04 October Wednesday

ഈ പോരാട്ടം മാതൃത്വത്തിനും അമ്മിഞ്ഞപ്പാലിനും വേണ്ടി

രശ്‌മി രാധാകൃഷ്ണന്‍ Updated: Wednesday Mar 15, 2017

ഐ ടി രംഗത്ത് ജോലി ചെയ്യുന്ന സ്വന്തം മകളെ മനസ്സില്‍ അറിഞ്ഞാണ് കുസുമം പുന്നപ്ര എന്ന അമ്മ ഒരു നിയമയുദ്ധത്തിന് ഒരുങ്ങിയത്. പ്രസവാവധി നിഷേധിയ്ക്കപ്പെട്ട് തിരികെ ജോലിയില്‍ പ്രവേശിയ്ക്കാന്‍ നിര്‍ബ്ബന്ധിതരായി കുഞ്ഞിന് നല്‍കേണ്ടുന്ന മുലപ്പാല്‍ വാഷ് ബേസനുകളില്‍ പിഴിഞ്ഞ് കളയേണ്ടി വരുമ്പോള്‍ ഉള്ളില്‍ കരയുന്ന അമ്മമാര്‍ക്ക് വേണ്ടിയാണ് ഈ അമ്മ തന്റെ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാവധി കൂട്ടണം എന്നും സ്ഥാപനത്തോട് അനുബന്ധിച്ച് ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഡേ കേയറുകളും  മുലയൂട്ടാനുള്ള ഇടവേളകളും ലഭ്യമാക്കണമെന്നുമായിരുന്നു ഈ  അമ്മയുടെ  ആവശ്യം. സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രസവാവധി ആറുമാസമായി നിജപ്പെടുത്തിക്കൊണ്ടുള്ള ബില്‍ ഈ മാര്‍ച്ച് ഒന്‍പതിന് ലോക്‌സഭയും പാസ്സാക്കി. രാജ്യസഭ ബില്‍ നേരത്തെ പാസാക്കിയിരുന്നു.

ഇത്തരത്തിലൊരു നിയമത്തിനായി വര്‍ഷങ്ങളായി നടത്തിയ പ്രയത്നത്തിന്റെ നിറവില്‍ കുസുമം സംസാരിയ്ക്കുന്നു..


ലക്ഷ്യം,മാര്‍ഗ്ഗം

ശബ്ദിക്കുവാനാളില്ലാത്തവര്‍ക്കുവേണ്ടി ശബ്ദിക്കുമ്പോളാണ് ഏറെ സന്തോഷം കിട്ടുന്നത്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ്  ഞാന്‍ സംസാരിച്ചത്. ഏകദേശം മൂന്നു വര്‍ഷത്തോളമായ ആ പരിശ്രമങ്ങള്‍ക്ക്  ഒടുവില്‍ പ്രതീക്ഷയുടെ പ്രകാശകിരണങ്ങള്‍ കണ്ടുതുടങ്ങി എന്നുതന്നെ പറയാം..

പൊതുവെ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന കേരളത്തില്‍ സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു വിഭാഗം സ്ത്രീ ജീവനക്കാരെ രാത്രിയെന്നില്ലാതെ പകലെന്നില്ലാതെ ജോലിചെയ്യിപ്പിച്ച് അവര്‍ക്ക്  നേരാംവണ്ണം പ്രസവാവധിയും ശിശു പരിപാലനത്തിനുള്ള സാഹചര്യവും നിഷേധിക്കുന്നത് കടുത്ത അപരാധമാണ്. അമ്മയുടെ മുലപ്പാലാണ് ശിശുവിന്‍റെ ആരോഗ്യമെന്നും ഒരു വയസ്സുവരെ  തീര്‍ച്ചയായും മുലപ്പാല്‍തന്നെ കൊടുക്കണമെന്നും ശിശുരോഗ വിദഗ്ദ്ധരായ ഡാക്ടര്‍മാര്‍ഉപദേശിക്കുമ്പോള്‍അതൊന്നും ‘ടെക്കികുഞ്ഞുങ്ങള്‍ക്ക് ‘ ബാധകമല്ലാത്തതുപോലെ സര്‍ക്കാരും കമ്പനികളും ഒരുപോലെ അവരെ അവഗണിക്കുന്നതു കണ്ടപ്പോളാണ് ഞാന്‍ ഐറ്റിമേഖലയില്‍ ജോലിചെയ്യുന്ന വനിതകള്‍ക്കുവേണ്ടി  ശബ്ദം ഉയര്‍ത്താന്‍ തീരുമാനിച്ചത്.

നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു വിഷയമായിരുന്നില്ല ഇത് എന്ന് നിയമവ്യവസ്ഥയെയും ഉദ്യോഗസ്ഥരേയും  ബോധ്യപ്പെടുത്താന്‍ വളരെയേറെ സമയമെടുത്തു. എന്‍ജിനീയറിംഗ് കോളേജുകളില്‍നിന്നും കാംപസ് റിക്രൂട്ടുമെന്‍റു നടത്തി ഏറ്റവും നല്ല കഴിവുള്ള കുട്ടികളെയാണ് കമ്പനികള്‍ തങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത്. കാക്കയും പുള്ളും നിലത്തിറങ്ങുന്നതിനു മുന്നേ രാവിലെ തുടങ്ങുന്ന ജോലി  അവസാനിയ്ക്കുന്നത് രാത്രി എട്ടിനും ഒന്‍പതിനും ആയിരിക്കും.ചില കമ്പനികളില്‍ സ്ത്രീകള്‍ക്ക്  രാവെളുക്കുവോളം ജോലിചെയ്യേണ്ട ഷിഫ്റ്റുകളുമുണ്ട്.. കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസ് വച്ച്  നോക്കുമ്പോള്‍ ഇത്രയും  മണിക്കൂറിനുള്ള പ്രതിഫലം അവര്‍ക്കു കിട്ടുന്നില്ല എന്ന് തറപ്പിച്ചു പറയാം. അവകാശം എന്തെന്നോ അര്‍ഹതപ്പെട്ടത് എന്തെന്നോ അറിയാത്ത ഒരു വിഭാഗം. അതു പറഞ്ഞുകൊടുക്കുവാന്‍ അവര്‍ക്ക്  നേതാക്കന്മാരോ തൊഴിലാളി യൂണിയനുകളോ ഇല്ല.

ക്ലയന്‍റിനേയും പ്രോജക്ടിനേയും അതു റിലീസുചെയ്യുന്ന ദിവസത്തേയും ഒക്കെ ആശ്രയിച്ചാണ് അവരുടെ ദാമ്പത്യജീവിതം പോലും നിലകൊള്ളുന്നത്. വളരെ പരിമിതമായ അവധിയിലാണ്  അവരുടെ കല്യാണവും മധുവിധുവും എല്ലാം ആഘോഷിക്കുന്നത്. കുട്ടികള്‍വേണമെന്ന് അവര്‍ ആഗ്രഹിച്ചാലും ഈ ജോലി സമയവും പരിമിതമായ പ്രസവാവധിയും  കാരണം മിക്കവരും നിര്‍ബന്ധിത വന്ധ്യത തന്നെ സ്വീകരിയ്ക്കുകയാണ്. പല പ്രോമോഷനുകളും ഈ കാരണം പറഞ്ഞ് തടഞ്ഞുവയ്ക്കുന്ന കമ്പനികളും ഉണ്ട്.ഫലമോ നമുക്ക് നഷ്ടമാകുന്നത് നല്ല കഴിവുള്ള അച്ഛനമ്മമാരുടെ ബുദ്ധിയുള്ള അടുത്ത തലമുറയെയാണ്.

കേരളത്തിനകത്തും പുറത്തും ഉള്ള പതിനായിരക്കണക്കിനു് ഐറ്റി പ്രൊഫഷണലുകളായ സ്ത്രീകളുടെ മനസ്സുതേങ്ങുന്നത് സര്‍ക്കാരും സമൂഹവും ഒരുപോലെ കണ്ടില്ലെന്നു നടിച്ചിരുന്നു. കേരളത്തിലെ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ ഉന്നതാധികാരികള്‍ക്ക് നഗ്നമായ ഈ യാഥാര്‍ത്ഥ്യം അറിയാം. പക്ഷെ  ഈ വിഷയത്തില്‍ ഇടപെട്ടാല്‍ ഐ റ്റി വ്യവസായം തകര്‍ക്കുന്നു എന്ന് പറഞ്ഞ് കമ്പനികള്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്ന് അവര്‍ക്കറിയാം..

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാകുന്നതെങ്ങനെ?

കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും ഉള്ള സ്ത്രീകള്‍ക്ക് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ പ്രസവാവധി ലഭിയ്ക്കുന്നുണ്ട്. അവരുടെ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മുലപ്പാലും പരിലാളനവും  കിട്ടുമ്പോള്‍, അമ്മ സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥയായതിനാല്‍ അത്  നിഷേധിയ്ക്കപ്പെടുന്നത് അവരോടും ആ  പിഞ്ചു കുഞ്ഞുങ്ങളോടും  ചെയ്യുന്ന  ഏറ്റവും വലിയ ക്രൂരതയാണ്. മുലപ്പാല്‍ കുഞ്ഞിന്റെ ജന്മാവകാശമാണ്. പ്രസവം കഴിഞ്ഞ് അധികം താമസിയാതെ ജോലിയില്‍ തിരികെ പ്രവേശിയ്ക്കുന്ന അമ്മമാര്‍ മുലപ്പാല്‍ പിഴിഞ്ഞ് കളയുകയോ അല്ലെങ്കില്‍ പാല്‍ വറ്റാനുള്ള മരുന്നുകള്‍ ഉപയോഗിയ്ക്കുകയോ ചെയ്യുമ്പോള്‍ വീടുകളില്‍ പാല്‍പ്പൊടി കലക്കിയ പ്ലാസ്ട്റ്റിക് അമ്മിഞ്ഞകളും നുണഞ്ഞ് പാവം കുഞ്ഞ് കിടപ്പുണ്ടാവും. ഇവര്‍ക്ക് യാതൊരു അവകാശങ്ങളും ഇല്ലേ?നിയമ പരിരക്ഷയും ഇല്ലേ?

കേന്ദ്ര ഗവണ്‍മെന്‍റ്  ജീവനക്കാര്‍ക്ക് കുട്ടിയുടെ പതിനെട്ടു വയസ്സിനുള്ളില്‍ എപ്പോള്‍  വേണമെങ്കിലും ഒരുവര്‍ഷം വരെ ചൈല്‍ഡ് കെയര്‍ലീവ് എടുക്കാം എന്നുള്ളത് അവരെ സംബന്ധിച്ച് ഏറെ ഗുണകരമാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭാര്യയുടെ  പ്രസവത്തിന് പതിനഞ്ചുദിവസത്തെ ലീവ് പുരുഷന്‍മാര്‍ക്കുവരെ അനുവദിച്ചു കൊടുത്തിട്ടുള്ള ഈ കാലഘട്ടത്തിലാണ് പ്രസവാവധി വേണ്ടപോലെ ലഭിയ്ക്കാത്ത കാരണത്താല്‍ ഒരു  വിഭാഗം കമ്പനി പ്രൊഫഷണലുകളായ സ്ത്രീകള്‍ കുഞ്ഞുങ്ങളെ തന്നെ വേണ്ടെന്നുള്ള തീരുമാനം വരെ എടുക്കേണ്ടുന്ന ഗതികേടിലേയ്ക്ക്  എത്തുന്നത് എന്ന് ആലോചിയ്ക്കണം..

പ്രസവാവധി വെറും ഒരുമാസം മാത്രംകൊടുക്കുന്ന കമ്പനികളും ഉണ്ടെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് പ്രകാരം  പ്രസവത്തിന് ആറ് ആഴ്ച മുന്‍പും പ്രസവത്തിനുശേഷം ആറാഴ്ചയും ആണ് കമ്പനികളിലെ ജീവനക്കാര്‍ക്കുള്ള പ്രസവാവധി.

പ്രസവത്തിനുശേഷം ആറാഴ്ച എന്നു പറയുമ്പോള്‍കുട്ടിക്ക് വെറും നാല്‍പ്പത്തിരണ്ടു ദിവസം പ്രായമേ ആകുകയുള്ളു.

സര്‍ക്കാര്‍സര്‍വ്വീസുകളില്‍ മൂന്നുമാസത്തെ പ്രസവാവധി ആറുമാസമാക്കിയപ്പോള്‍ സര്‍ക്കാര്‍ ഇവരുടെ  കാര്യം വിട്ടുപോയതെന്താണ്. ഇതേപോലെ തന്നെ ബാങ്കിംഗ് സര്‍വ്വീസിലെ ജീവനക്കാരുടെ പ്രസവാവധി ആറുമാസമാക്കിയപ്പോള്‍ പൊതുമേഖലാ ബാങ്കുകളിലേ പോലെതന്നെ പ്രൈവറ്റു ബാങ്കുകളിലെ പ്രസവാവധിയും ആറുമാസം ആക്കുകയുണ്ടായി. അപ്പോഴും ഇവരുടെ കാര്യം ആരും ഓര്‍ത്തില്ല.

നിയമപോരാട്ടത്തിന്റെ നാള്‍ വഴികള്‍

2014 മെയ് മാസത്തില്‍തുടങ്ങിയ പോരാട്ടം  ഏകദേശം ഒരു വഴിത്തിരിവിലെത്തി നില്‍ക്കുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്ത് ഉത്തരവു നേടിയതനുസരിച്ച്  കേരളസര്‍ക്കാര്‍  Shops and establishment act ഭേദഗതി ചെയ്യാന്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്നു.

ദിനംപ്രതി സെക്രട്ടേറിയേറ്റിലും ലേബര്‍കമ്മീഷണറേറ്റിലും കയറിയിറങ്ങിയതിന്‍റ ഫലമായാണ് നിയമമായത്.തൊഴില്‍വകുപ്പും നിയമവകുപ്പും മുഴുവനും കയറിയിറങ്ങിയ ഉത്തരവ് സബ്ജക്റ്റ് കമ്മറ്റിക്കുപോയി അവിടെ നിന്നും പാസ്സായി  നിയമമായി അസാധാരണ ഗസറ്റ് 2015 സെപ്റ്റംബര്‍18ന്  പുറത്തിറങ്ങി. പക്ഷെ ഇതുവരെ ആ നിയമം നടപ്പാക്കാതെ ടെക്‍നോപാര്‍ക്കിനുള്ളിലും ഇന്‍ഫോപാര്‍ക്കിനുള്ളിലും  പ്രൈവറ്റു ശിശുപരിപാലന കേന്ദ്രങ്ങള്‍ തിന്നുകൊഴുക്കാന്‍ അധികാരികളും ഒത്താശ ചെയ്ത് കൊടുത്തു. ഇത് തികച്ചും നിയമ വിരുദ്ധമാണ്.

ആറുമാസം പ്രസവാവധികൊടുക്കുവാന്‍ ലേബര്‍കമ്മീഷണര്‍ അയച്ച  പ്രൊപ്പോസല്‍ ഇവിടെ നിന്നും റെക്കമെന്‍റു ചെയ്ത് സംസ്ഥാന തൊഴില്‍വകുപ്പില്‍ നിന്നും  അയച്ചു . നമ്മുടെ സംസ്ഥാന ലേബര്‍കമ്മീഷണര്‍‍‍ ശുപാര്‍ശ ചെയ്തതനുസരിച്ച്    സംസ്ഥാന സര്‍ക്കാര്‍  1948 ലെ  ഇ എസ് ഐ നിയമം ഭേദഗതി  ചെയ്ത് ഐറ്റി മേഖലയിലെ വനിതകള്‍ക്കും കൂടി പ്രസവാവധി 26 ആഴ്ച ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2015 ഫെബ്രുവരിയില്‍ കേന്ദ്ര തൊഴില്‍ വകുപ്പിലേക്ക്  കത്തയക്കുകയുണ്ടായി. വിവരാവകാശപ്രകാരം കിട്ടിയ കത്തിന്‍റെ കോപ്പി സഹിതം ഈ ആവശ്യം പരാമര്‍ശിച്ച് ഞാന്‍ മേനകാ ഗാന്ധിക്ക് ഈ മെയില്‍ വഴിയും  തൊഴില്‍മന്ത്രിക്ക് തിരുവനന്തപുരത്തു വന്നപ്പോള്‍ നേരിട്ടും  നിവേദനം കൊടുത്തു. പ്രധാനമന്ത്രിയ്ക്ക് CHANGE.ORG സൈറ്റ് മുഖാന്തിരം  പരാതിയും  ഫയല്‍ചെയ്തു. ധാരാളം ഐ ടി പ്രൊഫഷണലുകള്‍ അതില്‍ഒപ്പിട്ടിരുന്നു. അവസാനം ഇത് പരിഗണനയിലാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും എനിയ്ക്ക് മറുപടിയും കിട്ടി.

പിന്നീട് വിവരാവകാശപ്രകാരം ഞാന്‍ നിയമനടപടികള്‍ പിന്തുടര്‍ന്ന്  കൊണ്ടിരുന്നു. വി എസ് അച്യുതാനന്ദനെ കാണുകയും  അദ്ദേഹവും ഇതിന് വേണ്ടി സംസാരിയ്ക്കുകയും ചെയ്തിരുന്നു. പ്രാരംഭ നടപടി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ആദ്യം ചെയ്തത് 1948 ലെ ഇ എസ് ഐ റൂള്‍ ഭേദഗതി ചെയ്യുകയായിരുന്നു. അങ്ങനെ ചെയ്തപ്പോള്‍ ഒരു വെടിയ്ക്ക്  രണ്ടു പക്ഷി എന്നത് പോലെ  ഇഎസ്ഐ  പരിധിയിലുള്ളവര്‍ക്കാണ് ആദ്യം ആറരമാസത്തെ പ്രസവാവധി ലഭിച്ചത്. കഴിഞ്ഞവര്‍ഷം തൊട്ട് അത് പ്രാബല്യത്തിലാകുകയും ചെയ്തു. തുടര്‍ നടപടികളുടെ ഭാഗമായി ഒടുവില്‍  രാജ്യസഭ ഏകദേശം കഴിഞ്ഞ വര്‍ഷം  പാസ്സാക്കിയ ബില്‍  ഈ മാര്‍ച്ച് ഒന്‍പതിന് ലോകസഭയും പാസ്സാക്കി.

രാഷ്ട്രപതി ഒപ്പിട്ട് നിയമം ആയി പുറത്തുവന്നു കഴിയുമ്പോള്‍ ഇത്രയും നാളത്തെ പരിശ്രമങ്ങള്‍ക്ക്  ഫലമുണ്ടാകും.

പ്രസവാവധി ആറുമാസമായി നിജപ്പെടുത്തി നിയമം ആയെങ്കിലും ഈ കാര്യത്തില്‍ നിയമം കര്‍ശനമായി നടപ്പില്‍ വരുത്താന്‍ പിന്തുണ തേടി വീണ്ടും ബാലാവകാശകമ്മീഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്ത്  അനുകൂല ഉത്തരവിനായി ഞാന്‍ കാത്തിരിയ്ക്കുകയാണ്. ബാലാവകാശ കമ്മീഷനിലെ ഫുള്‍ ബെഞ്ച്‌ വിഷയം വളരെ പോസിറ്റീവ്  ആയി ഏറ്റെടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്..

അതും കൂടെ നടന്നാലേ ഈ പോരാട്ടം അവസാനിയ്ക്കുകയുള്ളൂ.

ഇനിയും മുന്നോട്ട്...

കുഞ്ഞുങ്ങള്‍ രാജ്യത്തിന്‍റെ പൊതുസ്വത്താണ്.നല്ലൊരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യത കൂടിയാണ്.
ഓരോവര്‍ഷവും  തൊഴില്‍നികുതിയായി ഇവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പക്കല്‍നിന്നും കോടിക്കണക്കിനു രുപ സര്‍ക്കാര്‍ വസൂലാക്കുന്നുണ്ടല്ലോ.നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ജീവനക്കാര്‍ സാധാരണക്കാരന്‍റെ   നികുതിപ്പൈസയില്‍ ശമ്പളവും  പറ്റിക്കൊണ്ട് ,കറങ്ങുന്ന പങ്കയുടെ താഴെ സുഖിച്ചിരിക്കുന്നു. അമ്മയുടെ മുലപ്പാലിന്‍റെ രുചിയറിയാതെ അമ്മയുടെ സ്നേഹം കിട്ടാതെ,പരിലാളന കിട്ടാതെ  വളര്‍ന്നു വരുന്ന ഈ മക്കള്‍ സമൂഹത്തിന്  ചോദ്യചിഹ്നമാകാതിരിയ്ക്കേണ്ടത് സര്‍ക്കാരിന്‍റെയും കൂടി ഉത്തരവാദിത്വമാണ്.സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഗത്യന്തരമില്ലാതെയാണ്  ബാലാവകാശ കമ്മീഷനില്‍ പെറ്റീഷന്‍ കൊടുത്തത്. നിയമം നിര്‍മ്മിയ്ക്കാന്‍  മനുഷ്യാവകാശ കമ്മീഷനെയും പിന്നീട് നിയമം നടപ്പാക്കിക്കിട്ടാന്‍ ബാലാവകാശ കമ്മീഷനേയും സമീപിക്കുന്നത് ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും.മുലയൂട്ടല്‍വാരം ആഘോഷിച്ച് അമ്മയുടെ മുലപ്പാലിന്‍റെ പ്രാധാന്യത്തെപ്പറ്റി  പ്രഹസനംപോലെ പ്രസംഗിച്ചു നടക്കുന്നവരൊന്നും ഇതറിയുന്നില്ലേ?

വെറുതെ സമയം പോകാന്‍മാത്രം ജോലിക്കു പോകുന്നവരല്ല ഇവര്‍.. കേരളത്തിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങളിലേയും ദരിദ്ര കുടുംബങ്ങളിലേയും  കുട്ടികളാണ് സോഫ്റ്റുവെയര്‍കമ്പനികളിലെ ജീവനക്കാരില്‍ നല്ലൊരു ശതമാനവും.അവര്‍ വരേണ്യവര്‍ഗ്ഗമല്ല  എന്ന് എടുത്തുപറയട്ടെ. മിക്കവരും  വിദ്യാഭ്യാസ ചെലവിനായിബാങ്കു ലോണും മറ്റും എടുത്തവരും ആയിരിക്കും.ആ കടം വീട്ടേണ്ട ബാദ്ധ്യതയും അവരുടെ അധിക ഭാരമാണ്. അവരുടെ തൊഴിലിനും ജീവിതത്തിനും നിയമവ്യവസ്ഥയുടെ സംരക്ഷണവും പരിഗണനയും ലഭിച്ചേ പറ്റൂ.

ഏകദേശം 350 കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ മാത്രമായുണ്ട്.പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത് പോലെ  എത്രയും പെട്ടെന്ന് ഐറ്റിമേഖല, കടകള്‍ ഉള്‍പ്പടെ എല്ലാ പ്രൈവറ്റു മേഖലയിലും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടുവാനുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിയ്ക്കുവാനുള്ള  സത്വരനടപടികളെടുക്കണം..അതേപോലെ സര്‍ക്കാര്‍സ്ഥാപനങ്ങളിലും ശിശുപരിപാലനകേന്ദ്രങ്ങളില്ലാത്തിടത്ത് എത്രയുംപെട്ടെന്ന് തുടങ്ങുവാനുള്ള നടപടികളെടുക്കണം. അതുവരെ ഈ അമ്മയുടെ നിയമയുദ്ധം തുടരുക തന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top