01 June Thursday

ആടല്‍പാട്ടിന്റെ ചേലോടെ

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Dec 11, 2022

ഒരു വീടൊന്നാകെ കഥ പറയുന്നു, കഥയാടുന്നു. നിഴൽവിരിച്ചാടുന്ന ചിത്രങ്ങളിൽ രാജാവും റാണിയും രാജകുമാരിയുമായെത്തുന്നു. ഒരുവേള വർത്തമാന വിഷയങ്ങളും അവിടെ കുറിച്ചിടുന്നു. പാലക്കാട്‌ കൂനത്തറ തോൽപ്പാവക്കൂത്ത്‌ സംഘത്തിന്റെ സാരഥി  പുഷ്പലതയ്‌ക്ക്‌ പറയാനേറെയാണ്‌ കഥകൾ. ചേർത്തുവയ്‌ക്കുന്ന ജീവിത യവനികയിൽ വെളിച്ചം പകരാൻ ഭർത്താവും മകനും മകളും മകന്റെ ഭാര്യയുമുണ്ട്‌.
കൂനത്തറയിലെ പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ കെ വിശ്വനാഥ പുലവരുടെ ഭാര്യയാണ് പുഷ്പലത. 1991ൽ വിവാഹം കഴിഞ്ഞ്‌ ആ വീട്ടിലേക്കെത്തിയപ്പോൾ മുതൽ കൂത്ത്‌ പാവകളെ കൈയിലെടുത്തു. അക്കാലത്ത്‌ സ്ത്രീകൾ ഈ മേഖലയിൽ സജീവമായിരുന്നില്ല. ക്ഷേത്രങ്ങളിൽമാത്രം ഒതുങ്ങിനിന്നിരുന്ന തോൽപ്പാവക്കൂത്ത് എന്ന കലാരൂപം പുറംലോകത്ത് എത്തിച്ച ഭർതൃപിതാവ് കെ എൽ കൃഷ്ണൻകുട്ടി പുലവരാണ്‌ പുഷ്‌പലതയുടെ ആദ്യഗുരു. തോൽപ്പാവക്കൂത്തിന്റെ നിലനിൽപ്പിന് സ്ത്രീകളും ഈ രംഗത്തെത്തണമെന്ന്‌ അദ്ദേഹം പഠിപ്പിച്ചു. 1993ൽ വിദേശ സന്ദർശനത്തിനിടെ പുഷ്പലത നിർമിച്ച പാവകൾ അദ്ദേഹം അവിടെ വിൽപ്പന നടത്തി. അതിലൂടെ കിട്ടിയ പണം പുഷ്പലതയെ ഏൽപ്പിച്ചു. ഇന്നും തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി പുഷ്പലത അതിനെ കണക്കാക്കുന്നു.

തൃശൂർ അഭിനയ നാടകസമിതി അവതരിപ്പിച്ച  ‘ശ്യാമ മാധവം’ നാടകത്തിൽ  പുഷ്‌പലതയും സംഘവും  തോൽപ്പാവക്കൂത്ത്‌ അവതരിപ്പിക്കുന്നു

തൃശൂർ അഭിനയ നാടകസമിതി അവതരിപ്പിച്ച ‘ശ്യാമ മാധവം’ നാടകത്തിൽ പുഷ്‌പലതയും സംഘവും തോൽപ്പാവക്കൂത്ത്‌ അവതരിപ്പിക്കുന്നുഇതിനിടയിൽ പാവക്കൂത്തിന്റെ ശ്ലോകങ്ങളും പഠിച്ചു. അക്കാലത്ത്‌  സ്ത്രീകൾക്ക് കൂത്തുമാടത്തിനുള്ളിൽ തോൽപ്പാവക്കൂത്ത്‌ നടത്താൻ അവസരം  ഉണ്ടായിരുന്നില്ല. ഈസമയം മക്കളായ വിപിനും വിജിതയും തോൽപ്പാവക്കൂത്ത് അഭ്യസിച്ചു. നന്നേ ചെറുപ്പത്തിൽത്തന്നെ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാൻ വിജിത കൂത്തുമാടം കയറി. അച്ഛനോടൊപ്പം കൂത്തുമാടങ്ങൾതോറും രാമകഥയാടി. വിജിത ആദ്യമായി കയറിയത് ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്രത്തിലാണ്. പിന്നീട് കൈലിയാട്, ആര്യങ്കാവ്, മനിശ്ശേരി, കിള്ളിക്കാവ്, മുളയങ്കാവ്, വാഴാലിക്കാവ് എന്നിവിടങ്ങളിലും തോൽപ്പാവക്കൂത്ത്‌ അവതരിപ്പിച്ചു.

സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി പയ്യന്നൂർ ഫോക്‌ ലാൻഡ് ഡയറക്ടർ ഡോ. ജയരാജ് നടത്തിവരുന്ന പരിപാടികളിൽ പുഷ്പലത പങ്കെടുത്തു. 2015 ഫ്രാൻസിൽ നടന്ന ഗണാട്ട്‌ ഫെസ്റ്റിവൽ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും നിരവധി തവണ കൂത്ത്‌ അവതരിപ്പിച്ചു. 2017ൽ കേരള ഫോക്‌ലോർ അക്കാദമിയുടെ ആദരം ലഭിച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പിനും അർഹയായിട്ടുണ്ട്‌. സ്ത്രീകൾ മാത്രമുള്ള തോൽപ്പാവക്കൂത്ത് സംഘടന രൂപീകരിച്ച്‌ അതിലൂടെ പരിപാടികൾ അവതരിപ്പിച്ചു. പ്രദേശവാസികളായ ഏഴു സ്‌ത്രീകൾ സംഘത്തിലുണ്ട്‌.  
വിജിതയ്‌ക്കും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്‌. സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പിനും അർഹയായി.  

പുഷ്‌പലതയുടെ മകൻ വിപിൻ വിശ്വനാഥ പുലവരുടെ ഭാര്യ രമ്യാദേവിയും തോൽപ്പാവക്കൂത്ത് രംഗത്ത് സജീവം. പേരക്കുട്ടികളായ മഹാശ്വേത, മഹാലക്ഷ്മി എന്നിവരും തോൽപ്പാവക്കൂത്ത് അഭ്യസിക്കുന്നു. നാറാണത്തു ഭ്രാന്തൻ, പ്രകൃതിസംരക്ഷണ സന്ദേശം എന്നീ വിഷയങ്ങളിൽ  രമ്യാദേവി തോൽപ്പാവക്കൂത്തിന്‌ തിരക്കഥ തയ്യാറാക്കി. ജപ്പാൻ പാവകളിയായ ബുണ്ട്രാക്കുവിന്റെ പരിശീലനശേഷം പുതിയ കഥയുടെ ഒരുക്കത്തിലാണ്‌.
പുഷ്‌പലതയുടെ നേതൃത്വത്തിൽ നിരവധി സ്കൂളുകളിലും കോളേജുകളും  തോൽപ്പാവക്കൂത്ത് അവതരണങ്ങൾ, ശിൽപ്പശാലകൾ എന്നിവ നടത്തി. കവി പ്രഭാവർമയുടെ ‘ശ്യാമ മാധവം’ കവിതയെ ആസ്‌പദമാക്കി തൃശൂർ അഭിനയ നാടകസമിതി അവതരിപ്പിച്ച നാടകത്തിൽ പുഷ്‌പലതയും സംഘവും തോൽപ്പാവക്കൂത്ത്‌ അവതരിപ്പിച്ചു.

ലോക ധർമി തിയറ്ററിന്റെ ലങ്കാലക്ഷ്മി നാടകത്തിലും തോൽപ്പാവകളെ അവതരിപ്പിച്ചിട്ടുണ്ട്. തോൽപ്പാവക്കൂത്തിനെക്കുറിച്ച്‌ രാഹുൽരാജ്‌ സംവിധാനംചെയ്‌ത ‘നിഴലാഴം’ സിനിമയിൽ പുഷ്പലതയുടെ ജീവിതകഥയുമുണ്ട്‌. എയ്‌ഡ്‌സ്‌ ബോധവൽക്കരണം, പ്രകൃതിസംരക്ഷണം എന്നീ വിഷയങ്ങളിലൂന്നിയുള്ള തോൽപ്പാവക്കൂത്ത്‌ ഹിന്ദിയിലും അവതരിപ്പിച്ചു. കോവിഡ്‌ ബോധവൽക്കരണത്തെക്കുറിച്ച്‌ ഏഴു ഭാഷയിൽ തയ്യാറാക്കിയ തോൽപ്പാവക്കൂത്ത്‌ അവതരണം ഏറെ ശ്രദ്ധേയമായിരുന്നു. വള്ളുവനാടൻ ഗ്രാമങ്ങളിൽ ഉത്സവങ്ങൾക്കൊപ്പം കൂത്തുമാടങ്ങളും ഉണരുമ്പോൾ ഈ കലാകുടുംബവും ഒത്തുചേരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top