തൊണ്ണൂറാണ്ടുകൾക്ക് മുമ്പ് സ്വസമുദായത്തിൽ നിലനിന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന വി ടി ഭട്ടതിരിപ്പാട് ഒരു തീപ്പന്തംപോലെ വലിച്ചെറിഞ്ഞ ‘അടുക്കളയിൽനിന്നും അരങ്ങത്തേക്ക് ' എന്ന നാടകം പുതിയ രൂപത്തിൽ അരങ്ങിലെത്തുന്നു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ വേദിയിൽ കഴിഞ്ഞ തിങ്കളാഴ്ച നിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അക്ഷരപ്പുര തിയറ്റേഴ്സാണ് നാടകം രംഗത്തെത്തിച്ചത്.
1929 ഡിസംബർ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാർഷികത്തിന് തൃശൂരിലാണ് ആദ്യമായി നാടകം അരങ്ങേറിയത്. അന്ന് നാടക അവതരണത്തോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചത് യോഗക്ഷേമസഭ പ്രസിഡന്റായിരുന്ന സി എസ് സുബ്രഹ്മണ്യൻ പോറ്റിയായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ജന്മനാടായ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച സി എസ് സ്മൃതിയുടെ ഭാഗമായാണ് നാടകം വീണ്ടുമെത്തിയത്. മൂലനാടകത്തിൽ 16 രംഗങ്ങളും 26 കഥാപാത്രങ്ങളുമുൾപ്പെടെ ആറ് മണിക്കൂറായിരുന്നു നാടകം. ഇതിനെ ആറ് രംഗങ്ങളും 11 കഥാപാത്രങ്ങളുമായി ചുരുക്കിയാണ് 2017ൽ താലൂക്ക് ലൈബ്രറി കൗൺസിൽ കുടുംബശ്രീയുമായി ചേർന്ന് പെണ്ണകത്തിന്റെ നേതൃത്വത്തിൽ രംഗത്തവതരിപ്പിച്ചത്. പിന്നീട് നാടകാവതരണത്തിനായി നിരവധി ആവശ്യങ്ങൾ വന്നെങ്കിലും ചുരുങ്ങിയ വേദികളിൽ മാത്രമാണ് അവതരിപ്പിച്ചത്. ഒരു നൂറ്റാണ്ടിനിപ്പുറവും വി ടി ഉൾപ്പെടെ ഉയർത്തിപ്പിടിച്ച ലക്ഷ്യം ഇനിയും യാഥാർഥ്യമായിട്ടില്ലെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് തങ്ങൾ ഈ ചരിത്രദൗത്യത്തിന് വീണ്ടും തയ്യാറായതെന്ന് നാടക പ്രവർത്തകർ പറയുന്നു.
.jpg)
അടുക്കളയിൽനിന്നും അരങ്ങത്തേക്ക് നാടകത്തിൽനിന്ന്
സാമൂഹ്യ പരിഷ്കർത്താക്കൾ ഉയർത്തിപ്പിടിച്ച യഥാർഥ സ്ത്രീ മുന്നേറ്റത്തിന്റെ ആവശ്യകത ഇനിയും അകലെയാണെന്ന് ഈ നാടകം പ്രഖ്യാപിക്കുന്നു. അതിനുതകുന്ന തരത്തിൽ വർത്തമാനകാലത്തിന്റെ പ്രശ്നങ്ങളോട് പ്രതികരിച്ചുകൊണ്ടുള്ള സ്വതന്ത്ര ആവിഷ്കാരമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്ന സ്ത്രീയുടെ ദൈന്യത വെളിവാക്കുന്ന രംഗശിൽപ്പത്തോടെയാണ് നാടകം ആരംഭിക്കുന്നത്. അനാചാരങ്ങളുടെ അകത്തളത്തിൽനിന്നും ഉന്നത വിദ്യാഭ്യാസം തേടി പുറപ്പെടുന്ന നായകൻ മാധവനും അയാളെ പ്രണയിക്കുന്ന ദേവകിയുമാണ് പ്രധാന കഥാപാത്രങ്ങൾ. എന്നാൽ കുടുംബത്തിലെ മൂത്ത നമ്പൂതിരിക്കു മാത്രം വേളി വിധിച്ചിരിക്കുന്ന സമൂഹത്തിൽ നിസ്സഹായരായ ഇവർക്കുവേണ്ടി കോടതി വഴി പോരാടുന്ന ദേവകിയുടെ സഹോദരന്റെ സുഹൃത്ത് സൂര്യധർമ്മനും പതിമ്മൂന്നുകാരിയെ വേളി കഴിക്കാനെത്തുന്ന എൺപതുകാരൻ വിരൂപാക്ഷൻ നമ്പൂതിരിയും അച്ഛൻ നമ്പൂതിരിയും അമ്മ ഇട്ടങ്ങേലിയും മുത്തശ്ശിയും ഓതിക്കനും മൂസും ജോത്സ്യൻ ഉഴിത്രനുമെല്ലാം പ്രേക്ഷക മനസ്സിനെ പിടിച്ചുലയ്ക്കും. പുതുലോകത്തിന്റെ പ്രഭാതത്തിലേക്ക് ചുവടുവച്ചിറങ്ങുന്ന പെൺകരുത്തിന്റെ സന്ദേശത്തോടെയാണ് നാടകം അവസാനിക്കുന്നത്.
സി എസ് സുബ്രഹ്മണ്യം പോറ്റി സ്ഥാപിച്ച കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പുതുതലമുറയിലെ ഒമ്പതാം ക്ലാസുകാരി ആവന്തിക ഗിരീഷ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാമൂഹ്യ സന്നദ്ധതയാൽ ഒത്തുചേർന്ന ഒരു സംഘം പ്രവർത്തകരും നാടകത്തിനു പിന്നിലുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് വി പി ജയപ്രകാശ് മേനോനും വടക്കുംതല ശ്രീകുമാറും ചേർന്നാണ് നാടകത്തിന്റെ സ്വതന്ത്ര ആവിഷ്കാരം നിർവഹിച്ചത്. മൈനാഗപ്പള്ളി മോഹനാണ് സംവിധാനം.
1 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള നാടകം 10 രംഗങ്ങളായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കടത്തൂർ മൻസൂർ, അനിൽ ആർ പാലവിള, ജയ് സാഗർ കൊട്ടിയം, എ ആർ സൈനുദ്ദീൻ, കണ്ണകി, ചന്ദ്രൻപിള്ള, ഷാജി ഇബ്രാഹിം, അലക്സ് എന്നിവരെ കൂടാതെ അധ്യാപികയായ റസീന എൻ എസ് എന്നിവരും വേഷമിടുന്നു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ‘ അതിജീവനത്തിന്റെ പെൺ വായന’ എന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത പദ്ധതികളിൽ ഒന്നായ നവോത്ഥാന നായകരെ തിരിച്ചറിയുക എന്ന പരിപാടിയുടെ ഭാഗമായാണ് നാടകം അരങ്ങിലെത്തിയത്. പുതിയ കാലത്തിന്റെ സ്ത്രീ സാക്ഷ്യമായി ഈ നാടകം മാറുകയാണെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..