ഗർഭാശയഗള അർബുദം തടയാം

utrus
avatar
ഡോ. അരുൺ ആർ വാര്യർ

Published on Aug 10, 2025, 12:00 AM | 2 min read

ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ ക്യാൻസർ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഇന്ത്യയിൽ രണ്ടാംസ്ഥാനത്താണുള്ളത്‌. നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയാൽ രോഗത്തെ അതിജീവിക്കാനാവും. പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ പെൺകുട്ടികൾക്ക് പ്രതിരോധ വാക്സിൻ നൽകാനുള്ള കേരളസർക്കാർ തീരുമാനം മാതൃകയാണ്‌. 125ലധികം രാജ്യങ്ങളിൽ ഈ വാക്സിൻ ഉപയോഗിക്കുകയും അവയുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ളതുമാണ്. ഇന്ത്യ ഈ രോഗത്തിനെതിരായ വാക്സിനേഷന്റെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന കാര്യവും ഓർക്കണം.


വൈറസ്‌ രോഗം


ഗർഭപാത്രത്തിന്റെ ഏറ്റവും താഴെ യോനിയിലേക്ക്‌ തുറക്കുന്ന ഭാഗമായ ഗർഭാശയഗളത്തെ (സെർവിക്സ്) ബാധിക്കുന്ന അർബുദമാണിത്. ഇവിടത്തെ കോശങ്ങൾക്ക് അസാധാരണമായ വളർച്ചയുണ്ടാകുന്ന അവസ്ഥയാണിത്‌. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ് രോഗത്തിന് പ്രധാന കാരണം. അണുബാധയുണ്ടായി വർഷങ്ങൾക്കുശേഷം ഗർഭാശയഗളത്തിലെ കോശങ്ങൾക്ക്‌ മാറ്റം സംഭവിച്ച്‌ അർബുദമായി മാറുകയാണ്‌ ചെയ്യുന്നത്‌. ഏത് പ്രായത്തിലുള്ള സ്ത്രീകളിലും രോഗം വരാമെങ്കിലും, 30-നും 60-നും ഇടയിൽ പ്രായമുള്ളവരിലാണ്‌ കൂടുതലായി കണ്ടുവരുന്നത്‌.


ലക്ഷണങ്ങൾ


തുടക്കത്തിൽ ഗർഭാശയഗള അർബുദം പലപ്പോഴും കാര്യമായ ലക്ഷണങ്ങൾ കാണിക്കാറില്ല. പാപ്പ്ടെസ്റ്റ്പോലുള്ള പരിശോധനകളിലൂടെയാണ്‌ രോഗം കണ്ടെത്തുന്നത്. എങ്കിലും മറ്റ്‌ ചില ലക്ഷണങ്ങൾ ശ്രദ്ധിക്കണം


● ലൈംഗികബന്ധത്തിനുശേഷമോ ആർത്തവങ്ങൾക്കിടയിലോ ആർത്തവ വിരാമത്തിനുശേഷമോ ഉണ്ടാകുന്ന അസാധാരണമായ രക്തസ്രാവം.


● സാധാരണയിലും കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന ആർത്തവം.


● അസാധാരണമായ രീതിയിലുള്ള വെള്ളപോക്ക്.


● തുടർച്ചയായ ഇടുപ്പുവേദന അല്ലെങ്കിൽ പുറംവേദന.

ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡോക്ടറെ സമീപിച്ച്‌ പരിശോധനകൾ നടത്തി രോഗം ഇല്ലെന്ന്‌ ഉറപ്പുവരുത്തണം.


അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ ഗർഭാശയഗള അർബുദത്തിന് പ്രധാനകാരണം എച്ച്പിവി അണുബാധയാണെങ്കിലും, മറ്റ് ചില ഘടകങ്ങളും രോഗസാധ്യത വർധിപ്പിക്കും. പുകവലിക്കുന്ന സ്ത്രീകളിൽ രോഗസാധ്യത കൂടുതലാണ്. പ്രതിരോധ ശേഷി കുറഞ്ഞവരിൽ അണുബാധയെ ചെറുക്കാനുള്ള കഴിവ് കുറവായിരിക്കും. ഗർഭനിരോധന ഗുളികകളുടെ ദീർഘകാല ഉപയോഗവും വ്യക്തി ശുചിത്വം ഇല്ലായ്മയും രോഗസാധ്യത വർധിപ്പിക്കും.


പ്രതിരോധമാണ്‌ പ്രധാനം


ഗർഭാശയഗള അർബുദത്തെ ഒരുപരിധിവരെ പ്രതിരോധിക്കാനാവും. പ്രതിരോധ വാക്സിനേഷനും കൃത്യമായ പരിശോധനകളുമാണ്‌ ഇതിൽ പ്രധാനം.


●എച്ച്പിവി വാക്സിനേഷൻ: ഗർഭാശയഗള അർബുദത്തിന്‌ കാരണമാകുന്ന എച്ച്പിവി വൈറസിനെതിരെ ഫലപ്രദമായ പ്രതിരോധ വാക്സിൻ ലഭ്യമാണ്. 9 വയസ്സ്‌ പൂർത്തിയാകുന്ന പെൺകുട്ടികൾക്ക്‌ വാക്‌സിൻ നൽകാം. 14 വയസ്സിനുമുമ്പ്‌ 2 ഡോസും എടുക്കുന്നതാണ് ഏറ്റവും ഉചിതം. 26 വയസ്സുവരെയുള്ളവർക്ക് വാക്സിൻ എടുക്കാം.


● സ്ക്രീനിങ്‌ ടെസ്റ്റുകൾ: രോഗം നേരത്തെ കണ്ടെത്താൻ സ്ക്രീനിങ്‌ ടെസ്‌റ്റുകൾ സഹായിക്കുന്നു.


●പാപ്പ്സ്മിയർ ടെസ്റ്റ്: ഗർഭാശയ ഗളത്തിലെ കോശങ്ങളിലെ മാറ്റങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.


●എച്ച്പിവി ടെസ്റ്റ്: അർബുദത്തിന് കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നു.


●വിഷ്വൽ ഇൻസ്പെക്ഷൻ ബൈ അസെറ്റിക്ആസിഡ് (വിഐഎ) സ്‌ക്രീനിങ്‌ ടെസ്‌റ്റ്‌.

30-നും 65-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഓരോ 3 മുതൽ 5 വർഷം കൂടുമ്പോഴെങ്കിലും സ്ക്രീനിങ്‌ നടത്തണം.

കൃത്യമായ ബോധവൽക്കരണത്തിലൂടെയും വാക്സിനേഷൻ ഡ്രൈവുകളിലൂടെയും നിരന്തരമായ സ്ക്രീനിങ്‌ പ്രോഗ്രാമുകളിലൂടെയും മാത്രമേ രോഗത്തെ തടയാനാവൂ.

(കൊച്ചി ആസ്റ്റർമെഡ്സിറ്റിയിൽ

മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റാണ്‌ ലേഖകൻ)








Tags
deshabhimani section

Related News

View More
0 comments
Sort by

Home