ഈ വർഷത്തെ മാൻ ബുക്കർ പുരസ്‌കാരത്തിന് സവിശേഷതകൾ ഏറെയാണ്. പുരസ്കാരത്തിനർഹയായ അന്ന ബേൺസ് വടക്കൻ അയർലന്‍റിലെ സാധാരക്കാരിൽ സാധാരണക്കാരിയായ എഴുത്തുകാരിയാണ്. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്നുമാണ് അവർ എഴുത്തിന്റെ ലോകത്തെത്തിയത്. അന്നയുടെ ഈ പുരസ്കാരലബ്ധി യു കെ യിലെ സാഹിത്യലോകത്തെ വമ്പൻ സ്രാവുകൾക്കൊന്നും അത്ര സ്വീകാര്യമായിട്ടില്ലെങ്കിലും അവിടുത്തെ പിന്‍നിരക്കാരായ എഴുത്തുകാരെല്ലാം ആവേശഭരിതരാണ്. ഈ വാര്‍ത്ത അവരില്‍ പുതിയ പ്രതീക്ഷകളുണര്‍ത്തുന്നു.
‘‘നിങ്ങൾക്ക് സാധാരണക്കാരായ തൊഴിലാളികളുടെ ഭാഷ അറിയില്ലെങ്കിൽ ഈ നോവൽ മനസ്സിലാകണമെന്നില്ല. കാരണം ഇതിലെ ഭാഷ സാധാരണക്കാരുടേതാണ്. ഞാനൊരു സാധാരണക്കാരനാണ്. അതുകൊണ്ടുതന്നെ എനിക്ക് ഈ പുസ്തകം അത്യാവശ്യമാണ്... ''
1962 ല്‍ വടക്കൻ അയർലന്‍റിന്റെ തലസ്ഥാന നഗരിയായ ബെൽഫാസ്റ്റിൽ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ച അന്ന ബേൺസ് ജീവിതയാഥാർഥ്യങ്ങളുടെ ദുരിതപർവങ്ങൾ ഏറെ താണ്ടിയ എഴുത്തുകാരിയാണ്. കടുത്ത സാമ്പത്തിക പ്രയാസങ്ങളും ദാരിദ്ര്യവും അവരുടെ കൂടെപ്പിറപ്പുകളായിരുന്നു. പാർശ്വവത്കൃത വിഭാഗങ്ങളുടെ പ്രതിനിധിയായിട്ടാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. പുരസ്‌കാരത്തുക കടം വീട്ടാനും മറ്റ് ചെലവുകൾക്കുമായി വിനിയോഗിക്കുമെന്നു പറഞ്ഞ അവർ ബുക്കര്‍ സമ്മാനത്തിന്റെ ചരിത്രത്തില്‍ അദ്ഭുതമാവുകയാണ്.
2001ല്‍ അന്നയുടെ ആദ്യനോവൽ ‘നോ ബോൺസ്' പുറത്തുവന്നു. യു കെ യിലെ ആഭ്യന്തര കലാപങ്ങളുടെ കാലത്തെ ഒരു പെൺകുട്ടിയുടെ ജീവിതയാതനകളെ ചിത്രീകരിക്കുന്ന ഈ നോവൽ അക്ഷരലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിന്റെ പുരസ്കാരം നേടിയ ഈ നോവല്‍ പ്രശസ്തമായ ഓറഞ്ച് പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആറു വര്‍ഷത്തിനുശേഷം 2007 ലാണ് രണ്ടാമത്തെ നോവൽ ‘ലിറ്റിൽ കൺസ്ട്രക്ഷൻസ്' പ്രസിദ്ധീകരിച്ചത്. ബുക്കര്‍ പുരസ്കാരത്തിനര്‍ഹമായ ‘മിൽക്ക്മാൻ' പത്തു വര്‍ഷത്തിനു ശേഷം 2018 ലും പ്രസിദ്ധീകരിച്ചു. ഇവ കൂടാതെ ‘മോസ്റ്റ്ലി ഹീറോസ്' എന്നൊരു നോവലെറ്റും അന്ന എഴുതിയിട്ടുണ്ട്.
തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ യഥാതഥമായി ആവിഷ്കരിക്കുന്നവയാണ് അന്ന ബേണ്‍സിന്റെ എല്ലാ നോവലുകളും. അയർലന്റിലെ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റും ഏറെക്കാലം നടത്തിയ രക്തരൂഷിതമായ ഏറ്റുമുട്ടലുകളുടെ സംഘർഷഭരിതമായ പശ്ചാത്തലത്തിലാണ് അവ രചിക്കപ്പെട്ടത്. അന്നയുടെ ബാല്യ കൗമാരങ്ങളില്‍ ആ സംഭവങ്ങള്‍ സൃഷ്ടിച്ചത് ഭീതിദമായ അനുഭവങ്ങളായിരുന്നു. പില്‍ക്കാലത്ത് അവരിലെ എഴുത്തുകാരിയെ പാകപ്പെടുത്തുന്നതില്‍ ആ അനുഭവങ്ങള്‍ വലിയ പങ്ക് വഹിക്കുകയുണ്ടായി.
അന്ന ബേണ്‍സിന് ബുക്കര്‍ പ്രൈസ് നേടിക്കൊടുത്ത മില്‍ക്ക് മാന്‍ എന്ന നോവലില്‍ ക്രൂരനും മധ്യവയസ്കനുമായ പട്ടാളക്കാരന്റെ പീഡനങ്ങള്‍ക്കിരയായ ഒരു കൗമാരക്കാരിയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. ഐറിഷ് ആഭ്യന്തര കലാപമാണ് ഈ നോവലിന്റെയും പശ്ചാത്തലം. എഴുത്തിന്റെ പരമ്പരാഗത രീതിശാസ്ത്രങ്ങളെയെല്ലാം മറികടക്കുന്ന രചനാതന്ത്രമാണ് അന്ന ബേണ്‍സ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാലത്ത് ഏറെ ചർച്ചചെയ്യപ്പെടുന്ന ‘മീ ടൂ’ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ നോവലിന് വലിയ പ്രാധാന്യമുണ്ടെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.
ഈ നോവലിനെക്കുറിച്ച് ബുക്കര്‍ പുരസ്കാര നിര്‍ണയസമിതിയുടെ അധ്യക്ഷന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘മൂർച്ചയുള്ള നര്‍മ്മത്തില്‍ തയുടെയും ലൈംഗികാതിക്രമത്തിന്റെയും അതിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റേയും കഥ പറയുന്ന, അസാധാരണമാം വിധം മൗലികമായൊരു രചനയാണിത്. ഇത്തരമൊരു നോവല്‍ ഞങ്ങളാരും ഇതിനു മുൻപ് വായിച്ചിട്ടില്ല.''
കടുത്ത ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും കാഞ്ഞിരക്കയ്‌പിലൂടെ കടന്നുപോയ ഒരു ജീവിതത്തിലെ ദയനീയമുഹൂര്‍ത്തങ്ങളെ അക്ഷരങ്ങളിലാവിഷ്കരിച്ച എഴുത്തുകാരിയാണ് അന്ന ബേണ്‍സ്. ആ എഴുത്തിനു മുന്നില്‍ ഇന്ന് ലോകം നമിക്കുകയാണ്. മുപ്പതു വയസ്സിനു ശേഷം മാത്രം എഴുത്തിന്റെ ലോകത്തേക്കു വന്ന ഈ എഴുത്തുകാരി പല പ്രമുഖരേയും പിന്തള്ളിക്കൊണ്ടാണ് ബുക്കര്‍ പുരസ്കാരം കരസ്ഥമാക്കിയത്. അതുകൊണ്ടു തന്നെ അവര്‍ക്കെതിരെ അര്‍ത്ഥരഹിതമായ വിമര്‍ശനങ്ങള്‍ നിരന്തരം ഉയര്‍ന്നുവരു ന്നുമുണ്ട്. മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള നോവലാണ് മിൽക്ക്മാൻ എന്നതാണ് പ്രധാന ആരോപണം. എന്നാൽ, നാടൻ പ്രയോഗങ്ങള്‍ കൊണ്ടും പ്രാദേശിക ഭാഷാഭേദങ്ങള്‍ കൊണ്ടും സമ്പന്നമായ ഈ നോവല്‍ സത്യത്തിൽ ലക്ഷക്കണക്കിന് സാധാരണക്കാരായ വായനക്കാരെയാണ് ആകർഷിക്കുന്നത്. യു കെ യിലെ വരേണ്യവിഭാഗക്കാരായ എഴുത്തുകാരുടെ ഭാഷയുടെ ആഢ്യത്വം പക്ഷേ അതിനില്ലെന്നത് സത്യമാണ്. ഒരു വായനക്കാരന്‍ പറയുന്നത് കേൾക്കൂ.
‘‘നിങ്ങൾക്ക് സാധാരണക്കാരായ തൊഴിലാളികളുടെ ഭാഷ അറിയില്ലെങ്കിൽ ഈ നോവൽ മനസ്സിലാകണമെന്നില്ല. കാരണം ഇതിലെ ഭാഷ സാധാരണക്കാരുടേതാണ്. ഞാനൊരു സാധാരണക്കാരനാണ്. അതുകൊണ്ടുതന്നെ എനിക്ക് ഈ പുസ്തകം അത്യാവശ്യമാണ്... ''
ആമസോണിന്റെ ബെസ്റ്റ് സെല്ലറുകളുടെ ലിസ്റ്റിലാണ് മില്‍ക്ക് മാന്റെ സ്ഥാനം. ആദ്യപതിപ്പായിറങ്ങിയ ഒരു ലക്ഷത്തി അന്‍പതിനായിരം കോപ്പികള്‍ വിസ്മയിപ്പിക്കുന്ന വേഗതയിലാണ് വിറ്റുതീര്‍ന്നത്.
അന്ന ബേണ്‍സ് എന്ന പേര് ഐറിഷ്സാഹിത്യത്തിലെ വരേണ്യതക്കും തൊട്ടുകൂടായ്മക്കുമെതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. സാഹിത്യത്തിന്റെ മുഖ്യധാരയില്‍ നിന്നും പല കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെടുന്ന ലോകമെമ്പാടുമുള്ള ‘രണ്ടാം കിടക്കാരായ' എഴുത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കുന്നതാണ് അവരുടെ ഈ വിജയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..