌ പാർവതി തിരുവോത്താണ്‌. ജയരാജ്‌ സംവിധാനം ചെയ്‌ത  ‘സ്വർഗം തുറക്കുന്ന സമയ'ത്തിൽ  ഇന്ദ്രൻസ്, സുരഭി എന്നിവർ വേഷമിടുന്നു. സന്തോഷ് ശിവന്റെ സംവിധാനത്തിൽ ‘അഭയം തേടി വീണ്ടും' എന്ന ചിത്രത്തിൽ സിദ്ദിഖാണ്‌ മുഖ്യവേഷം ചെയ്‌തിരിക്കുന്നത്‌. ഇന്ദ്രജിത്തും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ‘കടൽകാറ്റ്' രതീഷ് അമ്പാട്ടാണ്‌ സംവിധാനം ചെയ്‌തത്‌. മധുബാല, ഫഹദ്‌ ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ‘വിൽപ്പന' അശ്വതിയാണ്‌ സംവിധാനം ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top