30 November Wednesday

ആശ പരേഖ് ഫാല്‍ക്കെയെ ചുംബിക്കുമ്പോള്‍

ബീന പ്രസീദ്‌Updated: Sunday Oct 2, 2022

photo credit:ANI twitter

സ്വപ്‌ന നായിക വീണ്ടും ‘ഹിറ്റ്‌ ഗേൾ’.  ദാദാ സാഹേബ്‌ ഫാൽക്കെ അവാർഡിൽ ആശ പരേഖ്‌ മുത്തമിട്ടപ്പോൾ ഹോളിവുഡിന്റെ ഓർമകളിൽ ഓടിയെത്തിയത്‌  ആ വസന്തകാലം.

മുഹമ്മദ്‌ റഫിയുടെ ആ വിശ്രുതമായ പാട്ടുണ്ടല്ലോ, നസീർ ഹുസൈൻ സംവിധാനംചെയ്ത ദിൽ ദേഖൊ ദേഖൊ എന്ന ചിത്രത്തിൽ.  ‘ദിൽ ദേകേ ദേഖോ... ദേഖോ ജീ...’ ഷമ്മി കപൂർ ഭാവസാന്ദ്രമായ അഭിനയത്താൽ അനശ്വരമാക്കിയ ഗാനം. ആശ പരേഖ്‌ 16–-ാം വയസ്സിൽ ആടിത്തുടങ്ങിയ ഗാനം. ബോളിവുഡിൽ പുതിയ തരംഗം സൃഷ്ടിച്ച ആ ചിത്രം ഒരുപക്ഷേ അന്നത്തെ സൂപ്പർ കോമഡികളിൽ ഒന്നുകൂടിയായിരുന്നു.  ആശ പരേഖ്‌ എന്ന ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാറിന്റെ ഉദയം അവിടെ തുടങ്ങി.


1959 മുതൽ 1973 വരെ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച ഹിന്ദി ചലച്ചിത്രനായിക നടിയായി മാറിയതിന്റെ തുടക്കവും.
ഏതു കഥാപാത്രത്തെയും തന്മയത്വത്തോടെ ഉൾക്കൊണ്ട്‌, അറുപതുകളിലെ മികച്ച സിനിമകളുടെ ഭാഗമായിരുന്നു ആശ. സംവിധായകരുടെ സ്വപ്ന നായിക.  ഹിറ്റുകളുടെ കൂട്ടുകാരിയായിരുന്നതിനാൽ അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടിയും ആശ തന്നെയായിരുന്നു. നർത്തകിയെന്ന നിലയിലും പ്രശസ്‌തയായി. 47 വർഷം നീണ്ട സിനിമാ ജീവിതത്തിൽ 95 സിനിമയിൽ അഭിനയിച്ചു. 1992ൽ രാഷ്ട്രം പത്മശ്രീ നൽകി. ഇന്ത്യൻ സിനിമയ്‌ക്ക്‌ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 10 ലക്ഷം രൂപയും ഫലകവും പൊന്നാടയും ഫാൽക്കെയുടെ പേരിൽ ഏറ്റുവാങ്ങിയത്‌.
1942 ഒക്ടോബർ രണ്ടിന് ഗുജറാത്തിലാണ് ജനനം. അച്ഛൻ: ബച്ചുമായി പരേഖ്. അമ്മ:  സൽമ പരേഖ്.

952ൽ ബാലതാരമായാണ് ആശ അഭിനയം തുടങ്ങിയത്. ബേബി ആശ പരേഖ് എന്നപേരിൽ ആസ്മാൻ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പ്രസിദ്ധ സംവിധായകനായ ബിമൽ റോയി ആശയുടെ നൃത്തം കണ്ടശേഷം 1954ൽ ബാപ് ബേട്ടി എന്ന ചിത്രത്തിൽ അവസരം നൽകി.  നസീർ ഹുസൈന്റെ ദിൽ ദേഖൊ ദേഖൊയിലെ അഭിനയത്തിനു പിന്നാലെ ഹിറ്റുകളുടെ ജൈത്രയാത്ര. തുടർന്നുള്ള 12 വർഷത്തിനിടെ ഹുസൈന്റെ ജബ് പ്യാർ കിസി ഹേ തുടങ്ങി ആറ്‌ സിനിമയിൽ നായികയായി. രാജ് ഖോസ്ല, ശക്തി സാമന്ത, വിജയ് ആനന്ദ്, മോഹൻ സെഗാൾ തുടങ്ങിയ സംവിധായകരും ആശ പരേഖിനെ സ്ഥിരം നായികയാക്കി. ഭറോസ, കട്ടി പതം​ഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാ​ഗ്, ലവ് ഇൻ ടോക്യോ  തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു.

1995നു ശേഷം അഭിനയം നിർത്തി സംവിധാനത്തിലേക്കും നിർമാണത്തിലേക്കും തിരിഞ്ഞു. ഹം സായാ, ലവ് ഇൻ ടോക്യോ, കന്യാദാൻ, ഗുൻഘട്ട്, ജബ് പ്യാർ കിസീ സേ ഹോതാ ഹേ, ദോ ബദൻ, ചിരാഗ്, സിദ്ദി, കട്ടീ പതംഗ്, ജവാൻ മുഹബത്ത്, ഉധാർ കീ സിന്ദൂർ, ബുലുൻ ഡി, ആയാ സാവൻ ജൂം കേ, ഹം തോ ചലേ പരദേസ്, ഘർകിഇസത് തുടങ്ങിയവ ആശയുടെ കൈയൊപ്പ്‌ പതിഞ്ഞ ചിത്രങ്ങളാണ്‌.

1990ൽ ടെലിവിഷൻ സംവിധാനത്തിലേക്ക് കടന്നു. ആകൃതി എന്നപേരിൽ സ്വന്തം നിർമാണ കമ്പനി സ്ഥാപിച്ചു. 1998 മുതൽ 2001 വരെ ഇന്ത്യൻ ഫിലിം സെൻസർ ബോർഡ്‌ അധ്യക്ഷയായിരുന്നു. അന്ന് സെൻസറിങ്‌ വിവാദങ്ങളിലും നായികയായി. ബ്രിട്ടനിലെ ഒന്നാം എലിസബത്ത് രാജ്ഞിയെപ്പറ്റി ശേഖർ കപൂർ സംവിധാനംചെയ്ത എലിസബത്ത് എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത് വലിയ വിവാദമായി. ഇപ്പോൾ മുംബൈയിൽ കാരാഭവൻ എന്ന ഡാൻസ് അക്കാദമിയും ആശ പരേഖ് ആശുപത്രിയും നടത്തുന്നു. ‘ഹിറ്റ് ഗേൾ' എന്നാണ് ആത്മകഥയുടെ പേര്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top