14 November Thursday

​ഗര്‍ഭപാത്രം നഷ്ടപ്പെടുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

"സ്ത്രീകൾക്ക് എന്തുകൊണ്ട് അവരുടെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞുകൂടാ. വ്യക്തിപരമായ ശാരീരികപ്രശ്‌നങ്ങൾ അലട്ടുമ്പോൾ അപകർഷതാബോധത്താൽ വേട്ടയാടപ്പെട്ട് മൗനത്തിൽ ഒളിച്ചിരിക്കേണ്ടതുണ്ടോ. തുറന്നു പറയുന്നതല്ലേ നല്ലത്- '-:- -ചോദിക്കുന്നത് സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും വിഖ്യത സംഗീതജ്ഞയുമായ അനൗഷ്‌ക രവിശങ്കർ. തനിക്ക് ഇപ്പോൾ ഗർഭപാത്രം ഇല്ലെന്നും എന്തുകൊണ്ട് അക്കാര്യം തുറന്നുപറയുന്നു എന്നും അനൗഷ്‌ക വിവരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ്  ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിലെ സ്ത്രീപക്ഷം.

|അനൗഷ്‌ക പറയുന്നു: -"എനിക്കിപ്പോൾ ഗർഭപാത്രമില്ല. കഴിഞ്ഞമാസം ഇരട്ട ശസ്ത്രക്രിയക്ക് വിധേയയായി. ഗർഭാശയമുഴ (ഫൈബ്രോയ്ഡ്) വളർന്നുവലുതായി എനിക്ക് ആറുമാസം ഗർഭമുണ്ടെന്ന് തോന്നിക്കുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് അത് നീക്കം ചെയ്യേണ്ടിവന്നത്. പിന്നീട് ആമാശയത്തിൽ ഒരു ശസ്ത്രക്രിയകൂടി നടത്തി. മാംസാർബുദമെന്ന് തോന്നിക്കുന്ന മുഴകൾ നീക്കം ചെയ്യാനായിരുന്നു അത്. അതിലൊന്ന് എന്റെ പേശികൾക്കിടയിലൂടെ വളർന്ന് വയറിലൂടെ ഉന്തിനിൽക്കുകയായിരുന്നു. അത്തരത്തിൽ ആകെ 13 മുഴ ഉണ്ടായിരുന്നു.'- രോഗത്തെക്കുറിച്ചുള്ള വിവരണം ഇങ്ങനെ നീളുന്നു.

രോഗത്തെക്കുറിച്ച് മനസ്സിലാക്കിയതോടെ ജീവിതം നിരാശയിൽ മുങ്ങിയതിനെക്കുറിച്ചും ഗർഭപാത്രം നീക്കംചെയ്യുന്നതോടെ പെണ്മ നഷ്ടപ്പെട്ടുപോകുമെന്ന് ഭയന്നതിനെക്കുറിച്ചുമെല്ലാം അവർ വിവരിക്കുന്നു. ചുറ്റുമുള്ളവരോട് സംസാരിച്ചപ്പോൾ സ്ത്രീകൾക്കിടയിൽ ഗർഭപാത്രം നീക്കംചെയ്യൽ അതി സാധാരണമെന്ന് ബോധ്യപ്പെട്ടു. പക്ഷേ, അതിനെക്കുറിച്ചൊന്നും ആരും തുറന്നുസംസാരിക്കാറില്ല. സ്വന്തം ശരീരത്തെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമെല്ലാം മൗനംപാലിച്ചുകൊണ്ട് മനസ്സിടിഞ്ഞ് ജീവിക്കുന്നതെന്തിനെന്നും മുപ്പത്തൊമ്പതുകാരി ചോദിക്കുന്നു.

|വിഖ്യാത സംവിധായകൻ ജോയ് റൈറ്റുമായുള്ള ഏഴുവർഷം നീണ്ട വിവാഹബന്ധം പോയവർഷം അവർ വേർപെടുത്തി. രണ്ട് ആൺകുട്ടികൾ ഉണ്ട്. അനൗഷ്‌കയുടെ കുറിപ്പിനെ ആവേശത്തോടെയാണ് ബോളിവുഡ് നായികമാർ ഏറ്റെടുത്തത്. മനഃശക്തിയും പ്രതിഭയുമല്ലാതെ മറ്റൊന്നുമല്ല സ്ത്രീയെ സുന്ദരിയാക്കുന്നതെന്ന് സോനം കപൂർ അനൗഷ്‌കയുടെ പോസ്റ്റിന് മറുപടി കുറിപ്പിട്ടു.


പ്രധാന വാർത്തകൾ
 Top