11 September Wednesday

ആനക്കര വടക്കത്ത് ...പോരാളികളുടെ തറവാട്

എസ് സിരോഷUpdated: Wednesday Aug 16, 2017

പാലക്കാട് ജില്ലാതിര്‍ത്തിയിലെ ആനക്കര ഗ്രാമം. മുക്കവലയില്‍ നിന്നും മുന്നോട്ടുനടന്ന് ടാര്‍ റോഡില്‍ നിന്നും മണ്‍പാതയിലേക്ക്. മലര്‍ക്കെ തുറന്നുവെച്ച പടിവാതില്‍ കടക്കുമ്പോള്‍ ഇരുവശത്തും പച്ചപുതച്ച വഴിയുടെ അറ്റത്ത് വടക്കത്ത് തറവാടിന്റെ പൂമുഖം കാണാം. അടുത്തേക്ക് ചെല്ലുംതോറും നൂറ്റാണ്ടിന്റെ പഴക്കമുള്ള തറവാടിന്റെ പ്രതാപം കാഴ്ചയ്ക്ക് കൌതുകമാവും. മുറ്റത്തും കോലായിലും ആളുംആരവവുമില്ല. ചരിത്രം നിശബ്ദമായി ഉറങ്ങുകയാണിവിടെ.

കടിഞ്ഞാണില്ലാത്ത കുതിരയെപോലെ മനസ് ചരിത്രത്തിലേക്ക് പാഞ്ഞു. ബ്രിട്ടീഷ് സര്‍വാധിപത്യത്തിനെതിരെ സ്വാതന്ത്യ്രം എന്ന സ്വപ്നത്തിനായുള്ള പരിശ്രമങ്ങള്‍. ജനിച്ച നാടിന്റെ സ്വാതന്ത്യ്രത്തിനായി ജീവന്‍കൊടുത്തുള്ള പോരാട്ടങ്ങള്‍. സഹനസമരങ്ങള്‍. അതിനിടയില്‍ 121 വര്‍ഷം പഴക്കമുള്ള ആനക്കര വടക്കത്ത് തറവാടിന്റെ ചരിത്രവും തെളിഞ്ഞുകാണാം. അമ്മു സ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്മി, കുട്ടിമാളു അമ്മ, സുശീലഅമ്മ അങ്ങിനെ ഇന്ത്യയുടെ സ്വാതന്ത്യ്ര സമര ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തിയ സ്ത്രീരത്നങ്ങളെ സംഭാവന ചെയ്ത തറവാടാണിത്.

ആനക്കര വടക്കത്ത് തറവാടില്ലാതെ ഇന്ത്യയ്ക്കൊരു സ്വാതന്ത്യ്ര സമര ചരിത്രമില്ല. ഇവിടുത്തെ ചുവരുകള്‍ക്കുപോലും പറയാനുണ്ട് സ്വാതന്ത്യ്ര സമരത്തിന്റെ വീരോജ്ജ്വല കഥകള്‍. ഇന്ന് ആളനക്കങ്ങള്‍ നന്നേ കുറഞ്ഞുപോയെങ്കിലും ഓര്‍മകള്‍ ഒരുപാടുണ്ട്. സുഭാഷിണി അലിയുടെയും മൃണാളിനി സാരാഭായിയുടെയുമൊക്കെ തറവാടുകൂടിയാണിത്. തളത്തിലെ ചുമരുകളില്‍ തൂങ്ങുന്ന ചിത്രങ്ങള്‍ ആവേശത്തിന്റെ ഓര്‍മകളുണര്‍ത്തും.

അകത്ത് മുറിക്കുള്ളില്‍ തറവാട്ടിലെ ജീവിച്ചിരിക്കുന്ന സ്വാതന്ത്യ്ര സമര സേനാനി ജി സുശീല അമ്മയുണ്ട്. പോരാട്ട വീര്യമില്ലാതെ കട്ടിലിലേക്ക് ജീവിതം ചുരുങ്ങിയ ഈ അമ്മയുടെ ഓര്‍മകള്‍ കൈവിട്ടിരിക്കുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലാണ്. മക്കളൊക്കെ ജീവിത ഭാരങ്ങളുമായി നാടുവിട്ട് കൂടുതേടിയപ്പോള്‍ താങ്ങായെത്തിയത് മൂത്തസഹോദരി സരോജിനിഅമ്മയുടെ മകള്‍ ഗീതയാണ്. ഒപ്പം വാര്‍ധക്യത്തിന്റെ അവശതകളുമായി സുശീലാമ്മയുടെ അച്ഛന്റെ മരുമകന്റെ ഭാര്യ ശാന്തയുമുണ്ട്. സുശീലയ്ക്ക് 97 വയസായി. മക്കള്‍ നന്ദിതയും ഇന്ദുധരനുമാണ്. ഏഴു വര്‍ഷമായി സുശീല തറവാട്ടില്‍ കിടപ്പിലാണ്.

ക്വിറ്റ് ഇന്ത്യാ സമരത്തിലെ പോരാളിയായ ജി സുശീല മദ്രാസ് സെക്രട്ടറിയേറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം വിയ്യൂര്‍ വനിതാ ജയിലില്‍ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷയ്ക്കുശേഷം ആനക്കരയില്‍ മടങ്ങിയെത്തിയ സുശീല കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വാതന്ത്യ്രപോരാട്ടത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് വനിതാ സംഘടനയുണ്ടാക്കി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്ക് തൊഴില്‍പരിശീലനത്തിനുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതിലൊക്കെ പ്രധാന പങ്കുവഹിച്ചു. പത്തു വര്‍ഷം മുമ്പുവരെ സജീവ പ്രവര്‍ത്തനത്തിലായിരുന്നു.

ക്യാപ്റ്റന്‍ ലക്ഷ്മി
ഇന്ത്യന്‍ സ്വാതന്ത്യ്ര സമര ചരിത്രത്തിലെ പെണ്‍സിംഹം എന്നറിയപ്പെടുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജന്മഗൃഹമാണ് വടക്കത്ത് തറവാടെന്നത് മലയാളിയുടെ അഭിമാനമാണ്. ഐഎന്‍എ വനിതാ റെജിമെന്റിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ സ്വാതന്ത്യ്ര സമര ചരിത്രത്തില്‍ ധീരതയുടെ പെണ്‍രൂപമായി സ്വയം അടയാളപ്പെടുത്തിയ ക്യാപ്റ്റന്‍ ലക്ഷ്മി സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ സ്വന്തം ജീവിതം നാടിനുവേണ്ടി മാറ്റിവെച്ച് സേവനത്തിന്റെ പാത സ്വീകരിച്ചത് പുതുതലമുറയ്ക്ക് മാതൃക തന്നെയാണ്. സ്വാതന്ത്യ്രസമര സേനാനി അമ്മ അമ്മു സ്വാമിനാഥന്റെ പാത ലക്ഷ്മിയും പിന്തുടരുകയായിരുന്നു.

കാണ്‍പൂരില്‍ സ്ഥിരതാമസമായിരുന്നെങ്കിലും ഗൃഹാതുരതയോടെ വടക്കത്ത് തറവാട്ടിലേക്ക് ഓടിയെത്തുമായിരുന്നൂ ഈ ധീര ദേശാഭിമാനി. 2005 ഒക്ടോബര്‍ 23നാണ് ക്യാപ്റ്റന്‍ ലക്ഷ്മി അവസാനമായി ആനക്കരയിലെത്തിയത്. അന്ന് കുഷ്ഠരോഗം പിടിപെട്ടവരെ വീട്ടിലേക്കു വിളിച്ചുവരുത്തി ഓണസദ്യയും പുടവകളും നല്‍കി മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. 1938 ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് നേടിയത്.

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മാതാപിതാക്കളുടെ സ്മരണക്കായി ആരംഭിച്ച സ്വാമിനാഥ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളാണ് ഇപ്പോള്‍ സ്വാമിനാഥ ഡയറ്റ്ലാബ് സ്കൂളായി പ്രവര്‍ത്തിക്കുന്നത്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമായാണ് ആനക്കരയില്‍ വായനശാല ആരംഭിച്ചത്. വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും അവരുടെ ഇടപെടല്‍ ആനക്കരക്ക് മുതല്‍ക്കൂട്ടായി.

സിംഗപ്പൂരില്‍ താമസമാക്കിയ ലക്ഷ്മി സുഭാഷ് ചന്ദ്ര ബോസിന്റെ ഐഎന്‍എയില്‍ ആകൃഷ്ടയായി അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാണ് മുഴുവന്‍ സമയ സ്വാതന്ത്യ്ര സമര പോരാളിയാവുന്നത്. സിംഗപ്പൂരില്‍ പാവങ്ങള്‍ക്കായി ക്ളിനിക്ക് സ്ഥാപിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ നിര്‍ദേശ പ്രകാരം ഝാന്‍സി റാണി വനിതാ റെജിമെന്റ് സ്ഥാപിച്ച് അതിനെ നയിച്ചു. അങ്ങനെയാണ് ക്യാപ്റ്റന്‍ ലക്ഷ്മിയായി മാറുന്നത്.

1971 ല്‍ സിപിഐ എം അംഗമാവുകയും പാര്‍ടിയെ പ്രതീനിധീകരിച്ച് രാജ്യസഭയിലെത്തുകയും ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപക നേതാവാണ്. 2002 ല്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിച്ചു. 1998 ല്‍ പത്മവിഭൂഷന്‍ നല്‍കി രാജ്യം ധീരവനിതയെ ആദരിച്ചു. 2012 ജൂലൈ 23 ന് അന്തരിച്ചു. ഐഎന്‍എയിലെ സഹപ്രവര്‍ത്തകനായ പഞ്ചാബി പ്രേംകുമാര്‍സൈഗാളിനെയാണ് ലക്ഷ്മി വിവാഹം ചെയ്തത്. മകള്‍ സുഭാഷിണി അലി മുന്‍ എംപിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമാണ്.

അമ്മു സ്വാമിനാഥന്‍

ദുരിതം പേറുന്ന സ്ത്രീകളുടെ വഴികാട്ടിയായിരുന്നൂ വടക്കത്ത് തറവാട്ടിലെ അമ്മുസ്വാമിനാഥന്‍. സ്വാതന്ത്യ്ര സമരത്തിന്റെ മുന്‍നിരയില്‍ നിന്ന് പോരാടിയ അമ്മു മഹാത്മാഗാന്ധിയുടെ പാതകള്‍ പിന്തുടര്‍ന്നാണ് സ്വാതന്ത്യ്ര സമര പ്രസ്ഥാനത്തിലേക്ക് എത്തിപ്പെട്ടത്. ഇക്കാലത്ത് പൊതുരംഗത്ത് എത്തുന്ന വനിതകള്‍ ഇല്ലായിരുന്നൂവെന്നു പറയാം. വടക്കത്ത് തറവാട്ടിലെ അമ്മുവമ്മയുടെയും ഗോവിന്ദ മേനോന്റെയും മകളായ അമ്മുക്കുട്ടിക്ക് അനൌദ്യോഗിക വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവ് സ്വാമിനാഥന്റെ പ്രോത്സാഹനത്തെ തുടര്‍ന്ന് ഇംഗ്ളീഷ് ഉള്‍പ്പടെ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടി.

മദ്രാസ് സംസ്ഥാനത്തിന്റെ പ്രതിനിധിയായി 1952 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1975 ല്‍ മദര്‍ ഓഫ് ദ ഇയര്‍ ആയി. 1978 ല്‍ അന്തരിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മിയും മൃണാളിനി സാരാഭായിയും അവരുടെ ലോകമറിയുന്ന പെണ്‍മക്കളാണ്. പെണ്‍കുട്ടികളെ ചട്ടക്കൂടിനുള്ളില്‍ കെട്ടിയിടാതെ പറക്കാന്‍ വിട്ട അമ്മയാണിത്. സ്ത്രീ വിമോചന പോരാട്ടങ്ങളുടെ മുന്നണി പോരാളി കൂടിയാണിവര്‍.

എ വി കുട്ടിമാളു അമ്മ
1905 ഏപ്രില്‍ 23 ന് ആനക്കര വടക്കത്ത് തറവാട്ടില്‍ ഗോവിന്ദ മേനോന്റേയും ലക്ഷ്മിയമ്മയുടെയും മകളായി എ വി കുട്ടിമാളു അമ്മ സ്വാതന്ത്യ്ര സമരത്തിന്റെ തീച്ചൂളയിലേക്കാണ് പിറന്നു വീണത്. അച്ഛനും അമ്മയും പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണ് അവരെ പോരാളിയാക്കിത്. തുടര്‍ന്ന് ഭര്‍ത്താവ് കോഴിപ്പുറത്ത് മാധവമേനോനൊപ്പം സ്വാതന്ത്യ്ര സമര പോരാട്ടങ്ങളില്‍ കൈകോര്‍ത്തു. അമ്മു സ്വാമിനാഥന്റെ സഹോദരി പുത്രിയാണ്. നാട്ടിലെ സ്വാതന്ത്യ്ര സമര പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. ഖാദിയുടെ പ്രചാരകയായിരുന്നു.

പോരാട്ടങ്ങളില്‍ അണിചേര്‍ന്ന് 56 ദിവസം മാത്രം പ്രായമുള്ള മകള്‍ മീനാക്ഷിയുമായി ഒന്നര വര്‍ഷം ജയില്‍വാസം അനുഭവിക്കേണ്ടി വന്ന കുട്ടിമാളു അമ്മയെ ജയില്‍ ജീവിതം മികച്ച സേനാനിയായി പാകപ്പെടുത്തുകയായിരുന്നു. നിരവധി തവണ ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ആറാംക്ളാസു വരെ മാത്രം വിദ്യാഭ്യാസം ചെയ്ത ഈ ധീര രാജ്യസ്നേഹി ജയില്‍വാസത്തിനിടെ ഇംഗ്ളീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടുകയും പൊതുവേദികളില്‍ മികച്ച പ്രാസംഗികയായി മാറുകയും ചെയ്തു. ഗാന്ധിജി, നെഹ്റു, ഇന്ദിരാഗാന്ധി എന്നിവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നായിരുന്നൂ പ്രവര്‍ത്തനം.

ലോകമാകെ പരന്നുകിടക്കുകയാണ് ആയിരത്തി അഞ്ഞൂറോളം പേര്‍ വരുന്ന ഈ തറവാട്ടിലെ കുടുംബാംഗങ്ങള്‍. തറവാടിനെ നിലനിര്‍ത്തുന്നതും അറ്റകുറ്റപ്പണി നടത്തുന്നതിനുമൊക്കെയായി കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ട്രസ്റ്റിന് രൂപം നല്‍കിയിട്ടുണ്ട്. ചരിത്രമുറങ്ങുന്ന തറവാട്ടു മുറ്റത്ത് പക്ഷേ, ഒത്തുചേരലുകള്‍ക്കൊന്നും തിരക്കുകള്‍ അനുവദിക്കുന്നില്ല. ആര്‍ക്കും അതില്‍ പരിഭവങ്ങളുമില്ല.
seroshadesh@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top