07 June Wednesday

ആശ വർക്കർമാരുടെ അവകാശപ്പോരാട്ടവും സംഘടനയും- എ ആർ സിന്ധു എഴുതുന്നു

എ ആർ സിന്ധുUpdated: Tuesday Apr 4, 2023


ആശ (ASHA) എന്നാൽ അംഗീകൃത സാമൂഹ്യ ആരോഗ്യപ്രവർത്തക(Accredited Social Health Activist) എന്നാണർഥം. ഇൗ വിഭാഗത്തിൽപെട്ട പത്ത്‌ ലക്ഷത്തോളം പേർ എൻഎച്ച്‌എമ്മിനു കീഴിൽ പ്രവർത്തിക്കുന്നു. 2005ൽ ആരംഭിച്ച എൻആർഎച്ച്‌എം (National Rural Health Mission) ഗ്രാമീണ ജനങ്ങൾക്ക്‌ അടിസ്ഥാന ആരോഗ്യസേവനങ്ങൾ പ്രദാനം ചെയ്യുന്നത്‌ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഏഴ്‌ വർഷക്കാലം പ്രവർത്തിച്ചു. നിരവധി പ്രക്ഷോഭങ്ങളും ബഹുജനങ്ങളുടെ ആവശ്യങ്ങളും ഉയർന്നുവന്നതിനെത്തുടർന്ന്‌ 2012 മുതൽ 2017 വരെ 5 വർഷത്തേക്കുകൂടി അതിന്റെ കാലാവധി നീട്ടുകയും പിന്നീട്‌ നഗരപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തതിനാൽ ഈ പദ്ധതിക്ക്‌ എൻഎച്ച്‌എം (National Health Mission) എന്ന്‌ പുനർനാമകരണം നടത്തുകയും ചെയ്‌തു.

ഇന്ന്‌ ആശപ്രവർത്തകർ ഗ്രാമീണ ജനതയും പൊതുജനാരോഗ്യ സേവനങ്ങളും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കുന്നു; പാവപ്പെട്ടവർക്ക്‌ അടിസ്ഥാന ആരോഗ്യവിദ്യാഭ്യാസവും സേവനങ്ങളും നൽകുകയും പൊതുജനാരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. അവർ വീടുകൾ തോറും ചെന്ന് അടിസ്ഥാന ആരോഗ്യസേവനങ്ങൾ ഗുണഭോക്താക്കൾക്ക് എത്തിക്കുകയും ചെയ്യുന്നു. ഇരുപത്തിനാലു മണിക്കൂറും ആശാവർക്കർമാർ പ്രവർത്തനസജ്ജരായിരിക്കണം. പ്രത്യേകിച്ച്‌ ഗർഭിണികൾക്കായുള്ള സേവനങ്ങൾക്കും മറ്റ് അടിയന്തര ആരോഗ്യസേവനങ്ങൾക്കുംവേണ്ടി. എന്നിട്ടും അവരെ പാർടൈം ജോലിക്കാരായാണ് കണക്കാക്കുന്നത്! സിഎച്ച്സികളിലും പിഎച്ച്സികളിലും അവർക്ക് ഒന്നിരിക്കാൻ പോലും ഇടമില്ല; ഗർഭിണികളെയും കൊണ്ട് ഏതർധരാത്രിയിലും പോകാൻ അവർ നിർബന്ധിതരാക്കപ്പെടുന്നു.ആരോഗ്യമേഖലയിൽ ഈ തൊഴിലാളികൾ നൽകിയിട്ടുള്ള സംഭാവനകൾ പല പഠനങ്ങളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറഞ്ഞുവരുന്ന മാതൃ–ശിശു മരണനിരക്ക്, സ്ഥാപനപരമായ പ്രസവങ്ങളിൽ വന്ന വർധന, മിക്കയിടങ്ങളിലും പകർച്ചവ്യാധി തടയുന്നതിൽ ആശമാർക്കുള്ള നിർണായക പങ്ക് എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ആശ പ്രവർത്തകർക്ക് അവകാശപ്പെടാനാകും. എന്നിട്ടും താഴേത്തട്ടിലുള്ള ഈ മുൻനിര പ്രവർത്തകരുടെ അധ്വാനത്തെ സർക്കാർ നിരാകരിക്കുകയും അവരെ പീസ് റേറ്റഡ് വോളണ്ടിയർമാരാക്കി, അവർ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും തുച്ഛമായ തുക ഇൻസെന്റീവായി നൽകുകയുമാണ് ചെയ്യുന്നത്.

മാത്രവുമല്ല, ഐസിഡിഎസ്, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ, എൻസിഎപി (National Child Labour Programme) തുടങ്ങി സർക്കാരിന്റെ വിവിധ സോഷ്യൽ സെക്ടർ സ്കീമുകളിൽ പ്രവർത്തിക്കുന്ന ഒരു കോടിയോളം വരുന്ന സ്കീം തൊഴിലാളികളിൽ ഒരു വിഭാഗമാണിവർ.

ഇൻസെന്റീവുകൾ, ഓണറേറിയം എന്നിവയുടെ രൂപത്തിൽ വളരെ തുച്ഛമായ വേതനമാണ് ഇവർക്കു നൽകുന്നത്. സ്ത്രീകളുടെ സാമൂഹ്യനിലയും അവർ നിർവഹിക്കേണ്ട കൂലിയില്ലാ പരിചരണ ജോലിയും ഈ സ്കീമുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. ഒരുതരത്തിൽ ഇത് അവശ്യ സേവനങ്ങളുടെ താൽകാലികവൽക്കരണവും അനൗപചാരികവൽക്കരണവുമാണ്.

സാമൂഹ്യമായ വിലക്കുകളെയും മുൻവിധികളെയും നേരിട്ടുകൊണ്ട് അങ്ങേയറ്റം ദുഷ്കരമായ സാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവരാണ് ആശ വർക്കർമാർ. മതമൗലികവാദികൾ പ്രചരിപ്പിക്കുന്ന വിജ‍ഞാനവിരുദ്ധതയെകൂടിയും അവർക്ക് ഇന്ന് നേരിടേണ്ടതായുണ്ട്. നിരന്തര സമരങ്ങളെത്തുടർന്നാണ് ആശാവർക്കർമാർക്ക് മിനിമം ജോലിക്ക് മിനിമം പ്രതിമാസവേതനം (തുടക്കത്തിൽ പ്രതിമാസം 1000 രൂപയും 2018ൽ 2000 രൂപയുമാക്കി) നിശ്ചയിക്കാൻ ഗവൺമെന്റ് നിർബന്ധിതമായത്.

മോദി ഗവൺമെന്റും എൻഎച്ച്എമ്മും

മറ്റ് സാമൂഹ്യ സുരക്ഷാ നടപടികൾക്കൊപ്പം എൻഎച്ച്ആർഎം (പിന്നീട് എൻഎച്ച്എം) കൊണ്ടുവരാൻ നിർബന്ധിതമായിത്തീർന്ന യുപിഎ ഗവൺമെന്റ് തുടർന്ന്, അഞ്ചുവർഷം കഴിഞ്ഞും ഈ പദ്ധതി നീട്ടാൻ നിർബന്ധിതമായിത്തീരുകയായിരുന്നു. എന്നാൽ കോർപറേറ്റുകളുടെ സ്പോൺസർഷിപ്പിൽ അധികാരത്തിലേറിയ മോദി ഗവൺമെന്റിന്റെ നിലപാടിന്റെ ഭാഗമായി, അവരുടെ അജൻഡ അടിച്ചേൽപിക്കുന്നതിനായി എൻഎച്ച്എമ്മിനെയും മറ്റ് കേന്ദ്ര സ്പോൺസേർഡ് സ്കീമുകളെയും വിവിധ മാർഗങ്ങൾ വഴി ദുർബലമാക്കുന്നതിനുള്ള നടപടികളാരംഭിച്ചു. ഈ സ്കീമുകൾ നടപ്പാക്കുന്നതിനുവേണ്ടിയുള്ള പഞ്ചവൽസര പദ്ധതി തയ്യാറാക്കുന്ന ആസൂത്രണകമ്മീഷൻതന്നെ ഉപേക്ഷിച്ചു. അത് പദ്ധതികളുടെ ഭാവി തന്നെ അപകടത്തിലാക്കി. മോദി ഗവൺമെന്റ് അതിന്റെ ആദ്യ ബജറ്റിൽ തന്നെ എൻഎച്ച്എമ്മിനായുള്ള വകയിരുത്തലിൽ 25% വെട്ടിക്കുറച്ചു. 2014–15ലെ 24491 കോടി രൂപയിൽനിന്നും 2015–16ൽ 18000 കോടി രൂപയായി കുറച്ചു.

സ്കീം തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കണമെന്നും എല്ലാ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും അവർക്കു ലഭ്യമാക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ‍ മോദി ഗവൺമെന്റ് നിരാകരിച്ചു. ഈ നിർദ്ദേശങ്ങളിന്മേൽ ഗവൺമെന്റ് ഒരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല ചില ഇൻസെന്റീവുകൾ വർധിപ്പിച്ചുകൊണ്ടുള്ള അവരുടെ തന്നെ ഒരു വർഷം മുമ്പുള്ള സർക്കുലർ നടപ്പാക്കിയുമില്ല. വിവിധ പാർലമെന്ററി കമ്മിറ്റികളുടെയും അതുപോലെ ആരോഗ്യമേഖലയിലെ വിദഗ്ദ്ധരുടെയും നിർദ്ദേശങ്ങൾ അംഗീകരിച്ചുമില്ല.

കോവിഡ് 19 മഹാമാരിയും ആശാ പ്രവർത്തകരും ബിജെപി സർക്കാരിന്റെ പ്രതികരണവും

കോവിഡ് 19 മഹാമാരി ആരംഭിച്ചപ്പോൾ മുതൽതന്നെ ആശാ പ്രവർത്തകരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. നാട്ടിലേക്കു മടങ്ങിയെത്തിയ കുടിയേറ്റക്കാരെ, യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ, സാനിറ്റൈസറോ മാസ്കോ ശരിയായ പരിശീലനം പോലുമോ നൽകാതെ വീടുവീടാന്തരം ചെന്നു പരിശോധിക്കാനും രോഗമുണ്ടോ എന്നു നിരീക്ഷിക്കാനും അവർ നിർബന്ധിതരായി. യാതൊരു തരത്തിലുമുള്ള സുരക്ഷയോ അംഗീകാരമോ അവർക്കു നൽകിയില്ലെന്നു മാത്രമല്ല, ലോക്ഡൗൺ സമയത്ത് ആശാ പ്രവർത്തകരെ തങ്ങളുടെ ജോലി നിർവഹിക്കവെ പൊലീസ് മർദ്ദിച്ച സംഭവങ്ങളുമുണ്ടായി.

മടങ്ങിവന്ന കുടിയേറ്റക്കാരെക്കുറിച്ച് റിപ്പോർട്ട് നൽകുകയും അവരോട് ക്വാററ്റൈനിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്ത ആശാവർക്കർമാരെ സാമൂഹ്യവിരുദ്ധർ മർദ്ദിച്ച സംഭവങ്ങൾ മിക്ക സംസ്ഥാനത്തുമുണ്ടായിട്ടുണ്ട്. പഞ്ചാബിൽ ഗ്രാമവാസികൾ, ആശമാർ ‘കൊറോണവാഹകർ’ ആയതിനാൽ അവരെ ബഹിഷ്കരിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

ക്വാറൻറ്റൈൻ സെന്ററുകളിലും ആശുപത്രികളിലും ആവശ്യമായ ജോലികൾ ചെയ്യൽ, സർവേ സംഘടിപ്പിക്കൽ, ആളുകളെ ആശുപത്രിയിൽ എത്തിക്കൽ, വീടുകൾ സന്ദർശിച്ച് ഹോം ക്വാറൻറ്റൈനിലുള്ളവർ അതാതിടങ്ങളിൽ തന്നെയുണ്ടോ എന്നു പരിശോധിക്കൽ എന്നിങ്ങനെ തുടങ്ങി ചിലപ്പോൾ ആശുപത്രി ഡ്യൂട്ടിവരെ നിർവഹിക്കാൻപോലും ഇരുപത്തിനാലു മണിക്കൂറും അവർ നിയോഗിക്കപ്പെട്ടു.

നിരവധി ആശാ പ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചു; അവർക്കു വേണ്ടപ്പെട്ടവരും മരണമടഞ്ഞു; ആശാ പ്രവർത്തകർ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടു; പലരും ഹൃദയാഘാതം മൂലം മരിച്ചു.
എന്നാൽ ഈ മുന്നണിപ്പോരാളികൾക്ക് സുരക്ഷാസംവിധാനങ്ങൾ പ്രദാനം ചെയ്യുന്നതിനുപകരം ബിജെപി ഗവൺമെന്റ് കോവിഡ് കാലത്ത് കയ്യടിക്കൽ, പാത്രംകൊട്ടൽ, പുവിതറൽ തുടങ്ങി ഗിമ്മിക്കുകളാണ് കാട്ടിയത്.

ആശ പ്രവർത്തകരും മറ്റ് മുൻനിര പ്രവർത്തകരും നേരിട്ട ദയനീയ സാഹചര്യങ്ങൾക്കുനേരെ മോദി സർക്കാർ കടുത്ത നിസ്സംഗത പുലർത്തി. പ്രതിമാസം തുച്ഛമായ 1000 രൂപ മാത്രമാണ് ‘കോവിഡ് ഇൻസെന്റീവാ’യി അതും ആറുമാസത്തേക്കു പ്രഖ്യാപിച്ചത്. നിരന്തരമായ സമരങ്ങളെത്തുടർന്നാണ് മൂന്നു പ്രാവശ്യത്തേക്കുകൂടി അതു നീട്ടിയത്. ‘ഹർ ഘർ ദസ്തക് ‍’ കാമ്പെയ്ൻ നടത്തണമെന്ന് ആശാ പ്രവർത്തകരോട് ആവശ്യപ്പെട്ട ഘട്ടമായിരുന്നിട്ടുകൂടി കോവിഡ് ഇൻസെന്റീവ് നിർത്തലാക്കി.

നിലവിൽ വാക്സിനേഷനും മറ്റ് കോവിഡ് ഡ്യൂട്ടികളും തുടരുന്നുണ്ടെങ്കിലും സർക്കാർ ഇപ്പോഴും ഇൻസെൻറീവ് നിർത്തിയിരിക്കുകയാണ്. കോവിഡ് മൂലം മരണമടയുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപ നൽകും എന്ന് ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും രോഗം ബാധിച്ച് മരണമടഞ്ഞ ആശ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് അത് ഇതുവരെയും കിട്ടിയിട്ടില്ല.

മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിട്ടും ഗവൺമെന്റ് കുറ്റകരമായ അനാസ്ഥ തുടരുകയാണ്. കോവിഡ് 19 മഹാമാരി മൂലം മരണമടഞ്ഞ ഡോക്ടർമാരുൾപ്പെടെയുള്ള മുൻനിര പ്രവർത്തകരെ സംബന്ധിച്ച ഡാറ്റ പോലും ഇതുവരെ ശേഖരിച്ചിട്ടില്ല.

ആശ പ്രവർത്തകരുടെ നിസ്വാർഥമായ, അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളെ മാനവരാശിയാകെ അംഗീകരിച്ചു; ആശാ പ്രവർത്തകരുടെ താെഴിലിടങ്ങളിലെ മോശം സാഹചര്യങ്ങൾ ഇക്കാലയളവിൽ ചർച്ചയാക്കപ്പെട്ടു. ഇന്ത്യയിലെ ആശാ പ്രവർത്തകരുടെ നിസ്വാർഥ സേവനവും മഹാമാരിയ്ക്കെതിരെ പൊരുതുന്നതിൽ അവർ വഹിച്ച പങ്കും കണക്കിലെടുത്ത്, ആശ വർക്കർമാർക്ക് ലോകാരോഗ്യസംഘടന (WHO) വേൾഡ് ഹെൽത്ത് ലീഡർ അവാർഡ് പ്രഖ്യാപിച്ചു. എന്നാൽ നാണംകെട്ട ബിജെപി ഗവൺമെന്റ് അവരുടെ അധ്വാനത്തെ അംഗീകരിക്കാനും, മിനിമം വേതനമോ റിസ്ക് അലവൻസോ നൽകാനുംപോലും ഇതുവരെ തയ്യാറായിട്ടില്ല.

ആശ വർക്കർമാരെ സംഘടിപ്പിക്കുന്നു

ഈ സാമൂഹ്യ സാമ്പത്തിക നയത്തിന്റെ കടന്നാക്രമണത്തിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ ഒരു അഖിലേന്ത്യാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം ആശ വർക്കർമാരും ഫെസിലിറ്റേർമാരും മുന്നോട്ടുവന്നു.

എൻആർഎച്ച്എം ആരംഭിക്കുകയും ആശ പ്രവർത്തകരെ നിയമിക്കുകയും ചെയ്ത കാലം മുതൽക്കുതന്നെ അവർ, മുൻപേ തന്നെ സംഘടിതരായിട്ടുള്ള അംഗൻവാടി ജീവനക്കാരുമായും ഹെൽപ്പർമാരുമായും ബന്ധപ്പെട്ടു.

ആശാവർക്കർമാരുടെ അഖിലേന്ത്യാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ (
AICCAW) രൂപീകരണം

ആശാവർക്കർമാരെയും ഉച്ചഭക്ഷണ പാചകത്തൊഴിലാളികളെയും അഖിലേന്ത്യാതലത്തിൽ ഏകോപിപ്പിക്കുന്നതിനായി അവർക്കിടയിൽ പ്രവർത്തിക്കുന്ന സംഘാടകരുടെ ഒരു അഖിലേന്ത്യാ യോഗം 2005 ജനുവരി 26ന് മഹാരാഷ്ട്രയിൽ സിഐടിയുവിന്റെ വർക്കിങ് കമ്മിറ്റി യോഗം വിളിച്ചുചേർത്ത വേളയിൽ സംഘടിപ്പിച്ചു. 8 സംസ്ഥാനങ്ങളിൽ നിന്നുള്ള 30 ഓളം പ്രവർത്തകരും സംഘാടകരും യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽവെച്ചാണ് ആശ വർക്കർമാരുടെ അഖിലേന്ത്യാ സംഘടന രൂപംകൊണ്ടത്.

ആശാ വർക്കർമാരുടെ ആദ്യത്തെ അഖിലേന്ത്യാ കൺവെൻഷൻ

നാഷണൽ റൂറൽ ഹെൽത്ത് മിഷന് (ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം) കീഴിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് ആശാപ്രവർത്തകർ 2009 ഫെബ്രുവരി 19ന് റാഫി മാർഗിലെ വിത്തൽ ഭായി പട്ടേൽ ഹൗസിൽ ഒത്തുചേർന്നു. ആന്ധ്രപ്രദേശ്, ബീഹാർ, ഹരിയാന, ജമ്മു കാശ്മീർ, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമായി 514 ആശാ പ്രവർത്തകർ പങ്കെടുത്തു. അങ്ങനെ അവിടെവെച്ച് ആശാവർക്കർമാരുടെ അഖിലേന്ത്യാ സംഘടന രൂപീകരിക്കപ്പെട്ടു.

പ്രവർത്തനങ്ങൾ

എഐസിസിഎഡബ്ലു നിലവിൽ വന്നതുമുതൽ ആശാവർക്കർമാരുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പൊതുജനാരോഗ്യ സംവിധാനമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്നിവ ഏറ്റെടുത്തുവരികയാണ്. പ്രസ്ഥാനപരവും സംഘടനാപരവുമായ വിവിധ പ്രവർത്തനങ്ങളിലൂടെ, ആശാവർക്കർമാരുടെയും ഹെൽപ്പർമാരുടെയും രാജ്യത്തെ പ്രധാന അഖിലേന്ത്യാ സംഘടനയായി ഈ സംഘടനയ്ക്ക ഉയർന്നു വരാൻ കഴിഞ്ഞു.

കോവിഡ് 19 മഹാമാരിക്കാലത്തെയും ലോക്ക്ഡൗൺ കാലത്തെയും സമരങ്ങൾ

രാജ്യവ്യാപകമായി സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ കാലത്തും ലക്ഷക്കണക്കിന് കോവിഡ് മുൻനിര പ്രവർത്തകർ, പ്രധാനമായും ആശാപ്രവർത്തകർ കോവിഡ് 19 മഹാമാരിയെ നേരിടാനുള്ള ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചു.

സർവേകൾ നടത്തുന്നതും വീടുവീടാന്തരം കയറിയിറങ്ങി രോഗം റിപ്പോർട്ട് ചെയ്യുന്നതും മുതൽ ക്വാറന്റൈൻ സെന്ററുകളിലും ആശുപത്രികളിലും ഇപ്പോൾ കോവിഡ് വാക്സിനേഷൻ യജ്ഞത്തിലും വരെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഏറ്റവും ദുഷ്കരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും അർപ്പണബോധത്തോടെ അവർ ജന സേവനം നടത്തി.

മോദി ഗവൺമെന്റിന്റെ നിഷേധാത്മക നിലപാടിനെതിരെ 2002 മെയ് 14 പ്രതിഷേധ ദിനമായി ആചരിക്കാൻ സിഐടിയു ആഹ്വാനം നൽകി. വിജയകരമായി പരിവസാനിച്ച, ഈ ആദ്യ പ്രതിഷേധത്തിൽ നാലു ലക്ഷത്തോളം കോവിഡ് മുൻനിര പ്രവർത്തകർ തെരുവുകളിലും വീടിനുള്ളിലും/ പുറത്തുമായി പങ്കുചേർന്നു.

‘‘പൂക്കളല്ല, ഇപ്പോൾ വേണ്ടത് സുരക്ഷാ ഉപകരണങ്ങളും ഇൻഷുറൻസ് പരിരക്ഷയുമാണ്’’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് നാനൂറിലധികം ജില്ലകളിൽ വീടുകൾ കൂടാതെ ആയിരം പൊതുസ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ഈ പ്രതിഷേധം മഹാമാരിക്കെതിരെ നേരിട്ട് പൊരുതുന്നവരുടെ, ഈ സംവിധാനത്തെ തന്നെ ചലിപ്പിക്കുന്നവരുടെ സുരക്ഷയെ സംബന്ധിച്ച നിർണായകമായ ചോദ്യമുയർത്തി.

എല്ലാവർക്കും ആരോഗ്യവും സുരക്ഷയും

നമ്മുടെ രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആയിരക്കണക്കിന് ആശാ പ്രവർത്തകർ, ഫെസിലിറ്റേറ്റർമാർ, മറ്റു മുൻനിര പ്രവർത്തകർ എന്നിവരെല്ലാം അവരുടെ മോശമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെയും ജനങ്ങൾക്ക് പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആശാവർക്കർമാരുടെ അഖിലേന്ത്യാ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 2020 ജൂൺ 15ന് പ്രതിഷേധ പ്രകടനം നടത്തി.

ശ്ളാഘനീയമായ പ്രവർത്തനം നടത്തിയിട്ടും ആശാ പ്രവർത്തകർക്കുള്ള പ്രതിഫലം വർദ്ധിപ്പിക്കാൻ ഗവൺമെന്റ് തയ്യാറായില്ല. ഇതിനെതിരെ 2021 ജനുവരി 23ന് അഖിലേന്ത്യാ പ്രതിഷേധ ദിനം സംഘടിപ്പിച്ചു. കോവിഡ് ബാധുച്ച് മരിച്ച ആശാപ്രവർത്തകരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക നൽകാൻപോലും ഗവൺമെന്റ് തയ്യാറായില്ല.

ആശാവർക്കർമാരുടെയും ഫെസിലിറ്റേറ്റർമാരുടെയും അഖിലേന്ത്യാ പണിമുടക്ക്

‘കോവിഡ് ഡ്യൂട്ടിക്കുള്ള അധിക ഇൻസെന്റീവ്’ എന്ന നിലയിൽ കോവിഡ് കാലത്ത് ഗവൺമെന്റ് 2020 ജനുവരി മുതൽ ജൂൺ വരെ പ്രതിമാസം തുച്ഛമായ 1000 രൂപ മാത്രമാണ് പ്രഖ്യാപിച്ചത്. അത് ആറുമാസത്തേക്കുകൂടി നീട്ടുന്നത് നിർബന്ധമല്ലാതാക്കിയതിന്റെ ഫലമായി ആശാപ്രവർത്തകർക്ക് ഈ അധിക ഇന്‍സെൻറീവ് ലഭിച്ചില്ല. ആശാപ്രവർത്തകർക്ക് സ്ഥിരമായി നൽകിക്കൊണ്ടിരുന്ന പ്രതിമാസ പ്രതിഫലം മിക്ക സംസ്ഥാനങ്ങളും മാസങ്ങളോളം കുടിശ്ശികയാക്കിയത് സാഹചര്യം കൂടുതൽ വഷളാക്കി. ഈയൊരു സാഹചര്യത്തിൽ ആശാവർക്കർമാരുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റി ഓൺലൈനായി യോഗം ചേരുകയും 2021 മെയ് 10ന് പ്രതിഷേധത്തിന് ആഹ്വാനം നൽകുകയും ചെയ്തു.

മനുഷ്യാവകാശ ദിനത്തിൽ അഖിലേന്ത്യാ പ്രതിഷേധം

കോവിഡ് മഹാമാരി അവസാനിച്ചതായി ഔദ്യോഗികമായി സർക്കാർ ഇതുവരെയും പ്രഖ്യാപിക്കാതിരുന്നിട്ടും, കോവിഡ് ഡ്യൂട്ടിക്കായി ആശാ പ്രവർത്തകർക്ക് നൽകിയിരുന്ന തുച്ഛമായ ആയിരം രൂപ മോദി ഗവൺമെന്റ് 2021 സെപ്തംബർ മുതൽ നിർത്തലാക്കി. കോവിഡിന്റെ ഒമിക്രോൺ പോലെയുള്ള വകഭേദങ്ങളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും രാജ്യത്തുടനീളം ആശാപ്രവർത്തകർക്ക് ‘ഘർ ഘർ ദസ്തക് ’ (വീടുവീടാന്തരമുള്ള വാക്സിനേഷൻ) ക്യാമ്പയിൻ പോലുള്ള പ്രോഗ്രാമുകളിൽ ദിവസം 10 മണിക്കൂർ വരെ പ്രവർത്തിക്കേണ്ട ചുമതല നൽകിയിട്ടുള്ളപ്പോഴുമാണ് ഗവൺമെന്റ് അവർക്ക് നൽകിയിരുന്ന തുച്ഛമായ തുക പോലും നിർത്തലാക്കിയത്. ഇതിനെതിരെയും സംഘടനയുടെ നേതൃത്വത്തിൽ ദേശീയാടിസ്ഥാനത്തിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നു.

അംഗൻവാടി– ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കൊപ്പം പാർലമെന്റ് മാർച്ച്

പാർലമെന്റിന്റെ ബജറ്റ് സെഷൻ സമയത്ത് ഡൽഹിയിൽനിന്നും പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമുള്ള ആശാവർക്കർമാർ മറ്റ് സ്കീം തൊഴിലാളികൾക്കൊപ്പം ചേർന്നുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. അടിസ്ഥാന സേവന പദ്ധതികൾക്കായുള്ള ബജറ്റ് വകയിരുത്തൽ വർധിപ്പിക്കുക, സ്കീം തൊഴിലാളികൾക്ക് മിനിമം വേതനവും പെൻഷനും അനുവദിക്കുക എന്നീ ആവശ്യങ്ങൾക്കുവേണ്ടിയും സ്കീം തൊഴിലാളികൾക്കുനേരെയുള്ള ഭരണകൂട അടിച്ചമർത്തൽ, കരിനിയമമായ എസ്മ എന്നിവയ്ക്കെതിരെയുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

ആശാവർക്കർമാർക്കുള്ള പ്രതിഫലം (പ്രതിമാസം 2000/–) 2018ലാണ് ഏറ്റവും ഒടുവിലായി വർധിപ്പിച്ചത്. അതും മിക്ക സംസ‍ഥാനങ്ങളിലും നടപ്പാക്കിയിട്ടില്ല. ഈ പദ്ധതികളെയെല്ലാം സ്വകാര്യവൽക്കരിക്കാൻ വിവിധ മാർഗങ്ങളിലൂടെ മോദി ഗവൺമെന്റ് ശ്രമിക്കുകയാണ്. വർധിച്ച ജോലി ഭാരത്തിനൊപ്പം കുതിച്ചുയരുന്ന വിലയും തൊഴിലാളികളെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കുന്നു.

ചരിത്ര പ്രസിദ്ധമായ കർഷകസമരത്തിൽ ആശാവർക്കർമാർ വഹിച്ച പങ്ക്

ഒരു വർഷം നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ കർഷക പ്രക്ഷോഭ കാലത്ത്, സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്തമായി ആഹ്വാനം നൽകിയ യോജിച്ച പ്രവർത്തനങ്ങളിൽ രാജ്യത്തുടനീളമുള്ള ആശാ പ്രവർത്തകർ സജീവമായി പങ്കെടുത്തു. ഡൽഹി അതിർത്തിയിൽ നടന്ന ചരിത്രപരമായ ആ പോരാട്ടത്തിൽ ഹരിയാന സംസ്ഥാനത്തെ ആശാ വർക്കേഴ്സ് യൂണിയൻ മാതൃകാപരമായ പങ്കു വഹിച്ചു. അവർ ഗ്രാമങ്ങളിൽനിന്നും കർഷകരെ സംഘടിപ്പിച്ച് സമരഭൂമിയിലെത്തിച്ചു. അതിർത്തികളിലേയും ടോൾഗേറ്റുകളിലെയും സമരകേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും മറ്റു സേവനങ്ങളും സജീവമായി സംഘടിപ്പിച്ചു.

നേട്ടങ്ങൾ

എഐസിസിഎഡബ്ല്യു ദേശീയതലത്തിൽ, എൻഎച്ച്എമ്മിനെ സ്ഥിരപ്പെടുത്തൽ, പ്രതിമാസ വേതനം, മിനിമം വേതവും സാമൂഹ്യസുരക്ഷയും തുടങ്ങി അടിസ്ഥാന ആവശ്യങ്ങളിന്മേൽ നിരവധി പോരാട്ടങ്ങളും കാമ്പെയ്നുകളും ഏറ്റെടുത്തു നടത്തി. ഇക്കാലയളവിലെ ഏറ്റവും സുപ്രധാനമായ സമരം, 2012ൽ ഗവൺമെന്റ് നിർത്തലാക്കാൻ പദ്ധതിയിട്ട എൻഎച്ച്ആർഎം തുടരണമെന്നാവശ്യപ്പെട്ട് നടത്തിയ സമരമാണ്.

രാജ്യത്തുടനീളം സംഘടിപ്പിച്ച നിരന്തരമായ സമരങ്ങളിലൂടെയും കാമ്പെയ്നുകളിലൂടെയും വിവിധ ജനവിഭാഗങ്ങളുടെയും സംഘടനകളുടെയും പിന്തുണ ഇതിനു ലഭിച്ചു. തന്മൂലം എൻആർഎച്ച്എം കൂടുതൽ വ്യാപിപ്പിക്കാൻ ഗവൺമെന്റ് നിർബന്ധിതമായി എന്നു മാത്രമല്ല ഇതിനെ എൻഎച്ച്എം (National Health Mission) ആയി മാറ്റുന്നതിനും അത് നഗരപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനും ഗവൺമെന്റ‍് നിർബന്ധിതമായി.

ഏഴ് പാർലമെന്റ് മാർച്ചുൾപ്പെടെ തുടർച്ചയായി നടത്തിയ സമരങ്ങൾ, പഠനങ്ങളുടെ പിന്തുണയോടെ ജനങ്ങൾക്കിടയിൽ നടത്തിയ കാമ്പെയ്നുകൾ എന്നിവയ്ക്ക് വിവിധ വിഭാഗങ്ങളിൽനിന്നുള്ള പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞു. ആശാ വർക്കർമാരുടെ സംഘടനയുടെ ശ്രമഫലമായാണ്, സ്ത്രീശാക്തീകരണം സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി (2009–10) പാർലമെന്റിന്റെ ഇരുസഭകളിലും സമർപ്പിച്ച 11–ാമത് റിപ്പോർട്ടിൽ, മറ്റ് നിദ്ദേശങ്ങൾക്കൊപ്പം ആശാ വർക്കർമാർക്ക് പ്രതിമാസ ഇൻസെന്റീവ് നൽകണമെന്ന് ശുപാർശ ചെയ്തത്.

മറ്റ് സ്കീം തൊഴിലാളികൾക്കൊപ്പം ചേർന്ന നടത്തിയ ദീർഘനാളത്തെ പോരാട്ടങ്ങൾക്കൊടുവിലാണ് 2013ൽ, 45–ാമത് ലേബർ കോൺഫറൻസ് ആശാ വർക്കർമാരുൾപ്പെടെയുള്ള സ്കീം തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവരെ തൊഴിലാളികളായി അംഗീകരിക്കുകയും വേണമെന്ന് ശുപാർശ ചെയ്തത്. അതോടൊപ്പം ഇവർക്ക് മിനിയം വേതനവും എല്ലാ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കുകയും വേണം.

ഈ നിർദ്ദേശങ്ങളിന്മേൽ ഗവൺമെന്റ് ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിലും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഗവൺമെന്റിനുമേൽ സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞു. അതേത്തുടർന്ന് എല്ലാ ആശാ പ്രവർത്തകർക്കും നിശ്ചിത ജോലിക്ക് പ്രതിമാസം 1000 രൂപ സർക്കാർ പ്രഖ്യാപിച്ചു. 2018ൽ സിഐടിയു, എഐകെഎസ്, എഐഎഎഡബ്ല്യു എന്നിവ ചേർന്ന നടത്തിയ തൊഴിലാളി – കർഷക സംഘർഷ് റാലിയെത്തുടർന്ന് പ്രതിമാസ വേതനം 2000 രൂപയായി ഉയർത്താൻ മോദി ഗവൺമെന്റ് നിർബന്ധിതമായി.

മഹാമാരിയുടെ കാലത്തു നടന്ന പോരാട്ടങ്ങൾ ആശാ പ്രവർത്തകരുടെയും ഫെസിലിറ്റേറ്റർമാരുടെയും പ്രശ്നങ്ങൾ മാത്രമല്ല, മറ്റ് പ്രശ്നങ്ങളും ഉയർത്തിക്കാട്ടാൻ സഹായകമായിട്ടുണ്ട്.
 
ആശാ വർക്കേഴ്സ് ആന്റ് ഫെസിലിറ്റേറ്റേഴ്സ്
  ഫെഡറേഷൻ ഓഫ് ഇന്ത്യ

ഹരിയാനയിലെ കുരുക്ഷേത്രയിൽ 2022 സെപ്തംബറിൽ മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ നിരവധി ചർച്ചകൾക്കുശേഷമാണ് ആശാ വർക്കേഴ്സ് ആന്റ് ഫെസിലിറ്റേറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (AWFF) രൂപീകരിച്ചത്. ആശാവർക്കർമാരോടുള്ള ബിജെപി സർക്കാരിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ലോക മനുഷ്യാവകാശ ദിനമായ 2022 ഡിസംബർ 10ന് പ്രതിഷേധദിനമായി ആചരിച്ചു.

രാജ്യത്തെ പ്രമുഖമായ ഒരു സംഘടനയായി ആശാവർക്കർമാരുടെ പ്രസ്ഥാനം വളർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വർഗപ്രസ്ഥാനങ്ങളിൽ ആശാവർക്കർമാർക്ക് വലിയ പങ്കു വഹിക്കാനുണ്ട്.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top